MATHRUBHUMI RSS
Loading...
മഴയത്തണിയാന്‍

ഫാഷന്‍ എന്നാല്‍ വെറും പുതുമയ്ക്കുള്ള ഓട്ടമല്ല. ഫാഷന്റെ വഴി പുതുമയുടെയും കലാപരമായ ക്രിയാത്മകതയുടെയും ഇടയിലാണ്. ഫാഷന്‍ സങ്കല്പങ്ങള്‍ക്ക് കലയോട് എപ്പോഴും ബന്ധമുണ്ടായിരിക്കും. പ്രചരിക്കുന്നതെല്ലാം ഫാഷനും പ്രചരിക്കാന്‍ അര്‍ഹതയുള്ള ഉടയാടകള്‍ ഫാഷനബളുമാണ്. മഴക്കാലത്തും അതിന്റേതായ ഫാഷനുണ്ട്, നനവില്‍നിന്നുള്ള രക്ഷയും ഉടുക്കാനുള്ള സൗകര്യവും ഭംഗിയും കണക്കിലെടുത്ത്.

നിലത്തിഴയുന്ന വസ്ത്രങ്ങള്‍ വേണ്ട

പാദത്തിനടിയിലേക്ക് നീളുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ ഫലത്തില്‍ നിങ്ങള്‍ റോഡ് അടിച്ചുവാരുകയാവും. കാലിന്റെ ഞെരിയാണിവരെയുള്ള ഡ്രസ്സുകള്‍ അണിയുകയാണെങ്കില്‍ ഓഫീസില്‍ കയറുമ്പോള്‍ കാലുകള്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയായി കയറാം. അതുപോലെ നനഞ്ഞൊലിക്കുന്ന ഫുള്‍സ്ലീവുകള്‍ക്കുപകരം മുട്ടുവരെ നീളുന്ന സ്ലീവുകളുള്ള വസ്ത്രംധരിക്കുന്നതാണ് ബുദ്ധി.

വെഡ്ഡിങ് വെയര്‍

സാധാരണ പോലെ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് വെഡ്ഡിങ് പാര്‍ട്ടികളില്‍ പോകുന്നത് മഴക്കാലത്ത് അനുയോജ്യമല്ല. റിച്ച് ബ്രോക്കെയ്ഡ്‌സും സില്‍ക്കുമെല്ലാം ഉടുക്കാന്‍ തോന്നും. പക്ഷേ, കുറച്ച് സെന്‍സിബിള്‍ ആകുന്നത് നല്ലതാണ്. കാരണം അവ നനഞ്ഞാല്‍ ഉണങ്ങാന്‍ സമയമെടുക്കും. അതുപോലെ ക്രിസ്​പ് കോട്ടണും സില്‍ക്ക് കോട്ടണും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം ഒന്ന് നനഞ്ഞാല്‍ മതി അതിന്റെ ആ സ്മാര്‍ട്ട്‌ലുക്ക് നഷ്ടപ്പെടും.

നെറ്റ്, ഷിഫോണ്‍, ജോര്‍ജറ്റിന്റെ തിന്നര്‍ വെറൈറ്റീസ് തുടങ്ങിയ തിന്‍ ഫാബ്രിക്‌സുകള്‍ എളുപ്പം ഉണങ്ങുന്നവയാണെങ്കിലും മഴക്കാലത്തുള്ള തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചവയല്ല. അതുകൊണ്ട് തണുപ്പത്ത് പനി പിടിക്കാതിരിക്കാനും മറ്റും ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കാം.

കല്യാണങ്ങള്‍ക്കും അതുപോലെയുള്ള വലിയ പാര്‍ട്ടികള്‍ക്കും പങ്കെടുക്കുമ്പോള്‍ ഏറ്റവും ഐഡിയല്‍ ജോര്‍ജറ്റിന്റെ തിക്കര്‍ വെറൈറ്റികളും ക്രെയ്പ്, വിസ്‌കോസ് തുടങ്ങിയവയുമായിരിക്കും. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഏറ്റവും ജനപ്രിയതയുള്ളത് ജോര്‍ജറ്റിനാണ്. ജോര്‍ജറ്റില്‍ പല വ്യത്യസ്ത ഫാഷനബിള്‍ ഇനങ്ങള്‍ ലഭ്യവുമാണ്; ഡിസൈനര്‍ ജോര്‍ജറ്റ് സാരികള്‍, ഡിസൈനര്‍ ജോര്‍ജറ്റ് ചുരിദാര്‍ സ്യൂട്ടുകള്‍, ഡിസൈനര്‍ ജോര്‍ജറ്റ് സാല്‍വാര്‍ കമ്മീസ്, ഡിസൈനര്‍ ജോര്‍ജറ്റ് ലെഹങ്കാ ചോളി തുടങ്ങിയവ. ഇപ്പോള്‍ വാര്‍ഡ്‌റോബ് കോട്ടണുകള്‍ ഫാഷനല്ല. ഷിഫോണ്‍, സില്‍ക്ക്, പോളീനൈലോണ്‍, ലൈക്‌റ എന്നിവയാണ് ഫാഷന്‍. ഇവ നനഞ്ഞാല്‍ത്തന്നെ ശരീരത്തോട് ഒട്ടി നില്‍ക്കില്ല, പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. അതുപോലെ ചളി പിടിക്കാതിരിക്കാന്‍ ഫുള്‍ലെങ്ത്ത് ബോട്ടം വേണ്ട. ഷോര്‍ട്ട്‌സ് ആവാം.

ഫുട്‌വെയറിന്റെ കാര്യത്തില്‍ ട്രെന്‍ഡിയായ റെയിന്‍ ബൂട്ട്‌സ്, ഫ്‌ളപ് ഫ്‌ളോപ്‌സ്, ഫ്‌ളോട്ടറീസ് തുടങ്ങിയവ ഫാഷനബിള്‍ ആണ്. ഹോട്ട് പിങ്ക്, നേവി ബ്ലൂ, റെഡ്, ഓറഞ്ച് തുടങ്ങിയ തിളങ്ങുന്ന കളറുകളില്‍ ഇവ ലഭ്യമാണ്. പുറമേ വാട്ടര്‍പ്രൂഫായ ഒരു ഹാന്‍ഡ് ബാഗുമാവാം കൂടെ. പല വര്‍ണങ്ങളിലും ഡിസൈനുകളിലുമുള്ള ഇത്തരം ഹാന്‍ഡ് ബാഗുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്.

മേക്കപ്പ് ടിപ്‌സ്

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ജലാംശം കൂടുതലായിരിക്കും. അതുകൊണ്ട് മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് ഒരു ഒന്നാംതരം ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. എന്നാല്‍ വിയര്‍പ്പിന്റെയും എണ്ണയുടെയും അംശങ്ങള്‍ മുഴുവനായി നീക്കപ്പെടും.

ഇനി നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് അനുസരിച്ചുള്ള ടോണര്‍ പുരട്ടുക. മാറ്റ് ഇഫക്ട് ദീര്‍ഘിപ്പിക്കാന്‍ ടോണര്‍ സഹായിക്കും. വാട്ടര്‍പ്രൂഫും സ്വെറ്റ്പ്രൂഫുമായ കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുക. വാട്ടര്‍പ്രൂഫായുള്ള ഈ അടിത്തറപോലെ കോംപാക്റ്റ് മസ്‌കാരയും ഐലൈനറും.

തിളങ്ങുന്ന ഇലക്ട്രിഫൈയിങ്ങായുള്ള നിയോണ്‍ കളറുള്ള ലിപ്സ്റ്റിക്കും നെയ്ല്‍ പോളിഷും മറ്റു ആക്‌സസറികളും നിങ്ങളുടെ വരവറിയിക്കും.മുടിയെ അതിന്റെ പാട്ടിന് അഴിച്ചിടാം. എന്നാല്‍ മുടിയില്‍ നനവ് പിടിച്ചുകിടക്കില്ല, മാത്രമല്ല മുടി സോഫ്റ്റായി ഒഴുകി നടക്കും.