അഞ്ജന ശശി
മുടിയഴകിനു മാറ്റുകൂട്ടാന്‍ നയന മനോഹരങ്ങളായ ക്ലിപ്പുകളും സ്ലൈഡുകളും പിന്നുകളും മറ്റും വിപണിയിലെത്തിയിട്ട് നാളേറെയായി. എന്നാല്‍ കെട്ടിവെച്ച മുടി അലങ്കരിക്കുന്നതിനുപയോഗിക്കുന്ന ഹെയര്‍ ബിന്ദികളാണ് 2010-ലെ മുടിയലങ്കാര വസ്തുക്കളില്‍ ഫാഷന്‍ തീര്‍ക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെ വിപണികളിലെത്തിയ ഹെയര്‍ ബിന്ദികള്‍ വര്‍ഷാവസാനമായപ്പോഴേക്കും വിപണി കീഴടക്കിത്തുടങ്ങിയിരുന്നു. ആ ട്രെന്‍ഡ് നിലനിര്‍ത്തുകയാണ് പുതുവര്‍ഷവും. കല്യാണത്തിനും പൊതുപരിപാടികള്‍ക്കും അണിഞ്ഞൊരുങ്ങുന്ന യുവതികള്‍ മുഖത്തെന്നപോലെ തലയിലും ഭംഗിയുള്ള ബിന്ദികള്‍ കൊണ്ട് അലങ്കരിക്കാന്‍ ഇപ്പോള്‍ മറക്കാറില്ല. പീകോക്ക്, പൈനാപ്പിള്‍, നെക് നോട്ട്, ഫ്‌ളവര്‍ പെറ്റല്‍, പെറ്റല്‍ റോള്‍സ് തുടങ്ങിയ 2010-ലെ ഫാഷന്‍ ഹെയര്‍സ്റ്റൈലുകള്‍ക്ക് ഇണങ്ങുംവിധം പല വര്‍ണത്തിലും ആകൃതിയിലുമുള്ള ബിന്ദികള്‍ വിപണിയില്‍ ലഭ്യമാണ്. ഉപയോഗിക്കുന്നതിലെ എളുപ്പവും ബിന്ദിയുടെ ഉപയോഗം വ്യാപകമാക്കുന്നു. സാധാരണ പൊട്ടുപോലെത്തന്നെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പേപ്പറില്‍നിന്നെടുത്ത് നേരിട്ട് മുടിക്കുമുകളില്‍ ഒട്ടിച്ചുവെക്കാം. ആവശ്യം കഴിഞ്ഞാല്‍ പറിച്ചെടുക്കുകയും ചെയ്യാം. അധികം പശയില്ലാത്തതിനാല്‍ മുടിയിഴകള്‍ക്ക് കോട്ടംതട്ടുകയുമില്ല. പല നിറത്തിലുള്ള കല്ലുകളിലാണ് ബിന്ദികള്‍ അധികവും പുറത്തിറങ്ങുന്നത്. മുടി അഴിച്ചിടാന്‍ താത്പര്യമുള്ളവര്‍ക്ക് മുടിയുടെ വശങ്ങളില്‍ സെറ്റ് ചെയ്തുവെക്കാന്‍ സാധിക്കുന്നതരം ഹെയര്‍സ്റ്റിക്കുകളും ഇന്ന് ലഭ്യമാണ്.
സുലഭമാവുന്ന വിഗ്ഗുകള്‍
എല്ലാം എളുപ്പപ്പണിയില്‍ ചെയ്യാന്‍ നോക്കുന്ന സമയമില്ലായ്മയുടെ ഇക്കാലത്ത് വിഗ്ഗില്‍ അഭയം തേടുന്നവരും ചുരുക്കമല്ല.
കല്യാണത്തിനും മറ്റും തിരുപ്പന്‍വെച്ച് മുടിമെടഞ്ഞു കെട്ടി അറ്റത്ത് കുഞ്ജലവും തൂക്കിയിടുന്ന കാലമൊക്കെപ്പോയി. ഇപ്പോള്‍ കഴുത്തിന്റെ പിന്നിലായി മുടിയില്‍ ക്ലിപ്പ് ചെയ്തു പിടിപ്പിക്കാവുന്ന വിഗ്ഗുകള്‍ (ആധുനിക തിരുപ്പന്‍ എന്നും പറയാം) കടകളില്‍ വാങ്ങാന്‍ കിട്ടും. പല തരത്തിലുള്ള മുടിക്കെട്ടുകളില്‍ ഇവ ലഭ്യമാണ്. ആഘോഷങ്ങള്‍ക്കു പോവുമ്പോള്‍ അവ എടുത്തു ഫിറ്റ് ചെയ്താല്‍ മാത്രം മതിയാകും. മുടിയില്ലാത്തവര്‍ക്കു വേഷവിധാനത്തിനനുസരിച്ച് മുടിയുടെനീളം കൂട്ടണമെങ്കിലും ഇത്തരം വിഗ്ഗുകള്‍ സഹായിക്കും. ഈ വിഗ്ഗുകളിലും അലങ്കാരപ്പണികള്‍ ചെയ്ത് ആഘോഷവേളകള്‍ക്കു മാറ്റുകൂട്ടാം. ഇനി മടിച്ചുനില്‍ക്കണ്ട, മുടിക്കെട്ടുകള്‍വരെ വിപണിയില്‍ വിഗ്ഗിന്റെ രൂപത്തില്‍ ലഭിക്കുന്ന കാലത്ത് മുടി ഭംഗിയാക്കാനുള്ള അവസരം എന്തിനു വെറുതെ കളയണം?
NEWS LETTER
RSS











