MATHRUBHUMI RSS
Loading...
ഫാഷന്‍ തരംഗമായി ലേഡീസ് ഷര്‍ട്ട്‌
ജെയ്‌സ് മെര്‍ലിന്‍

വീട്ടില്‍ ചേട്ടന്റെ ഷര്‍ട്ട് ചുമ്മാ എടുത്തിട്ടു നോക്കിയപ്പോള്‍ അമ്മ കളിയാക്കി: ''എടീ പെണ്ണേ, നീ ആണിനെപ്പോലെയാകാന്‍ നോക്കുവാണോ''? കാലം മാറിയപ്പോള്‍ ആ ചോദ്യം ഔട്ട് ഓഫ് ഫാഷനായി. കാരണം, ഷര്‍ട്ടുകള്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ പോപ്പുലറായി.

'ലേഡീസ് ഷര്‍ട്ട്‌സി'നായി പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ കടകളിലുണ്ട്. പെണ്‍വേഷങ്ങളിലെ ഈ 'കേമനെ' തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കടക്കാരുടെ വാദം.

''ഷര്‍ട്ട് ഏറേ കംഫര്‍ട്ടബിളായ വേഷമാണ്. പ്രൊഫഷണലുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതിനോടു കൂടുതല്‍ താത്പര്യമുണ്ട്. കാഷ്വലായും ഫോര്‍മലായും ഷര്‍ട്ട് ഉപയോഗിക്കാം. സ്റ്റൈലിഷ് ആന്‍ഡ് ട്രെന്‍ഡി. അതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത''- നാസ് കളക്ഷന്‍സ് ഉടമ നസീര്‍ പറയുന്നു.

നീളം കുറഞ്ഞതും കൂടിയതുമായ ഷര്‍ട്ടുകളുണ്ട്. വണ്ണം കൂടിയവര്‍ക്ക് നീളമുള്ള ഷര്‍ട്ടുകളാണ് ചേര്‍ച്ച. ഇറക്കം കുറഞ്ഞ ഷര്‍ട്ടുകള്‍ മെലിഞ്ഞവര്‍ക്ക് നന്നായി ഇണങ്ങുമെന്നും നസീര്‍ അഭിപ്രായപ്പെടുന്നു.

ഹാഫ്സ്ലീവ്, ഫുള്‍സ്ലീവ്, ത്രീഫോര്‍ത്ത് ഇങ്ങനെ മൂന്നുതരം ഷര്‍ട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയെല്ലാം ഒപ്പം ഷര്‍ട്ട് ചേരും. ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കോട്ടണിലും കട്ടിയുള്ള മറ്റു തുണികളിലുമാണ് പ്ലെയിഡ് ഷര്‍ട്ടുകള്‍ തുന്നുന്നത്. സ്‌കിന്നി ജീന്‍സാണ് പ്ലെയിഡ് ഷര്‍ട്ടിനൊപ്പം ചേരുക. ബ്ലാക്ക്, ബ്ലൂ ജീന്‍സിനൊപ്പം ഇടാവുന്നവയാണ് പ്ലെയിഡിന്റെ കളര്‍കോമ്പിനേഷനുകള്‍. ചുവപ്പ്, കറുപ്പ്, നീല, വെള്ള തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ചെക്കിന്റെ ഒരു 'വിപ്ലവ'മാണ് ഇത്തരം ഷര്‍ട്ടിലുള്ളത്. 350 രൂപ മുതലാണ് പ്ലെയിഡ് ഷര്‍ട്ടിന്റെ വില.

ഷൂസോ, മോഡേണ്‍ ചെരിപ്പുകളോ ആണ് ജീന്‍സിനും ഷര്‍ട്ടിനുമൊപ്പം ചേരുന്നത്. ആക്‌സസറീസും മിനിമം മതി. ചെറിയ സ്റ്റഡോ ഹാങ്ങിങ്‌സോ കാതിലിടാം. കൈയില്‍ വളയ്ക്കുപകരം ചെയിന്‍ അണിയാം. പൊട്ട് നിര്‍ബന്ധമുള്ളവര്‍ക്ക് നെറ്റിയില്‍ ചെറിയതൊന്നു തൊടാം. ഇനി കണ്ണാടിയില്‍ നോക്കൂ. ഷര്‍ട്ടില്‍ നിങ്ങള്‍ തിളങ്ങുന്നത് കാണാം.