സൗമ്യ ഭൂഷണ്‍
ഫ്ലോറല്‍ ഹെഡ്‌ബോ, ബാന്ധന്‍ സ്‌കാഫ്, ബീഡഡ് ബാന്റ് എന്നിവയാണ് കാമ്പസില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്...
നീളം കൂടിയ മുടിയോ കുറഞ്ഞതോ ഏതുമാകട്ടെ ഇണങ്ങുന്ന ഹെയര്‍ബാന്റുകളാണ് പുതിയ ട്രെന്‍ഡ്. സ്റ്റൈലിലും രൂപത്തിലും ട്രെന്‍ഡിയായി നില്‍ക്കുന്ന വിവിധതരം ഹെയര്‍ ബാന്റുകള്‍ വിപണിയിലെ പുത്തന്‍ എന്‍ട്രിയാണ്. നീണ്ടമുടിക്കാര്‍ക്ക്, ചുരുളന്‍ മുടിക്കാര്‍ക്ക്, ചെറിയ മുടിക്കാര്‍ക്ക് ... ആര്‍ക്കും ചേരുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കോളേജിലോ, ഓഫീസിലോ, പാര്‍ട്ടിക്കോ, ഔട്ടിങ്ങിനോ എന്തിനും ഇവ അനുയോജ്യവുമാണ്. സാഹചര്യങ്ങളും ധരിക്കുന്ന വസ്ത്രവുമനുസരിച്ച് ഹെഡ്ബാന്റുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതാവും നല്ലത്. ഹെയര്‍ബാന്റുകള്‍ ഏറെക്കാലമായി ഫാഷന്‍രംഗത്തുണ്ടെങ്കിലും ഫാഷന്‍ എക്‌സ്പര്‍ട്ടുകള്‍ അവയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നത് ഈയിടെയാണ്. ഏറ്റവും ട്രെന്‍ഡിയായി നില്‍ക്കുന്ന രണ്ട് ഹെയര്‍ ആക്‌സസറികളാണ് വീതി കൂടിയ സ്‌കാഫ് ഹെഡ്ബാന്റും, നേരിയ ഫ്ലോറല്‍ ഹെഡ്‌ബോയും. ഫ്ലോറല്‍ ഹെഡ്‌ബോ
മുടിയില്‍ പൂവ് ചൂടുന്നത് എക്കാലത്തെയും ഫാഷന്‍. എന്നാല്‍ പൂവ് ചൂടിയപോലുള്ള ഹെഡ് ബാന്റായാലോ? വലിയ പൂവ്, പൂമ്പാറ്റ എന്നിവ വച്ചു പിടിപ്പിച്ച ഹെഡ് ബോ ആണ് ഇപ്പോള്‍ ട്രെന്റ്. തുണികൊണ്ട് കവര്‍ ചെയ്ത ഹെഡ്‌ബോയുടെ വലതു ഭാഗത്തായി സാറ്റിന്‍, ഷിഫോണ്‍ പോലുള്ള തുണി കൊണ്ട് വലിയ പൂവ് പിടിപ്പിച്ചതാണ് ഫ്ലോറല്‍ ഹെഡ്‌ബോ. മുടിയുടെ അതേ നിറത്തിലുള്ള ബോ ആണെങ്കില്‍ ഒരു വലിയ പൂവ് ചൂടിയ ഭംഗി കിട്ടും. മുത്ത്, നെറ്റ,് തൂവല്‍, എംബ്രോയ്ഡറി എന്നിവ കൊണ്ട് അലങ്കരിച്ച ഹെഡ് ബോകളും വിപണിയിലുണ്ട്. പൂവിനു പകരം ബട്ടര്‍ഫ്ലൈ ടൈയുടെ രൂപത്തിലുള്ളവയും, ചെക്‌സ് ഡിസൈനില്‍ സിംപിള്‍ നോട്ടുള്ളവയും, പക്ഷിത്തൂവല്‍ പിടിപ്പിച്ചവയും ഇക്കൂട്ടത്തിലുണ്ട്. 80 രൂപ മുതല്‍ വിലയുള്ള ഇവ പൂക്കളുടെ ഡിസൈനിലും ലഭ്യമാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, ചെമ്പരത്തി, ഡാലിയ, ലില്ലി എന്നിങ്ങനെ അനേകം പൂക്കളുടെ രൂപത്തിലുള്ള ബോകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം.
ബാന്ധന്‍ സ്‌കാഫ്
ആകര്‍ഷകമായ നിറക്കൂട്ടുകളും കമനീയമായ ഡിസൈനുകളുമുള്ള വൈഡ് സ്‌കാഫ് അല്ലെങ്കില്‍ ബാന്ധന്‍ ഹെഡ് ബാന്റാണ് ഹെയര്‍ ആക്‌സസറിയിലെ പുതുമ. കാഷ്വല്‍ വെയറായി ഉപയോഗിക്കുന്ന ഈ ഹെയര്‍ ബാന്റിന് മൂന്ന് ഇഞ്ച് വരെ വീതിയുണ്ടാകും. പ്രിന്റ്, സ്‌ട്രൈപ്‌സ്, പ്ലെയിന്‍, ഡോട്‌സ്, അനിമല്‍ പ്രിന്റ്, ഡെനിം എന്നിങ്ങനെ വിവിധ ഡിസൈനില്‍ ലഭ്യമാണ്. നെറ്റിയിലേക്ക് ഇറങ്ങി മുടിക്ക് സമാന്തരമായാണ് ഇവ ധരിക്കുന്നത്. തലയുടെ പിറകിലായി വരുന്ന ഭാഗത്ത് ഇലാസ്റ്റിക് പിടിപ്പിച്ചിരിക്കുന്നതിനാല്‍ ഉറപ്പോടെ നില്‍ക്കും. ജീന്‍സ്- ടീഷര്‍ട്ട്, സ്‌കേര്‍ട്ട്- ടോപ്പ്, ജഗ്ഗിങ്‌സ് എന്നിവയ്‌ക്കൊപ്പം ഹെഡ്ബാന്റ് ഫാഷന്‍ നന്നായി ഇണങ്ങും. 150 രൂപ മുതലാണ് ഇതിന് വില.
ബീഡഡ് ബാന്റ്
പാര്‍ട്ടിവെയര്‍ ഹെഡ് ബാന്റുകളും ഇന്ന് ധാരാളമുണ്ട്. മുത്തും കല്ലും കോര്‍ത്തു തുന്നിയ മെറ്റല്‍ ഹെയര്‍ബോകള്‍ ഏറെ ആകര്‍ഷകവും ട്രെന്‍ഡിയുമാണ്. അലങ്കാരങ്ങള്‍ക്കനുസരിച്ച് വില അല്‍പം കൂടുമെങ്കിലും കല്ല്യാണം, പാര്‍ട്ടികള്‍ എന്നിവയ്ക്ക് സ്റ്റൈലിഷായി അണിഞ്ഞൊരുങ്ങാന്‍ ഇവ നല്ലതാണ്.

NEWS LETTER
RSS











