MATHRUBHUMI RSS
Loading...
അഖിന മിസ് കേരള കാനഡ; റൂത്ത് ഫോട്ടോജനിക്‌

മിനും റിച്ചയും റണ്ണറപ്പുകള്‍




ബ്രാംപ്ടണ്‍: ബ്രാംപ്ടണ്‍ മലയാളി സമാജം നടത്തിയ മിസ് കേരള കാനഡ കിരീടം അഖിനാ മൂക്കന്‍ സ്വന്തമാക്കി. മിനു ജോസ്, റിച്ചാ അജിത്ത് കുമാര്‍ എന്നിവര്‍ റണ്ണര്‍ അപ്പുകളായി. മിസ് ഫോട്ടോജനിക് പുരസ്‌കാരം റൂത്ത് ഫിലിപ്പ് നേടി. ടൊറന്റോയിലെ മിസ്സിസാഗയില്‍ നട ന്ന ചടങ്ങില്‍ 700 ഓളം കാണികളെ സാക്ഷിയാക്കി സിനിമാതാരം കനിഹ മിസ് കേരള കാനഡ കിരീടവും ശാന്താസുകു നായര്‍ സ്വര്‍ണ്ണ പതക്കവും അഖിനയെ അണിയിച്ചു.

മൂന്നു റൗണ്ടുകളിലായി 20 സുന്ദരികളുടെ അഴകും ചലനങ്ങളും വ്യക്തിഗത നേട്ടങ്ങളും ചോദ്യോത്തര മികവും വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അളകനന്ദ, ശാന്താനായര്‍, ആരാധനാ ഭരദ്വാജ് എന്നിവര്‍ ആയിരുന്നു വിധികര്‍ത്താക്കള്‍. സിനിമാതാരം കനിഹ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ടൊറന്റോ ഹമ്പര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അഖിന. കാനഡയില്‍ താമസിക്കുന്ന തൃശ്ശൂര്‍ മൂക്കന്‍ കുംടുംബാംഗം ധര്‍മ്മ അനിതാ ദമ്പതികളുടെ മകളാണ്. പി.മാധുരിയുടെ ഗാനങ്ങള്‍, മിമിക്രി, ഫ്യൂഷന്‍ നൃത്തം തുടങ്ങിയ പരിപാടികള്‍ പരിപാടിയ്ക്ക് കൊഴുപ്പേകി. സ്വപ്‌ന
നായര്‍, ബിന്ദു അനില്‍ എന്നിവര്‍ അവതാരകരായിരുന്നു. വിജയ് സേതുമാധവന്‍, സുധീര്‍ നമ്പ്യാര്‍, ആനന്ദ്, ഫാസില്‍ മുഹമ്മദ്, സോനിമോള്‍, രവി സജിത്ത് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.

ബ്രാംപ്ടണ്‍ എം.പി.റൂബിദല്ലാ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ജോയി ചെമ്മണ്ണൂര്‍ സ്വാഗതവും ഹരികുമാര്‍ നന്ദിയും പറഞ്ഞു.

ഹരികുമാര്‍ മാന്നാര്‍