MATHRUBHUMI RSS
Loading...

അമ്മത്തൊട്ടില്‍

വര്‍ഷം മൂന്നോ നാലോ കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് വിളിച്ചത്. അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. രണ്ടു മക്കളുടെ അമ്മയായ അവള്‍ എന്തിനിങ്ങനെയൊരു കടുംകൈ ചെയ്യണം എന്നായിരുന്നു ആദ്യം ഉദിച്ച സംശയം. കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ആസ്​പത്രിയില്‍ അടുത്ത ദിവസം പിറന്നു വീണ ഒരു കുഞ്ഞിനെയാണ് ഉപേക്ഷിക്കേണ്ടത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഒരു നിര്‍ഭാഗ്യവതിയാണ് അമ്മ. അവിടെ വച്ച് പരിചയപ്പെട്ട ഒരാളെ സനേഹിച്ച് വിവാഹം കഴിച്ചു എന്നൊരു തെറ്റ് മാത്രമെ ആ പെണ്‍കുട്ടി ചെയ്തിരുന്നുള്ളൂ. രണ്ടുപേരും വ്യത്യസ്ത മതക്കാരായതു കൊണ്ട് വീട്ടുകാര്‍ അറിയാതെ ആയിരുന്നു കല്യാണം. പെണ്‍കുട്ടി ഗര്‍ഭിണി ആയപ്പോള്‍ പ്രസവത്തിന് നാട്ടിലേക്ക് പൊയ്‌ക്കോളാന്‍ നിര്‍ദ്ദേശിച്ചത് ഭര്‍ത്താവ് തന്നെയാണ്. തത്കാലം ഏതെങ്കിലും ലേഡീസ് ഹോസ്റ്റലില്‍ താമസിക്കാമെന്നും പ്രസവം അടുക്കുമ്പോഴേക്കും താന്‍ എത്തിക്കോളാമെന്നും അയാള്‍ പറഞ്ഞു.

പെണ്‍കുട്ടി നാട്ടിലെത്തി ആദ്യത്തെ ഒരു മാസം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നെ അയാളുടെ ഒരു വിവരവുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ജോലി സ്ഥലത്തും താമസസ്ഥലത്തും കാണാനില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഏറെ അന്വേഷണങ്ങള്‍ക്കു ശേഷം പുതിയൊരു താവളത്തില്‍ കൂട്ടൂകാര്‍ അയാളെ കണ്ടെത്തി. അവളുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും എടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു അപ്പോഴേക്കും അയാളുടെ നിലപാട്. ആവശ്യമായ യാത്രാ രേഖകളൊന്നുമില്ലാതെ വിദേശത്ത് കഴിഞ്ഞു കൂടിയിരുന്ന അയാള്‍ക്ക് അവള്‍ സുരക്ഷിതമായ ഒരു താവളം മാത്രമായിരുന്നുവെന്ന് അപ്പോഴാണ് കൂട്ടുകാര്‍ പോലും മനസ്സിലാക്കുന്നത്. വിദേശത്തു വച്ച് കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ കല്യാണത്തിന് നിയമപരമായി ഒരു സാധുതയും ഇല്ലായിരുന്നതു കൊണ്ടു തന്നെ പെണ്‍കുട്ടി നിസ്സഹായയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അവരും കൈമലര്‍ത്തി. പൂര്‍ണ്ണഗര്‍ഭിണിയായ പെണ്‍കുട്ടി ഒറ്റക്ക്. കയ്യില്‍ നയാപൈസയില്ല. (ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലും വിദേശത്തു വച്ചു തന്നെ ഭര്‍ത്താവ് ഊരി വാങ്ങിയിരുന്നു.) ഒടുവില്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ നടത്തിപ്പുകാരുടെ സഹായത്തോടെ ആസ്​പത്രയില്‍ എത്തിയതാണ്. പെണ്‍കുട്ടിയുടെ ചേട്ടനെയും അവര്‍ വിവരം അറിയിച്ചു.

ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കൃഷിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഒരു പാവം മനുഷ്യന്‍. മൂന്ന് അനിയത്തിമാരെയും അമ്മയെയും സംരക്ഷിക്കാന്‍ വേണ്ടി ജീവിതം മാറ്റിവച്ച ഒരാള്‍. അനിയത്തി വിദേശത്ത് ജോലികിട്ടി പോയപ്പോള്‍ കുടുംബം രക്ഷപ്പെട്ടു എന്നു കരുതി ആശ്വസിച്ചയാള്‍. തന്റെ കുഞ്ഞനിയത്തി എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥ അറിഞ്ഞപ്പോള്‍ കരയാന്‍ മാത്രമെ ആ മനുഷ്യന് കഴിയുന്നുള്ളൂ. അനിയത്തിയെ കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ തയ്യാറാണ്. പക്ഷേ കുഞ്ഞിനെ എന്തു ചെയ്യും? വീട്ടിലേക്ക് കൊണ്ടുപോയാല്‍ വിവാഹപ്രായം എത്തി നില്‍ക്കുന്ന രണ്ടനിയത്തിമാരുടെ ജീവിതം പ്രതിസന്ധിയിലാവും. അങ്ങനെയാണ് കുഞ്ഞിനെ എവിടെയെങ്കിലും സുരക്ഷിതമായി ഉപേക്ഷിച്ച് അനിയത്തിയെ കൊണ്ടു പോകാന്‍ ആ മനുഷ്യന്‍ തീരുമാനിക്കുന്നത്.

ഇക്കഥയൊക്കെ കേട്ടപ്പോള്‍ ഇവരെയൊന്ന് പോയി കാണണമെന്ന് തോന്നി. ആസ്​പത്രിയില്‍ ചെല്ലുമ്പോള്‍ തോരാത്ത കണ്ണുനീരുമായി കുഞ്ഞിനെ മാറോട് ചേര്‍ത്തിരിക്കുകയാണ് ആ പെണ്‍കുട്ടി. അന്നു രാത്രി ചേട്ടന്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുമെന്നാണ് ധാരണ. പലതും ചോദിച്ചിട്ടും അവള്‍ ഒരു മറുപടിയും പറഞ്ഞില്ല. കണ്ണുനീരു മാത്രമായിരുന്നു ഉത്തരം. ഒന്നുമറിയാതെ ശാന്തമായുറങ്ങുന്ന പെണ്‍കുഞ്ഞ്. ഇവളെ നിങ്ങളെങ്ങനെ ഉപേക്ഷിക്കുമെന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്ലാതെ ഞാന്‍ എന്തു ചെയ്യുമെന്ന് ചോദിക്കുമ്പോള്‍ ആ സഹോദരനും പൊട്ടിക്കരയുകയായിരുന്നു. തിരികെ വീട്ടില്‍ എത്തിയിട്ടും ആകെയൊരു ശ്വാസം മുട്ടല്‍. ഈ രാത്രി കഴിഞ്ഞാല്‍ ഒരിക്കലും ആ ഓമനക്കുഞ്ഞ് അമ്മിഞ്ഞപ്പാല്‍ കുടിക്കില്ല. അമ്മയുടെ നെഞ്ചിന്റെ ചൂടറിയില്ല. ആ ചുണ്ടുകളില്‍ വിരിയുന്ന ആദ്യത്തെ പുഞ്ചിരി ആ അമ്മ ഒരിക്കലും കാണില്ല. രാത്രി മുഴുവന്‍ എന്റെ മകനെ ചേര്‍ത്തു പിടിച്ച് ഉറങ്ങാതെ കിടന്നു. നിസ്സഹായരായ ആയിരക്കണക്കിന് അമ്മമാരുടെ കരച്ചില്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നതു പോലെ. ഈ രാത്രിയെ അതിജീവിക്കാന്‍ ആ അമ്മക്ക് കഴിയണേ എന്ന പ്രാര്‍ഥന മാത്രമായിരുന്നു മനസ്സില്‍.

പുലര്‍ച്ചേ ഫോണ്‍ മുഴങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞത് അശുഭ വിചാരങ്ങളായിരുന്നു. ഫോണില്‍ ആ പെണ്‍കുട്ടിയുടെ സഹോദരനാണ്. 'എന്തായി', ചോദിക്കുമ്പോള്‍ എന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. 'ഞാന്‍ കുഞ്ഞിനെ കളഞ്ഞില്ല മാഡം. കളഞ്ഞാല്‍ പിന്നെ അവള്‍ ജീവിച്ചിരിക്കില്ല. എനിക്കെന്റെ അനിയത്തിയെ കൊല്ലാന്‍ വയ്യ. എങ്ങനെയെങ്കിലും കുറച്ചു കാലം ഞാനവളെ നോക്കിക്കോളാം. പിന്നെ അവള്‍ പണിയെടുത്ത് കുട്ടിയെ വളര്‍ത്തട്ടെ. അവള്‍ക്ക് താമസിക്കാന്‍ ഒരു വീട് കണ്ടുപിടിക്കണം. അമ്മയെ ഇവിടെ കൊണ്ടുവന്നു നിര്‍ത്താം. നാട്ടിലാരും അറിയാതിരുന്നാല്‍ മതിയല്ലോ,' ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ എനിക്കു കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യമുണ്ട്. അയ്യായിരം രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മലയാളിയുടെ സ്വകാര്യ വര്‍ത്തമാനങ്ങളിലെ വില്ലത്തി. തിരുവനന്തപുരത്തെ എസ്.എ ടി. ആസ്​പത്രിയില്‍ ജനിച്ച കുഞ്ഞ്. അവിവാഹിതയായ, 40 വയസ്സ് കഴിഞ്ഞ അമ്മ. ആസ്​പത്രിയിലെ ഒരു ജീവനക്കാരിയുടെ നിര്‍ദ്ദേശപ്രകാരമാണത്രേ അവര്‍ ആ കച്ചവടം നടത്തിയത്. ഏതാനം ദിവസം കഴിഞ്ഞപ്പോള്‍ അമ്മക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് തോന്നല്‍. ഇടനിലക്കാരോട് കുഞ്ഞിനെ തിരികെ ചോദിക്കാന്‍ ചെന്നപ്പോള്‍ തര്‍ക്കമായി, ബഹളമായി. അങ്ങിനെയാണ് സംഭവം പുറംലോകമറിഞ്ഞത്്. പോറ്റാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്ന് കരഞ്ഞു പറഞ്ഞ അമ്മയെ ചാനലുകള്‍ ആഘോഷിച്ചു. അമ്മയുടെ പേരില്‍ കേസ്സെടുത്ത് പോലീസ് കര്‍മ്മവീര്യം തെളിയിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കുട്ടിയെ വാങ്ങിയവര്‍ക്കെതിരെയോ ഇടനിലക്കാര്‍ക്കെതിരെയോ കേസ്സെടുക്കാന്‍ നിവൃത്തിയില്ലെന്നും പോലീസ് പറഞ്ഞു. ചുരുക്കത്തില്‍ ദാരിദ്ര്യം കൊണ്ടോ സമൂഹത്തെ ഭയന്നോ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന ആ അമ്മ മാത്രം കുറ്റക്കാരിയായി. ആ കുഞ്ഞിനെ സൃഷ്ടിച്ച പുരുഷനും വില്‍ക്കാന്‍ ഇടനില നിന്നവരും വാങ്ങിയവരും (അവരും നിസ്സഹായരായ ഏതെങ്കിലും ദമ്പതിമാരായിരുന്നിരിക്കണം) എല്ലാം സമൂഹത്തിനു മുന്നില്‍ മാന്യരായി തുടരുന്നു.

ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കായി സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇതുവരെ കിട്ടിയത് നൂറിെേല കുട്ടികളെയാണ്. ജന്മം നല്‍കിയവര്‍ക്ക് വേണ്ടാതായ ജീവനുകള്‍. പക്ഷേ, ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഓരോ കുഞ്ഞിനെയും ഓര്‍ത്ത് കരയാതെ കരയുന്ന അമ്മമാര്‍ ഇവിടെ എവിടെയോ തന്നെ ഉണ്ടാവില്ലേ? വളര്‍ത്താന്‍ പണമില്ലാത്തതുകൊണ്ട് ഉപേക്ഷിച്ചവരുണ്ടാകും. സമൂഹത്തിന്റെ മുന്നില്‍ കാണിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഉപേക്ഷിച്ചവരുണ്ടാകും. രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഉപേക്ഷിച്ചവരും ഉണ്ടാകും. (അമ്മത്തൊട്ടിലില്‍ കിട്ടിയ ഹൃദ്രോഗിയായ ഒരു കുഞ്ഞിനൊപ്പം അതുവരെയുള്ള ചികിത്സാ രേഖകളും ഉണ്ടായിരുന്നു.) കാരണം എന്തായാലും ഓരോ അമ്മയും ആ കുഞ്ഞിനെയോര്‍ത്ത് എത്ര കണ്ണീരൊഴുക്കിക്കാണും. സൂതപുത്രനെന്ന് വിളിക്കപ്പെട്ട കര്‍ണ്ണനെയോര്‍ത്ത് കണ്ണീരുകുടിച്ച കുന്തീദേവിയെപ്പോലെ.

susmithn@gmail.com