MATHRUBHUMI RSS
Loading...
ഉണ്ണീ ഉറങ്ങുറങ്ങ്...
ഡോ.ബി.പത്മകുമാര്‍

ജനിച്ചയുടനെയുള്ള ദിവസങ്ങളില്‍ കുഞ്ഞ് 24 മണിക്കൂറും ഉറക്കമാവും. ഒരാഴ്ചയാകുമ്പോള്‍ അത് 16 മണിക്കൂറായി കുറയും...


ഈണത്തില്‍ മൂളുന്ന ഒരു താരാട്ടുമതി കുഞ്ഞ് സുഖമായി ഉറങ്ങുവാന്‍. എന്നാല്‍ ശൈശവം പിന്നിടുമ്പോള്‍ കുട്ടികളില്‍ ഉറക്കക്കുറവും മറ്റു നിദ്രാവൈകല്യങ്ങളും കണ്ടുതുടങ്ങാം.

ഓരോ പ്രായത്തിലും കുട്ടികള്‍ ഉറങ്ങുന്ന സമയത്തില്‍ വ്യത്യാസമുണ്ട്. ജനിച്ചയുടനെയുള്ള ദിവസങ്ങളില്‍ കുഞ്ഞ് 24 മണിക്കൂറും ഉറക്കമാവും. ഒരാഴ്ചയാകുമ്പോഴേക്കും 16 മണിക്കൂര്‍ നേരമാണ് ഉറങ്ങുന്നത്. ഒരു മാസമാകുമ്പോള്‍ 15 മണിക്കൂറും ഒരു വയസ്സാകുമ്പോള്‍ 13 മണിക്കൂറുമായി ഉറക്കം കുറയും. പത്തു വയസ്സാകുമ്പോള്‍ 10 മണിക്കൂറും പതിനെട്ടു വയസ്സാകുമ്പോള്‍ 8 മണിക്കൂറും ഉറക്കം മതിയാകും.

ഉറക്കം കുറയുമ്പോള്‍

നവജാത ശിശുവിന് ഉറക്കം കുറയുന്നതിന്റെ പ്രധാന കാരണം ശാരീരിക അസ്വസ്ഥതകളും പ്രതികൂല ചുറ്റുപാടുകളുമാണ്. വിശപ്പ്, തണുപ്പ്, ചൂട്, വേദന, രോഗങ്ങള്‍ ഇവയൊക്കെ കുഞ്ഞിന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയെന്നു വരാം. അപരിചിതരുടെ സാന്നിധ്യവും ബഹളമയമായ അന്തരീക്ഷവുമൊക്കെ ഉറക്കത്തിനു ഭംഗം വരുത്താം. പരിചയിച്ച ശീലങ്ങളിലുണ്ടാകുന്ന വ്യത്യാസവും ഉറക്കക്കുറവിനിടയാക്കാം. തൊട്ടിലില്‍ കിടത്തി ആട്ടിയാല്‍ മാത്രം ഉറങ്ങുന്ന കുഞ്ഞും മുല കുടിച്ച് ഉറങ്ങുന്ന കുഞ്ഞുമൊക്കെ ശീലങ്ങളില്‍ മാറ്റമുണ്ടായാല്‍ അസ്വസ്ഥരാവാം.

ഉറക്കക്കൂടുതലും പ്രശ്‌നം

ഉറക്കക്കുറവുപോലെതന്നെ മറ്റു ചില കുട്ടികളുടെ പ്രശ്‌നം ഉറക്കക്കൂടുതലാണ്. എത്ര ഉറങ്ങിയാലും മതിവരാത്ത അവസ്ഥയാണിത്. കുഞ്ഞുങ്ങള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുമ്പോഴാണ് ഉറക്കം കൂടുന്നത്. അതോടൊപ്പംതന്നെ ശാരീരിക ക്ഷീണവും സമീകൃതമായ ഭക്ഷണത്തിന്റെ അഭാവവും ഉറക്കത്തെ ദീര്‍ഘിപ്പിക്കും. കുട്ടികളുടെ ഉറക്കക്കൂടുതലിന്റെ മറ്റൊരു കാരണം അലസതയും മടിയുമാണ്. പുസ്തകം കൈയിലെടുക്കുമ്പോള്‍ ഉറക്കം വരുന്ന കുട്ടിയെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാം.

ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതാണ് കുട്ടികളില്‍ ഉറക്കത്തില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ആണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇതിനൊരു പരിധിവരെ പാരമ്പര്യ സ്വഭാവമുണ്ട്. മൂത്രത്തിലെ അണുബാധ, നാഡീഞരമ്പുകളുടെ തകരാറുകള്‍, ജന്മനായുള്ള ഘടനാവൈകല്യങ്ങള്‍ തുടങ്ങിയവ അപൂര്‍വമായി കാരണമാകാറുണ്ട്. മനഃശാസ്ത്രപരമായ കൗണ്‍സലിങ്ങും രോഗമെന്തെങ്കിലുമുണ്ടെങ്കില്‍ അതിനുള്ള ചികിത്സയുമാണ് ഇതിന് പരിഹാരം.

പാരമ്പര്യ സ്വഭാവമുള്ള മറ്റൊരു പ്രശ്‌നമാണ് ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്ന സ്വഭാവം. ഉറങ്ങി ഒന്നു രണ്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് ഇങ്ങനെയുണ്ടാവുക. ഈ സമയത്ത് കുട്ടി പരിചിതമായ സ്ഥലങ്ങളില്‍ മുട്ടിവീഴാതെ നടക്കുമെങ്കിലും ശരിയായ ബോധാവസ്ഥയിലായിരിക്കുകയില്ല. മുറി തുറന്നു കിടക്കുകയാണെങ്കില്‍ പുറത്തിറങ്ങി ബാല്‍ക്കണിയില്‍നിന്നും ജനലില്‍നിന്നും താഴെ വീണ് അപകടമുണ്ടാകാം. അതുകൊണ്ട് ഈ സ്വഭാവമുള്ള കുട്ടികള്‍ ഉറങ്ങുന്ന മുറിയിലെ വാതിലുകള്‍ അടച്ചിടാന്‍ ശ്രദ്ധിക്കണം.

ഉറക്കത്തിലെ പല്ലുകടിയാണ് മറ്റൊരു പ്രശ്‌നം. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളായിരിക്കും ഇതിന്റെ പിന്നില്‍. പ്രായം കൂടുന്തോറും ഈ പ്രശ്‌നം അപ്രത്യക്ഷമാവുകയാണ് പതിവ്. കുട്ടികളില്‍ വിരബാധയാണ് ഇതിനു കാരണമെന്ന് പരക്കെയൊരു ധാരണയുണ്ട്. എന്നാല്‍ ഈ വിശ്വാസത്തിന് ശാസ്ത്രീയാടിസ്ഥാനമില്ല.

മനസ്സിനും ശരീരത്തിനും വിശ്രമം കിട്ടാന്‍ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. നിദ്രാവൈകല്യങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെതന്നെ ബാധിക്കുവാനിടയുണ്ട്. ഉറക്കത്തിലെ അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.