MATHRUBHUMI RSS
Loading...

ഇവിടെ സ്ത്രീകള്‍ വില്പനക്കില്ല

ഐസ്‌ലാന്‍ഡ്. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ്. വിസ്തൃതി ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍. ജനസംഖ്യ വെറും 3.20 ലക്ഷം. പക്ഷേ, ലോകത്തെ വന്‍ ശക്തികളൊന്നും കാട്ടാത്ത ധൈര്യം ഈ കുഞ്ഞുരാജ്യം കാട്ടി. രാജ്യത്തെ എല്ലാ നഗ്നതാ ക്ലബ്ബുകളും അടച്ചു പൂട്ടാനുള്ള നിയമം അവര്‍ പാസ്സാക്കി. ലൈംഗിക വ്യാപാരം ഒരു വര്‍ഷം മുമ്പേ നിരോധിച്ചതാണിവിടെ. സ്ത്രീകളെ കടത്തുന്നത് തടയാന്‍ ശക്തമായ നടപടികളുമെടുത്തു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൊഹാന സിഗുറാര്‍ടോട്ടിര്‍.

മതപരമായ കാരണങ്ങളാലല്ലാതെ, സ്ത്രീ വാദത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാത്തരം ലൈംഗിക വ്യാപാരവും നിരോധിക്കുന്ന ആദ്യരാജ്യമായിരിക്കുകയാണ് ഇതോടെ ഐസ് ലാന്‍ഡ്. സ്ത്രീകളെ വില്പനച്ചരക്കാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായാണ് ദേശീയ പാര്‍ലമെന്റായ 'ആള്‍തിങ്ങി'ല്‍ കോള്‍ബണ്‍ ഹാള്‍ദോര്‍സ്‌ടോട്ടിന്‍ എന്ന രാഷ്്ട്രീയ നേതാവ് പുതിയ നിയമം അവതിരപ്പിച്ചത്. സ്ത്രീകള്‍ തുല്യ പൗരന്മാരാണ്, വിലയ്ക്കു വാങ്ങാനുള്ള വസ്തുക്കളല്ല എന്ന ശക്തമായ പ്രഖ്യാപനം.

ബിട്ടണും അമേരിക്കയും പോലെ ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്തത് എങ്ങനെ ഐസ് ലാന്‍ഡ് സാധിച്ചു? ഒന്നാമത്തെ കാര്യം അവിടുത്തെ പാര്‍ലമെന്റില്‍ പ കുതിയോളം സ്ത്രീകളാണ് എന്നതു തന്നെ. രാഷ്ട്രീയരംഗത്ത് ശക്തമായ സ്ത്രീസാന്നിധ്യമുണ്ടവിടെ. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ശക്തമാണ്. 130 ലോകരാജ്യങ്ങളുടെ ജന്‍ഡര്‍ ഗാപ് ഇന്‍ഡക്‌സില്‍ (സ്ത്രീ-പുരുഷ സമത്വ സൂചിക) നാലാം സ്ഥാനമാണ് ഐസ് ലാന്‍ഡിനുള്ളത്. നോര്‍വെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവ മാത്രമാണ് ഇതിനു മുകളിലുള്ള രാജ്യങ്ങള്‍. രാഷ്ട്രീയക്കാരില്‍ മൂന്നിലൊന്നിലേറെ സ്ത്രീകളാണെങ്കില്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് ഐസ് ലാന്‍ഡുകാര്‍ പറയുന്നത്. പിന്നെ, തീരുമാനങ്ങള്‍ സ്ത്രീപക്ഷത്തു നിന്നുള്ളവയായിരിക്കും. (അതുകൊണ്ടാവും നമ്മുടെ വനിതാ ബില്ലില്‍ സംവരണം മൂന്നിലൊന്നില്‍ കൂടേണ്ടെന്ന് തീരുമാനിച്ചത്.)

രണ്ടാമത്തെ കാര്യം, ലൈംഗിക വ്യാപാരവും നഗ്നതാ പ്രദര്‍ശനവും നിരോധിക്കണമോ എന്ന കാര്യത്തില്‍ അവിടെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്നതാണ്. ലൈംഗിക തൊഴില്‍ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ചെയ്യുന്നത്, ലൈംഗിക തൊഴിലാളികള്‍ ഇല്ലാതായാല്‍ പുരുഷന്മാരൊക്കെ അക്രമാസക്തരായി മറ്റ് സ്ത്രീകള്‍ക്കു നേരെ തിരിയും തുടങ്ങിയ വാദങ്ങളുമായി രംഗപ്രവേശം ചെയ്യാന്‍ അവിടെ അധികം ആളുണ്ടായില്ലെന്ന് ചുരുക്കം. 2007-ല്‍ നടത്തിയ അഭിപ്രായ വോട്ടടുപ്പില്‍ 82 % സ്ത്രീകളും 57 % പുരുഷന്മാരും ലൈംഗിക വ്യാപാരം കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 10 % പേര്‍ക്കു മാത്രമായിരുന്നു എതിരഭിപ്രായം.

Coalition Against Trafficking in Women എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ജാനീസ് റെയ്മണ്ട് പറയുന്നു,'ഈ വിജയം ഐസ് ലാന്‍ഡുകാരുടേത് മാത്രമല്ല. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ എതിര്‍ക്കുന്ന എല്ലാവരുടേതുമാണ്.'

ലോകത്ത് പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ഐസ് ലാന്‍ഡിന്. കുറെ വനിതാ എം.പിമാരും എം.എല്‍.എമാരും ഉണ്ടായതു കൊണ്ട് എന്തു ഫലമെന്ന് നിലവിളിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഐസ് ലാന്‍ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്് അറിയില്ല. അവര്‍ അറിയേണ്ട ചില കണക്കുകള്‍ ഇതാ:

ഇന്ത്യയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം 28 ലക്ഷം. ഇതില്‍ 36 ശതമാനം കുട്ടികളാണ്. രാജ്യസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കാണിത്. വനിതാ ശിശു ക്ഷേമ മന്ത്രാലയം നടത്തിയ പഠനമനുസരിച്ച് സ്ത്രീകള്‍ ഈ തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിന്റെ പ്രധാന കാരണം ദാരിദ്ര്യം തന്നെ. നിരക്ഷരത, തൊഴില്‍ വൈദഗ്ധ്യം ഇല്ലായ്മ, ദേശാടനം, മാതാപിതാക്കളുടെ മോശമായ പെരുമാറ്റം, ഭര്‍ത്താവിന്റെ ഉപേക്ഷിച്ചു പോകല്‍ എന്നിവയാണ് മറ്റു പ്രധാന കാരണങ്ങള്‍. ഇവരെ രക്ഷിക്കാന്‍ ഒരു ജൊഹാന എന്നാണവോ പിറക്കുക?

വാല്‍ക്കഷ്ണം:
ഐസ് ലാന്‍ഡിന്റെ പ്രധാനമന്ത്രി ജൊഹാന ലോകത്തെ ആദ്യത്തെ സ്വയം പ്രഖ്യാപിത സ്വവര്‍ഗ്ഗ പ്രേമിയായ രാഷ്ട്രമേധാവിയാണ്. 1978 മുതല്‍ പാര്‍ലമെന്റംഗമായ അവര്‍ രണ്ടുവട്ടം സാമൂഹ്യസുരക്ഷാമന്ത്രിയായിരുന്നു. 2009 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഈ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് രാജ്യത്തെ വ്യാപാര തൊഴിലാളികളുടെ സംഘടനയുടെ അധ്യക്ഷയായിരുന്നു.

susmithn@gmail.com