MATHRUBHUMI RSS
Loading...
കളിച്ചും ചിരിച്ചും അവര്‍ വളരട്ടെ

കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് നമ്മളറിയാത്ത എന്തെല്ലാം കാര്യങ്ങള്‍...


അച്ഛനും അമ്മയും തമ്മില്‍ എന്നും തല്ല്. ഇത് കുഞ്ഞിന്റെ മാനസികാരോഗ്യത്തെ ബാധിക്കാം. വളരുമ്പോള്‍ മാനസികപ്രശ്‌നങ്ങളും നിരാശയുമൊക്കെ കുഞ്ഞിന്റെ കൂടപ്പിറപ്പാകും. കുട്ടിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അച്ഛനും അമ്മയും പെരുമാറുന്നത് അവരിലെ മാനസികസമ്മര്‍ദമകറ്റും.

ആറുമാസമായാല്‍ കുഞ്ഞിന് കട്ടിയാഹാരം കൊടുത്തുതുടങ്ങാനായി. മുത്താറിയും കായപ്പൊടിയുമൊക്കെ കുറുക്കായി കൊടുക്കുമ്പോള്‍ രുചി കൂട്ടാന്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. തേങ്ങാപ്പാലിലെ ലോറിക് ആസിഡ് ബുദ്ധിവികാസത്തെ സഹായിക്കും.

തലച്ചോറിലെ പഴുപ്പുപോലുള്ള രോഗങ്ങള്‍ കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ ബാധിക്കാം. ഇതിനെതിരെ കുത്തിവെപ്പെടുക്കാന്‍ മറക്കണ്ട. ഹിബ് (HIB) വാക്‌സിന്റെ നാല് ഡോസുകളാണെടുക്കേണ്ടത്. ഒന്നര, രണ്ടര, മൂന്നര, 18 മാസങ്ങളില്‍ കുത്തിവെപ്പെടുക്കണം.

കുഞ്ഞിന് ബുദ്ധിവളരാന്‍ നല്ല കളിപ്പാട്ടങ്ങള്‍ വാങ്ങി നല്കണം. ചതുരക്കട്ടകള്‍ അടുക്കിവെച്ച് വീടുണ്ടാക്കുന്ന കളിപ്പാട്ടമൊക്കെ നല്ലതാണ്. മുത്തുകള്‍ കോര്‍ത്ത് അവരെ മാലയുണ്ടാക്കാന്‍ പഠിപ്പിക്കാം. കണ്ണും വിരലും ഒരുമിച്ചുപയോഗിക്കുന്നതിലൂടെ കുഞ്ഞുമനസ്സില്‍ ഏകാഗ്രതയുണ്ടാവും. പേപ്പര്‍ മടക്കി കൊതുമ്പുവള്ളവും വിമാനവുമൊക്കെ ഉണ്ടാക്കുന്നതും എങ്ങനെയെന്ന് പറഞ്ഞുകൊടുക്കാം.

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസമറിയാന്‍ കളിപ്പാട്ടങ്ങള്‍ കൊണ്ട് കഴിയും. കളിപ്പാട്ടം കാണിച്ച് ഇളക്കുമ്പോള്‍ കുഞ്ഞ് അതിനനുസരിച്ച് നോക്കുന്നുണ്ടെങ്കില്‍ കാഴ്ചയ്ക്ക് തകരാറില്ലെന്ന് ഉറപ്പിക്കാം. എന്തെങ്കിലും കൈയില്‍ വെച്ചുകൊടുക്കുക. അത് മുറുക്കിപ്പിടിക്കുന്നെങ്കില്‍ സ്​പര്‍ശന ശക്തിക്കുറവോ ബലക്കുറവോ ഇല്ലെന്ന് മനസ്സിലാക്കാം. ശബ്ദമുണ്ടാക്കുമ്പോള്‍ കുഞ്ഞ് ആ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ കേള്‍വിത്തകരാറില്ലെന്നും അറിയാം.

അച്ഛനോടും അമ്മയോടുമുള്ള കുഞ്ഞിന്റെ ബന്ധം രൂപപ്പെടുന്ന സമയത്ത് കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. കഥകള്‍ പറഞ്ഞുകൊടുക്കാനും ശ്രമിക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഗുണപാഠകഥകള്‍ പറഞ്ഞുകൊടുക്കാം. കഥയുടെ ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. ഇത് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി കൂട്ടും.

കുട്ടിയുടെ കൂടെ കളിക്കാനും നല്ല കൂട്ടുകാരെ കാണിച്ചുകൊടുക്കാനും ശ്രമിക്കണം. ഓരോ കാര്യം ചെയ്യുമ്പോഴും സാങ്കല്പിക കളികളില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഷവര്‍ തുറന്ന് വെള്ളച്ചാട്ടമെന്ന് കരുതി കുളിപ്പിക്കാം.

സ്‌കൂളില്‍ ചേരുന്നതിന് തൊട്ടുമുമ്പുള്ള കാലത്ത് കൂട്ടുകാരുമായി ഇടപഴകാന്‍ അനുവദിക്കണം. ഇതവരുടെ ഉള്ളിലുള്ള കഴിവുകളുണര്‍ത്തും. ബുദ്ധിവികാസത്തിനും മാനസികോല്ലാസത്തിനും സഹായിക്കും.

വീട്ടിലെ ചുമരിലൊക്കെ കുഞ്ഞുങ്ങള്‍ കുത്തിവരച്ചെന്നിരിക്കും. ബുദ്ധിവികാസത്തിന്റെ ഭാഗമാണിത്. വരയ്ക്കുന്നതൊക്കെ മറ്റുള്ളവരെ കാണിച്ച് കുഞ്ഞിനെ പ്രശംസിക്കണം.

വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളൊക്കെ കുട്ടിയെ പഠിപ്പിച്ചെടുക്കാം. തനിയെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കാം. സ്വയം ഉടുപ്പണിയാന്‍ ശീലിപ്പിക്കാം. കൊച്ചുകൊച്ചു ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചുകൊടുക്കാം. പക്ഷേ, കഠിനമായ പരിശീലനങ്ങള്‍ ഒട്ടും വേണ്ട.