ശര്‍മിള
ഫാഷന്റെ മായാനഗരിയായ മുംബൈയുടെ ജീവിത ലഹരി തീരുന്നേയില്ല. അപൂര്‍വമായ നിറക്കൂട്ടുകളും ഡിസൈനുകളും. ബോളിവുഡിന്റെ മുറ്റത്ത് ഡിസൈനര്‍മാരും മോഡലുകളും മറ്റൊരു ലോകം സൃഷ്ടിക്കുകയാണ്...
'ഏയ്, മുംബൈ നെവര്‍ സ്ലീപ്‌സ് യാര്‍...' നിങ്ങള്‍ക്കെന്തറിയാം എന്ന മട്ടില്‍ പിങ്കി ഹിര്‍വാണി. അതുപറയുമ്പോള്‍ പിങ്കി തന്റെ നേര്‍ത്ത ഭംഗിയുള്ള വിരലുകള്‍ വായുവില്‍ ചുഴറ്റിയെറിഞ്ഞു. ആ ആംഗ്യത്തിലുണ്ടല്ലോ ഒരു മുംബൈ സ്പിരിറ്റ്... അതെ, മുംബൈ നഗരം ഉറങ്ങാറില്ല... 24 മണിക്കൂറും കണ്ണ് തുറന്നുവെച്ചിട്ടും ഒരു നിമിഷംപോലും ക്ഷീണിച്ചിട്ടുമില്ല. ഞങ്ങള്‍ മുംബൈ എന്ന കോസ്‌മോപൊളിറ്റന്‍ സിറ്റിയെ അത്ഭുതത്തോടെ ഉറ്റുനോക്കി. അറിയാന്‍ ഇനിയും എന്തൊക്കെ അതിശയങ്ങള്‍! സമയം രാത്രി എട്ടു മണി. ഒരു ഫാഷന്‍ ഷൂട്ട് കഴിഞ്ഞുള്ള യാത്ര. ബോളിവുഡ്ഡിലെ അറിയപ്പെടുന്ന നടിയും മോഡലുമായ പിങ്കി ഹിര്‍വാണിയാണ് കൂടെ. അന്ധേരി ജിംഖാനയ്ക്കരികില്‍ പിങ്കി ഇറങ്ങി. മഹാനഗരം മനസ്സിലേല്‍പ്പിച്ച പകപ്പ് വിട്ടുമാറാത്ത ഞങ്ങളോട് 'ബൈ' പറഞ്ഞ് അവര്‍ കൂളായി നടന്നു മറഞ്ഞു. രാത്രിയുടെ ഓരങ്ങളിലൂടെ സുന്ദരിയും സെക്‌സിയുമായ പിങ്കി ഒറ്റയ്ക്ക്. ആ പോക്ക് കണ്ടാല്‍ മലയാളിയുടെ ചങ്കിടിക്കും.
പ്രഭാതം. നഗരഹൃദയത്തിലൂടെ വി. ടി. യും ചര്‍ച്ച് ഗേറ്റും കണ്ട് ചുമ്മാ ഒരു മോണിങ് സ്‌ട്രോള്‍... മുംബൈയിലെത്തുന്ന ഒരാളെ '26/11' തീവ്രവാദി ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ വിടാതെ പിന്തുടരും. വി. ടി. റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി തലങ്ങും വിലങ്ങും പ്രവഹിക്കുന്ന ജനങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആ ദുരന്ത ദൃശ്യങ്ങള്‍ ഓര്‍മ്മയിലെത്തി. ദാ, ഇവിടെയായിരുന്നു ആ പാവം പോലീസുകാരന്‍ വെടിയേറ്റ് വീണത്... ശരീരം നിറയെ മാരകായുധങ്ങളുമായി ഈ വാതില്‍ വഴിയാവാം തീവ്രവാദി കടന്നുവന്നത്. '26/11 ന് ശേഷം മുംബൈ മാറി' എന്നാണ് നാട്ടുകാര്‍ പറയുക. കനത്ത സെക്യുരിറ്റി നിയന്ത്രണത്തിലാണ് നഗരം.
ദുരന്തങ്ങള്‍ക്കപ്പുറം, ആഹ്ലാദങ്ങളുടെ മിന്നലാട്ടങ്ങള്‍ തിരഞ്ഞാണല്ലോ ഞങ്ങള്‍ ഇവിടേയ്ക്ക് വന്നത്. ഉല്ലാസത്തിന്റെ നീര്‍ക്കുമിളകള്‍ തേടി. സ്‌റ്റൈലും ഫാഷനും കണ്ടെത്താന്‍... റോഡില്‍ ഞങ്ങളും ഒഴുകുന്ന ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി. നഗരത്തിലെ തെരുവുകളിലാണ് ശരിക്കുള്ള ഫാഷന്‍. സ്ട്രീറ്റ് ഫാഷന്‍ എന്നാണ് പറയുക.
ഫാഷനായി സമര്‍പ്പിച്ച ഒരു സ്ട്രീറ്റ് തന്നെ ഉണ്ടിവിടെ. ഫാഷന്‍ സ്ട്രീറ്റ്. വഴി ആരോട് ചോദിച്ചാലും പറഞ്ഞുതരും. ചര്‍ച്ച് ഗെയ്റ്റില്‍നിന്നും വെറും അഞ്ചു മിനിറ്റ് നടത്തം. റോഡരികിലായി എണ്‍പതോളം കൊച്ചു കടകള്‍ നിരന്നു നില്‍ക്കുന്നു. 'ഞങ്ങള്‍ ഇവിടെ മിക്കവാറും ദിവസവും വരും. കൈയ്യില്‍ കാശുള്ളപ്പോഴും ഇല്ലാത്തപ്പോഴും. ട്രെന്‍ഡ് അറിയാന്‍ ഇവിടെ ദിവസവും വന്നു നോക്കണം. അല്ലെങ്കില്‍ നമ്മള്‍ ഔട്ട്.'' മുംബൈ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ നമിതയും ഷംനയും ജ്യോതികയും ക്ലാസ് വിട്ട് നേരെ ഫാഷന്‍ സ്ട്രീറ്റിലെത്തിയതാണ്. ത്രീഫോര്‍ത്തും ടോപ്പുമാണ് മൂവരുടേയും വേഷം. ടോപ്പുകളില്‍ നല്ലൊരു നീല ഷെയ്ഡും ഇളം പച്ചയും. കൊതിപ്പിക്കുന്ന നിറങ്ങളും മറ്റെവിടേയും കാണാത്ത പാറ്റേണുകളും. ഫാഷനോട് മുംബൈവാസികള്‍ക്ക് പ്രണയമാണെന്ന് തോന്നി.
ഫാഷന്‍ സ്ട്രീറ്റില്‍
മുംബൈയില്‍ വിലപേശാന്‍ മടിക്കേണ്ട. കാശുള്ളവരും ഇല്ലാത്തവരും ഫാഷന്‍ സ്ട്രീറ്റിലെത്തിയാല്‍ 'ബാര്‍ഗെയ്ന്‍' റാണിമാരാവും. ''കടക്കാരന്‍ 500 പറഞ്ഞ ജീന്‍സിന് മനസ്സില്‍ ഒരു മുന്നുറ് രൂപ കണ്ടോളു. ഇനി 200 - ല്‍ പറഞ്ഞു തുടങ്ങാം. രണ്ടു കൂട്ടരും വിലപേശി ഒടുവില്‍ മുന്നൂറിലെത്തിയ്ക്കും. കാശുവാങ്ങി പോക്കറ്റിലിട്ട് കടക്കാരന്‍ ഖുശി! ചുളുവ് വിലയ്ക്ക് ജീന്‍സ് സ്വന്തമാക്കി നമുക്കും സന്തോഷം'', - സ്ട്രീറ്റില്‍ വെച്ച് പരിചയപ്പെട്ട നീനാ സാവിയ എന്ന യുവതി ഉദാരമായി പറഞ്ഞുതന്നു. വലിയൊരു ലക്ഷ്വറി കാറില്‍ വന്നിറങ്ങിയ ഏതാനും പെണ്‍കുട്ടികള്‍ (സുന്ദരികള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ!) നിരയിലെ 13ാം നമ്പര്‍ സ്റ്റാളില്‍ കയറി വില പേശാന്‍ തുടങ്ങി. ഇതൊരു രസികന്‍ ഗെയ്മാണ്! കടക്കാരനും വാങ്ങാന്‍വന്നവര്‍ക്കും ഇതെല്ലാം കണ്ടുനില്‍ക്കുന്നവര്‍ക്കും ഒരുപോലെ രസിക്കാം.
വസ്ത്രങ്ങള്‍ തിരയുന്നവരെ തിരഞ്ഞ് കുറേ സമയം. ''ദാ, കണ്ടില്ലേ, നല്ലൊരു പീച്ച് കുര്‍ത്തയും ഒരു ബേബി പിങ്ക് ഹാള്‍ട്ടറും കിട്ടി'', - വസ്ത്രങ്ങള്‍ക്കിടയിലൂടെ നീന്തിത്തുടിക്കുന്നതിനിടയില്‍ ഒരു യുവതി മുന്‍പരിചയമുള്ളപോലെ ചിരിച്ചു... പേര് ഗീതിക. വെറുതെ പരിചയപ്പെട്ടു. ഒരു ഹായ് ബൈ ഡയലോഗ്. എന്തായാലും ഗീതികയുടെ മുഖത്ത് ഒരു ചാകര കിട്ടിയ സന്തോഷമുണ്ട്. അവരുടെ ഹാന്‍ഡ്ബാഗ് നിറയെ ടോപ്പുകളാണത്രെ.
ഇന്ത്യന്‍ ടച്ചുള്ള വെസ്റ്റേണ്‍വെയറാണ് മുംബൈയില്‍ പ്രിയമുള്ള ഫാഷന്‍. ഏറ്റവും ഫാഷനബ്ള്‍ ഡ്രസ്സില്‍പോലും കാണാം ഉത്തരേന്ത്യന്‍
കട്‌വര്‍ക്കോ എംബ്രോയ്ഡറിയോ. ഇന്ത്യന്‍ കുര്‍ത്തയോടൊപ്പം സ്റ്റൈലിഷ് ത്രീഫോര്‍ത്ത് ലെഗ്ഗിന്‍സ്. ജീന്‍സിനൊപ്പം കൈനിറയെ കുപ്പിവളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി കാറ്റ്‌വോക്ക് ചെയ്യുംപോലെ ഞങ്ങളെ കടന്നുപോയി. ബാന്ദ്ര മുംബൈയുടെ ഫാഷന്‍ ഹബ്ബാണ്. ലിങ്കിങ് റോഡിലും ഹില്‍റോഡിലും ഒരു കറക്കം. ടാക്‌സിയില്‍ നിന്നിറങ്ങിയ ഒരു യുവതി മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടന്നുവരുന്നു. മെറൂണ്‍ ടോപ്പും നീല ഡെനിം ഷോര്‍ട്‌സുമാണ് വസ്ത്രം. മുംബൈയില്‍ ആളുകളും ചലനങ്ങളില്‍പോലുമുണ്ട് ഒരു സൗന്ദര്യം... വടിവൊത്ത കാലുകള്‍, നീണ്ടുമെലിഞ്ഞ കൈകള്‍, മനോഹരമായ കഴുത്ത്... ''ഇവിടെ ബ്യൂട്ടീസ് ഇഷ്ടംപോലെയല്ലേ... നമുക്ക് കണ്ടു മടുത്തു.'' ഞങ്ങളുടെ ഡ്രൈവര്‍ പ്രദീപ് ഊറിച്ചിരിച്ചു. പ്രദീപ് അസ്സല്‍ മലയാളിയാണ്. കറകളഞ്ഞ കണ്ണൂര്‍കാരന്‍. പതിനെട്ട് വര്‍ഷമായി മുംബൈയിലെത്തിയിട്ട്. കണ്ടാല്‍ നാട്ടിന്റെ മട്ടൊന്നും തോന്നില്ല. മീശ കളഞ്ഞ് തനി ഹിന്ദി സ്‌റ്റൈലില്‍. നാട്ടുവര്‍ത്തമാനം പറഞ്ഞ് ഫോട്ടോഗ്രാഫര്‍ മധുരാജും പ്രദീപും ചങ്ങാതിമാരായി... 'എന്റെ കാറില്‍ ധാരാളം സെലിബ്രിറ്റികള്‍ യാത്ര ചെയ്യാറുണ്ട്. കലാഭവന്‍ മണി കുറേ ദിവസം ഉണ്ടായിരുന്നു. മണിച്ചേട്ടന്‍ ഇടയ്ക്ക് വിളിക്കും. നല്ല സ്‌നേഹമാണ്'' - കലാഭവന്‍ മണിയ്‌ക്കൊപ്പം നില്‍ക്കുന്ന പടം പ്രദീപ് കാണിച്ചുതന്നു.
സ്ട്രീറ്റ് ഫാഷന്റെ മറ്റൊരു ലോകമാണ് ലോക്കന്‍ വാല. ബ്രാന്റഡ് ബാഗുകളും വാച്ചും സണ്‍ഗ്ലാസും എല്ലാം മീഡിയം വിലയ്ക്ക് കിട്ടും. ഗുണനിലവാരം ഉറപ്പ്. ''ഇത് അപ്മാര്‍ക്കറ്റാണ്. ബോളിവുഡ്ഡിലെ ആര്‍ട്ടിസ്റ്റുകള്‍ ഈ ഭാഗത്താണ് താമസിക്കുന്നത്. അവരുടെ ഷോപ്പിങ് ഇവിടെയാണ്'' ജേണലിസ്റ്റായ ബീനമോഹന്‍ പറഞ്ഞുതന്നു.ലോക്കന്‍ വാലയിലെ ഒരു പ്രധാന ഷോപ്പിങ് സെന്ററാണ് കാമധേനു. 'ദി വിമന്‍സ് ഫാഷന്‍' അക്കൂട്ടത്തിലെ ഒരു കൊച്ചു കട. ''ഞാന്‍ സിനിമയ്ക്കുവേണ്ടി വസ്ത്രങ്ങള്‍ തയ്ക്കാറുണ്ട്''- ഷോപ്പുടമ സഞ്ജീവിന്റെ മുഖത്ത് എന്തൊരഭിമാനം! സിനിമ എന്ന വാക്കിന് മുംബൈവാലയുടെ മനസ്സിലുള്ള സ്ഥാനം അപ്പോഴാണ് ശരിക്കും പിടി കിട്ടിയത്.
സഞ്ജീവിന്റെ കടയിലേയ്ക്ക് ഒരു ഫാഷനബ്ള്‍ ലേഡി കയറിവന്നു. ബ്ലാക്ക് ജീന്‍സ്, ബ്ലാക്ക് ജാക്കറ്റ്, വൈറ്റ് ഇന്നര്‍, വൈറ്റ് ബാഗ്, ബ്ലാക്ക് ബൂട്‌സ്. വെളളി മൂക്കുത്തിയുമുണ്ട് സുന്ദരിയ്ക്ക്. കിട്ടിയ അവസരം പാഴാക്കാതെ മധുരാജ് ഒരു ഫോട്ടോയ്ക്ക് അനുവാദം തേടി. അവര്‍ മടിയില്ലാതെ പോസ് ചെയ്തു. സിറിയക്കാരിയാണ്! പേര് ഡോക്ടര്‍ ഹന്നാഡി. 'സോ ലൗവ്‌ലി കോസ്റ്റിയൂംസ്. ഐ റിയലി ലൗവ് ഫാഷന്‍ ഹിയര്‍.''
മുംബൈ യുവത്വത്തിന്റെ ആഘോഷം കാണാന്‍ ഞങ്ങളിറങ്ങി. സന്ധ്യയാവുന്നതോടെ മുംബൈയുടെ പള്‍സ് കൂടും. സര്‍വ്വത്ര ട്രാഫിക്ജാം. പാര്‍ട്ടികളില്‍ സമയത്തിന് എത്താനാവാതെ ആളുകള്‍ അസ്വസ്ഥരാവും. നൈറ്റ്‌ലൈഫിന്റെ ഉത്സവം. ''ഡിജെ പാര്‍ട്ടികള്‍ രാത്രി മുഴുവന്‍ നീളും. ഞങ്ങളാടിത്തിമര്‍ക്കും. ഡ്രിങ്ക്‌സും കൂട്ടുകാരും. രസമാണ്.'' ഒരു പാര്‍ട്ടിക്കിടയില്‍ പരിചയപ്പെട്ട നിതിന്‍ പറഞ്ഞു. ഫിരാങ്കി പാനി, ഹാര്‍ഡ് റോക്ക് കഫേ, ഹവായന്‍ ഷാക്ക്, ഇന്‍സോമ്‌നിയ, എനിഗ്മാ... നൈറ്റ്‌ലൈഫ് താവളങ്ങളില്‍ ചിലത്.
സമ്മര്‍ ലവ്
വേനലാണ് മുംബൈയിലും. ചുടു തുടങ്ങിയതോടെ ഒരുപാട് ഇളം നിറങ്ങള്‍ തെരുവിലെങ്ങും കാണാം. ഒഷിവാരയിലെ മെഗാ മാളിനുള്ളില്‍ നടിയും മോഡലുമായ ശ്വേതാ വിജയ് ഫോട്ടോഷൂട്ടിനൊരുങ്ങി.
ട. ഛഘകഢഋഞ ഷോറൂമാണ് ലൊക്കേഷന്‍. ''ഈ ഷോപ്പില്‍ ഞാന്‍ സ്ഥിരമായി വരാറുണ്ട്. കുറേ കാഷ്വല്‍സും ടോപ്‌സും വാങ്ങും. ബാന്ദ്രയിലെ ട്രസ്സ്‌മോഡില്‍ നല്ല ഷൂ കിട്ടും. ഹെയര്‍ ഫാഷനില്‍ വാഷ് ലുക്ക് ആണ് ട്രെന്‍ഡ്. മുടി കഴുകിയതുപോലിരിക്കും. വേനലില്‍ ഷോര്‍ട്‌സും ടീ ഷര്‍ട്ടും. തുറന്ന ലോങ് ഡ്രസ്സുകള്‍ ഈവനിങ് വെയറായി അണിയാം.'' ശ്വേതയുടെ പക്കല്‍ സമ്മര്‍ ഫാഷന്‍ ടിപ്‌സ് ഉണ്ട്.
സൗഹൃദത്തിന് ഒരു ബൂട്ടിക്
വില പിടിച്ച ഡിസൈനര്‍ ഡ്രസ്സുകള്‍ മാത്രമുള്ള ചെറു ഷോറൂമുകളാണ് ബൂട്ടിക്കുകള്‍. മുംബൈയില്‍ ബൂട്ടിക്കുകള്‍ ഇഷ്ടംപോലെ. സാന്താ
ക്രൂസില്‍ നാല് യുവതികള്‍ - റിക്‌സി, അമൃത, ശ്വേത, ടിങ്കി - ചേര്‍ന്ന് നടത്തുന്ന ഒരു ബ്യൂട്ടിക്കുണ്ട്. പേര് 'ആറ്റിക്'. അവരുടെ കഥയില്‍ ചില കൗതുകങ്ങളുമുണ്ട്. അതറിയാന്‍ ആറ്റിക്കിലേക്ക് പോയി. സ്‌റ്റോര്‍ മാനേജര്‍ അമൃത ഡെലിവാല പുഞ്ചിരി തൂകി ക്ഷണിച്ചു. 'ഞാനും റിക്‌സിയും ഉറ്റ ചങ്ങാതിമാരാണ്. അയല്‍പക്കക്കാര്‍. സത്യത്തില്‍ ഒരു കുടുംബം പോലെതന്നെ. എന്റെ അനുജത്തി ശ്വേതയും റിക്‌സിയുടെ അനിയത്തി ടിങ്കിയും കൂട്ടുകാരാണ്. ചെറുപ്പത്തിലേ ഞങ്ങള്‍ നാലുപേര്‍ക്കും ഫാഷനിലാണ് കമ്പം. വലുതായാല്‍ ഫാഷനില്‍ കരിയര്‍ കണ്ടെത്തണമെന്ന് ഞങ്ങള്‍ പറയുമായിരുന്നു.' കൂട്ടുകെട്ടിന്റെ വിജയമാണ് തങ്ങളുടെ ബിസിനസ്സെന്ന് അമൃത പറയുന്നു. റിക്‌സിയും ശ്വേതയുമാണ് ഡിസൈനര്‍മാര്‍. അമൃതയും ടിങ്കയും സ്റ്റോര്‍ മാനേജര്‍മാരും. ''റിക്‌സി ചകഎഠയിലാണ് പഠിച്ചത്. ഞാന്‍ സാഹിത്യ വിദ്യാര്‍ത്ഥിയും. ശ്വേതയുടെ പഠനം യു.എസിലായിരുന്നു. നാട്ടിലേക്ക് മടങ്ങിവന്ന ഒരു ദിവസം ശ്വേതയാണ് ബൂട്ടിക് എന്ന ആശയത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങള്‍ക്കാകെ ഹരമായി. കൂട്ടുകാരല്ലേ, എന്ത് പ്രശ്‌നവും പരിഹരിക്കാമല്ലോ. എന്തും പങ്കിടാമല്ലോ. ഞങ്ങളോര്‍ത്തു.'' അമൃതയും റിക്‌സിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മറ്റു രണ്ട് പെണ്‍കുട്ടികളും പുറത്ത് ബിസിനസ്സ് തിരക്കിലാണ്.
ഇളം മഞ്ഞ കഫ്താന്‍, കൗള്‍ നെക്ക് ടോപ്പ്, വണ്‍ഷോള്‍ഡര്‍ ഡ്രസ്സ്, ജമ്പ് സ്യൂട്ടുകള്‍... ശുദ്ധമായ പട്ടില്‍ പൂക്കള്‍ തയ്ച്ച കുറേ ഡിസൈനര്‍ സ്റ്റോളുകള്‍ നിവര്‍ത്തിയിട്ട് അമൃത സന്തോഷത്തോടെ പറഞ്ഞു ' ഇതെല്ലാം റിക്‌സിയുടെ ഡിസൈനുകളാണ്.' . അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ ചെറിയൊരു ഓളം ഇളകി.
'ഒന്നര വര്‍ഷമായിട്ടേയുള്ളൂ ആറ്റിക് തുറന്നിട്ട്. കസ്റ്റമേഴ്‌സ് ഇഷ്ടംപോലെയുണ്ട്. ആദ്യം ഞങ്ങള്‍ക്ക് ബിസിനസ് വിജയിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ ധൈര്യമായി. ഇനി സമാന്തരമായ പുതിയ ബൂട്ടിക്കുകള്‍ തുടങ്ങണം.'' കൂട്ടുകാരികള്‍ കൈകോര്‍ത്തു.
പുഞ്ചിരിക്കു പിന്നില്‍

ഇത് ഫാഷന്‍ ബിസിനസ്സിന്റെ മൃദുലമായ മുഖം മാത്രം. സിനിമയുമായും പരസ്യവ്യവസായവുമായും ബന്ധപ്പെട്ട ഒരുപാടുപേര്‍ ഇനിയുമുണ്ട് ഫാഷന്റെ അണിയറയില്‍. നടി പിങ്കി ഹിര്‍വാണിയുടെ ജീവിതം അതിലൊന്നുമാത്രം. ''ബോളിവുഡ്ഡില്‍ ഹീറോയിന്‍ ആവാനാണ് ഞാന്‍ മോഹിച്ചത്. പക്ഷെ എനിക്ക് കിട്ടിയതെല്ലാം സെക്കന്റ് ലീഡ് റോളുകള്‍മാത്രം.'' മോഹഭംഗങ്ങളുടെ ചവര്‍പ്പ് പുറത്ത് കാണാതിരിക്കാനാവണം; പിങ്കി മധുരമായി പുഞ്ചിരിച്ചു. 2004-ലെ 'ആലിബാബ ഔര്‍ ചാലീസ് ചോര്‍', വിക്രം ഭട്ടിന്റെ 'ലൈഫ് മെം കഭി കഭി', ദേവാനന്ദ് ലാഖിയയുടെ 2009-ല്‍ റിലീസായ 'ത്രീ നൈറ്റ്‌സ് ആന്‍ഡ് ഫോര്‍ ഡെയ്‌സ്'.അങ്ങിനെ ഏതാനും പടങ്ങള്‍ ''ഇനി വിവാഹം കഴിച്ച് കുടുംബമായി കഴിയാന്‍ പോവുകയാണ് ഞാന്‍, ബോളിവുഡില്‍ നിലനില്‍ക്കാനും മുന്‍നിരയിലെത്താനും വലിയ പ്രയാസം.'' അന്ധേരിയില്‍ പിങ്കിക്ക് സ്വന്തമായി രണ്ട് അപ്പാര്‍ട്ട്‌മെന്റ്‌സ്, ബാങ്കിങ്, ഷെയര്‍ ബ്രോക്കിങ്, ഫാമിലി ബിസിനസ് വേറെയും. ആഡംബര ജീവിതമാണ്.
പിങ്കി ഒരു പഴങ്കഥ പറഞ്ഞു. ''ഞാന്‍ ഡെന്മാര്‍ക്കിലാണ് ജനിച്ചത്. അച്ഛന്‍ ഫിനാന്‍സിങ് മേഖലയിലാണവിടെ. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ദേവാനന്ദ് ഷൂട്ടിങ്ങിനായവിടെയെത്തി. അദ്ദേഹത്തിന് ഒരു ഫിനാന്‍സറെ വേണം. അച്ഛന്‍ റെഡി. പക്ഷേ ഒരു കണ്ടീഷന്‍. എന്നെ നായികയാക്കണം. ദേവാനന്ദ് ചിരിച്ചു; ''ഇവര്‍ കുട്ടിയല്ലേ'. എന്റെ അഭിനയ മോഹം വീണുടഞ്ഞു അന്ന്.'' സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നിട്ടും പിങ്കി തകര്‍ന്ന സ്വപ്‌നങ്ങളെ താലോലിക്കുംപോലെ. പാവം തോന്നി.
മോഡലുകളാവാനും ഹീറോ നമ്പര്‍ വണ്‍ ആവാനും മോഹിച്ചെത്തുന്നവര്‍ ഈ സ്വപ്‌ന നഗരിയില്‍ നിരവധി. അവരിലെത്രയോ ചുരുക്കം പേരാണ് ശിരസുയര്‍ത്തുന്നത്.
പിങ്കി ഒരു പഴങ്കഥ പറഞ്ഞു. ''ഞാന്‍ ഡെന്മാര്‍ക്കിലാണ് ജനിച്ചത്. അച്ഛന്‍ ഫിനാന്‍സിങ് മേഖലയിലാണവിടെ. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ദേവാനന്ദ് ഷൂട്ടിങ്ങിനായവിടെയെത്തി. അദ്ദേഹത്തിന് ഒരു ഫിനാന്‍സറെ വേണം. അച്ഛന്‍ റെഡി. പക്ഷേ ഒരു കണ്ടീഷന്‍. എന്നെ നായികയാക്കണം. ദേവാനന്ദ് ചിരിച്ചു; ''ഇവര്‍ കുട്ടിയല്ലേ'. എന്റെ അഭിനയ മോഹം വീണുടഞ്ഞു അന്ന്.'' സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നിട്ടും പിങ്കി തകര്‍ന്ന സ്വപ്‌നങ്ങളെ താലോലിക്കുംപോലെ. പാവം തോന്നി.
മോഡലുകളാവാനും ഹീറോ നമ്പര്‍ വണ്‍ ആവാനും മോഹിച്ചെത്തുന്നവര്‍ ഈ സ്വപ്‌ന നഗരിയില്‍ നിരവധി. അവരിലെത്രയോ ചുരുക്കം പേരാണ് ശിരസുയര്‍ത്തുന്നത്.

NEWS LETTER
RSS











