MATHRUBHUMI RSS
Loading...
കളിപ്പാട്ടമായ് കണ്‍മണി...
ഡോ. സുരേഷ് എസ്. വടക്കേടം

കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ആറുമാസമുള്ള കുട്ടിക്ക് ചരടില്‍ വലിച്ചുകൊണ്ട് നടക്കുന്ന വണ്ടികളോ പിസ്റ്റളോ പോലുള്ള കളിപ്പാട്ടങ്ങള്‍ യോജിക്കില്ല. ആറുമാസത്തില്‍ താഴെയുള്ളവര്‍ക്ക് നല്ല നിറങ്ങളുള്ള, അമര്‍ത്തിയാല്‍ ശബ്ദം പുറപ്പെടുവിക്കുന്ന തിളക്കവും കിലുക്കവുമുള്ളവ ഇഷ്ടമാവും. ഒത്തിരി വലുതും ദൃഢവുമായവയെക്കാള്‍ നേര്‍ത്തതും മൃദുലവുമായവ(soft toys) ആണ് രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്ലത്.

നഴ്‌സറി പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളോടും തോക്ക്, പിസ്റ്റള്‍, വലിയ പന്ത് എന്നിവയോടുമാണ് കമ്പമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പാവകള്‍ (barbie), ഗൃഹോപകരണങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ചുള്ള കളികള്‍ (role play) എന്നിവയിലാണ് താത്പര്യം. കൈയില്‍ കിട്ടുന്ന എന്തും വായില്‍ വെക്കുന്ന സ്വഭാവമുള്ള പ്രായത്തില്‍ (മൂന്നു വയസ്സില്‍ താഴെ) വളരെ ചെറിയ ഭാഗങ്ങളോടുകൂടിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. പാവയുടെ കണ്ണ്, ഉടുപ്പിന്റെ ബട്ടണ്‍സ് തുടങ്ങിയവ എളുപ്പത്തില്‍ തൊണ്ടയിലോ ശ്വാസനാളിയിലോ കുരുങ്ങുകയും കുഞ്ഞിന് അപകടം സംഭവിക്കുകയും ചെയ്യാം. നീണ്ട നൂലോടുകൂടിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. കഴുത്തില്‍ അറിയാതെ കുരുങ്ങാന്‍ സാധ്യതയുണ്ട്. എട്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. ദൃഢമായി നിര്‍മിക്കപ്പെട്ടവയും കൂര്‍ത്ത മുനകളും വശങ്ങളും ഇല്ലാത്തവയുമായ കളിപ്പാട്ടങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം.

അമര്‍ത്തുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുന്ന കളിപ്പാട്ടങ്ങള്‍ കാതിന് ദോഷമുണ്ടാവാത്ത അകലത്തില്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുക. കളിപ്പാട്ട നിര്‍മാണ വസ്തുക്കള്‍ (പ്ലാസ്റ്റിക്, റബ്ബര്‍, തുണി മുതലായവ) ശരീരത്തിന് ഹാനികരമല്ലാത്തവയാണെന്ന് ഉറപ്പാക്കണം. നനഞ്ഞാല്‍ ചായം ഇളകുന്നവ കുഞ്ഞ് വായില്‍ വെച്ചാല്‍ ദോഷമാണ്.

ആസ്ത്മ, അലര്‍ജി ഇവയുള്ള കുട്ടികള്‍ രോമാവൃതമോ (stuffed toys) നേര്‍ത്ത തുണി, വെല്‍വെറ്റ്, സാറ്റിന്‍ തുടങ്ങിയവയാല്‍ നിര്‍മിതമായതോ ആയ കളിപ്പാട്ടങ്ങള്‍ (teddy bear, dog) ഒഴിവാക്കുക. ഇവയില്‍ അടിഞ്ഞിരിക്കുന്ന പൊടി ആസ്ത്മയ്ക്കും ശ്വാസംമുട്ടലിനും കാരണമാവാം.