അഞ്ജന ശശി
ഫാഷനില്‍ ആണ്‍-പെണ്‍ ഭേദമില്ല. വസ്ത്രം, കമ്മല്‍, മാല, വള എന്തുമാവട്ടെ, ഫാഷന്റെ കാര്യത്തില്‍ രണ്ടുകൂട്ടരും ഒരുപോലെ മത്സരിക്കുകയാണ്. വളയും കമ്മലും മാലയുമെല്ലാം അണിഞ്ഞുതുടങ്ങിയ പുരുഷന് പുതിയകമ്പം മോതിരങ്ങളോടാണ്. അഴകിലും രൂപത്തിലും പെണ്‍മോതിരങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കിടിലന്‍ മോതിരങ്ങളാണ് ആണുങ്ങളുടേത്. ഹോളിവുഡില്‍ നിന്നാണ് പെരുവിരലുകളെ അലങ്കരിക്കുക എന്ന സ്റ്റൈല്‍ യുവാക്കള്‍ കടംകൊണ്ടത്. ഒരു വ്യക്തിയുടെ മനോബലത്തെയും ശാരീരികാരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നത് പെരുവിരലാണെന്ന വിശ്വാസം യൂറോപ്പിലുണ്ട്. അതുതന്നെയാണ് പെരുവിരലിനെ എങ്ങനെ അണിയിച്ചൊരുക്കാം എന്ന ചിന്തയ്ക്കു പിന്നിലും. ചരിത്രത്തിലുമുണ്ട് പെരുവിരലിലെ മോതിരത്തെക്കുറിച്ചുള്ള വര്‍ണനകള്‍. എ.ഡി.1500-ല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഡോക്ടര്‍മാരായിരുന്നു പെരുവിരലില്‍ മോതിരം അണിഞ്ഞിരുന്നത്. ഭര്‍ത്താക്കന്മാര്‍ പോര്‍ക്കളത്തില്‍ യുദ്ധത്തിനുപോവുന്ന സമയത്ത് ഭാര്യമാരും പെരുവിരലില്‍ മോതിരം അണിയുമായിരുന്നു.
ഇതൊന്നുമറിഞ്ഞിട്ടല്ലെങ്കിലും ഇപ്പോഴത്തെ ചെറുപ്പം മോതിരങ്ങളുടെ പിറകെ തന്നെയാണ്. പെരുവിരലിലായിരുന്നു തുടക്കം. ഇപ്പോഴത് ചൂണ്ടുവിരലും നടുവിരലും മോതിരവിരലും കടന്ന് ചെറുവിരലിലെത്തിനില്‍ക്കുന്നു. പെരുവിരലില്‍ കട്ടിയും വീതിയുമുള്ള മോതിരങ്ങളാണ് ഫാഷന്‍. രണ്ടുപെരുവിരലിലും അണിയുന്നവരുമുണ്ട്. സില്‍വര്‍, കോപ്പര്‍ കളറിലുള്ളവയോടാണ് പൊതുവെ പ്രിയം. ചെറുവിരലില്‍ അണിയാന്‍ സ്പ്രിങ് ടൈപ്പില്‍ ചുറ്റുകളുള്ള മോതിരങ്ങളുണ്ട്. വിരല്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതരം മോതിരങ്ങളാണത്.
ഒരേ തരത്തിലുള്ള മോതിരങ്ങള്‍ ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവയില്‍ഒരുമിച്ചണിയുന്ന രീതിയുമുണ്ട്. സില്‍വര്‍ കളറിലുള്ള മോതിരങ്ങളാണ് കൂടുതല്‍ ഭംഗി. ഇതിനൊപ്പം സില്‍വര്‍ നിറത്തിലുള്ള വളയും ചെയിനും ധരിച്ചാല്‍ ഗംഭീരം. സ്ത്രീകള്‍ക്കാണെങ്കില്‍ മോതിരം കഴിഞ്ഞ് ഇപ്പോള്‍ മിഞ്ചികളോടാണ് മോഹം. ഉത്തരേന്ത്യയില്‍ വിവാഹിതകള്‍ ധരിച്ചുവരുന്ന ആഭരണമാണ് കാല്‍വിരലുകളിലിടുന്ന മിഞ്ചി. മുഖത്തെ പൊട്ടു മുതല്‍ കാലിലെ മിഞ്ചി വരെ സാരികൊണ്ട് മൂടി മാത്രമേ അന്യ പുരുഷന്റെ മുമ്പില്‍ നില്‍ക്കാവൂ എന്നാണ് അവിടത്തെ ഗ്രാമങ്ങളില്‍ നവവധുക്കളെ ഇന്നും അമ്മമാര്‍ ഉപദേശിക്കുന്നത്.
മിഞ്ചി കേരളത്തിലെത്തിയിട്ട് കാലമേറെയായി. തമിഴ് ബ്രാഹ്മണര്‍ വഴിയാണ് ഇത് കേരളത്തിലെത്തിയത്. കേരളത്തിലെ പെണ്‍കൊടിമാര്‍ വിവാഹത്തിനുമുമ്പേ തന്നെ മിഞ്ചിയണിയുന്നത് സാധാരണമാണ്. ഇപ്പോള്‍ അത് ട്രെന്‍ഡിന്റെ ഭാഗമായിക്കഴിഞ്ഞു. പല വലിപ്പത്തിലും ഭംഗിയിലുമുള്ള മിഞ്ചികള്‍ ഇന്ന് സുലഭമാണ്. കല്ലുവെച്ചതും കൊത്തുപണിയുള്ളതും മുത്തുകള്‍ ഘടിപ്പിച്ചവയും അങ്ങനെയങ്ങനെ...
ഇങ്ങനെ പോവുകയാണെങ്കില്‍ അധികം താമസിയാതെ ആണ്‍മിഞ്ചികളും പുറത്തിറങ്ങും. കാത്തിരിക്കാം, പുതിയ ഫാഷന്‍ തരംഗത്തിനായി.


NEWS LETTER
RSS
VIDEO










