ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍
നീന്തല്‍ പഠിപ്പിക്കുന്നത് കുട്ടികളുടെ ശാരീരികക്ഷമത കൂട്ടും; അവര്‍ ചുറുചുറുക്കുള്ളവരുമാകും...
നീല നിറത്തില്‍ വെട്ടിത്തിളങ്ങുന്ന സ്വിമ്മിങ് പൂളില്‍ നിറയെ കുട്ടികളുടെ കളിയും ചിരിയും. കൈകാലിട്ടടിച്ചും വെള്ളം ചിതറിച്ചും നീന്തല്‍ പരിശീലനത്തിലാണവര്‍....ഇന്ന് ചെറിയകുട്ടികള്‍ എളുപ്പം തടിവെക്കുന്ന പ്രകൃതക്കാരാണ്. വയര്‍ ചാടുന്നതും കുട്ടികള്‍ക്കിടയില്‍ സാധാരണമായിട്ടുണ്ട്. ഇതുകാരണം വളരുമ്പോള്‍ അവര്‍ക്ക് പലവിധ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ടാവുന്നു. വെള്ളത്തിലെ കളി ഇഷ്ടപ്പെടാത്ത കുട്ടികള്‍ അപൂര്‍വം. അതുകൊണ്ടുതന്നെ നീന്തലും അവര്‍ക്ക് ഇഷ്ടപ്പെടും. അവരത് ആസ്വദിച്ച് പരിശീലിക്കുകയും ചെയ്യും. ഒരേസമയം വിനോദവും വ്യായാമവുമാണ് നീന്തല്‍. കുട്ടികളുടെ ശരീരപുഷ്ടിക്കും വളര്‍ച്ചയ്ക്കും സഹായകമാണിത്.
ഏത് പ്രായത്തില്‍
ആറു വയസ്സില്‍ കുട്ടിയെ നീന്തല്‍ പഠിപ്പിച്ചുതുടങ്ങാം. ആറില്‍താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൈകാല്‍ ഏകോപനം പൂര്‍ണതയിലെത്തിയിരിക്കില്ല. വിദേശത്ത് നാലും അഞ്ചും വയസ്സിലൊക്കെ കുഞ്ഞുങ്ങള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നുണ്ട്.
വെള്ളത്തിലിറങ്ങാന്‍ പേടി
ചില കുട്ടികള്‍ക്ക് വെള്ളത്തിലിറങ്ങാന്‍ തന്നെ പേടിയാണ്. അത്തരക്കാരെ ഒരിക്കലും നിര്‍ബന്ധിച്ച് നീന്തല്‍ക്കുളത്തിലിറക്കരുത്. അത് കുട്ടിയുടെ മനസ്സില്‍ കടുത്തഭയം ഉണ്ടാക്കും. അച്ഛനോ അമ്മയോതന്നെ നീന്താന്‍ പഠിപ്പിക്കുന്നതാണ് നല്ലത്. സ്‌നേഹത്തോടെയും ക്ഷമയോടെയും വേണം കുട്ടിയെ നീന്തലിനൊരുക്കാന്‍. തുടക്കത്തില്‍ മടിയോ പേടിയോ കാണിക്കുന്ന കുട്ടികളെ ശകാരിക്കാതെ അത് എത്ര രസമുള്ള കളിയാണെന്ന് മനസ്സിലാക്കിക്കുകയാണ് വേണ്ടത്.
മികച്ച വ്യായാമം
ഓട്ടത്തെക്കാള്‍ ഊര്‍ജംതരുന്ന വ്യായാമമാണ് നീന്തല്‍. നീന്തുമ്പോള്‍ ശ്വാസകോശങ്ങളുടെ ശേഷി വര്‍ധിക്കുന്നു. ഒരു ദിവസം ഒരു മണിക്കൂര്‍ എന്ന രീതിയില്‍ നീന്തല്‍ ശീലിക്കുന്നതാണ് നല്ലത്. നീന്തലിനുശേഷം നല്ല വിശപ്പും സുഖനിദ്രയും ലഭിക്കും. ശരീരത്തിന് ശക്തിയും ആകാരവടിവും ലഭിക്കാനും നീന്തല്‍ സഹായിക്കും. എന്നും നീന്തുന്നതിന് തൊട്ടു മുന്‍പ് സ്‌ട്രെച്ചിങ്, ഹാന്‍ഡ് റൊട്ടേറ്റിങ് തുടങ്ങിയ 'വാം അപ്പ്' വ്യായാമങ്ങള്‍ ചെയ്താല്‍ മസില്‍വേദന ഉണ്ടാവില്ല.
ആദ്യ പാഠങ്ങള്‍
കുറച്ചു നാള്‍ വെള്ളത്തിലിറങ്ങി വെറുതെ നില്‍ക്കാനും കളിക്കാനും കുട്ടികളെ അനുവദിക്കുക. വെള്ളത്തില്‍ കഴിയാന്‍ അവരിഷ്ടപ്പെടുന്ന ഒരു സ്ഥിതി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. തുടക്കത്തില്‍ കുട്ടികള്‍ക്ക് വായു നിറച്ച ട്യൂബ് നല്‍കി പഠിപ്പിക്കുന്നത് അത്ര ഗുണകരമല്ല. വെറുതെ പൊങ്ങിക്കിടക്കാന്‍ മാത്രമേ ട്യൂബ് പ്രയോജനപ്പെടൂ. പല കുട്ടികള്‍ക്കും പെട്ടെന്ന് ട്യൂബ് മാറ്റുമ്പോള്‍ നീന്താന്‍ പേടി തോന്നുന്നതും കണ്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മുഖത്ത് വെള്ളം തെറിക്കുമ്പോഴുള്ള പ്രയാസം ഇല്ലാതാക്കാന്‍ പരിശീലിപ്പിക്കാം. വെള്ളത്തില്‍വെച്ച് ശ്വാസം പിടിച്ച് കുമിളകള്‍ വിടുന്നതും പഠിപ്പിക്കാം. ഇതിന് ശേഷം ശ്വാസം പിടിച്ചുകൊണ്ട് വെള്ളത്തില്‍ മുങ്ങുന്നതും ശീലിപ്പിക്കാം.
കുളത്തിന്റെ പടവുകളിലോ മുതിര്‍ന്നവരുടെ കൈകളിലോ പിടിച്ച് കാലുകള്‍കൊണ്ട് തുഴയുന്നതാണ് അടുത്ത പാഠം. പൂളിലാണെങ്കില്‍ പിടിക്കാന്‍ 'കിക്ക് ബോര്‍ഡ്' ഉണ്ടാവും. കാല്‍മുട്ടില്‍നിന്നല്ല, അരക്കെട്ടില്‍ നിന്നാണ് 'കിക്ക്' വരേണ്ടത് എന്നത് പ്രത്യേകം ശീലിപ്പിക്കണം. നീന്തലിന്റെ ആയാസം കുറയ്ക്കാന്‍ അത് സഹായിക്കും. നീന്തുമ്പോള്‍ ശ്വസിക്കുന്നതെങ്ങനെയെന്ന് പറഞ്ഞും ചെയ്തും കാണിച്ചും പഠിപ്പിക്കണം. തല ഉയര്‍ത്തിപ്പിടിക്കുന്നത് അവര്‍ പതിയെ പഠിച്ചുകൊള്ളും. ആദ്യമായി നീന്തുമ്പോള്‍ കുട്ടിയുടെ നെഞ്ചിലോ അരക്കെട്ടിലോ കൈകള്‍കൊണ്ട് താങ്ങ് നല്‍കണം. കുട്ടിക്ക് നീന്താന്‍ പറ്റുന്നുണ്ടെന്നു കണ്ടാല്‍ തനിയെ കുറച്ചുനേരം നീന്താന്‍ വിടാം. അപ്പോഴും കൈത്താങ്ങുമായി അരികില്‍ത്തന്നെ ഉണ്ടാവണം. നീന്താന്‍ കഴിയുമെന്ന് കുട്ടിക്ക് ആത്മവിശ്വാസമുണ്ടായാലും കരുതലോടെ നിങ്ങള്‍ അടുത്തുതന്നെ വേണം. ആദ്യം രണ്ടോ മൂന്നോ അടി ദൂരം, പിന്നീട് ദൂരം വര്‍ധിപ്പിച്ചും നീന്തല്‍ പരിശീലിപ്പിക്കണം. സാധാരണഗതിയില്‍ പത്തു ദിവസംകൊണ്ട് നീന്തല്‍ പഠിക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുട്ടികളെ നീന്തല്‍ പഠിപ്പിക്കുമ്പോള്‍ ഒരിക്കലും അവരെ വെള്ളത്തിലോ പൂളിനടുത്തോ തനിച്ചാക്കരുത്. ഒരു സെക്കന്‍ഡുപോലും നിങ്ങള്‍ അവരെ വിട്ടുപോവരുത്. അപകടങ്ങള്‍ എപ്പോഴും അരികെയുണ്ടെന്നത് ഓര്‍മിക്കുക.
നീന്തല്‍ പഠിക്കുന്നസമയത്ത് പാനീയങ്ങള്‍ അധികം കഴിപ്പിക്കേണ്ട. ചില കുട്ടികള്‍ പേടികാരണം ഛര്‍ദിക്കാനിടയുണ്ട്. നീന്തുന്നതിനു മുന്‍പ് ചെറിയ രീതിയിലുള്ള ഭക്ഷണം മതി. നീന്തിക്കഴിഞ്ഞ് നന്നായി കഴിക്കാം. തല മൂടാനുള്ള സ്വിമ്മിങ് ക്യാപ്, ഗോഗ്ള്‍സ് എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, പനി, തുമ്മല്‍ പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നത് തടയും. കട്ടിയുള്ള സ്വിമ്മിങ് സ്യൂട്ട് ധരിക്കുന്നത് നീന്തല്‍ സുഖകരമാക്കും.

NEWS LETTER
RSS











