ആറുമാസത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകിയാല്‍ മതി. ധരിക്കാന്‍ പരമസുഖം. കത്തിയോ കത്രികയോ കൊണ്ട് വെട്ടിയോ കുത്തിയോ മനഃപൂര്‍വം കീറിയില്ലെങ്കില്‍ എത്രകാലം വേണമെങ്കിലും വാര്‍ഡ് റോബില്‍ ഇരുന്നോളും. അതാണ് ജീന്‍സ്. സ്ത്രീ, പുരുഷ വ്യാത്യാസമില്ലാതെ അമ്പത് വര്‍ഷമായി ഫാഷന്‍ ചാര്‍ട്ടില്‍ ഇളകാതെ നില്‍ക്കുന്ന ഏക വസ്ത്രം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജീന്‍സിനുവേണ്ടിയുള്ള ഷോപ്പിങ് അത്ര സുഖകരമല്ലെന്ന് അനുഭവസ്ഥര്‍ സമ്മതിക്കും. പാകമായ ജീന്‍സ് തിരഞ്ഞുള്ള കഷ്ടപ്പാട് അനുഭവിച്ചുതന്നെ അറിയണം. അരവണ്ണം ശരിയാകുമ്പോള്‍ നീളം ഒക്കില്ല. നീളം ഒക്കുമ്പോള്‍ വണ്ണം പോരാതെ വരും. അങ്ങനെ തിരഞ്ഞ് തിരഞ്ഞ് കടകള്‍ കയറിയിറങ്ങി മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി ഒരെണ്ണം ഒപ്പിച്ചെടുക്കുമ്പോള്‍ വിചാരിച്ചു പോകും ചുരിദാര്‍ പോലെ ഇതും പാകത്തിന് തയ്‌ച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! കടയില്‍ ചെലവാക്കുന്ന കാശിന്റെയും സമയത്തിന്റെയും പകുതിയുണ്ടെങ്കില്‍ മനസ്സിനിഷ്ടപ്പെട്ടരീതിയില്‍ ഒരു ജീന്‍സ് തുന്നിയെടുക്കാം. അതിനുള്ള ചില സൂത്രങ്ങളിതാ:
1. ആദ്യം നിങ്ങളുടെ അളവുകള്‍ എടുക്കുക. അരവണ്ണവും ഇടുപ്പിന്റെ വണ്ണവുമാണ് ജീന്‍സിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം. കാരണം പിന്നീട് അത് ഒന്നു കൂട്ടണമെന്നോ കുറയ്ക്കണമെന്നോ വന്നാല്‍ കഷ്ടപ്പാട് ചില്ലറയല്ല. മിക്കവാറും കഴിയുകതന്നെയില്ല.
2. ഇനിയാണ് തുണിയുടെ തിരഞ്ഞെടുപ്പ്. ജീന്‍സ് ഗ്രേഡിലുള്ള തുണിതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം പല ഡെനിം തുണികളും ജീന്‍സ് തുന്നാന്‍ മാത്രം കട്ടിയുള്ളവയായിരിക്കില്ല. പലനിറത്തിലുള്ള തുണികളും കിട്ടും. തനിക്ക് ഏത് നിറമാണ് വേണ്ടെതെന്ന് ഓരോരുത്തരും തീരുമാനിക്കണം.
3. തയ്ക്കുംമുമ്പ് തുണികഴുകി ഉണക്കണം. തയ്ക്കാന്‍ എളുപ്പമുണ്ടാകുമെന്നു മാത്രമല്ല, ശരിയായി ഫിറ്റായ ജീന്‍സ് തന്നെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്.
4. ജീന്‍സ് തുന്നിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കാവശ്യമുള്ള ബട്ടനുകള്‍, പാച്ചുകള്‍, ഇഷ്ടപ്പെട്ട തുന്നലുകള്‍ ഒക്കെ ചേര്‍ത്ത് ഡിസൈനര്‍ ജീന്‍സാക്കാം.
5. ഇടും മുമ്പ് ഒന്നു കൂടെ കഴുകാന്‍ മറക്കരുത്.
ജീന്‍സ് തുന്നാന്‍ പഠിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് തന്നെയുണ്ട്. നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അത് സന്ദര്‍ശിക്കാം. www.makeyourownjeans.com എന്നാണ് വെബ്‌സൈറ്റിന്റെ പേര്.

NEWS LETTER
RSS











