MATHRUBHUMI RSS
Loading...
സ്റ്റൈലാകാന്‍ ഹെയര്‍ കട്ടിങ്‌
ആശ.കെ.ചന്ദ്രന്‍

തുമ്പ് കെട്ടിയിട്ട ചുരുള്‍മുടി' സങ്കല്പത്തില്‍ നിന്ന് സ്‌ട്രെയ്റ്റനിങ് ലോകത്തേക്ക് യുവത്വം ചുവടുമാറിയത് വളരെ പെട്ടെന്നാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ സ്‌ട്രെയ്റ്റനിങ്ങിന് പിറകേ പോയവര്‍ ഏറെയും ടീനേജ്. നീട്ടുന്ന മുടിയുടെ ഭാവിയോര്‍ത്ത് ആശങ്കപ്പെട്ട് സ്‌ട്രെയിറ്റ്‌ഹെയര്‍ നോക്കി മുഖം ചുളിക്കുന്നവര്‍ക്കുമുന്നില്‍ സ്മൂത്തനിങ്, റിലാക്‌സിങ് തുടങ്ങിയ പുതിയ പേരുകളിലാണ് സ്‌ട്രെയിറ്റനിങ് അവതരിപ്പിക്കുന്നത്. ഈ വിദ്യകള്‍ക്കുമുന്നില്‍ പ്രായഭേദവും അപ്രത്യക്ഷമാകുന്നു.

സംഗതി 'ചുരുള്‍ നിവര്‍ത്തല്‍' തന്നെയാണെങ്കിലും മുഴുവന്‍ ചുരുളും നിവര്‍ത്താതെ മുന്‍വശത്തെയോ വശങ്ങളിലെയോ മാത്രം മുടി സ്‌ട്രെയിറ്റ് ചെയ്യുന്ന വിദ്യയാണ് സ്മൂത്തനിങ്. ഇങ്ങനെ മൃദുവാക്കിയെടുക്കുക വഴി കോളേജിലേക്കും ഓഫീസിലേക്കും തിരക്കിട്ട് ഇറങ്ങുന്നതിനുമുമ്പ് മുടി എളുപ്പം കൈകാര്യം ചെയ്യാം. സ്‌ട്രെയിറ്റ് ചെയ്ത മുടിക്ക് കിട്ടുന്ന ആര്‍ട്ടിഫിഷല്‍ ലുക്ക് ഒഴിവാക്കാന്‍ റിലാക്‌സിങ് വിദ്യയും പ്രയോഗിക്കാം. റിലാക്‌സിങ്ങില്‍ കൃത്രിമ നീട്ടലിന്റെ അഭംഗി ഏറെക്കുറെ ഒഴിവാകും. മുടിക്ക് കൂടുതല്‍ സ്വാഭാവികതയാണ് റിലാക്‌സിങ് നല്‍കുന്നത്. സ്മൂത്തനിങ്ങും റിലാക്‌സിങ്ങും സ്‌ട്രെയ്റ്റനിങ് വിദ്യയില്‍ നിന്ന് കടംകൊണ്ട വിധിക്രമങ്ങള്‍ തന്നെ.

സ്‌ട്രെയ്റ്റ് ചെയ്ത മുടിക്ക് കട്ടിങ്ങില്‍ ലെയര്‍, ഫെതര്‍ കട്ടുകളാണ് സാധാരണ ചെയ്തുവരുന്നത്. ഇവ പഴഞ്ചനെന്ന് തള്ളിക്കളയുന്ന ഹെയര്‍സ്റ്റൈല്‍ രംഗത്തേക്ക് തിന്നിങ്, ബൗണ്‍സിങ് അണ്‍-ഈവന്‍ സ്റ്റൈലുകളാണ് പുതിയ തരംഗം. നീണ്ടമുടി ഉലഞ്ഞ് അസൗകര്യമുണ്ടാകുന്നെങ്കില്‍ തിന്നിങ് ചെയ്യും. മുടിയുടെ കട്ടി കുറയ്ക്കുകയാണ് തിന്നിങ്ങിന്റെ പ്രത്യേകത.

അണ്‍-ഈവന്‍ ഹെയര്‍സ്റ്റൈല്‍ കണ്ടാല്‍ ഫിനിഷിങ് ഇല്ലെന്നുതോന്നുമെങ്കിലും കട്ടിങ്ങില്‍ പ്രഥമ സ്ഥാനമിന്ന് ഇതിനാണ്. അലക്ഷ്യമായി മുറിച്ചിട്ടതുപോലെ തോന്നുന്ന തലമുടി മാത്രം മതി ഫാഷന്‍ ലോകത്തെ സ്റ്റാര്‍ ആകാന്‍. വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ ഏറ്റവുമധികം പരീക്ഷിക്കുന്നതും അണ്‍-ഈവന്‍ കട്ടുതന്നെ.

ഒട്ടിയൊതുങ്ങി കിടക്കുന്ന ഇത്തിരിക്കുഞ്ഞന്‍ നാരുകളാണോ നിങ്ങളുടെ തലമുടി? എന്നാലതിന് ബൗണ്‍സിങ് ആണ് യോജിക്കുക. നീളം കൂടിയതോ കുറഞ്ഞതോ ആകട്ടെ, കൂടുതല്‍ വോളിയം തോന്നിക്കുകയാണ് ബൗണ്‍സിങ്ങിലെ ടെക്‌നിക്ക്. ബൗണ്‍സിങ്ങിനും നമ്മുടെ നാട്ടില്‍ ഏറെ ആരാധകരുണ്ട്. സ്‌ട്രെയിറ്റ് ചെയ്ത് ഒതുക്കിയ മുടിക്കുപകരം എക്‌സ്‌റ്റെന്‍ഡ് ചെയ്ത് ബൗണ്‍സിങ് കട്ടിലേക്ക് ചുവടുമാറാനുള്ള തയ്യാറെടുപ്പിലാണ് യുവത്വം.

ഓ....തലമുടിയില്‍ അത്ര വല്യകാര്യമൊന്നുമില്ലെന്ന് പറയുന്ന ആണ്‍കുട്ടികളും ഹെയര്‍സ്റ്റെലില്‍ എത്രത്തോളം ബോധവാന്മാരെന്ന് വെളിവാക്കുന്നതാണ് ഹെയര്‍കട്ടിങ്ങിലെ പരിഷ്‌കാരങ്ങള്‍. താജ്മഹലും കുത്തബ്മീനാറുമൊന്നും പണിയുന്നില്ലെന്നേയുള്ളൂ. സ്ലെക്കി, ബാംഗി, ഷാഗി സ്റ്റൈലുകള്‍ അന്വേഷിച്ച് സലൂണുകള്‍ കയറി ഇറങ്ങാന്‍ ഇവര്‍ മടിക്കുന്നില്ല. ചുരുക്കത്തില്‍ വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതില്‍ തലമുടിക്കും പ്രത്യേക റോള്‍ ഉണ്ടെന്നുസാരം. സ്ലെക്കി ഹെയര്‍ സ്റ്റൈലിന് കോളേജ് കുമാരന്മാരുടെ ഇടയിലാണ് ഏറെ ആരാധകര്‍.

ഒതുക്കി വെട്ടിയ മുടി ബാംഗി കട്ടാണെങ്കില്‍ കൂടുതല്‍ സ്റ്റൈലാകാം. കട്ട് ഏതായാലും മുടി സ്‌ട്രെയിറ്റ് ആവണമെന്നാണ് ഇന്നത്തെ ആപ്തവാക്യം. സ്‌ട്രെയിറ്റ് ചെയ്യുന്നത് തലമുടിയുടെ സ്വാഭാവികത കളയുമെന്നതിന് എതിരഭിപ്രായമില്ല. സ്‌ട്രെയിറ്റ് ചെയ്ത മുടിയുടെ ഭംഗി നീണ്ടുനില്‍ക്കാന്‍ തലയോട്ടിയില്‍ എണ്ണ തേയ്ക്കാതിരിക്കുന്ന പ്രവണതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതുകൂടാതെ താരന്‍ ശല്യവും കൂടാന്‍ കാരണമാകുന്നു. സ്‌ട്രെയിറ്റനിങ്ങിന്റെ ഗുണമനുഭവിക്കുന്നവരാരും തന്നെ അതിനുശേഷമുള്ള പരിചരണങ്ങള്‍ നല്‍കാന്‍ സമയം കണ്ടെത്താറില്ല.