MATHRUBHUMI RSS
Loading...
എന്നും പുതുമയോടെ ചികന്‍കാരി

ചില ഡിസൈനുകള്‍ അങ്ങനെയാണ്. ഒരിക്കലും പഴകില്ല. എല്ലാക്കാലത്തും മുന്‍നിരയില്‍ തന്നെയുണ്ടാകും. അത്തരത്തിലൊന്നാണ് ഇന്ത്യയുടെ സ്വന്തം ചികന്‍കാരി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന്റെ സ്വന്തം കരവിരുത്.

ഉത്ഭവകഥകള്‍ പലതുണ്ടെങ്കിലും മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാനാണ് ഈ ഡിസൈനിന്റെ പിന്നിലെന്നതാണ് ഏറെ പ്രചാരത്തിലുള്ള കഥ. പാതി സുതാര്യമായ മസ്ലിന്‍ തുണിയില്‍ വെള്ള നൂലിഴ പാകിയാണ് ഈ എംബ്രോയിഡറി തീര്‍ത്തിരുന്നത്. എന്നാല്‍ കാലം പോകെ തുണിത്തരങ്ങള്‍ മാറി. അതനുസരിച്ച് ചികന്‍കാരിയും അവയിലേക്ക് ചേക്കേറി. ഇന്ന് ജോര്‍ജെറ്റും ഷിഫോണും പോലുള്ള സിന്തറ്റിക് തുണികളിലും വെള്ള നൂലിഴകള്‍ പാകിയുള്ള ഡിസൈന്‍ കാണാം.

പൂക്കുലകളും വള്ളികളും ഇലകളുമെല്ലാമാണ് പരമ്പരാഗത ഡിസൈന്‍. എന്നാല്‍ ആവശ്യക്കാരുടെ താത്പര്യങ്ങളനുസരിച്ച് പാരമ്പര്യരീതികളില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ട്. സാരികളിലും ചുരിദാര്‍ കുര്‍ത്തകളിലും ടോപ്പിലും ഷര്‍ട്ടിലും ട്യൂണിക്കിലുമെല്ലാം ചികന്‍കാരി ചേക്കേറിക്കഴിഞ്ഞു. സീക്വന്‍സുകളും കണ്ണാടിച്ചില്ലുകളും ഇടയില്‍ പിടിപ്പിച്ചുള്ള ഹെവി ഡിസൈനുകള്‍ക്കും പ്രിയമേറി.

ചികന്‍കാരി വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍ക്ക് വിലയെന്താകും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തുണിയില്‍ ഒരു ഡിസൈന്‍ തീര്‍ക്കാനുള്ള പ്രയാസത്തെക്കുറിച്ചറിഞ്ഞാല്‍ വിലയത്ര വലുതല്ലെന്നു മനസ്സിലാകും. ലഖ്‌നൗ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ദിവസങ്ങളെടുത്താണ് ഒരു സാരി ചിത്രത്തുന്നല്‍ ചെയ്ത് പൂര്‍ത്തിയാക്കുന്നത്. പൂര്‍ണമായും കൈകൊണ്ട് ചെയ്യുന്നതിനാലാണിത്

ചെയ്യേണ്ട ഡിസൈന്‍ തടിയില്‍ കൊത്തി തുണിയില്‍ പതിച്ച് അതിനുമേലെയാണ് തുന്നുന്നത്. തുന്നല്‍ കഴിഞ്ഞ് വൃത്തിയായി കഴുകിയുണക്കി മഷിപ്പാട് മാറ്റി, പശമുക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നു.

വെള്ളത്തുണിയില്‍ വെള്ള നൂല്‍ കൊണ്ടുള്ള ഡിസൈനാണ് ഏറ്റവും ആഢ്യത്വമുള്ളതും പരമ്പരാഗതവുമെങ്കിലും കറുപ്പും മഞ്ഞയും പച്ചയും നിറങ്ങളുടെ വൈവിധ്യവും ചികന്‍കാരിയില്‍ വന്നുതുടങ്ങി. ഇന്ത്യയിലെ ഫാഷന്‍ ഷോകളില്‍ ചികന്‍കാരി വസ്ത്രങ്ങള്‍ ഒരു പ്രധാന ഇനമായതോടെ വൈവിധ്യവത്കരണവും പരീക്ഷണങ്ങളും ഈ തുണിത്തരത്തില്‍ കാര്യമായി നടക്കുന്നുണ്ട്.

കോട്ടണും ചികന്‍കാരിയുമാണ് കൂട്ടുകാരെങ്കിലും നെറ്റിലും ഡെനിമിലും കമ്പിളിയിലുമെല്ലാം ഈ ചിത്രത്തുന്നല്‍ ഇടം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വേനലിന്റെ മാത്രമല്ല, എല്ലാക്കാലത്തിന്റെയും ഫാഷന്‍ ചാര്‍ട്ടുകളിലും ഇതിനിടമുണ്ട്.