ശര്‍മിള, മുംബൈ
റാമ്പില്‍ സ്‌പോട് ലൈറ്റുകളുടെ മായികപ്രഭയില്‍ പൂത്തുലയുന്ന മിഴികളും മന്ദഹാസവുമായി ക്യാറ്റ്‌വാക്ക് നടത്തുന്ന മോഡലുകള്‍. അവരുടെ ജീവിതം പക്ഷേ, ക്യാറ്റ്‌വാക്കുപോലെ അത്ര സുഗമമല്ല. ഈ 'പൂച്ചനടത്ത'യ്ക്ക് പിന്നില്‍പ്പോലുമുണ്ട് മാസങ്ങള്‍ നീണ്ട പരിശീലനകാലം. പെട്ടെന്നൊരുനാള്‍ ആരും ഒരു റാമ്പ് മോഡലാവുന്നില്ല.മുംബൈയുടെ ഉറക്കമില്ലാത്ത രാത്രികളില്‍ ഹോട്ടലുകളിലും ക്ലബ്ബുകളിലുമായി പാര്‍ട്ടികള്‍ പൊടിപൊടിക്കും. പാര്‍ട്ടിയിങ് പ്ലാസകളില്‍ വെച്ച് ഏതാനും മോഡലുകളെ കണ്ടു. മോഡലായി ജീവിക്കുന്നതിന്റെ രസങ്ങളെക്കുറിച്ചും ഹരങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു. അത്തരമൊരു ജീവിതത്തിന്റെ സമ്മര്‍ദങ്ങളും പ്രശ്‌നങ്ങളും കേട്ട് ഞങ്ങളമ്പരന്നു. പറയാന്‍ മടിയുള്ള കാര്യങ്ങള്‍ 'ഓഫ് ദി റെക്കോഡ്' ആയി പറഞ്ഞു.
മഴപ്പാറ്റകളുടെ ആയുസ്സേയുള്ളൂ മോഡലുകള്‍ക്ക്. കൂടിയാല്‍ ആറോ ഏഴോ വര്‍ഷം കരിയറില്‍ തിളങ്ങാം. പിന്നെ മോഡല്‍ക്കുപ്പായം അഴിച്ചുവെച്ച് മറ്റാരൊക്കെയോ ആയിമാറുന്നു. ''24-25 വയസ്സുവരെ പിടിച്ചുനില്‍ക്കാം. പിന്നെ ഏത് സൂപ്പര്‍മോഡലും ഔട്ടാണ്. ഇവന്റ് മാനേജ്‌മെന്റ്, ഫാഷന്‍ ഏജന്‍സികള്‍ തുടങ്ങി എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ ബിസിനസ്സുകളാണ് ഔട്ടായ മോഡലുകളുടെ രക്ഷാമാര്‍ഗം''-പാര്‍ട് ടൈം മോഡലും ഫാഷന്‍ കോഡിനേറ്ററുമായ മേഘ്‌നാ റാവത്ത് പറഞ്ഞു. അറിയപ്പെടുന്ന മോഡലൊന്നുമല്ല മേഘ്‌ന. അവര്‍ ബിസിനസ്സില്‍ ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങി.
ഭീകരമാണ് മോഡലിങ് രംഗത്തെ കിടമത്സരം. മോഡല്‍ ഷംസിയ സ്വന്തം അനുഭവം പറഞ്ഞു: ''ഒരു ഔട്ട്‌സ്റ്റേഷന്‍ അസൈന്‍മെന്റിലായിരുന്നു ഞാനും സഹപ്രവര്‍ത്തകയായ മറ്റൊരു മോഡലും. ഒരു റൂമിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഷൂട്ടിന് എനിക്ക് കൂടുതല്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ കിട്ടിയപ്പോള്‍ അവള്‍ക്കത് സഹിച്ചില്ല. എന്റെ ഷൂവിന്റെ ഹീല്‍ അവള്‍ മുറിച്ചുവെച്ചു. എന്റെ മെയ്ക്കപ്പ് കിറ്റ് ഒളിപ്പിച്ചു. എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയാതെ കുഴങ്ങിപ്പോയി ഞാന്‍.''
തീരാത്ത പുഞ്ചിരി
'മുഖസൗന്ദര്യം പ്രധാനമല്ല. പക്ഷേ, സ്‌കിന്‍ തിളങ്ങണം. തഴച്ചുനില്‍ക്കുന്ന തലമുടി അത്യാവശ്യം. ഉയരം സ്ത്രീകള്‍ക്ക് അഞ്ചടി ആറ് ഇഞ്ചിന് മീതെയാവാം. ശരീരം വെല്‍പ്രൊപ്പോഷനിലാവണം. ഭംഗിയില്‍ ശരീരത്തെ ഉപയോഗിക്കാനറിയണം. മേയ്ക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഫാഷന്‍ ടേസ്റ്റ് എന്നിവയില്‍ ട്രെന്‍ഡി ആയിരിക്കണം. ഉയര്‍ന്നുവരാനാഗ്രഹിക്കുന്ന മോഡലാണോ നിങ്ങള്‍? മനഃസാന്നിധ്യം നിര്‍ബന്ധം. ജോലി ഒരു പകല്‍ മുഴുവന്‍ നീളുമ്പോഴും ക്ഷമ കാണിക്കണം. പുഞ്ചിരിച്ചുകൊണ്ടേയിരിക്കണം. ബോറിങ്ങും ക്ഷീണിപ്പിക്കുന്നതുമായ വര്‍ക് ഷെഡ്യൂളില്‍ അതീവ തത്പരയായി സ്വയം പ്രദര്‍ശിപ്പിക്കാനറിയണം''- മുംബൈയിലെ പ്രശസ്ത മോഡലിങ് ഏജന്‍സിയുടെ പരസ്യവാചകങ്ങളാണിവ!
റാമ്പിന്റെ ആകര്‍ഷണം ഒരുതരം അഡിക്ഷന്‍ പോലെയാണ് ചില മോഡലുകള്‍ക്ക്. ''കാണികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി സ്‌പോട്ട് ലൈറ്റില്‍ നടന്നുപോവുക. ടി.വി.യിലും പിറ്റേദിവസത്തെ പത്രത്തിലും ഫോട്ടോസ് കാണുക. ഇറ്റ്‌സ് ഓള്‍ ത്രില്ലിങ് യാര്‍.... പിന്നെ കാശ്...ഞാന്‍ നന്നായി സമ്പാദിക്കുന്നുണ്ട്''-പാര്‍ട്ടിയിങ്ങിന്റെ ലഹരി തലയ്ക്കുപിടിച്ച് തുടങ്ങിയിരുന്നു സബീനയ്ക്ക്. അവര്‍ പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു റാമ്പ് മോഡലാണ്.
ഇവിടത്തെ ബന്ധങ്ങളില്‍ സ്‌നേഹത്തേക്കാളും പരിഗണിക്കപ്പെടുക, 'നിങ്ങളുമായുള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് ഉപകാരപ്പെടുമോ' എന്ന ചിന്തയാണ്. ''ആരെയും ശത്രുക്കളാക്കരുത്. എല്ലാവരോടും മധുരമായി പെരുമാറുക. ചിലപ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. ഇല്ലെങ്കില്‍ പിന്നെ ഒരു ചാന്‍സ് അവര്‍ തരില്ല. എന്നെക്കുറിച്ച് അനാവശ്യങ്ങള്‍ പറഞ്ഞുപരത്തിയ ഒരുവനുണ്ട്. നേരിട്ട് കാണുമ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിക്കും. നെറ്റിയില്‍ കിസ് ചെയ്യും. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ. ഉള്ളില്‍ ഒരു കരുതല്‍ ഉണ്ടാവുമെന്ന് മാത്രം'' - സബീനയുടെ കൂട്ടുകാരിയാണ് മോഡലായ സ്‌നേഹ.
ആയിരക്കണക്കിന് പുതുമുഖങ്ങള്‍ ഓരോ വര്‍ഷവും മോഡലിങ്ങിലെത്തുന്നു. മത്സരം മുറുകുന്നു. 'ഔട്ടാവുമോ' എന്ന ഭീതി ഓരോ മോഡലിനെയും വിഹ്വലയാക്കുന്നു. ''ഞങ്ങള്‍ എല്ലാവരും പരസ്പരം മത്സരിക്കുന്നു. ചിലപ്പോള്‍ അതിന്റെ പേരില്‍ പിണങ്ങും, വഴക്കിടും. അതൊരുതരം അരക്ഷിതബോധം കൊണ്ടാവും.''-ആഡംബരങ്ങളും മിനുട്ടിന് കാശ് പറഞ്ഞുള്ള ലൈഫ്‌സ്റ്റൈലും വീണ്ടും വീണ്ടും ഇവരെ ഗ്ലാമറിന്റെ മധുചഷകത്തിലേക്കടുപ്പിക്കുന്നു.
റാമ്പ് മോഡലിന്റെ ഒരു കോണ്‍ട്രാക്ട് ജോലി 12-14 ദിവസങ്ങള്‍ നീളും. രാത്രിയും പകലുമില്ലാത്ത ഷൂട്ടിങ് കടുത്ത സമ്മര്‍ദ്ദം ഉളവാക്കും. സമ്മര്‍ദം വല്ലാതെ വലയ്ക്കുമ്പോള്‍ ചിലര്‍ മയക്കുമരുന്നിലഭയം തേടുന്നു. ടാലന്റ് പ്രമോട്ടറായ രമേഷ് മേനോന്‍ അത്തരമൊരു സംഭവം വിവരിച്ചു. ''ഇന്ത്യയില്‍ ഒരു അവധി ആഘോഷിക്കാനെത്തിയതായിരുന്നു ലണ്ടന്‍ പ്രവാസിയായ 16കാരി ശിവാനി. ഒറ്റ രാത്രി കൊണ്ട് അവര്‍ സൂപ്പര്‍ മോഡലായി, ഫെയ്‌സ് ഓഫ് ലാക്‌മെ ആയി. ക്രമേണ പ്രൊഫഷന്റെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ട ശിവാനി മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. ഫലമോ? കരിയര്‍ തകര്‍ന്നു പാപ്പരായി. ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.''
അവ 'ആക്‌സിഡന്റുകള്‍'ആണോ
ക്യാറ്റ് വോക്കിനിടയില്‍ ഹീല്‍ പൊട്ടിയും കാലിടറിയും വീണ് മോഡലുകള്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ധാരാളം. മൂന്നുവര്‍ഷം
മുന്‍പ് മൗഷ്മി ഉദേഷി എന്ന മോഡല്‍ റാമ്പില്‍വെച്ച് ടോപ്പ് അഴിഞ്ഞുവീണ് അപമാനിതയായി. ''ഏറ്റവും സങ്കടം എന്റെ നീണ്ട മുടി ടൈറ്റ് പോണി ടെയിലായി കെട്ടിയിരുന്നതാണ്. ഇല്ലെങ്കില്‍ മുടി അഴിച്ച് രക്ഷപ്പെടാമായിരുന്നു. ഞാന്‍ രണ്ട് കൈകളുംകൊണ്ട് നഗ്നത മറച്ച് ഒന്നും സംഭവിക്കാത്തമട്ടില്‍ നടന്നുപോയി. ആക്‌സിഡന്റുകള്‍ ജനം എളുപ്പം മറക്കും. പക്ഷേ, നമ്മള്‍ അവിടെ കരഞ്ഞ് സീനുണ്ടാക്കിയാല്‍ അതാരും മറക്കില്ല''-മൗഷ്മി പറയുന്നു. ഇത്തരം അപകടങ്ങള്‍ 'മാര്‍ക്കറ്റ് ഗിമ്മിക്‌സ്' ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ടെന്‍ഷന്‍ വേറെയുമുണ്ട്. ഒരു നേരം ജിമ്മില്‍ പോയില്ലെങ്കില്‍.... ഒരല്‍പ്പം ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍... ''എനിക്ക് ഭക്ഷണം കഴിക്കാനേ പേടിയാണ്. തൂക്കം കൂടുമോ എന്നാണ് ഭയം''-മോഡല്‍ സ്‌നേഹ സ്വയം കളിയാക്കുംപോലെ പറഞ്ഞ് ചിരിച്ചു.
മോഡലിങ്ങില്‍ വിജയിക്കുന്നവര്‍ ചിലരെങ്കിലും ഭേദപ്പെട്ട വ്യക്തിജീവിതം നയിക്കുന്നുമുണ്ട്. ''പെട്ടെന്നുണ്ടായ കാശ് ഷോപ്പിങ്ങിനും പാര്‍ട്ടിയിങ്ങിനും ധൂര്‍ത്തടിക്കുന്നവരെ എനിക്കറിയാം. ഞാന്‍ മറിച്ചാണ്. എനിക്ക് റിയല്‍ എസ്റ്റേറ്റ് ഉണ്ട്. കുറേ രത്‌നാഭരണങ്ങള്‍ വാങ്ങിയിട്ടുമുണ്ട്'' - പാര്‍ട്ടിഹാളിലെ മങ്ങിയ വെളിച്ചത്തില്‍ ഒരു ഗ്ലാസ് ബിയറും സിപ്പ് ചെയ്തിരിക്കുന്ന മോഡല്‍ റൊമാന പറഞ്ഞു.
വളരെ പ്രാക്ടിക്കലായ ഒരു പ്രൊഫഷണല്‍ മോഡലാണ് അവരെന്ന് ഒറ്റനോട്ടത്തിലറിയാം. വിടര്‍ന്ന ചുണ്ടുകളും വളരെ എക്സ്പ്രസീവായ കണ്ണുകളും. മുഖസൗന്ദര്യവുമുണ്ട്.
''ഇടയ്ക്ക് ഞാനോര്‍ക്കും, ഒരുതരത്തില്‍ കണ്ണാടി കെയ്‌സുകളിലെ മനെക്വിന്‍സിനെപോലെത്തന്നെയല്ലേ ഞങ്ങളെന്ന്! ജീവനുള്ള മനെക്വിന്‍സ്? എന്റെ സൗന്ദര്യമല്ല അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. വസ്ത്രങ്ങളെ എത്ര ഭംഗിയില്‍ ഞാന്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാണവര്‍ നോക്കുന്നത്''- സുന്ദരിയുടെ വാക്കുകള്‍ ഇഴഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങള്‍ അവരോട് ബൈ പറഞ്ഞു പിരിഞ്ഞു.
പിറ്റേന്ന് ഗ്ലാമറിന്റെയും റാമ്പിന്റെയും ലോകം വിട്ട്, പ്രൊഫഷണലിസം പ്രസരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി തേടി ഒരു യാത്ര. മുംബൈ സെന്‍ട്രലില്‍ നിന്നും മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെ നവി മുംബൈയിലെ ഘാര്‍ഗറിലാണ് നിഫ്ട് കാമ്പസ്.
'നിഫ്റ്റി'ലെ കാമ്പസ് കാഴ്ചകള്‍
ഇക്കാണുന്നത് കെട്ടിടമോ ശില്‍പ്പമോ! വലുപ്പം കൊണ്ട് കെട്ടിടം. സൗന്ദര്യം കൊണ്ട് ശില്‍പ്പം. മുംബൈ നിഫ്ട്- നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി മനോഹരമായ ഒരു കാഴ്ചയാണ്.
പ്രധാന കെട്ടിടത്തിലേക്ക് നയിക്കുന്ന വഴിയില്‍ സന്ദര്‍ശകനെ ക്ഷണിച്ചുകൊണ്ട് വിചിത്രമായ ശില്‍പ്പത്തൂണുകള്‍. ഇരുവശവും തുറസ്സാണ്. മുകളിലെ നീളത്തിലുള്ള ലോഹമേല്‍ക്കൂരയുടെ ഡിസൈനും അത്ഭുതകരം. തിരമാല തലകീഴായി അലയടിക്കുന്നതുപോലെ. മുംബൈയിലെ പ്രസിദ്ധ ആര്‍ക്കിടെക്ട് ഹഫീസ് കോണ്‍ട്രാക്ടറുടെ ഭാവനയില്‍ വിരിഞ്ഞതാണ് ഇതെല്ലാം.
മലയാളിക്ക് ഒരു 'കള്‍ച്ചറല്‍ ഷോക്ക്' ആയിരിക്കും ഈ കാമ്പസ്. ഒരു കോളേജ് കാമ്പസിനെപ്പറ്റി ധരിച്ചുവെച്ചതെല്ലാം തെറ്റിച്ചു നിഫ്ട്. 'ഇതെന്താണ്, ഫാഷന്‍ പരേഡോ' എന്നമ്പരന്നു. വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞുപോവുന്ന കാഴ്ചയാണ്. എല്ലാം അള്‍ട്രാ മോഡേണ്‍ വേഷങ്ങള്‍. നടപ്പും ചലനങ്ങളുമെല്ലാം തികഞ്ഞ സ്റ്റൈലില്‍.... സ്യൂട്ടും ജീന്‍സും സ്‌കര്‍ട്ടും അണിഞ്ഞ് അധ്യാപകര്‍ ക്ലാസ്സെടുക്കുന്നു.
നടക്കുന്നതിനിടയില്‍ ശുദ്ധമലയാളത്തിലുള്ള നാട്ടുവര്‍ത്തമാനം കേട്ടു. തിരിഞ്ഞുനോക്കി. രണ്ടുമൂന്ന് മലയാളി പെണ്‍കുട്ടികള്‍ കൂടിനിന്ന് ചിരിക്കുന്നു. പരിചയപ്പെട്ടു. പത്തോളം മലയാളി വിദ്യാര്‍ഥികള്‍ നിഫ്ടിലുണ്ട്. മലയാളി അധ്യാപകരുമുണ്ട്. പ്രൊഫസര്‍ റബേക്ക ഫിലിപ്പ്, പ്രൊഫസര്‍ ജോമിച്ചന്‍, അസി. പ്രൊഫസര്‍ ടി.എസ്. പ്രകാശ്... ലോഹനിര്‍മിതമായ സ്റ്റെയര്‍കെയ്‌സ് കയറുമ്പോള്‍ ശ്രദ്ധിച്ചു, സ്വസ്ഥമായ അന്തരീക്ഷം. അച്ചടക്കമുള്ള കുട്ടികള്‍. വലിയ ബഹളമൊന്നുമില്ലാതെ ഇറങ്ങിയും കയറിയും അവര്‍. ഡിപ്പാര്‍ട്ട്‌മെന്റുകളും ക്ലാസ്മുറികളും മുകള്‍നിലകളിലാണ്.
താഴെ, പുല്‍പ്പരപ്പുള്ള നടുമുറ്റവും സ്റ്റേജും. ഒരു ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍ മാതൃകയില്‍. ''ഈ തിയേറ്ററിലാണ് കാമ്പസിന്റെ മെഗാ ആഘോഷദിനമായ 'ഫാഷന്‍ സ്‌പെക്ട്രം അരങ്ങേറുക''- അധ്യാപകന്‍ ടി.എസ്. പ്രകാശ് വിവരിച്ചു. ഇദ്ദേഹം തൃശ്ശൂര്‍ സ്വദേശിയാണ്.
'സ്‌പെക്ട്ര'ത്തെക്കുറിച്ച് പറയാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ ആവേശം. ''അന്നാണ് മോഡലുകള്‍ റാമ്പില്‍ ക്യാറ്റ്‌വാക് ചെയ്യുക. നിറയെ അലങ്കാരദീപങ്ങളും സംഗീതവുമുണ്ടാകും. ഫൈനല്‍ ഇയര്‍ പി.ജി. വിദ്യാര്‍ഥികള്‍ കോഴ്‌സിന്റെ ഭാഗമായി ഡിസൈന്‍ ചെയ്ത ഫാഷന്‍ വസ്ത്രങ്ങളാണ് മോഡലുകള്‍ അണിയുക. ഒരുപാട് മാസങ്ങളുടെ അധ്വാനഫലമാണ് ആ ഒരു ദിവസം. ഡിസൈനിങ് മാത്രമല്ല, ഷോയുടെ കൊറിയോഗ്രഫി, പ്രസന്റേഷന്‍ എല്ലാം ഞങ്ങള്‍തന്നെ. ''
മികച്ച ഫാഷന്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിഫ്റ്റിലുണ്ട് - അത്യാധുനിക കമ്പ്യൂട്ടര്‍ ലാബുകള്‍, ഡിസൈനിങ്ങില്‍ പരീക്ഷണം നടത്താനുള്ള ഡിസൈന്‍ സ്റ്റുഡിയോ, പ്രൊജക്ടറുകളും മറ്റു ആധുനിക സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കുന്ന ലക്ചര്‍ റൂമുകള്‍; വിപുലമായ റിസോഴ്‌സ് സെന്റര്‍... ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ് ടുവും പി.ജി. കോഴ്‌സുകള്‍ക്ക് ബിരുദവുമാണ് പ്രവേശനയോഗ്യത.
പ്രൊഫ. റബേക്കാ ഫിലിപ്പ് ഞങ്ങള്‍ക്ക് ലാബുകള്‍ കാണിച്ചു തന്നു. ''ഇത് ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ലാബ്.'' നമ്മള്‍ നഗരത്തിലെ കടകളില്‍നിന്ന് വാങ്ങി അണിയുന്ന ഷര്‍ട്ടും പാന്‍സും ചുരിദാറുമൊക്കെ ഇങ്ങനെയാണല്ലേ ഉണ്ടാവുന്നത്! അതിശയം തോന്നി. സന്ദര്‍ശകരെ കണ്ട് നിശ്ശബ്ദരായി പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ ഒന്ന് തല ഉയര്‍ത്തി നോക്കി. വീണ്ടും പണിയില്‍ മുഴുകി.
അടുത്ത ഹാളില്‍ പാറ്റേണ്‍ മെയ്ക്കിങ് ലാബ്. അതിനപ്പുറത്തെ ലാബില്‍ ഫാഷന്‍ സ്റ്റൈലിങ് ക്ലാസ് നടക്കുന്നു. കൂടുതലും പെണ്‍കുട്ടികളാണ്. സ്റ്റൈലിഷ് ആയ സുന്ദരികള്‍ പ്രതിമകളില്‍ ആകാരഭംഗിക്കനുസരിച്ച് വസ്ത്രങ്ങളണിയിച്ച് പഠിക്കുന്നു. ഫാഷന്‍ കമ്യൂണിക്കേഷന്‍ കോഴ്‌സിന്റെ കുട്ടികളാണവര്‍. ''ഫാഷന്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മോഡേണ്‍ ഷോറൂമുകളിലെ വിന്‍ഡോ ഡിസ്‌പ്ലേ തൊട്ട് ഗ്രാഫിക് ഡിസൈന്‍, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍, മാനേജ്‌മെന്റ് മേഖലകളില്‍വരെ മികച്ച തൊഴില്‍സാധ്യതയുണ്ട്''- അധ്യാപിക സുസ്മിതദാസ്പാല് പറഞ്ഞു.
അവസാന വര്‍ഷ ഫാഷന്‍ ഡിസൈന്‍ ക്ലാസില്‍ നിശ്ശബ്ദതയ്ക്ക് കനം കൂടി. കോഴ്‌സിന്റെ ഭാഗമായി സ്വന്തം ആശയത്തില്‍ 6-8 ഫാഷന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട് ഇവര്‍ക്ക്. അതിന്റെ തിരക്കിലാണ് വിദ്യാര്‍ഥികള്‍ അഭിഷേക് പാലിത് എന്ന വിദ്യാര്‍ഥി താനുപയോഗിക്കുന്ന പരമ്പരാഗത കൊല്‍ക്കത്താ തുണിത്തരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു.തിരികെ വരുമ്പോള്‍ തൃശ്ശൂര്‍ പുതുക്കാട് സ്വദേശിനി രേവതിയെ പരിചയപ്പെട്ടു. ''ഗ്രാമത്തില്‍ വളര്‍ന്ന എനിക്ക് ആദ്യമായി നിഫ്ട് ഗേറ്റിലെത്തിയ ദിവസം ആകെ അമ്പരപ്പായിരുന്നു. അതുവരെ ടി.വി.യില്‍ മാത്രം കണ്ടിരുന്ന ഫാഷനും ലൈഫ് സ്റ്റൈലും എന്നെ വീര്‍പ്പുമുട്ടിച്ചു. നിഫ്ട് എന്നെ ഒരുപാട് മാറ്റി. എനിക്ക് ആത്മവിശ്വാസം ഉണ്ടായി. മികച്ച ഒര ു കരിയര്‍ കണ്ടെത്തും ഞാന്‍.'' മാസ്റ്റര്‍ ഓഫ് ഡിസൈന് പഠിക്കുന്ന രേവതിക്ക് ബാഗ് ഡിസൈനിങ്ങിലാണ് താത്പര്യം.
കാന്റീന്‍, സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, ജിംനേഷ്യം... സൗകര്യങ്ങള്‍ക്ക് പുറമെ പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സ്വാതന്ത്ര്യ
മുണ്ട് ഇവിടെ. ഡിസൈന്‍ ആശയങ്ങള്‍ക്ക് പുതുമുള പൊട്ടാന്‍ പറ്റിയ അന്തരീക്ഷമാണ് നിഫ്ടില്‍.
പ്രണയിക്കുക എളുപ്പമല്ല...
ഈ അഞ്ചടി പത്തിഞ്ച് ഉയരക്കാരിയെ ഏതു ആള്‍ക്കൂട്ടത്തിലായാലും കാണാതിരിക്കാനാവില്ല. ചിരി ഉതിര്‍ന്നു വരുംപോലുള്ള ചുണ്ടുകള്‍, നീണ്ട മൂക്ക്, ഭംഗിയില്‍ വിരിഞ്ഞ കണ്ണുകള്‍... തിളങ്ങുന്ന ഒരു പോറലുമില്ലാത്ത ചര്‍മം. മുംബൈ സൂപ്പര്‍ മോഡല്‍ റേച്ചല്‍ ബേറോസിന് ഒരു മോഡലിനാവശ്യമുള്ളതില്‍ കവിഞ്ഞ സൗന്ദര്യമുണ്ട്. ഗ്ലാമറിന്റെ ചടുലതയല്ല, സൗമ്യമായ ഒരുതരം ശാന്തത.
റേച്ചല്‍ അഴകോടെ ചിരിച്ചു. ''അധിക ദിവസവും നേരം വെളുക്കുമ്പോള്‍ ഫ്‌ളൈറ്റിലായിരിക്കും ഞാന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ജമൈക്കയിലേക്കോ ഷൂട്ടുകള്‍ക്കായുള്ള യാത്രയില്‍. നിലത്തിറങ്ങിയാല്‍ പിന്നെ ഒന്നിനും സമയമില്ല. ചെക് ഇന്‍, പെട്ടെന്ന് ഒരു ബ്രേക്ക്ഫാസ്റ്റ്. ലൊക്കേഷനിലേക്കുള്ള ഓട്ടം. സെറ്റില്‍ മെയ്ക്കപ്പും ഹെയര്‍ ഡ്രെസ്സിങ്ങും. പിന്നെ ആഡ് ഡയറക്ടര്‍ പറയുന്ന കഥാപാത്രമാവുന്നു. എട്ടു മണിക്കൂര്‍ നീളുന്ന കഠിനമായ വര്‍ക്ക് ഷെഡ്യൂള്‍. ചില ദിവസം ടീ-ലഞ്ച് ക്വിക് ബ്രേക് നല്‍കി ഷൂട്ട് നീളാം. രാത്രി തിരിച്ച് ഹോട്ടലിലേക്ക്. പാതിരാത്രിയിലെ കുറച്ചുസമയം സ്വന്തമാക്കാന്‍ ശ്രമിക്കും ഞാന്‍. നാലു മണിക്കൂര്‍ ഉറങ്ങി വീണ്ടും പിറ്റേന്ന് പുലര്‍ച്ചയ്ക്കത്തെ ഫ്‌ളൈറ്റില്‍...''
മുഷിപ്പില്ലേ, മടുപ്പിക്കുന്ന ഈ തിരക്കും ബഹളവും? 'ഞാനിതെല്ലാം ആസ്വദിക്കയാണ്' എന്നു മറുപടി. ''സ്വകാര്യമായ ആഹ്ലാദം നിറയെ പാട്ടുകളുള്ള എന്റെ ഐപോഡ് ആണ്. പിന്നെ സന്തോഷത്തോടെ പെരുമാറുന്ന കൂട്ടുകാരും.''
റേച്ചല്‍ ജനിച്ചത് ബാംഗ്ലൂരിലാണ്. ''ഞാനിവിടെ മുംബൈയിലാണന്നേ ഉള്ളൂ. അമ്മയും ജ്യേഷ്ഠനും ബാംഗ്ലൂരിലാണ്. അവിടെയാണ് എന്റെ മനസ്സ്. ഇടയ്ക്കവരെ വല്ലാതെ മിസ് ചെയ്യും. 'സിംഗിള്‍ പേരന്റ്' ആണ് എന്റെ അമ്മ. (അച്ഛനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല). മോഡലിങ് തിരഞ്ഞെടുത്തപ്പോള്‍ കുടുംബം എന്നെ പിന്തുണച്ചു.''
''ഇപ്പോള്‍ എന്നെ നിങ്ങള്‍ സൂപ്പര്‍ മോഡല്‍ എന്നു വിളിക്കുന്നു. പക്ഷേ, ഈ നിലയിലെത്താന്‍ കുറെ പാടുപെട്ടിട്ടുണ്ട് ഞാന്‍''-റേച്ചല്‍ ആ കഥ പറഞ്ഞു.
മുംബൈയില്‍ വന്ന കാലത്ത് എന്നെ അംഗീകരിക്കാന്‍ പലരും മടി കാണിച്ചു. ഇന്‍ഡസ്ട്രി വളരെ ഡിമാന്‍ഡിങ് ആയിരുന്നു. കടുത്ത നിരാശ വന്ന് എന്നെ എനിക്കുതന്നെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എത്രയെത്ര ചതികള്‍. 18-ാം വയസ്സില്‍ നമ്മള്‍ വിശ്വസിച്ചിരുന്ന പലതും തകരുന്നത് കാണേണ്ടിവരിക എത്ര ദുഃഖകരം! അങ്ങനെയാണ് ചുറ്റുമുള്ളവരുടെ പെരുമാറ്റവും മറ്റും. പതിയെ അതെല്ലാം പുതിയ പാഠങ്ങളായെടുക്കാന്‍ ഞാന്‍ പരിശീലിച്ചു. 2005-ല്‍ 'കിങ് ഫിഷര്‍ ഫ്രഷ് ഫേസ് ഓഫ് ദി ഇയര്‍' ആയി. അതോടെ അവസരങ്ങള്‍ കൂടി. എനിക്കിനിയും ഉയരങ്ങളിലെത്താനുണ്ട്. ഇന്റര്‍നാഷണല്‍ മോഡലാവണം. ചെറിയ കാലംകൊണ്ട് ഇനിയും കുറെ ചെയ്യാനുണ്ടെനിക്ക്.
ഇനി ഫാഷനെക്കുറിച്ച്. 'കംഫര്‍ട്ടബ്ള്‍, കാഷ്വല്‍ ആന്‍ഡ് സെക്‌സി...', അതാണ് എന്റെ കാഴ്ചപ്പാട്. തിളങ്ങുന്ന നിറങ്ങളും ലിനനും സ്‌ളിങ് ബാഗുകളും ഷൂസുകളും എന്റെ ബലഹീനതയാണ്.
ഇന്നും മോഡലാവാന്‍ മോഹിച്ചെത്തുന്നവരെക്കുറിച്ച് ഓര്‍ക്കാറുണ്ട് ഞാന്‍. നല്ല ചങ്കൂറ്റമുള്ളവര്‍ക്കുള്ളതാണ് മോഡലിങ്. അല്ലെങ്കില്‍ ഇന്‍ഡസ്ട്രി നിങ്ങളെ തളര്‍ത്തിക്കളയും. ഒരു വ്യക്തിയായി ആരും നിങ്ങളെ പരിഗണിക്കില്ല. 'ഗ്ലാമറും' 'സ്റ്റാറ്റസും' മാത്രമാണ് ഒരാളുടെ അളവുകോലുകള്‍.
പ്രണയിക്കുക അത്ര എളുപ്പമൊന്നുമല്ല ഈ ലോകത്തില്‍. അതും ഹൃദയം തുറന്നുള്ളൊരു ബന്ധം. എന്നാല്‍, അത് മാത്രമായിരിക്കും നമുക്ക് മനുഷ്യത്വത്തിന്റെ സൗമ്യസ്പര്‍ശം തരുന്നത്. ഇനി പറയട്ടെ, ഞാനും പ്രണയിക്കുന്നുണ്ട്. സ്വര്‍ഗീയ സൗന്ദര്യമുള്ള ഒരു രഹസ്യ പ്രണയബന്ധം- റേച്ചല്‍ കണ്ണടച്ച് സ്വപ്നം കാണുംപോലെ...
ഡിസൈനര്‍ മാന്ത്രികന്‍

അന്താരാഷ്ട്ര ഫാഷനില്‍ അറിയപ്പെടുന്ന യുവ ഫാഷന്‍ ഡിസൈനറാണ് രാഹുല്‍ മിശ്ര.
രാഹുലിന്റെ 'റിവേഴ്‌സബ്ള്‍' സാരി 2009-10 ലാക്‌മെ ഫാഷന്‍ വീക്കില്‍ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. 2008-ലെ ലാക്‌മെ ഫാഷന്‍ വീക്കില്‍ തയ്യല്‍പ്പാടുകള്‍ ഇല്ലാത്ത 'സീംലെസ്' വസ്ത്രങ്ങളൊരുക്കിയായിരുന്നു രാഹുല്‍ കാണികളെ ഞെട്ടിച്ചത്.
ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമമായ മല്‍ഹൗസിയില്‍ ജനിച്ച രാഹുല്‍ യാദൃച്ഛികമായാണ് ഡിസൈനിങ്ങിലേക്കെത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, അഹമ്മദാബാദിലെ പഠനത്തിനുശേഷം മിലാനിലെ പ്രസിദ്ധമായ മരംഗണി ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്‌കോളര്‍ഷിപ്പോടെ ചേര്‍ന്നു.
വിദേശപഠനത്തിലൂടെ നേടിയ കഴിവുകള്‍ സ്വന്തം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തി. ''ഗാന്ധിജി വിശ്വസിച്ച ഫ്രാബ്രിക്കാണ് ഖാദി. എന്റെ റിവേഴ്‌സിബ്ള്‍ ഖാദി വസ്ത്രങ്ങള്‍ കഴിഞ്ഞ വില്‍സ് ഇന്ത്യാ ഫാഷന്‍ വീക്കില്‍ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെട്ടു.'' കേരളാ കൈത്തറി, ബാന്ദ്‌നി, മഹേശ്വരി, ബനാറസി ടെക്‌സ്റ്റൈലുകളിലും ഈ യുവാവ് ഉദാത്ത ഡിസൈനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
അവാര്‍ഡുകളുടെ ഒരു നിരതന്നെ. 'എല്‍, സ്റ്റൈല്‍ ഡോട്ട് കോം, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ടെലിഗ്രാഫ് എന്നീ മാധ്യമങ്ങള്‍ 2006-ലെ മികച്ച നവാഗത പ്രതിഭയായി തിരഞ്ഞെടുത്തു. 2007-ല്‍ 'ഇന്റര്‍നാഷണല്‍ യങ് ഫാഷന്‍ എന്റര്‍പ്രിനര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെത്തി. 2008-ല്‍ എം.ടി.വി. യൂത്ത് ഐക്കണ്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ ഡിസൈനര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ്... 2011- ലേക്കുള്ള ഡിസൈനര്‍ സ്വപ്നങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ രാഹുല്‍ മിശ്ര.
രാഹുലിന്റെ 'റിവേഴ്‌സബ്ള്‍' സാരി 2009-10 ലാക്‌മെ ഫാഷന്‍ വീക്കില്‍ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. 2008-ലെ ലാക്‌മെ ഫാഷന്‍ വീക്കില്‍ തയ്യല്‍പ്പാടുകള്‍ ഇല്ലാത്ത 'സീംലെസ്' വസ്ത്രങ്ങളൊരുക്കിയായിരുന്നു രാഹുല്‍ കാണികളെ ഞെട്ടിച്ചത്.
ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമമായ മല്‍ഹൗസിയില്‍ ജനിച്ച രാഹുല്‍ യാദൃച്ഛികമായാണ് ഡിസൈനിങ്ങിലേക്കെത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, അഹമ്മദാബാദിലെ പഠനത്തിനുശേഷം മിലാനിലെ പ്രസിദ്ധമായ മരംഗണി ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്‌കോളര്‍ഷിപ്പോടെ ചേര്‍ന്നു.
വിദേശപഠനത്തിലൂടെ നേടിയ കഴിവുകള്‍ സ്വന്തം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തി. ''ഗാന്ധിജി വിശ്വസിച്ച ഫ്രാബ്രിക്കാണ് ഖാദി. എന്റെ റിവേഴ്‌സിബ്ള്‍ ഖാദി വസ്ത്രങ്ങള്‍ കഴിഞ്ഞ വില്‍സ് ഇന്ത്യാ ഫാഷന്‍ വീക്കില്‍ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെട്ടു.'' കേരളാ കൈത്തറി, ബാന്ദ്‌നി, മഹേശ്വരി, ബനാറസി ടെക്‌സ്റ്റൈലുകളിലും ഈ യുവാവ് ഉദാത്ത ഡിസൈനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
അവാര്‍ഡുകളുടെ ഒരു നിരതന്നെ. 'എല്‍, സ്റ്റൈല്‍ ഡോട്ട് കോം, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ടെലിഗ്രാഫ് എന്നീ മാധ്യമങ്ങള്‍ 2006-ലെ മികച്ച നവാഗത പ്രതിഭയായി തിരഞ്ഞെടുത്തു. 2007-ല്‍ 'ഇന്റര്‍നാഷണല്‍ യങ് ഫാഷന്‍ എന്റര്‍പ്രിനര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെത്തി. 2008-ല്‍ എം.ടി.വി. യൂത്ത് ഐക്കണ്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ ഡിസൈനര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ്... 2011- ലേക്കുള്ള ഡിസൈനര്‍ സ്വപ്നങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ രാഹുല്‍ മിശ്ര.
ഗാനമായി മാറിയ ഗായിക
അനൈഡ... ആ പേര് എന്തെല്ലാം ഓര്‍മകളെ തിരികെത്തരും! 'തന് ഡോലെ... ഊവ്വ... ഊവ്വാ...' എന്ന ചടുലഗാനവുമായി തൊണ്ണൂറുകളുടെ
മധ്യത്തില്‍ യൗവനത്തെ ത്രസിപ്പിച്ചിരുന്ന മധുരസ്വരത്തിന്റെ ഉടമ. പോപ് സംഗീതത്തിലെ രാജകുമാരി...അല്പം ധൃതിയിലായിരുന്നു അനൈഡ. കറുത്ത റാപ് എറൗണ്ടും കറുപ്പില്‍ സ്വര്‍ണ്ണപ്പൂക്കളുള്ള ബുസ്റ്റ്യറും അവരുടെ മെലിഞ്ഞ ഉടലിന് നന്നായി ഇണങ്ങുന്നു. ദുബായിയില്‍ നടക്കാന്‍ പോവുന്ന ലൈവ് സംഗീതപരിപാടിക്കായി വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ പോവേണ്ടതുണ്ട്. മനസ്സത്രയും വരാനിരിക്കുന്ന സംഗീതനിമിഷങ്ങളിലാണെന്ന് തോന്നുന്നു.
1995-ല്‍ 16-ാം വയസ്സില്‍ 'ഹോട്ട് ലൈന്‍' എന്ന ഹിറ്റ് ആല്‍ബത്തിലൂടെ അനൈഡ സംഗീതരംഗത്തെത്തി. തുടര്‍ന്നിറങ്ങിയ പോപ് വീഡിയോ ആല്‍ബങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റുകളായി. ഫീവര്‍, നാബുക് നാബുക്, ഓ മാലു മാലു, എക്ത, നയാ, ക്വസ്റ്റ്, ലവ് ടുഡെ ഹെ നഹി ആസാന്‍, ഹൂ ഹല്ലാ ഹൂ...
കൗമാരപ്രായത്തില്‍തന്നെ പ്രശസ്തിയുടെ സുവര്‍ണ സ്പര്ശമേല്ക്കുക; എന്തെങ്കിലും അദ്ഭുതകഥ കാണില്ലേ പിന്നില്‍? അനൈഡ പുഞ്ചിരിച്ചു: ''നോക്കൂ, മുംബൈയില്‍ എക്കാലവും വിനോദവ്യവസായവുമായി ബന്ധപ്പെട്ട് ഒരുപാടുതരം ജോലികളുണ്ട്. ആംചിയില്‍ സ്‌കൂളില്‍ പഠിക്കുന്നതിനൊപ്പം ടിവി കൊമേഴ്‌സ്യലുകള്‍ക്ക് ജിംഗിള്‍സ് പാടുമായിരുന്നു ഞാന്‍. ജിംഗിള്‍സ് പാടിയാണ് ഞാന്‍ പോപ്‌സംഗീതത്തിലെത്തുന്നത്.''
ജന്മംകൊണ്ട് പാതി ഗ്രീക്കും പാതി പേര്‍ഷ്യനുമാണ് അനൈഡ. ''ബിസ്സിനസ്സുകാരനായ അച്ഛനൊപ്പം വിവിധ രാജ്യങ്ങളിലായിരുന്നു ജീവിതം. പക്ഷേ, ഈ മുംബൈ ആണ് എന്നിലെ ഗായികയെ വളര്‍ത്തിയതും സ്വീകരിച്ചതും. നീണ്ട ജീവിതകഥയാണ് . പകര്‍ത്താന്‍ താളുകള്‍ കുറെ വേണം.'' വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അനൈഡ സൂചിപ്പിച്ചു.
'അനൈഡ' എന്നൊരു പോപ്പ് ഗാനമുണ്ട്. അത് ആലപിച്ചത് ഗായിക അനൈഡയും പ്രസിദ്ധ ഗ്രീക്ക് പിയാനോയിസ്റ്റും കമ്പോസറുമായ സ്റ്റെഫാനോസ് കോര്‍ക്കോലിസും ചേര്‍ന്നാണ്. ഇന്റര്‍നെറ്റില്‍ യൂട്യൂബില്‍ ഈ ആല്‍ബം ലഭ്യമാണ്. ഗായികയുടെ പേരില്‍ പിറന്ന ഗാനത്തിനു പിന്നില്‍ മനോഹരമായ ഒരു ബന്ധത്തിന്റെ കഥയുണ്ട്. അനൈഡയുടെ സംഗീതത്തില്‍ ആകൃഷ്ടനായ സ്റ്റെഫാനോസ് ഗ്രീസ് സന്ദര്‍ശിക്കാനും തന്റെ ആല്‍ബത്തില്‍ പാടാനും അവരെ ക്ഷണിച്ചത് ചരിത്രമാണ്. പ്രണയത്തിന്റെ ലോലഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന വീഡിയോ ആല്‍ബത്തില്‍ യവനസുന്ദരനായ സ്റ്റെഫാനോയും മുഗള്‍ രാജകുമാരിയുടെ മട്ടില്‍ സുന്ദരിയായ അനൈഡയും ചേര്‍ന്നാണ് നൃത്തവും പാട്ടും. ''സ്റ്റെഫാനോസ് നല്ല സുഹൃത്താണ്. ആ സൗഹൃദത്തിന്റെ പേരിലാണ് അദ്ദേഹം 1997-ല്‍ 'അനൈഡ' എന്ന കവിത എഴുതി സംഗീതം നല്‍കി എനിക്ക് സമര്‍പ്പിച്ചത്''-അത്രമാത്രമേ അനൈഡ പറഞ്ഞുള്ളൂ... ''ആ ബന്ധം തുടര്‍ന്നില്ലേ?''- വെറുതെ ചോദിച്ചു. ''ഇപ്പോഴും സൗഹൃദമുണ്ട്. കാണാറും വിളിക്കാറുമൊന്നുമില്ല.''
ഇക്കാലത്ത് പോപ്‌സംഗീതത്തിന് പ്രചാരം കുറഞ്ഞുവരികയല്ലേ എന്ന ചോദ്യം ഗായികയെ വിഷമിപ്പിച്ചു. ''പോപ്പിന്റെ മാര്‍ക്കറ്റ് മാറി. പോപ്‌സംഗീതത്തെ അനുകരിച്ചുണ്ടായ ഹിന്ദി സിനിമാഗാനങ്ങളുടെ പ്രളയമാണിപ്പോള്‍. ഹിന്ദി ഗാനങ്ങള്‍ പോപ്‌സംഗീതത്തെ ടേക്കോവര്‍ ചെയ്തു.'' ഡിസ്‌നി ആനിമേഷന്‍ഫിലിം 'ലയണ്‍കിങ്ങി'ല്‍ കാക്കി ഷോര്‍ട്‌സും ടോപ്പുമിട്ട് ബാബാ സെഗാളിനൊപ്പം 'ഹക്കൂനാ മതാതാ...' എന്ന് ആടിപ്പാടി അനൈഡ കുട്ടികള്‍ക്കും പ്രിയങ്കരിയായി.
2007-ല്‍ അനൈഡ ഫാഷന്‍ റാമ്പിലുമെത്തി. ഡിസൈനറും കൂട്ടുകാരിയുമായ രുചി മേത്തയുടെ വസ്ത്രങ്ങള്‍ ധരിച്ച് ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ക്യാറ്റ് വാക്ക് നടത്തി അനൈഡ വാര്‍ത്തയായി. ഇപ്പോള്‍ ഇന്ത്യാ ഫാഷന്‍ അവാര്‍ഡ്‌സിന്റെ ക്രിയേറ്റീവ് ടീം അംഗമാണ്.
തന്റെ പുതിയ ആല്‍ബത്തിനുള്ള പാട്ടുകള്‍ എഴുതുകയാണിപ്പോള്‍ അനൈഡ. ''ആല്‍ബങ്ങളിലൂടെയാണ് എന്റെ സംഗീതം വിദൂര രാജ്യങ്ങളില്‍വരെ എത്തിയത്. പക്ഷേ, ലൈവ്‌ഷോ ഇപ്പോഴും എന്റെ ഹൃദയത്തോടടുത്താണ്. കാരണം 40,000 ആളുകളുടെ ഒരു സദസ്സിനു മുന്നില്‍ പാടുമ്പോള്‍ ഞാന്‍ ഒരുതരം മാന്ത്രികാനുഭവത്തിന്റെ വലയത്തിലാണ്. അത് മറ്റെങ്ങും കിട്ടില്ല.''
സംഗീതവും സദസ്സുകളും പ്രശസ്തിയും ഗ്ലാമറും... ഇതിനിടയില്‍ സ്വകാര്യജീവിതമോ? വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാക്കാത്ത അനൈഡ അറിയാതെ സ്വയമഴിച്ചുവിട്ടു. ''ഞാന്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വളര്‍ന്നപ്പോള്‍ എന്റെ ഈ ചുമലുകളിലായിരുന്നു വീടിന്റെ ഉത്തരവാദിത്വം മുഴുവനും. പാടാനും കാശ് സമ്പാദിക്കാനുമായി ഞാന്‍ ജീവിതത്തെ മാറ്റിവെച്ചു. 16-ാം വയസ്സില്‍ സെലിബ്രിറ്റിയായി. കഴിഞ്ഞ 15 വര്‍ഷങ്ങളായി 'എന്റെ ജീവിതം' എന്നു ചിന്തിച്ചിട്ടില്ല. സമയമില്ലായിരുന്നു, തിരക്കായിരുന്നു. എപ്പോഴും തിരക്ക്. ഞാനാരോടും പരാതിപ്പെടുന്നുമില്ല.'' സങ്കടപ്പെടാന്‍ തീരെ സമയമില്ലെന്ന മട്ട് നോട്ടത്തിലും ചലനങ്ങളിലും പകര്‍ത്തി അനൈഡ യാത്ര പറഞ്ഞു.

NEWS LETTER
RSS











