MATHRUBHUMI RSS
Loading...
കാന്‍സര്‍ കുഞ്ഞുപ്രായത്തില്‍
ആര്‍.കെ.ബിജുരാജ്‌

ശരിയായ സമയത്ത് ഫലപ്രദമായി ചികിത്സിച്ചാല്‍ കുട്ടികളിലെ കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാം. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍...


അല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ മൂന്നുവയസുകാരന്‍ ജിഷ്ണുവിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. പക്ഷേ, അച്ഛനമ്മമാര്‍ക്ക് തെറ്റി. കുഞ്ഞിന്റെ വയര്‍ വീര്‍ത്തുവന്നപ്പോള്‍ അവര്‍ കരുതിയത് വായുസംബന്ധമായ അസുഖമാണെന്നാണ്. അതിനു ചികിത്സിച്ചു. കുറേ മരുന്നുകള്‍ നല്‍കി. പക്ഷേ, വയര്‍ വീര്‍ത്തു വീര്‍ത്തുവന്നു. ഒടുവില്‍, കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകി. കോട്ടയം മണ്ണാര്‍ക്കാട്ടു സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ ഏക ആണ്‍തരി വിട്ടുപോയതിന്റെ തീരാ ദുഃഖത്തിലാണ്.

ജിഷ്ണുവിന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട. കുട്ടിക്ക് ശരിയായ ചികിത്സ നല്‍കാന്‍ വൈകിയതിന് ന്യായീകരണമുണ്ട്.''ഞങ്ങള്‍ക്കറിയില്ലായിരുന്നു കാന്‍സര്‍ കുട്ടികളെ ബാധിക്കുമെന്ന്. മുതിര്‍ന്നവര്‍ക്ക് മാത്രം വരുന്ന രോഗമാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. മകന് വന്നപ്പോള്‍ മാത്രമാണ് ദൈവം ഇങ്ങനെയും ക്രൂരത കാട്ടുമെന്ന് അറിഞ്ഞത്'', ജിഷ്ണുവിന്റെ അച്ഛന്റെ കണ്ണുനിറഞ്ഞൊഴുകി.

കാന്‍സറിനെപ്പറ്റി അജ്ഞരാണ് പൊതു സമൂഹം. മുമ്പെന്നത്തേക്കാള്‍ കുട്ടികളിലും അര്‍ബുദം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പം അറിവും ജാഗ്രതയുമുണ്ടെങ്കില്‍ കാന്‍സറിന് വിട്ടുകൊടുക്കാതെ, കുട്ടികള്‍ക്ക് നിറമുള്ള ജീവിതം തിരിച്ചു നല്‍കാം.

കുട്ടികളിലെ കാന്‍സര്‍

സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികളുടെ മരണത്തിന് ഇപ്പോള്‍ കൂടുതല്‍ കാരണമാവുന്നത് കാന്‍സറാണ്. എന്നാല്‍ വലുതായി ആശങ്കപ്പെടേണ്ടതുമില്ല. മൊത്തത്തിലുള്ള കാന്‍സര്‍ രോഗികളില്‍ രണ്ട് ശതമാനം മാത്രമാണ് കുട്ടികള്‍.

സാധാരണ മൂന്ന് തരത്തിലുള്ള കാന്‍സറുകളാണ് കുട്ടികളില്‍ കണ്ടുവരുന്നത്. രക്താര്‍ബുദം(ലുക്കീമിയ/ബ്ലഡ് കാന്‍സര്‍) ആണ് സര്‍വസാധാരണമായത്. രണ്ടാമതായി കാണപ്പെടുന്നത് തലച്ചോറിലെ മുഴകളാണ് (ബ്രെയിന്‍ ട്യൂമര്‍). അവയവങ്ങള്‍ക്ക് (ലിംഫോമ) വരുന്ന കാന്‍സറാണ് മൂന്നാമത്തെ വിഭാഗം. വൃക്കയിലും നാഡിയിലും ബാധിക്കുന്ന മറ്റ് കാന്‍സറുകളും അപൂര്‍വമായി കണ്ടുവരുന്നു. ഇതില്‍ ബ്രെയിന്‍ ട്യൂമര്‍ ഒഴിച്ച് മറ്റെല്ലാം പൂര്‍ണമായി മാറും. ബ്രെയിന്‍ ട്യൂമറും തുടക്കഘട്ടത്തിലാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാം. കുട്ടികളെ ബാധിക്കുന്ന കാന്‍സറിന്റെ 60-80 ശതമാനം കാന്‍സറും ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ പൂര്‍ണമായി മാറും. രോഗം കണ്ടുപിടിക്കാനുള്ള താമസമാണ് പലപ്പോഴും കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമാവുന്നത്.

രോഗലക്ഷണങ്ങള്‍

കുട്ടികളിലെ അര്‍ബുദ ബാധയുടെ ലക്ഷണങ്ങള്‍ പലതാണ്. വിട്ടുമാറാത്ത പനി, അസഹനീയമായ ശരീരവേദന, മൂക്കിലൂടെയുള്ള രക്തപ്രവാഹം, തലകറക്കം, കുഴഞ്ഞു വീഴല്‍, വയര്‍ വീര്‍ക്കല്‍, ശരീരത്തിലെ തടിപ്പ് തുടങ്ങി പല രീതിയിലാവും രോഗത്തിന്റെ തുടക്കം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കുമുണ്ട്. അതിനാല്‍ അനാവശ്യ ഭീതി ആവശ്യമില്ലെന്ന് കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. കെ. പവിത്രന്‍ പറയുന്നു. ഇത്തരം ലക്ഷണം കണ്ടാല്‍ ഉടനെ കാന്‍സര്‍ ചികിത്സാഡോക്ടറുടെ അടുക്കല്‍ എത്തേണ്ട ആവശ്യമില്ല.

കുട്ടിയെ കരിച്ചുണക്കില്ല

എറണാകുളത്ത് പ്ലസ് ടു അധ്യാപകനായ സുരേഷിന്റെ മകന് കാന്‍സര്‍ വന്നത് മൂക്കിലാണ്. ആദ്യം ദശ വളരുന്നതുപോലെയായിരുന്നു. പിന്നെ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ''ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷന് കണക്കില്ല. കുട്ടി രക്ഷപ്പെടില്ലെന്നാണ് മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. വലിയ വിഷമമായിരുന്നു. ഞങ്ങള്‍ കരുതിയത് ശക്തമായ റേഡിയേഷന്‍ കൊണ്ട് കരിയിച്ചാണ് രോഗം ഭേദമാക്കുക എന്നാണ്. കൊച്ച് വേദനകൊണ്ടു പുളയുമല്ലോ. അതായിരുന്നു വിഷമം. നീണ്ട നേരം നില്‍ക്കുന്ന ചികിത്സയൊന്നുമല്ല. മൂന്നു മിനിറ്റ് മാത്രമേയെടുക്കൂ. ചികിത്സ നടക്കുമ്പോള്‍ മുടി കൊഴിയുകയും കറുത്ത നിറം വരികയും ചെയ്യും. പക്ഷേ അത് കുട്ടിയെ വേദനിപ്പിക്കില്ല. അവന്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ഹാപ്പിയായിരുന്നു''. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു സുരേഷിന്റെ കുട്ടിയെ ചികിത്സിച്ചത്. രോഗം പൂര്‍ണമായും മാറി. നിറഞ്ഞ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത്.

കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികള്‍ ദു:ഖിതരൊന്നുമല്ല. കൊച്ചിയിലെ അമൃതയിലും ആര്‍.സി.സിയിലും കണ്ട കുട്ടികള്‍ എല്ലാം തന്നെ കളിച്ചു ചിരിച്ച് ഉല്ലസിച്ചാണ് കഴിയുന്നത്. കൂടുതല്‍ പേരും കുട്ടികളെ ജനറല്‍ വാര്‍ഡില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കിടത്താനാണ് താല്‍പര്യപ്പെടുന്നത്. ഇവിടെയാകുമ്പോള്‍ മറ്റ് കുട്ടികളുടെ കൂട്ടുണ്ട്. തനിച്ചുള്ള മുറിയിലായിരിക്കുമ്പോള്‍ സംഭവിക്കാവുന്ന ദു:ഖ മുഖങ്ങള്‍ കാണുകയും വേണ്ട.

ദയനീയ ചിത്രങ്ങള്‍

ഒരു കുടുംബത്തിലെ നാല് കുരുന്നുകള്‍ ഗുരുതരമായ കാന്‍സര്‍ ബാധിച്ച് ചികിത്സതേടി കൊച്ചിയിലെ സ്വകാര്യ ആസ്​പത്രിയില്‍ അടുത്തയിടെ എത്തി. കണ്ണിനാണ് ബാധിച്ചത്. കണ്ണ് വീര്‍ത്ത് പുറത്തേക്ക് ഉന്തിവന്നു. അതില്‍ രണ്ടു കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു. ദയനീയവും അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ദൃശ്യം. രോഗം പടരാന്‍ കാരണം ചികിത്സ തേടാന്‍ വൈകിയതാണ്.

കുട്ടികളില്‍ അവിശ്വസനീയമായ രീതിയിലും കാന്‍സര്‍ വരാം. കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് അടുത്തിടെ സിസേറിയനിലൂടെ ജനിച്ച കുട്ടിശ്വാസം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തൊണ്ടയില്‍ കാന്‍സര്‍. രോഗം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. കീമോ തെറാപ്പിക്ക് വിധേയനായി. കുട്ടി രക്ഷപ്പെട്ടു. ഇപ്പോള്‍ കളിയും ചിരിയുമായി കൊടുങ്ങല്ലൂരുണ്ട് ആ കൊച്ചു സുന്ദരന്‍.

ഇരിങ്ങാലക്കുട സ്വദേശിക്ക് ജനിച്ച ഒമ്പതുമാസം പ്രായമുള്ള പെണ്‍കുട്ടിക്ക് യൂട്രസിനായിരുന്നു കാന്‍സര്‍. നാലാം സ്‌റ്റേജ് എന്ന അപകടകരമായ അവസ്ഥയിലായിരുന്നെങ്കിലും ചികിത്സ ഫലിച്ചു.

രക്ഷപ്പെട്ട കേസുകളിലെല്ലാം അനുകൂലമായ ഘടകങ്ങളുണ്ട്. ഒന്ന് രോഗം നേരത്തെ കണ്ടുപിടിക്കപ്പെട്ടു. രണ്ടാമത് അവര്‍ ഡോക്ടറെ വിശ്വസിക്കുകയും പൂര്‍ണമായി സഹകരിക്കുകയും ചെയ്തു. കുട്ടി രക്ഷപ്പെടുമെന്ന ഉറച്ചബോധവും ആത്മവിശ്വാസവും രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു.

ഗുരുതര രോഗമല്ല

സമൂഹത്തില്‍ കാന്‍സറിനോടുള്ള ഭീതി മാറ്റേണ്ട സമയം ആയിരിക്കുന്നു എന്ന് ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു. ''അര്‍ബുദം ഒരു മാറാ രോഗമാണ് എന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. അത് ശരിയല്ല. അര്‍ബുദം ചികില്‍സിച്ചാല്‍ ഭേദമാകും''-ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു.

പകര്‍ച്ചവ്യാധിയെന്ന നിലയില്‍ പോലും പലരും കാന്‍സറിനെ സമീപിക്കുന്നത് അജ്ഞത മൂലമാണെന്നും അദ്ദേഹം പറയുന്നു. കാന്‍സര്‍ പാരമ്പര്യമല്ല. അമ്മയ്ക്ക് കാന്‍സര്‍ ഉണ്ടെന്ന് കരുതി ഗര്‍ഭസ്ഥ ശിശുവിന് അത് പിടിപെടില്ല. കണ്ണിന്റെ റെറ്റിനയില്‍ പിടിപെടുന്ന പോലുള്ള ചില കാന്‍സറാണ് പാരമ്പര്യമായി വരുന്നത്. അത് കുട്ടികള്‍ക്കു വരുന്നതു വിരളമാണ്.

'മുമ്പ് മനശാസ്ത്രജ്ഞന്റെ അടുത്ത് പോകുന്നത് ഗുരുതരമായ പ്രശ്‌നമായിരുന്നു. പിന്നീട് മാനസികരോഗിയെന്ന് വിളിക്കുകയൊക്കെ ചെയ്യും. എന്നാല്‍ അവബോധം ശക്തമായതോടെ ഇപ്പോള്‍ ആര്‍ക്കും മനശാസ്ത്രജ്ഞന്റെ അടുത്ത് പോകാന്‍ മടിയില്ലാതായി. കാന്‍സര്‍ രോഗത്തോടും ആ സമീപനമെടുക്കണം. ഇത് ചികിത്സിച്ചാല്‍ ഭേദമാകാത്ത രോഗമല്ല. പൂര്‍ണമായി മാറും. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള മറ്റെല്ലാ രോഗങ്ങളും ജീവിതകാലം തുടരുമ്പോള്‍ കാന്‍സര്‍ അങ്ങനെ നില്‍ക്കില്ല. ചികിത്സയോടെ മാറും''-ഡോ. പവിത്രന്‍ പറയുന്നു.

മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. സമൂഹം മോശമായി കരുതുന്നതാണ് അതിന് കാരണം. മുടിയെല്ലാം കൊഴിഞ്ഞ രീതിയില്‍ തന്റെ മക്കളെ മറ്റാരും കാണാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ചേര്‍ത്തലയില്‍ കാന്‍സര്‍ ചികിത്സ ഭേദമായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജോസഫ് പറഞ്ഞു: '' മകളുടെ രോഗം മാറി. വീണ്ടും മുടി വരും. കുറച്ചുനാളുകള്‍ക്കുള്ളില്‍. ഞാന്‍ അവളെ പുറത്തു വിടാറില്ല. സ്‌കൂളിലും. കാന്‍സര്‍ ബാധിച്ചവളാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ സഹതാപത്തോടെ നോക്കും. നാളെ അവളുടെ കല്യാണം ഒക്കെ വരുമ്പോള്‍ പ്രശ്‌നമാകും. അവള്‍ വീണ്ടും പഴയതുപോലെയായാലേ എനിക്ക് സമാധാനമുള്ളൂ''.

സൗജന്യ ചികിത്സ

കുട്ടികളിലെ കാന്‍സര്‍ രോഗ ചികിത്സ ചെലവേറിയതല്ല. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആസ്​പത്രികളിലും ചികിത്സ സൗജന്യമാണ്. സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സ സൗജന്യമല്ലെങ്കിലും ഫീസ് കുറവാണ്. മുതിര്‍ന്നവര്‍ക്കുവേണ്ടി വരുന്ന അത്രയും ഡോസുകള്‍ വേണ്ടെന്നതാണ് ഇതിനു കാരണം. കാന്‍സര്‍ പേഷ്യന്‍സ് എയിഡ് അസോസിയേഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം ഒരുക്കുന്നുണ്ട്. കുട്ടികളിലെ ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്ക് അമേരിക്കയിലെ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് സൗജന്യസഹായങ്ങള്‍ ചെയ്യുന്നുണ്ട്.

കുട്ടികളിലെ കാന്‍സര്‍ ഭേദമാക്കാം

കുട്ടികളെ ബാധിക്കുന്നതില്‍ 60-80 ശതമാനം കാന്‍സറും ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ പൂര്‍ണമായി മാറും.

കുട്ടികളോട് അവരെ ബാധിച്ചിരിക്കുന്ന അസുഖം കാന്‍സര്‍ ആണെന്ന് പറയാന്‍ എല്ലാവരും മടിക്കും. എന്നാല്‍ അതിന്റെ ആവശ്യം ഇല്ല. കാരണം സത്യാവസ്ഥ കുട്ടികള്‍ മനസ്സിലാക്കിയാല്‍ ചികിത്സയുമായി പൂര്‍ണമായി സഹകരിക്കുന്നതായാണ് എപ്പോഴും കാണുന്നത്. അവര്‍ ഏത് സാഹചര്യവുമായി പെെട്ടന്ന് ഇണങ്ങും.

ചികിത്സ മുഴുവന്‍ കഴിയുന്നതുവരെ കുട്ടി സ്‌കൂളില്‍ നിന്നോ വീട്ടില്‍നിന്നോ വിട്ടുനില്‍ക്കേണ്ട കാര്യമില്ല. മാതാപിതാക്കള്‍ കുട്ടികളുടെ മുമ്പില്‍ ദു:ഖവും വേദനയും പ്രകടിപ്പിക്കരുത്. അത് അവരെ തളര്‍ത്തുകയേയുള്ളൂ. അധ്യാപകര്‍ കുട്ടിയുടെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിശദീകരിച്ചു കൊടുക്കുന്നത് അവരില്‍ കൂടുതല്‍ ആത്മവിശ്വാസം നിറയ്ക്കും. രോഗം ഭേദമാകുന്നതിന് രോഗിയുടെ ആത്മവിശ്വാസവും ഘടകമാണ്.

ചികിത്സാ കാലയളവില്‍ കുട്ടികള്‍ക്ക് സാംക്രമിക രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചികിത്സാ സമയത്ത് കുട്ടിയുടെ രോഗ പ്രതിരോധ ശക്തി കുറവായിരിക്കും.

രോഗം ഭേദമാകുമ്പോള്‍ തന്നെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ ബോധവാന്‍മാരായിരിക്കണം. എല്ലാതരം ചികിത്‌സകള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ഒന്ന് ചികിത്സാ സമയത്ത് ഉണ്ടാകുന്നത്. രണ്ട് വൈകിയുണ്ടാവുന്നത്. വൈകിയുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലതരത്തിലുള്ളതാണ്. വളര്‍ച്ചാമുരടിപ്പ്, പഠന വൈകല്യങ്ങള്‍ എന്നിങ്ങനെയാവാമത്. അതിനാല്‍ ചികിത്സ കഴിഞ്ഞാലും തുടര്‍ പരിശോധന ആവശ്യമാണ്. ഈ സമയത്ത് ശാരീരികമായും മാനസികമായുമുള്ള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തേണ്ടതാണ്. കൂടാതെ ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തണം. അതായത് ആവശ്യമായ വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക. പാല്‍ പോലുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അതിനെപ്പറ്റി കുട്ടികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കണം.

കുട്ടികള്‍ക്ക് സമീപം തുടര്‍ച്ചയായി പുകവലിക്കുന്നത് ദോഷകരമാണ്. ഗര്‍ഭകാലത്തെ പുകവലി(ഗര്‍ഭിണിക്ക് സമീപമുള്ള പുകവലിയും) കുട്ടികളില്‍ രോഗം വരുത്തുന്നതിന് ഒരു കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭകാലത്തും കുട്ടി ജനിച്ചശേഷവും തുടര്‍ച്ചയായി പുകവലിക്കരുത്.

പാന്‍പരാഗ് പോലുള്ളവ ഉപയോഗിക്കരുത്.

പരിസ്ഥിതി മലിനീകരണം രൂക്ഷമായ സ്ഥലത്ത് കഴിയുന്നത് ഒഴിവാക്കണം.

മാലിന്യം/വിഷാംശം കലര്‍ന്ന ജലം ഉപയോഗിക്കരുത്.

മറ്റ് സാംക്രമിക രോഗങ്ങള്‍ വരാതെ നോക്കണം.

മുന്‍കരുതലുകള്‍

കുട്ടിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന സംശയം തോന്നിയാല്‍ ഉടന്‍ ഓങ്കോളജിസ്റ്റിന്റെ സഹായം തേടുക.

ആത്മ വിശ്വാസത്തോടെ ചികിത്സയെ അഭിമുഖീകരിക്കുക.

ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക.

ഡോക്ടര്‍ പറയുന്ന കാലയളവു വരെ ചികിത്സ തുടരുക.

രോഗം ഭേദമായി എന്ന ധാരണയില്‍ ചികിത്സ സ്വയം നിര്‍ത്തരുത്.

ചികിത്സയ്ക്കുശേഷം തുടര്‍ പരിശോധനകള്‍ നടത്തുക.