
ജോധാ അക്ബര്‍ സിനിമയില്‍ ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും അണിഞ്ഞ രാജകീയ സൗന്ദര്യമുള്ള ഉടയാടകള്‍ ഓര്‍മ്മിക്കുന്നില്ലേ. അവ മെനഞ്ഞുണ്ടാക്കിയ കലാകാരിയാണ് നീതാ ലുല്ല. മുംബൈയുടെ സെലിബ്രിറ്റി ഡിസൈനര്‍. ഇരുപത്തിനാല് വര്‍ഷത്തെ ഡിസൈനിങ് പരിചയം, മുന്നൂറ് സിനിമകള്‍, ബെസ്റ്റ് ഡിസൈനര്‍ക്കുള്ള മൂന്ന് ദേശീയ അവാര്‍ഡുകളടക്കം അംഗീകാരങ്ങളുടെ നീണ്ട നിര.
സാന്താക്രൂസ് എസ് വി റോഡില്‍ നീതാ ലുല്ല, 6, ഞചഅ ക്ലാസിക് ഒരു ദൃശ്യാനുഭവംതന്നെ. ഇരുനില ഷോറൂം. സുവര്‍ണ്ണവെളിച്ചം പ്രസരിക്കുന്ന ഇന്റീരിയര്‍. ഹാങ്ങറുകളില്‍ തൂങ്ങുന്ന ചേതോഹരങ്ങളായ പട്ടുസാരികള്‍ക്ക് വില 15000 ത്തിന് മുകളില്‍. അവയ്ക്കിടയില്‍ തൂവെള്ള കാഷ്മീരി ചിക്കന്‍ വര്‍ക്ക് ചുരിദാര്‍ ധരിച്ച് നീതാ ലൂല്ല.
1992 ല്‍ യാഷ് ചോപ്രയുടെ 'ലാമ'യില്‍ നടി ശ്രീദേവിയുടെ കോസ്റ്റിയൂം ഡിസൈനറായാണ് നീത ലൈംലൈറ്റിലെത്തുന്നത്. അക്കൊല്ലത്തെ ദേശീയ അവാര്‍ഡും ലഭിച്ചു. വിജയത്തിലേയ്ക്കുള്ള വഴി അവര്‍ക്ക് എളുപ്പമല്ല. ''ആരോഗ്യംപോലും ശ്രദ്ധിക്കാതെ ഡിസൈനിങ്ങില്‍ മുഴുകാറുണ്ട്. 'ദേവദാസ്' സിനിമയ്ക്കായി രാപ്പകല്‍ പണിയെടുത്തു. സഞ്ജയ് ലീലാ ബന്‍സാലിയ്‌ക്കൊപ്പം കല്‍ക്കത്തയിലെ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചു. 1900 ആണ്ടിലെ വസ്ത്രശൈലിയെക്കുറിച്ച് ഗവേഷണം നടത്തി. അങ്ങിനെയാണ് ഐശ്വര്യയുടെ 'പാറോ'യ്ക്കായി ധാക്കാ മസ്ലിനും ബംഗാളി മുഗയും കണ്ടെത്തിയത്.'' 2002-ല്‍ 'ദേവദാസി'ന്റെ കോസ്റ്റിയൂം ഡിസൈനിങ്ങിന് പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു.
പെട്ടന്നൊരുനാള്‍ സെലിബ്രിറ്റി ഡിസൈനറായി ഉയര്‍ന്നുവന്നതല്ല നീത ലുല്ല. ''16-ാം വയസ്സില്‍ ഞാന്‍ വിവാഹിതയായി. പക്ഷേ എനിക്ക് ഫാഷന്‍ കൊറിയോഗ്രാഫി പഠിക്കണം. ഇന്‍ലാസ് സമ്മതിച്ചു. അപ്പോഴേക്കും മകന്‍ സിദ്ധാര്‍ത്ഥ് ജനിച്ചു. കുഞ്ഞിനെ വീട്ടില്‍ വിട്ട് ഞാന്‍ കോളേജില്‍ പോവും. അമ്മായിയമ്മ ചിലപ്പോള്‍ നല്ല സഹായം. മറ്റു ചിലപ്പോള്‍ എന്റെ കടമകള്‍ വിശദീകരിക്കും. ആദ്യസിനിമ 'തമാഷ്'. അതില്‍ കിമിക്ക് വേണ്ടി കോസ്റ്റിയൂം ചെയ്തത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. കിമിയുടെ അമ്മ പറഞ്ഞത് ഈ ഡിസൈനര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന്. പക്ഷേ ഞാന്‍ തളര്‍ന്നില്ല.''
ഇന്ത്യന്‍ എത്‌നിക്ക് വെയര്‍ ഡിസൈനറായാണ് നീതാ ലുല്ലയുടെ പ്രസക്തി. ''ഞാന്‍ ഒരുപാട് ലേസും നെറ്റും വസ്ത്രങ്ങളില്‍ ഭംഗികൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. നല്ല നിറക്കൂട്ടുകളാണ് മുംബൈ ഫാഷന്റെ പ്രത്യേകത. ഫ്യൂഷിയയുടെ നേര്‍ത്ത ഷെയ്ഡുകള്‍ക്ക് ഭംഗിയുണ്ട്. ഫ്‌ളോയിങ് മെറ്റീരിയല്‍സ് കൂടുതല്‍ ഉപയോഗിക്കുന്നു. ജോര്‍ജറ്റ്, ഷിഫോണ്‍, ലിനന്‍ തുടങ്ങിയവ. എനിക്കിഷ്ടമുള്ള മെറ്റീരിയലാണ് ലൈക്ര'-നീത വെളിപ്പെടുത്തി.
തബൂ, ജൂഹി ചൗള, ശ്രീദേവി, ഐശ്വര്യാ റായ്, അഭിഷേക് ബച്ചന്‍... പല തലമുറകളില്‍പ്പെട്ട സെലിബ്രിറ്റികള്‍ ഇവരുടെ കരവിരുതില്‍ സൗന്ദര്യം നേടിയിട്ടുണ്ട്. നീതാ ലുല്ലയുടെ മകള്‍ നിഷ്‌കയും അമ്മയുടെ വഴിയേ ഡിസൈനിങ്ങില്‍ ഉണ്ട്.

NEWS LETTER
RSS











