റീഷ്മ ദാമോദര്‍
മുംബൈ ഫാഷന്‍ ലോകത്തിന്റെ ഒടുങ്ങാത്ത അത്ഭുതങ്ങളിലേക്ക് ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ച മലയാളി പെണ്‍കുട്ടിയുടെ വിജയകഥ...
പത്രത്തിലും ടി.വി.യിലും ലോകസുന്ദരിമാരുടെ വാര്‍ത്തകള്‍ വരുമ്പോള്‍ കോരിത്തരിപ്പോടെ നോക്കിനില്‍ക്കുമായിരുന്ന ഒരു പെണ്‍കുട്ടി... ദുബായില്‍ പ്രവാസി മലയാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അവള്‍ക്ക് മോഡലിങ് ജീവിതലക്ഷ്യം തന്നെയായിരുന്നു... റാമ്പിന്റെ താളമായിരുന്നു സ്വപ്‌നങ്ങള്‍ക്ക്. 18-ാമത്തെ വയസ്സില്‍ അവള്‍ ഒറ്റയ്ക്ക് മുംബൈയ്ക്ക് തിരിച്ചു. അത് ഒരു സൂപ്പര്‍ മോഡലിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന സ്വന്തം ജീവിതത്തെക്കുറിച്ച് ശ്വേതാ വിജയ് പറയുന്നു.ദുബായിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അച്ഛന്‍ പാലക്കാട്ടുകാരനായ വിജയ്‌നായര്‍, ബിസിനസ്സുകാരന്‍. അമ്മ ഉഷ.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോഡലിങ്ങായിരുന്നു മനസ്സ് നിറയെ. ഒരിക്കല്‍ ടി.വി.യില്‍ ഐശ്വര്യാറായിയുടെ ഇന്റര്‍വ്യൂ കണ്ടത് ഓര്‍മയുണ്ട്. ഞാനവരുടെ ഓരോ ചലനങ്ങളും ഉറ്റുനോക്കിയിരുന്നു. അതുപോലെ അനുകരിച്ചു. സ്വയം മറന്നിരുന്ന എന്നെ കണ്ട് അമ്മ കുറേ കളിയാക്കി. ''ഞാനുമൊരുനാള്‍ മിസ് ഇന്ത്യയാവും'' - അമ്മയോട് ഞാന്‍ ഗൗരവത്തില്‍ പറഞ്ഞു.
കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം വന്നു. ദുബായില്‍ മോഡലിങ്ങിനു വലിയ സാധ്യതയില്ല. അതുകൊണ്ട് പഠനം കഴിഞ്ഞാലുടനെ മുംബൈയിലേക്കു പറക്കണം... ഇതായിരുന്നു പ്ലാന്‍... പക്ഷേ, ജീവിതത്തെ അടിമുടി തകര്‍ത്തൊരു സംഭവമുണ്ടായി. എനിക്കൊരു കടുത്ത രോഗം ബാധിച്ചു.
ചെറിയ കാലുവേദനയില്‍ നിന്നായിരുന്നു തുടക്കം... പിന്നെ ഒരടി പോലും നടക്കാന്‍ പറ്റാതായി. കുറച്ചു കഴിഞ്ഞപ്പോള്‍ ശരീരം പൂര്‍ണമായും തളര്‍ന്നു. അങ്ങനെ ആസ്പത്രിയിലേക്ക്... ഗില്ലന്‍ ബാരി സിന്‍ഡ്രോം, അതായിരുന്നു അസുഖം. തനിയെ എഴുന്നേറ്റു നടക്കുന്ന കാര്യംപോലും സംശയത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. മോഡലിങ്, എന്റെ സ്വപ്‌നങ്ങള്‍ എല്ലാം ഒറ്റയടിക്ക് അവസാനിച്ചത് പോലെയായി.
മരുന്നും ഫിസിയോതെറാപ്പിയും മറ്റുമായി ആസ്പത്രിയില്‍... ഐ.സി.യു.വില്‍ ആയിരുന്നു മുഴുവന്‍ സമയവും. ഞാന്‍ മനസ്സില്‍ പറയും, എഴുന്നേറ്റ് നടക്കണം. നാല് മാസം ആസ്പത്രിയില്‍ കഴിച്ചുകൂട്ടി. ഒടുവില്‍ നടക്കാമെന്നായി. ഡോക്ടര്‍മാര്‍ അതിശയിച്ചു. 'അത്്ഭുത പെണ്‍കുട്ടി' അവര്‍ പറഞ്ഞു. ഇതേ രോഗവുമായി അനങ്ങാനാവാതെ കിടക്കുന്ന ഒരാളുണ്ടായിരുന്നു.
പുതുജീവിതത്തിലേക്ക്
ആസ്പത്രിയില്‍ നിന്നിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പത്രത്തിലൊരു പരസ്യം... 'ആദ്യമായി യു.എ.ഇ.യില്‍ സൗന്ദര്യമത്സരം നടത്തുന്നു. 'മിസ് ഇന്ത്യ യു.എ.ഇ.2009'. ഇതിലും വലിയൊരു അവസരം ഇനി കിട്ടാനില്ല. തയ്യാറെടുപ്പില്ലാതെതന്നെ രജിസ്റ്റര്‍ ചെയ്തു.
1999 മാര്‍ച്ച് 28ന് ഗ്രാന്റ് ഹയാത്തില്‍ വെച്ചായിരുന്നു മത്സരം. ആകെ 22 പേര്‍, നാല് റൗണ്ടുകളും. ഇന്ത്യന്‍, വെസ്റ്റേണ്‍, ടാലന്റ്, ക്വസ്റ്റ്യന്‍ ആന്‍സര്‍ എന്നിങ്ങനെ... അവസാന റൗണ്ടില്‍ മൂന്നുപേര്‍. ടാലന്റ് റൗണ്ടിലെ പാട്ടാണ് എന്നെ തുണച്ചത്. അവസാനം ആ നിമിഷം വന്നു. 'മിസ് ഇന്ത്യ യു.എ.ഇ. 1999- ശ്വേത വിജയ്'... സൗന്ദര്യറാണിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ എനിക്കെന്നത്തന്നെ വിശ്വസിക്കാനാവാത്തതുപോലെ...
എന്റെ കരിയറിന്റെ ശുഭകരമായ തുടക്കമായിരുന്നു അത്. മത്സരം കഴിഞ്ഞ ഉടനെ ലാറദത്ത, ദിയ മിര്‍സ എന്നിവര്‍ ദുബായിലെത്തി, ഒരു ഫാഷന്‍ ഷോയ്ക്കു വേണ്ടി. എനിക്കുമതില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടി. അവിടെവെച്ച് മുംബൈയില്‍ നിന്നുള്ള ഒരുപാട് ഡിസൈനര്‍മാരെ പരിചയപ്പെടാന്‍ കഴിഞ്ഞു. പേരും അഡ്രസ്സുമൊക്കെ വാങ്ങിവെച്ചു. ഈ പേരുകള്‍ പിന്നീട് സഹായകമായി മാറി. ഫാഷന്‍ ഷോകൊണ്ട് മാത്രം കാര്യമില്ല. മോഡലിങ്ങില്‍ മുന്‍നിരയിലെത്തണം. അതിന് മുംബൈയില്‍ പോയേ തീരൂ. വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയ്ക്കും ആദ്യം കടുത്ത എതിര്‍പ്പ്. പിന്നീട് അവര്‍ സമ്മതിച്ചു.
അങ്ങനെ ഒറ്റയ്ക്കു ഞാന്‍ മുംബൈയിലെത്തി, എന്റെ പതിനെട്ടാമത്തെ വയസ്സില്‍. മുംബൈ തീരെ അപരിചിതമായ സ്ഥലമല്ലേ? ആകെ അറിയാവുന്നത് അച്ഛന്റെ ഒരു ബന്ധുവിനെ മാത്രം. എങ്ങോട്ടു പോകണമെന്ന് അറിയില്ല. കുറച്ച് ഡിസൈനര്‍മാരുടെ അഡ്രസ് മാത്രമുണ്ട് കൈവശം.
അന്നത്തെ ദിവസങ്ങള്‍ എത്ര വിചിത്രമായിരുന്നുവെന്നോ? എന്നും രാവിലെ ഫ്ലറ്റില്‍നിന്നിറങ്ങും. കൈയിലുള്ള അഡ്രസ്സുകളിലേക്ക് വിളിക്കും. പല ഡിസൈനര്‍മാരെയും നേരില്‍ കാണും. അവര്‍ക്ക് പടങ്ങള്‍ അയച്ചുകൊടുക്കും. അവസരം വരുമ്പോള്‍ വിളിക്കാമെന്നു പറയും. പിന്നീട്, ഒരു പ്രതികരണവും ഉണ്ടാവില്ല. ഇടയ്ക്ക് വല്ലാതെ മനസ്സ് മടുക്കുന്നതുപോലെ തോന്നും. പക്ഷേ, തിരിച്ചുപോവുന്നതെങ്ങനെ... ഒരുപാട് വിഷമിച്ചു ഞാന്‍. അങ്ങനെ രണ്ടുമാസം.
ആയിടയ്ക്കാണ് പ്രശസ്ത ഡിസൈനര്‍ അസിംഖാന്റെ ഫാഷന്‍ ഷോയില്‍ ഒരവസരം കിട്ടുന്നത്. അതെന്നെ ശരിക്കും തുണച്ചു. പിന്നീട്, അവസരങ്ങള്‍ തുരുതുരാ വന്നു. 2000 രൂപയ്ക്ക് വരെ ഞാന്‍ ഫാഷന്‍ ഷോ ചെയ്തിട്ടുണ്ട്. അതും രണ്ടു ദിവസത്തേക്കൊക്കെ. ടോപ് മോഡലുകള്‍ മണിക്കൂറിന് 50,000 ഒക്കെ വാങ്ങുമ്പോഴാണിത്. എന്നിട്ടും, പിടിച്ചുനിന്നു. കാരണം, എന്റെ ലക്ഷ്യം ഒരു സൂപ്പര്‍ മോഡല്‍ ആവുകയാണ്. ചെറിയ ചെറിയ അവസരങ്ങളുമായി മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയി.
വഴിത്തിരിവായത് മിസ് ഇന്ത്യ
മിസ് ഇന്ത്യ മത്സരമെത്തി, 2003 ല്‍. മുംബൈയില്‍ നിന്നു മാത്രം 5000 പേരുണ്ടായിരുന്നു, അതിലൊരാള്‍ ഞാനും. സെലക്ഷന്‍ കഴിഞ്ഞ
പ്പോള്‍ അവസാന മുപ്പതുപേരില്‍ ഞാനുണ്ട്! മത്സരത്തിന് മുമ്പ് രണ്ടുമാസത്തെ ഗ്രൂമിങ് സെഷന്‍. അത് ഭയങ്കര കടുപ്പമായിരുന്നു. രാവിലെ അഞ്ചു മുതല്‍ ഏഴ് വരെ എക്‌സര്‍സൈസ്, എട്ടു തൊട്ട് ഗ്രൂമിങ് ക്ലാസ്സുകള്‍. ഉറങ്ങുമ്പോഴേക്കും രാത്രി പന്ത്രണ്ടു കഴിയും. ഡയറ്റ് നോക്കണം, മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്, പുറത്തുപോയി ആരെയും കാണരുത്... ഇങ്ങനെ കുറെ നിബന്ധനകള്‍.ഒടുവില്‍ ആ ദിവസം വന്നു, സ്ഥലം: ഗുര്‍ഗാവന്‍ സ്‌പോര്‍ട് കോംപ്ലക്‌സ്. കുറേ റൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ട്രൊഡക്ഷന്‍, ഇന്ത്യന്‍ വെയര്‍, വെസ്റ്റേണ്‍ വെയര്‍, റിട്ടണ്‍ തുടങ്ങിയവ. ഇന്ത്യന്‍ വെയര്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ പത്തുപേര്‍. വെസ്റ്റേണ്‍ വെയര്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചു പേരും. അവസാനം മൂന്നുപേരുമായി. അവസാനത്തെ ചോദ്യമിതായിരുന്നു, 'എന്താണ് ക്ഷമ?' 'ക്ഷമിക്കുകയെന്നത് വളരെ മഹത്തരമാണ്. അത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഉന്നതിയെയാണ് കാണിക്കുന്നത്.', ഞാന്‍ പറഞ്ഞു.
ഞാന്‍ നിമിഷങ്ങള്‍ എണ്ണി കാത്തിരുന്നു. ഒടുവില്‍ അനൗണ്‍സ്‌മെന്റ് വന്നു. 'മിസ് ഇന്ത്യ 2003, മിസ് ശ്വേതാ വിജയ്'. എല്ലാ പരിശ്രമങ്ങള്‍ക്കും ഈശ്വരന്‍ പ്രതിഫലം തന്നു. സത്യമായിട്ടും ഞാന്‍ ഭൂമിയില്‍ത്തന്നെയാണോയെന്ന് സംശയിച്ചുപോയി. പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല... കൈ നിറയെ മോഡലിങ് അവസരങ്ങള്‍... സണ്‍സില്‍ക്ക്, സോണി എറിക്‌സണ്‍, ദാമാസ് ജ്വല്ലറി... എല്ലാം വന്‍കിട ബ്രാന്‍ഡുകള്‍. പിന്നെ ഒരുപാട് അവസരങ്ങള്‍. 'ഗുഡ് ശര്‍മ്മ' എന്ന പടത്തില്‍ ഒരു ചെറിയ റോള്‍.
കേരളത്തിലെനിക്ക് നല്ലൊരു സുഹൃത്തുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. കുറച്ചുമുമ്പ് ഒരു വര്‍ഷത്തോളം ഞാന്‍ എറണാകുളം സെന്റ് തെരേസാസില്‍ പഠിച്ചിരുന്നു, ഡിഗ്രിക്ക്. അപ്പോ ഞാന്‍ താമസിച്ച അതേ ഫ്ലറ്റില്‍ത്തന്നെയാണ് ഗീതുവും താമസിച്ചത്. അങ്ങനെ പരിചയപ്പെട്ടു. അടുത്ത സുഹൃത്തുക്കളായി. ഗീതു, മുംബൈയില്‍ വന്നാല്‍ ഞങ്ങളുടെ വീട്ടില്‍ വരാതെ പോവാറില്ല.
സുരേഷ് ഗോപി നായകനായ 'കടാക്ഷ'ത്തില്‍ അവസരം നേടിത്തരുന്നത് ഗീതുവാണ്. വളരെ നല്ലൊരു ഹോംലി റോളാണ് എനിക്കിതില്‍. രണ്ടുവയസ്സുള്ള കുഞ്ഞിന്റെ അമ്മ. മുമ്പ് മാധുരി പാടിയ 'പ്രാണനാഥനെനിക്കു നല്‍കിയ' എന്ന പാട്ടും ഇതിലുണ്ട്. ഈ പാട്ടുസീനില്‍ കുറച്ച് ഗ്ലാമറസ്സായിട്ടാണ് അഭിനയിച്ചത്.
മുംബൈയിലെ ഫാഷന്‍ ലോകം
ഉരു സ്ഥിരതയില്ലാത്ത രംഗമാണ് മോഡലിങ്. തുടക്കക്കാര്‍ക്ക് ഒരവസരം കൊടുക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. നൂറു വാതിലുകളില്‍ മുട്ടിയാലാണ് ഒരവസരം കിട്ടുക. അവസരം കിട്ടിയാലോ, പലപ്പോഴും അതിന്റെ പണത്തിനുവേണ്ടി സംഘാടകരുടെ പിന്നാലെ നടക്കേണ്ട അവസ്ഥയും.
'ഫാഷന്‍' എന്ന ഹിന്ദി സിനിമ പുറത്തിറങ്ങിയപ്പോള്‍ പലരും വിമര്‍ശിച്ചു, അതുപോലെയല്ല മുംബൈ ഫാഷന്‍ ലോകമെന്ന്. പക്ഷേ അതിലൊരു ഭാഗം എന്റെ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതുപോലെ. മുംബൈയിലെ ഒരു ടോപ് മോഡല്‍. ലണ്ടനിലായിരുന്നു താമസം. ലാക്‌മെയുമായി കരാറുണ്ടാക്കി മുംബൈയിലെത്തി. എന്റെ കൂടെ താമസിച്ചു. പ്രമുഖ കമ്പനികളെല്ലാം അവളുടെ പിന്നാലെ ആയിരുന്നു. പതിനേഴാമത്തെ വയസ്സില്‍ മുംബൈയിലെ ടോപ് മോഡലായി. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഒരു പടത്തില്‍ അവസരം ലഭിച്ചു. ആയിടക്ക് അവള്‍ കുറച്ചു തടിച്ചു. അതോടെ ടെന്‍ഷനായി. സുഹൃത്തുക്കള്‍ പറഞ്ഞു, ഡ്രഗ്‌സ് കഴിച്ചാല്‍ തടി പെട്ടെന്ന് കുറയുമെന്ന്. ചെറിയ ഡോസില്‍ തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോള്‍ അതില്ലാതെ പറ്റില്ലെന്നായി. പല ദിവസങ്ങളിലും ലക്ക് കെട്ട രീതിയില്‍ ഫ്ലറ്റില്‍ കയറിവരും. എത്ര പറഞ്ഞിട്ടും അവള്‍ മുഖവിലക്കെടുത്തില്ല. പലപ്പോഴും പറഞ്ഞ സമയത്ത് ഷോയ്‌ക്കെത്താന്‍ കഴിഞ്ഞില്ല.
അതോടെ അവസരങ്ങള്‍ കുറഞ്ഞു. ജീവിക്കാന്‍ വഴിയില്ലാതായി. ഒരിക്കല്‍ ഞാന്‍ ലണ്ടനില്‍ ആയിരുന്നു. അപ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. മയക്കുമരുന്ന് ഓവര്‍ഡോസ് എടുത്തതുകൊണ്ട് അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്‌തെന്ന്. ചെന്നപ്പോഴാണ് അറിയുന്നത്, മയക്കുമരുന്നിനു പണമില്ലാതെ അവളെന്റെ വീട്ടിലെ ടിവിയുള്‍പ്പെടെയുള്ളതെല്ലാം വിറ്റിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ വന്ന് ലണ്ടനിലേക്ക് കൊണ്ടുപോയി. ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ ആയിരുന്നു കുറേക്കാലം.
എന്തും സഹിച്ച് മോഡലാകാന്‍ ഇറങ്ങിപ്പുറപ്പെടുന്ന കുറേപ്പേരുണ്ട്. ചിലപ്പോള്‍ വീട്ടുകാരുമായുള്ള ബന്ധമൊക്ക അവസാനിപ്പിച്ചായിരിക്കും വരുന്നത്. എന്നിട്ടും, എവിടെയുമെത്താതെപോകുന്ന എത്രയോ പേര്‍. ഡിപ്രഷനിലേക്ക് തള്ളപ്പെടുന്നവര്‍. ആ ഡിപ്രഷനില്‍ ജീവിതംതന്നെ നഷ്ടപ്പെടുന്നവര്‍ എത്രയോ.
നഫീസ ജോസഫിനെ ഓര്‍മയില്ലേ? ഒരു കാലത്ത് ടോപ് മോഡലായിരുന്നു അവര്‍. എനിക്കവരെ പരിചയമുണ്ട്. മിസ് ഇന്ത്യ മത്സരത്തിന് അവരുമുണ്ടായിരുന്നു, ജഡ്ജായിട്ട്. പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല. പക്ഷേ, കൂട്ടുകാരില്‍ നിന്നും മറ്റും ഇടയ്‌ക്കൊക്കെ അവരെക്കുറിച്ച് കേള്‍ക്കാറുണ്ടായിരുന്നു. പിന്നീടൊരു ദിവസം കേട്ടു, അവര്‍ ആത്മഹത്യ ചെയ്‌തെന്ന്. ഞാനും മോഡലിംങ് രംഗത്തെ മറ്റ് സുഹൃത്തുക്കളും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഒറ്റപ്പെടലായിരിക്കാം അവരെ ഈ തീരുമാനത്തിലെത്തിച്ചത്. നഫീസയുടേത് ഒറ്റപ്പെട്ടൊരു കഥയല്ല. ഇത്തരം ഒരുപാട് കഥകള്‍ മുംബൈ ഫാഷന്‍ ലോകത്തിന് പറയുവാനുണ്ട്.

NEWS LETTER
RSS











