
ഫാഷന് ഒരു പുതു പ്രസ്താവന. എന്നാല്‍ അത്രയ്ക്ക് പുതിയതല്ല താനും. സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളാണ് ആഭരണലോകത്തെ പുതു ട്രെന്‍ഡ്. ഇത് ട്രെന്‍ഡായിട്ട് വര്‍ഷം ഒന്നൊന്നര കഴിഞ്ഞു. പക്ഷേ, നമ്മുടെ നാട്ടില്‍ എന്തോ അത്രയ്ക്കങ്ങ് സാധാരണമായില്ല സംഗതി. കഴുത്തില്‍ നല്ല വീതിക്കും കനത്തിലും ഒരു മാല. നീളത്തിലും ആകാം. പക്ഷേ, നീളം കൂടുമ്പോള്‍ വണ്ണം അത്രയ്ക്കങ്ങ് കുറയാനും പാടില്ല. അതായത്, ആളെ നോക്കുമ്പോള്‍ വസ്ത്രവും മുഖവും ഒന്നും ശ്രദ്ധയില്‍ വരികയേ ചെയ്യരുത്. മാലമാത്രം അങ്ങനെ എടുത്ത് നില്‍ക്കണം. വ്യക്തിത്വത്തിന്റെ ഒരു പ്രസ്താവനപോലെ.
അങ്ങനെ മാലയിലായിരുന്നു സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളുടെ തുടക്കം. പടിഞ്ഞാറ് സൂപ്പര്‍ താരങ്ങളും മോഡലുകളുമൊക്കെ അവയണിഞ്ഞെത്തി. അങ്ങനെ കനപ്പെട്ട മാലയിടാന്‍ ലേശം ചങ്കൂറ്റമൊക്കെ വേണമെന്നായിരുന്നു നമ്മുടെ നാട്ടുകാരുടെ പക്ഷം. ഉരുണ്ട വലിയ മുത്തിലും കല്ലിലും ആകൃതിയില്ലാത്ത ശംഖിലും എല്ലിലും എല്ലാം അവയെത്തി. ഓറഞ്ച്, മഞ്ഞ, ചുവപ്പ്, പച്ച തുടങ്ങി കണ്ണില്‍ കുത്തുന്ന നിറങ്ങളിലുള്ളവയായിരുന്നു ട്രെന്‍ഡ്. സ്വര്‍ണത്തിലാണെങ്കില്‍ ആന്റിക്കും. ഇപ്പോഴും ഫാഷന്‍ ലോകത്തുനിന്ന് അപ്രത്യക്ഷമായിട്ടില്ല ഇവ.
പക്ഷേ, 2010 ല്‍ കയറിവിലസുന്നത് കമ്മലാണ്. തൂക്കുവിളക്കുപോലെ ഞാന്നു കിടക്കുന്ന കമ്മല്‍. അതുമാത്രമിട്ട് ഒഴിഞ്ഞ കഴുത്തുമായി വിലസി നടക്കുക. ഈ വര്‍ഷത്തെ ട്രെന്‍ഡ് അതാണ്. അടുത്തിടെ ലണ്ടനില്‍ അരങ്ങേറിയ ഒരു ഫാഷന്‍ ഷോയില്‍ തടിയിലും റെസിനിലും തീര്‍ത്ത കമ്മലണിഞ്ഞാണ് മോഡല്‍ ക്യാറ്റ്‌വാക്ക് നടത്തിയത്. 'മാഡ്മാക്‌സെ'ന്ന് പേരിട്ട കമ്മലിന്റെ നീളം 15 സെ.മീ. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ കേറ്റ് വിന്‍സ്‌ലെറ്റ് ഇട്ടുചെന്നത് ഏഴ് സെ. മീ നീളമുള്ള കമ്മല്‍.
കേരളത്തിലും ഈ ട്രെന്‍ഡ് പതുക്കെ പടര്‍ന്നുവരുന്നു. അടുത്തിടെ നടന്ന പല ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങുകളിലും താരങ്ങള്‍ ഇത്തരത്തിലുള്ള ഫാഷനുമായാണ് എത്തിയത്. ചാനല്‍ അവതാരകരും ഈ വഴിയിലേക്ക് എത്തിക്കഴിഞ്ഞു. ട്രെന്‍ഡിയായേ നടക്കൂ എന്ന് നിശ്ചയിച്ചിട്ടുള്ള പെണ്‍കുട്ടികളും ഈ വഴിയില്‍ത്തന്നെ.

NEWS LETTER
RSS











