MATHRUBHUMI RSS
Loading...

തൊപ്പിക്കാരി അമ്മൂമ്മയും സ്‌നേഹത്തിന്റെ വണ്‍വേ ട്രാഫിക്കും


ഒരു തൊപ്പിക്കാരി അമ്മൂമ്മയുടെ കഥ പറയാം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു അടുത്ത വീട്ടിലെ തൊപ്പിക്കാരി അമ്മൂമ്മ. വീട്ടുമുറ്റത്തെ പ്ലാവിനു ചുവട്ടിലിട്ട കയറു വരിഞ്ഞ കട്ടിലിലാണ് പകലൊക്കെ തൊപ്പിക്കാരി അമ്മൂമ്മ ഉണ്ടാവുക. എപ്പോഴും തലയിലൊരു മങ്കിക്യാപ് കാണും. അങ്ങനെയാണ് ഞങ്ങള്‍ കുട്ടികള്‍ തൊപ്പിക്കാരി അമ്മൂമ്മ എന്നു പേരിട്ടത്. സാമാന്യം ഭേദപ്പെട്ട ടെറസ് വീടാണ് അമ്മൂമ്മയുടേത്. പക്ഷേ, അവര്‍ക്ക് അകത്തേക്ക് പ്രവേശനം രാത്രിയില്‍ മാത്രം. പുതുതായി പണിത വീടിന്റെ തറ നല്ല മിനുസമാണെന്നും അവിടെ നടന്നാല്‍ അമ്മൂമ്മ വീഴുമെന്നുമാണ് മകളുടെ ന്യായം. കട്ടിലിനു ചുവട്ടില്‍ കെട്ടിയിട്ട നായയ്ക്കും കട്ടിലിനു മുകളില്‍ കിടക്കുന്ന അമ്മൂമ്മയ്ക്കും സമയാസമയങ്ങളില്‍ ഭക്ഷണം അവിടെയെത്തും. രാത്രി അമ്മൂമ്മയുടെ കിടപ്പ് അര വരെ കിടപ്പുമുറിയിലും അരയ്ക്കു താഴോട്ട് കുളിമുറിയിലും ആയിട്ടാണെന്ന് അവരുടെ മകള്‍ പറഞ്ഞു തന്നെയാണ് ഞങ്ങളൊക്ക അറിഞ്ഞത്. രാത്രി അമ്മ കിടന്നു മൂത്രമൊഴിക്കും. വൃത്തിയാക്കാന്‍ കണ്ടുപിടിച്ച എളുപ്പ വഴിയാണ് ഈ കിടപ്പ്. (സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ളവരുമാണ് ഈ വീട്ടുകാര്‍).

അമ്മയെ ഇങ്ങനെ മുറ്റത്ത് കിടത്തുന്നതിനെ അയല്‍വാസികള്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ വീടിന്റെ പിന്നിലായി ഒരു ചായ്പു കെട്ടിയുണ്ടാക്കി കിടപ്പ് അങ്ങോട്ടു മാറ്റി. ഓല കൊണ്ടു മറച്ച ആ പുരയില്‍ കിടപ്പു തുടങ്ങിയതോടെ ഞങ്ങള്‍ കുട്ടികള്‍ക്ക് തൊപ്പിക്കാരി അമ്മൂമ്മയെ കാണാന്‍ പറ്റാതായി. അതോടെ രാത്രിയിലും വീട്ടിനുള്ളിലേക്ക് അമ്മൂമ്മയ്ക്ക് പ്രവേശനം ഇല്ലാതായി. അങ്ങനെയൊരു ദിവസം രാവിലെ 11 മണിയോടെ മകള്‍ രാവിലത്തെ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ അമ്മൂമ്മയ്ക്ക് അനക്കമില്ല. എല്ലാ ദുരിതങ്ങള്‍ക്കും സലാം പറഞ്ഞ് അമ്മൂമ്മ അങ്ങു പോയി. അമ്മൂമ്മയ്ക്ക് കൂട്ടു കിടന്നിരുന്ന നായ മാത്രം കുറച്ചു ദിവസം ഭക്ഷണം കഴിക്കാതെയും രാത്രി മുഴുവന്‍ ഓരിയിട്ടും സങ്കടം അറിയിച്ചു. പിന്നെ ഒരു ദിവസം അതിനെയും കാണാതെയായി.

സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യില്‍ ഒരു വാചകമുണ്ട്, നമ്മുടെ അപ്പനമ്മമാര്‍ക്ക് നമ്മള്‍ എന്താണോ കൊടുക്കുന്നത്, അതാണ് നമ്മുടെ മക്കള്‍ നമുക്ക് തിരികെ തരിക എന്ന്. കേള്‍ക്കുമ്പോള്‍ ആരും ഒന്നു ഞെട്ടിപ്പോകുന്ന വാചകം. അച്ഛനമ്മമാര്‍ക്ക് നമ്മള്‍ എന്തു കൊടുക്കുന്നു? എന്തു കൊടുത്താലും എത്ര കൊടുത്താലും അധികമാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പണവും സ്വര്‍ണ്ണവും വസ്ത്രവും ഒന്നും കൊടുക്കുന്ന കാര്യമല്ല പറയുന്നത്. സ്‌നേഹം, കരുതല്‍, പരിഗണന, അഭയം അങ്ങനെയുമുണ്ടല്ലോ ചിലതൊക്കെ.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു പറഞ്ഞു, ഈ സ്‌നേഹം എന്നു പറയുന്നത് ഒരു വണ്‍വേ ട്രാഫിക്കാണ്. നമ്മള്‍ മക്കളെ സ്‌നേഹിക്കും. അവര്‍ അവരുടെ മക്കളെ സ്‌നേഹിക്കും. ഒന്നും തിരികെ പ്രതീക്ഷിക്കരുത്. പക്ഷേ, അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ പറ്റുമോ അവരെ. എത്ര വര്‍ഷം നമുക്ക് വേണ്ടി അവര്‍ എന്തൊക്ക സഹിച്ചു? ഉറക്കമളച്ച രാത്രികള്‍, വേണ്ടെന്ന് വച്ച സുഖസൗകര്യങ്ങള്‍, ഉള്ളിലേറ്റിയ ആധികള്‍, ത്യജിച്ച സൗഭാഗ്യങ്ങള്‍ - കണക്ക് ചോദിക്കുന്നതു തന്നെ നെറികേട്. ശങ്കരാചാര്യര്‍ പറഞ്ഞു,

'ആസ്താം താവദീയം പ്രസൂതിസമയേ
ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയി
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ
ക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്‌കൃതിമുന്നതോപി തനയ-
സ്തസൈ്യ ജനനൈ്യ നമഃ '

അതിന് കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ പരിഭാഷ ഇങ്ങനെയാണ്

നില്ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും
കാലമേറും ചടപ്പും
പൊയ്‌ക്കോട്ടേ കൂട്ടിടേണ്ടാ, മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടു
ക്കുന്നതിന് കൂലി പോലും
തീര്‍ക്കാവതല്ലെത്ര യോഗ്യന്‍ മകനു,മതുനില
യ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍


ഗര്‍ഭവും പ്രസവവും അടക്കം മക്കള്‍ക്കു വേണ്ടി അമ്മ സഹിക്കുന്ന ക്ലേശങ്ങളില്‍ ഒന്നിന്റെ പോലും കടം വീട്ടാന്‍ എത്ര ഉന്നതനായ മകനും കഴിയില്ലെന്ന് ഒറ്റ വാചകത്തില്‍ വ്യാഖ്യാനിക്കാം. എന്നിട്ടും ഇപ്പോള്‍ കേള്‍ക്കുന്നതെന്തൊക്കയാണ്? അച്ഛനെയും അമ്മയെയും പറഞ്ഞു പറ്റിച്ച് സ്വത്തു മുഴുവന്‍ തട്ടിയെടുത്തിട്ട് അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന മക്കള്‍, അടിച്ചും ഇടിച്ചും വാര്‍ധക്യത്തെ കൈകാര്യം ചെയ്യുന്നവര്‍, ഭക്ഷണവും മരുന്നും കൊടുക്കാതെ പീഡിപ്പിക്കുന്നവര്‍ -അവിശ്വസനീയമെന്നു തോന്നിക്കുന്ന പലതും നമുക്കു ചുറ്റും നടക്കുന്നു.

കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 2001-ലെ സെന്‍സസ് പ്രകാരം 33.36 ലക്ഷമായിരുന്നു കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. അതേ സമയം കുട്ടികളുടെ എണ്ണം ആകെ ജനസംഖ്യയുടെ 26 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ പെട്ടതാണിത്. സംസ്ഥാനത്തിന് തന്നെ വയസ്സായി വരികയാണെന്ന് ചുരുക്കം. കണക്കില്‍ ഉള്ള ചെറുപ്പക്കാരില്‍ തന്നെ നല്ലൊരു പങ്ക് തൊഴിലന്വേഷിച്ച് അന്യ ദിക്കുകളിലേക്ക് ചേക്കേറുക കൂടി ചെയ്യുന്നതു കൊണ്ട് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനേ വഴിയുള്ളൂ.

ഈ പ്രായമായവര്‍ക്ക് നമ്മളെന്ത് കൊടുക്കാനാ എന്നായിരിക്കും ചോദ്യം. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നുണ്ട്, ഡോക്ടറെ കാണിക്കുന്നുണ്ട്, മരുന്ന് വാങ്ങിക്കൊടുക്കുന്നുണ്ട്, ഇതിനപ്പുറം എന്തു വേണം? വയസ്സായാല്‍ വല്ല ദിക്കിലും അടങ്ങിയിരുന്നാല്‍ പോരേ?

എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചിട്ട് ആറു മാസം ആകുന്നു. അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ പതിവായി വാങ്ങിക്കൊണ്ടു പോകേണ്ട ത് രണ്ടു കാര്യങ്ങളേയുള്ളൂ. കുറച്ച് നേന്ത്രപ്പഴം, കുറച്ച് നെല്ലിക്ക. നെല്ലിക്കച്ചമ്മന്തിയായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിന് പ്രിയപ്പെട്ട ഏക വിഭവം. അച്ഛന്റെ മരണം കഴിഞ്ഞ അടുത്ത തവണ വീട്ടിലേക്ക് പോകുമ്പോള്‍ ആലോചിച്ചു, എന്ത് വാങ്ങും? അമ്മയ്ക്ക എന്താണ് വാങ്ങിക്കൊടുക്കേണ്ടത്? അമ്മയ്ക്ക ഇഷ്ടപ്പെട്ടത് എന്താണ്? അമ്മയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേകിച്ച ഇഷ്ടമുള്ളതായി അതുവരെ പറഞ്ഞുകേട്ടിട്ടില്ല. അഥവാ അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്ന അതുവരെ അന്വേഷിച്ചിട്ടില്ല. സങ്കടം തോന്നി. അവരുടെ ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, ആശങ്കകള്‍ ഒക്കെ പങ്കുവയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അമ്മേ എന്നു വിളിക്കാന്‍ നമുക്ക് എന്തവകാശം?

വാര്‍ധക്യം പൊടുന്നനെ പൊട്ടിവീഴുന്ന ഒരു പ്രതിഭാസമല്ല. ഓരോ പ്രഭാതത്തിലും നാമെല്ലാം അതിലേക്ക് ഓരോ ചുവട് അടുത്തുകൊണ്ടിരിക്കുന്നു. എങ്കിലും അതിനെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ എല്ലാവര്‍ക്കും മടിയാണ്. വയസ്സായെന്ന് സമ്മതിക്കാന്‍ മനസ്സ് അനുവദിക്കാത്തതു പോലെ. വൃദ്ധസദനങ്ങളെ എല്ലാവരും തള്ളിപ്പറയുമെങ്കിലും ആത്മാഭിമാനത്തോടെ സുരക്ഷിതരായി കഴിയാന്‍ പറ്റുന്ന വൃദ്ധസദനങ്ങളല്ലേ പ്ലാവിന്‍ചുവട്ടിലെ കയറു കട്ടിലിനേക്കാള്‍ നല്ലത്. പക്ഷേ, ഇന്നു നമ്മുടെ നാട്ടിലുള്ള മിക്കവാറും വൃദ്ധസദനങ്ങളും ഒരുതരം ജയിലുകളാണ്. അവരുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച ജീവിക്കുന്ന അനുസരണയുള്ള ' കുട്ടികളെ'യാണ് അവര്‍ക്ക് ആവശ്യം. പ്രായം ചെന്നവര്‍ക്ക് അവരുടെ സ്വകാര്യതയും ഇഷ്ടാനിഷ്ടങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ കഴിയാന്‍ പറ്റുന്ന വൃദ്ധസദനങ്ങള്‍ ഉണ്ടാവട്ടെ. സ്വന്തം വീട്ടില്‍ കഴിയുന്നതിന്റെ എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടുതന്നെ സുരക്ഷിതമായും ക്ലേശങ്ങളില്‍ ഇല്ലാതെയും കഴിയാന്‍ എല്ലാ മുതിര്‍ന്നവര്‍ക്കും അവസരം ഉണ്ടാകട്ടെ. അതിനുമപ്പുറം സ്‌നേഹവും പരിഗണനയും അംഗീകാരവും ആസ്വദിച്ചുകൊണ്ട് ജീവിതസായാഹ്നം ചെലവിടാന്‍ ഭാഗ്യമുണ്ടാകട്ടെ. ഒരു തൊപ്പിക്കാരി അമ്മൂമ്മയും അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ജീവതം അവസാനിപ്പിക്കാതിരിക്കട്ടെ.

susmithn@gmail.com