MATHRUBHUMI RSS
Loading...
വസ്ത്രങ്ങളുടെ തിളക്കം
ആശ.കെ.ചന്ദ്രന്‍

അമ്മയ്ക്ക് പ്രിയം ആധുനിക വേഷങ്ങളിലെ പരീക്ഷണങ്ങള്‍. മകള്‍ക്കാകട്ടെ, പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പുതിയ രൂപകല്പന നല്കാന്‍... ഇരുവരും ചേരുമ്പോഴാകട്ടെ ഫാഷന്‍ ഫ്യൂഷന്‍ എന്നുതന്നെ പറയാം. ദക്ഷിണേന്ത്യയിലെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്കുകയാണ് ഈ അമ്മയും മകളും. കലാതമ്പിയും അഞ്ജുനായരും. ഇവര്‍ ചെന്നൈയില്‍നിന്നും കൊല്‍ക്കത്തയില്‍ നിന്നുമെത്തി ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം നടത്തുന്നത് ചെന്നൈയിലോ തിരുവനന്തപുരത്തോ കൊച്ചിയിലോ കൊല്‍ക്കത്തയിലോ ആകട്ടെ കണ്ടിറങ്ങുന്നവര്‍ 'അടുത്ത പ്രദര്‍ശനം എന്നാണ്?' എന്നാവും ചോദിക്കുക. ഈ ചോദ്യം നല്കുന്ന അംഗീകാരവും ആത്മവിശ്വാസവുമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.

ഡിസൈനിങ് ലോകത്ത് ചെന്നൈയില്‍ നിന്നു തുടങ്ങിയതാണ് കലാതമ്പിയുടെ വിജയഗാഥ. മകള്‍ അഞ്ജുവിനും ഈ ഭ്രമം ഒട്ടും ചോര്‍ന്നു പോകാതെ പകര്‍ന്നു നല്കാന്‍ കഴിഞ്ഞു.

തിരുവനന്തപുരത്തെ പ്രമുഖ വ്യവസായി ആയിരുന്ന പി. മാധവന്‍ തമ്പിയുടെ മകളും കൊച്ചുമകളും ആണ് കലാതമ്പിയും അഞ്ജുവും. ഫാഷന്‍ ഡിസൈനിങ് ഇവര്‍ക്ക് നല്കുന്നത് പൂര്‍ണ സംതൃപ്തിയുടെ ഒരു ലോകമാണ്. കരമന, കിള്ളിപ്പാലത്തെ വീട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പറിച്ചുനട്ടപ്പോള്‍ കലയ്ക്ക് വീട്ടമ്മയായി ഒതുങ്ങിക്കൂടാമായിരുന്നു. എന്നാല്‍ ചിത്രം വരയ്ക്കുന്നതിലുള്ള കമ്പം വസ്ത്ര ഡിസൈനിങ്ങിന് വഴിമാറുകയായിരുന്നു. സാരികളിലും ചുരിദാറുകളിലും ബ്ലോക്ക് പ്രിന്റിങ് ഡിസൈനുകള്‍ പരീക്ഷിച്ചത് പതിമൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വസ്ത്രങ്ങള്‍ക്ക് പകിട്ടേകാന്‍ കലാതമ്പി നടത്തിയ ശ്രമങ്ങളെല്ലാം ഒന്നിനൊന്നു വിജയിച്ചു. തുടര്‍ന്ന് ചെന്നൈ അണ്ണാനഗറിലും കരമനയിലും 'സൂര്യകല' എന്ന പേരില്‍ ഡിസൈനര്‍ സാരികള്‍ക്കായി ബുട്ടീക് തുടങ്ങാന്‍ കഴിഞ്ഞു.

ചേച്ചി 'സൂര്യ'യാണ് വ്യാപാരരംഗത്ത് കലാതമ്പിയെ സഹായിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊടുക്കാനും കലാതമ്പി സമയം കണ്ടെത്തുന്നു. അണ്ണാനഗറില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കലാതമ്പിയെ അന്വേഷിച്ചെത്തുമ്പോള്‍ സന്തോഷം നിറയുന്നു. ഭര്‍ത്താവ് അഡ്വ. ജി.എസ്. തമ്പിക്കും ഈ വിജയത്തില്‍ പങ്കുണ്ട്.

അമ്മയുടെ വഴിയേ നടന്ന അഞ്ജുവിനും തെറ്റിയില്ല. ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ അഞ്ജു ചെന്നൈയില്‍ നിന്ന് ഭര്‍ത്താവ് ബിജു നായര്‍ക്കൊപ്പമാണ് കൊല്‍ക്കത്തയിലെത്തുന്നത്. ഫാഷന്‍ ഭ്രമമുള്ള പട്ടണത്തിലെ വസ്ത്രസങ്കല്പങ്ങള്‍ക്ക് യോജിക്കും വിധമായിരുന്നു അഞ്ജു തന്റെ ഡിസൈനര്‍ സാരികള്‍ കൊല്‍ക്കത്തയ്ക്ക് പരിചയപ്പെടുത്തിയത്. ഓരോ തവണയും ഏറ്റവും മികച്ച ഡിസൈന്‍ കാഴ്ചവെയ്ക്കണമെന്ന മത്സരബുദ്ധി മാത്രമായിരുന്നു അഞ്ജുവിന് കൂട്ട്.

കുറച്ചുനാളുകള്‍ക്കകം തന്നെ സ്വന്തമായി നെയ്ത്തുകാരും, പ്രിന്റിങ് വിദഗ്ധരും ചേര്‍ന്ന ഒരു ഡിസൈനിങ് യൂണിറ്റ് തന്നെ സ്വന്തമാക്കി. അവിടെ ആദ്യ പരീക്ഷണം. നെയ്ത്തിനൊപ്പം തന്നെ ഡിസൈനുകളും പ്രിന്റുകളും സാരികളില്‍ ചെയ്യുക. ഊടും പാവും നെയ്യുന്നതിനിടെ തന്നെ അനുയോജ്യമായ നിറങ്ങള്‍ നല്കി ആവശ്യമുള്ള ഡിസൈന്‍ രൂപപ്പെടുത്തുക. ഈ പരീക്ഷണം വലിയ വിജയമായി. അഞ്ജുവിന്റെ ഡിസൈനര്‍ സാരികള്‍ക്ക് മാര്‍ക്കറ്റില്‍ കമ്പമേറി. പെതുവേ 'തിളക്ക'മുള്ള വസ്ത്രങ്ങളില്‍ ആകൃഷ്ടരാവുന്ന കൊല്‍ക്കത്തക്കാര്‍ക്ക് പട്ടിന്റെ പ്രൗഡിയെ ഉള്‍ക്കൊള്ളാന്‍ അഞ്ജുവിന്റെ ഡിസൈനുകള്‍ തന്നെ ധാരാളം.

കസവുസാരികളും സെറ്റ്‌സാരികളും തന്റെ പ്രിന്റിങ് യൂണിറ്റില്‍ തന്നെ നെയ്‌തെടുക്കുന്ന അഞ്ജുവിന് ഓരോ ഡിസൈനുകളും കടിഞ്ഞൂല്‍ കുഞ്ഞിനെപ്പോലെ പ്രിയങ്കരം. അമ്മയുടെ വഴിയേതന്നെ മോഡേണ്‍ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അഞ്ജു. സ്‌കര്‍ട്ടുകളും ടോപ്പുകളും ബ്രൈഡല്‍ സാരികളും പരീക്ഷിയ്ക്കണം ഇനി. എന്നാല്‍ പട്ടുസാരികളില്‍ എത്ര ഡിസൈന്‍ ചെയ്താലും മതിയാവുന്നില്ല.' അഞ്ജു പറയുന്നു.

അമ്മയുടെ മഹത്വമാണ് തന്റെ വിരലുകള്‍ക്കുള്ളിലും ഒളിച്ചിരിക്കുന്നതെന്ന് അഞ്ജു. 'ഇനിയും വരും തിരുവനന്തപുരത്തേക്ക്. ഇവിടെ ആളുകള്‍ എല്ലാ പരീക്ഷണങ്ങളെയും സ്വീകരിക്കുന്നു.' അമ്മ ചെന്നൈയിലേക്കും മകള്‍ കൊല്‍ക്കത്തയിലേക്കും മടങ്ങുകയാണ്. എന്നാലും കരമനയിലെ 'സൂര്യകല'യില്‍ ഇരുവരുടെയും കരവിരുതുകള്‍ എത്തുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണ് നഗരത്തിലെ വസ്ത്രപ്രേമികള്‍.