MATHRUBHUMI RSS
Loading...
ഒറ്റയാള്‍പ്പട്ടാളം

തമാശയല്ല, പങ്കാളി അടുത്തില്ലാതെ കുടുംബവും ജോലിയും ഒറ്റക്ക് ചുമലിലേറ്റേണ്ടിവരുന്ന രക്ഷിതാക്കളുടെ ജീവിതമാണ്...


എന്റെ കുടുംബജീവിതം മാറിമറിഞ്ഞത് സദ്ദാംഹുസൈന്റെ ഒരൊറ്റ തീരുമാനത്തിന്മേലാണ്. 1991 ആഗസ്ത് രണ്ടിന് സദ്ദാം കുവൈറ്റിനെ ആക്രമിക്കുമ്പോള്‍ കുവൈറ്റിലെ ഫഌറ്റില്‍ വിവാഹത്തിന്റെ ഏഴാം വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു ഞാനും ഭാര്യ സരോജവും. ഞങ്ങളൊരുമിച്ചിട്ട് വെറും രണ്ടുമാസമായിട്ടേയുള്ളൂ. യുദ്ധം എല്ലാ സന്തോഷവും ഒറ്റയടിക്ക് തീര്‍ത്തു. ഉള്ളതെല്ലാം കെട്ടിപ്പെറുക്കി ഞങ്ങള്‍ തൊടുപുഴയിലെ വഴിത്തലയിലുള്ള എന്റെ തറവാട്ടിലേക്ക് തിരിച്ചു.

മാസാമാസം നല്ല ശമ്പളം വാങ്ങി ശീലിച്ചവരാണ്. പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ട സ്ഥിതി. തിരുവനന്തപുരത്ത് അമ്മൂമ്മയുടെ അടുത്തായിരുന്ന മോളെ വഴിത്തല സ്‌കൂളില്‍ കൊണ്ടുവന്ന് ചേര്‍ത്തു. പിറ്റേത്തെ വര്‍ഷം യുദ്ധം തീര്‍ന്നു. ഞങ്ങള്‍ രണ്ടു പേര്‍ക്കും കുവൈത്ത് അധികൃതര്‍ വിസ പുതുക്കിത്തന്നു. പക്ഷേ, അപ്പോഴേക്കും പ്രശ്‌നങ്ങള്‍ പുതിയ രൂപത്തില്‍ മുന്നിലെത്തി.

ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഒരു മാസമായിട്ടേ ഉള്ളൂ. രണ്ടു പെണ്‍കുഞ്ഞുങ്ങളെയും ഇവിടെ ഇട്ട് ഞങ്ങള്‍ എങ്ങനെ പോവും. ചെറിയ കുഞ്ഞിനെ ആരെ ഏല്പിക്കും? യുദ്ധം കഴിഞ്ഞ കുവൈറ്റിന്റെ അന്തരീക്ഷം മലിനമാണ്. മുതിര്‍ന്നവര്‍ക്കുപോലും പലതരം അലര്‍ജിരോഗങ്ങള്‍. കുട്ടികളെ കൊണ്ടുപോകാനേ പറ്റില്ല. ശമ്പളവും ആനുകൂല്യങ്ങളും കൂടുതല്‍ ഭാര്യയുടെ ജോലിക്കാണ്. അതുകൊണ്ട് അവര്‍ പോവുന്നതാണ് മെച്ചം; ഞങ്ങളൊരുമിച്ച് തിരുമാനിച്ചു. ഞാന്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം നാട്ടില്‍തന്നെ നില്‍ക്കും. വേറെ വഴിയില്ല.

എളുപ്പമായിരുന്നില്ല ഒന്നും. വെറും നാല്‍പ്പത് ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ എന്നെ ഏല്പിച്ചിട്ടാണ് ഭാര്യ പോവുന്നത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാളില്ല. കൂട്ടുകാരും ബന്ധുക്കളും ചോദിച്ചു, 'നീ എങ്ങനെ വളര്‍ത്തും' കുപ്പിപ്പാല്‍ കുടിച്ച് ഞങ്ങളുടെ കുഞ്ഞുമോള്‍ വളര്‍ന്നു. വാര്‍ധക്യത്തിന്റെ അവശത മറന്ന് എന്റെ അമ്മ കൂടെ നിന്നു. പകല്‍ ഒരു ആയ വന്ന് കുഞ്ഞിനെ പരിചരിച്ചു. ആ വര്‍ഷങ്ങളില്‍ നാട്ടില്‍ സ്ഥലം വാങ്ങി പുതിയ വീടും വയ്ക്കുകയുണ്ടായി.

അച്ഛന്റെ കുക്കിങ്

പാചകമൊക്കെ ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണ്; അന്നുമിന്നും. ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ എത്രയോ കാലം ഒറ്റയ്ക്കായിരുന്നു എന്റെ പാചകം. വലിയ കുഴപ്പമില്ലാതെ ഒപ്പിക്കാനറിയാം. പിള്ളേര് പറയും; 'അച്ഛനുണ്ടാക്കിയ കറിക്ക് അമ്മ ഉണ്ടാക്കുന്നത്ര ടേസ്റ്റില്ല' എന്ന്. ഞാന്‍ ചിരിക്കും; എനിക്കിഷ്ടമുള്ള ടേസ്റ്റും അതാണല്ലോ.

പഠിക്കാനൊക്കെ മിടുക്കികളാ. അതിലെനിക്ക് അധികം ഇടപെടേണ്ടി വന്നിട്ടില്ല. സ്‌കൂളുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചരയ്ക്ക് ഞാനെഴുന്നേല്‍ക്കും. ഭക്ഷണം ഉണ്ടാക്കും. പാത്രങ്ങളിലാക്കും. എട്ടരയ്ക്ക് കുട്ടികള്‍ പോവും. പിന്നെ പകല്‍ ഞാനെന്റെ മറ്റു കാര്യങ്ങളില്‍ മുഴുകും. ഒരേക്കര്‍ റബ്ബറുണ്ട്. ടൗണില്‍ ഒരു കട വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. എന്തു തിരക്കുണ്ടായാലും വൈകിട്ട് നാലു മണിക്ക് കുട്ടികള്‍ വരുമ്പോഴേക്ക് കാപ്പി റെഡിയാണ്. കഴിക്കാന്‍ ബേക്കറി പലഹാരം വല്ലതുമുണ്ടാവും.

സാധാരണ അമ്മമാര്‍ പറഞ്ഞ് പഠിപ്പിക്കുന്ന നല്ല ശീലങ്ങളൊക്കെ അവര്‍ക്ക് നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടില്‍ കൃത്യസമയത്ത് തിരിച്ചെത്തുക, വൈകിയാല്‍ ഞാന്‍ ടീച്ചറെ വിളിച്ച് അന്വേഷിക്കും. അതുപോലെ വന്ന ഉടന്‍ കൈകാല്‍ കഴുകുക എന്നിങ്ങനെ... ഇടയ്ക്ക് ചെറിയൊരടിയൊക്കെ കൊടുത്തിട്ടുണ്ടാവാം. എന്നാലും ശിക്ഷിച്ചിട്ടില്ലാന്നുതന്നെ പറയാം. രണ്ടുമാസത്തെ അവധിക്ക് ഭാര്യ വരുമ്പോഴാ ഓരോ കാര്യത്തിന് അവരെ വഴക്കു പറയുക.

പെണ്‍കുട്ടികളല്ലേ...

പെണ്‍കുട്ടികളാണല്ലോ. വളര്‍ച്ചയുടെ ഓരോ കാര്യങ്ങളെക്കുറിച്ചും അമ്മ അവരോട് നേരത്തെ പറഞ്ഞു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഞങ്ങള്‍ ഫോണില്‍ അവളുമായി സംസാരിക്കും. കുട്ടികള്‍ക്ക് അമ്മയോട് പ്രത്യേകിച്ച് സംസാരിക്കാനുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കും. അവിടെയാണെങ്കിലും ഭാര്യയുടെ തലയില്‍ 90 ശതമാനവും വീട്ടിലെ കാര്യങ്ങള്‍ തന്നെയാണ്.

പിള്ളേര്‍ക്ക് വേണ്ട ഡ്രസ്സും മറ്റും വീടിനടുത്തുള്ള കടയില്‍ നിന്ന് അവര്‍തന്നെ വാങ്ങും. കാശ് ഞാന്‍ കൊടുക്കും. പിള്ളേര്‍ പരസ്​പരം നല്ല കൂട്ടാ. അടുപ്പത്തിലിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതൊക്കെ കാണാം. സ്‌കൂളിലെയും കോളേജിലെയും പരാതികളാ ചിലപ്പോള്‍; സാറ് അങ്ങനെ പറഞ്ഞു, കൂട്ടുകാര് തെറ്റി...അതൊക്കെ അവരെന്നോടും പറയും. മൂത്ത മകള്‍ വീണ എം.കോം. കഴിഞ്ഞ് ഈ മാസം ഈസ്റ്റേണ്‍ കമ്പനിയില്‍ അസി. പര്‍ച്ചേസിങ് മാനേജരായി ജോലിയില്‍കയറി. ഇളയ മോള്‍ വാണി വഴിത്തല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്നു.

ഇപ്പൊ വീടിന്റെ മൊത്തം കാര്യം കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ ഫ്രീ... ഓരോ കൊല്ലത്തിലും അവള്‍ ലീവില്‍ വരുന്ന രണ്ടു മാസങ്ങള്‍ ഞങ്ങളുടെ വീടിന് പ്രത്യേകമൊരു സൗന്ദര്യമാണ്. എനിക്കും മക്കള്‍ക്കും പരമസുഖമാണ്. സ്വാദുള്ളത് വല്ലതും കഴിക്കാം. ഒരാള്‍ നോക്കാനുണ്ടെന്നുള്ളതിന്റെ രസമറിയാം. അവള്‍ ലീവ് തീര്‍ന്ന് പോയി വീണ്ടും തനിച്ചാവുമ്പോള്‍ വല്ലാത്തൊരവസ്ഥയാണ്. ഇടയ്ക്ക് അമിതമായി ചിന്തിച്ചുപോവും. അവള്‍ അടുത്തുണ്ടെങ്കില്‍ ഞാന്‍ ചിലപ്പോ പനിയൊക്ക നടിച്ച് കിടക്കും. പരിചരണത്തിന്റെ സുഖമറിയാന്‍തന്നെ. അതിന്റെ ഒരു നഷ്ടം വലുതാണ്. ഇനി രണ്ടു വര്‍ഷം കൂടി ജോലിയില്‍ തുടരാനാണ് പ്ലാന്‍. മക്കളുടെ വിവാഹം മുന്നിലുണ്ട്. അതു കൂടി കഴിഞ്ഞാല്‍ അവര്‍ നാട്ടിലെത്തും. എന്നിട്ടു വേണം കുടുംബജീവിതത്തിന്റെ ഇണക്കങ്ങളും കൊച്ചു പിണക്കങ്ങളുമറിഞ്ഞ് ഒന്നുകൂടി ജീവിക്കാന്‍.

ഒറ്റയ്ക്കാണെങ്കിലും ജീവിതം ഈസി

ഞഹന്‍ ഭയങ്കര പ്ലാനിങ്ങിന്റെ ആളാണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ എന്റെ കണക്ക്കൂട്ടലുകള്‍ മുഴുവന്‍ തെറ്റുന്ന ഒരു ദിവസമുണ്ട്. ഭര്‍ത്താവ് ലീവ് കഴിഞ്ഞ് തിരിച്ചുപോയ ദിവസം. അന്ന് രാവിലെ അടുക്കളയില്‍ എടുക്കുന്ന ചായപ്പൊടിയുടെ അളവ് തെറ്റും. രണ്ട് ഗ്ലാസ് ചായയിടും. ചോറ് കൂടുതലാവും. രാത്രി മക്കളേയും ചേര്‍ത്ത്പിടിച്ച് കിടക്കുമ്പോള്‍ പേടി തോന്നും. ഒന്നുരണ്ടു ദിവസമങ്ങിനെ പോവും. പിന്നെയത് ശീലമാകും... ആയല്ലേ പറ്റൂ...

15 വര്‍ഷം മുന്‍പാണ്. വിവാഹനിശ്ചയം കഴിഞ്ഞുള്ള ഫോണ്‍വിളികള്‍ക്കിടയില്‍ ഭര്‍ത്താവ് പറഞ്ഞു; 'നമുക്കാദ്യമേ മാറിതാമസിക്കാം'. എനിക്കത് കേട്ട് ഒരു ടെന്‍ഷനും തോന്നിയില്ലെന്നതാ സത്യം. അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ മരിച്ചുപോയിരുന്നു. എന്റെ ഭര്‍ത്താവ് മധുസൂദനന്‍ നായര്‍ സി.ആര്‍.പി.എഫില്‍ സബ്ബ് ഇന്‍സ്‌പെക്ടറാണ്. വിവാഹശേഷം രണ്ട് മാസത്തെ ലീവ് തീര്‍ന്നപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. ഇനി ഞാന്‍ ഒറ്റയ്ക്കാണ്... പിന്നീടിന്നേവരെ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് ഞാന്‍; വീടിനും ഓഫീസിനും കുട്ടികളുടെ കാര്യങ്ങള്‍ക്കും ഇടയിലുള്ള ഒരു നൂറുകൂട്ടം സംഗതികള്‍ക്കായി.

പ്ലാനിങില്‍ രക്ഷ

എന്റെ ആദ്യപ്രസവം മാസം തികയാതെയായിരുന്നു. ഭര്‍ത്താവ് പഞ്ചാബിലാണ്. അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. കുഞ്ഞിന് രണ്ട് മാസം പ്രായമായപ്പോള്‍ ഞാന്‍ ജോലിക്ക് പോയിത്തുടങ്ങി. പെരുന്താണി എന്‍.എസ്.എസ്. കോളേജില്‍ കൊമേഴ്‌സ് ടീച്ചറാണ് ഞാന്‍.

രണ്ട് വയസ്സ് വരെ മോളെ അമ്മയാണ് വളര്‍ത്തിയത്. അമ്മ തിരിച്ചുപോയി. രാവിലെ പൂജപ്പുരയിലെ ഡേകെയര്‍ സെന്ററില്‍ മോളെ കൊണ്ടുവിട്ടാണ് പിന്നീട് ഞാന്‍ കോളേജിലേക്കോടിയിരുന്നത്. വീട്ടില്‍ ഞാന്‍ ട്യൂഷന്‍ ക്ലാസ് തുടങ്ങിയിരുന്നു. വൈകീട്ട് നാല് മുതല്‍ ഏഴ് മണിവരെ ക്ലാസ്. ട്യൂഷന്റെ സമയത്ത് തൊട്ടടുത്ത് താമസിക്കുന്ന ചേട്ടത്തി വന്ന് മോളെ കൊണ്ടുപോയി നോക്കും.

മോന്‍ ജനിച്ചപ്പോഴാണ് കുറച്ച് പ്രയാസങ്ങള്‍ ഉണ്ടായത്. അവന് നാലു മാസം പ്രായം. എനിക്ക് കോളേജ് തുറക്കുന്നതോര്‍ത്ത് കടുത്ത ടെന്‍ഷന്‍. മോന് തൂക്കക്കുറവുണ്ട്.അവനെ എവിടെ ആക്കീട്ട് പോവും!

ഞങ്ങളുടെ വീടിനടുത്ത് പ്രായമുള്ള ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അംബിചേച്ചിയും വാസുദേവന്‍ ചേട്ടനും. ഞാനെന്റെ വിഷമമൊക്കെ അംബിചേച്ചിയുമായി ചര്‍ച്ചചെയ്യാറുണ്ട്. ഒരു ദിവസം എന്ത് ചെയ്യുമെന്നറിയില്ലാന്നും പറഞ്ഞ് ഞാനിങ്ങനെ കരഞ്ഞുകൊണ്ടിരുന്നു. അപ്പോ അംബിചേച്ചി പറഞ്ഞു; ''നീ പൊക്കോ, ഞാനൊന്ന്. നോക്കട്ടെ. പൊടിക്കൊച്ചാണ്...'' അടുത്തുനിന്ന അണ്ണന്റെ മകള്‍ രജനിയും കൂടിപ്പറഞ്ഞു; ''നന്ദനെ ഞാന്‍ നോക്കാം, കോളേജ് തുറക്കുംവരെ.''

പിറ്റേന്ന് രാവിലെ കുഞ്ഞിനെ ഇവരെ ഏല്‍പ്പിച്ച് ഞാന്‍ പടിയിറങ്ങി. പാല്‍കുപ്പിയൊക്കെ നല്‍കി; പിടക്കുന്ന മനസ്സ് അടക്കിപ്പിടിച്ചുകൊണ്ട്. ഇപ്പോള്‍ മോന് ആറ് വയസ്സ്. ഇന്നും മോന്റെ എല്ലാമെല്ലാം അയല്‍പക്കത്തെ അംബിചേച്ചിയും ചേട്ടനുമാണ്.

വീട്ടില്‍ അസുഖം വരുമ്പോഴാണ് ബുദ്ധിമുട്ട്. മോന് ഒരിക്കല്‍ പനിവന്നു. ഒരവധി ദിവസം. ഞാനന്ന് എന്റെ വീട്ടിലേക്കൊന്ന് പോയതാണ്. തിരിച്ചുവന്നപ്പോള്‍ പനി കൂടിയിരിക്കുന്നു. ഫിറ്റ്‌സ് വന്നു. ആകെ ടെന്‍ഷന്‍ കയറി ഞാന്‍ നിലവിളിയായി. ആസ്​പത്രിയിലേക്കായാലും ഓടാന്‍ ഞാന്‍ മാത്രമല്ലേയുള്ളൂ. ഓര്‍ത്തോര്‍ത്ത് എന്റെ ബോധം പോയി.സന്തോഷമായാലും ദുഃഖമായാലും ഞാന്‍ ഭര്‍ത്താവിനെ വിളിച്ച് പറയും. ഇടയ്ക്ക് ഞാന്‍ വല്ലാതെ സെന്റിമെന്റലാവും. 'ഒറ്റയ്ക്ക് എന്നെയിട്ട് കഷ്ടപ്പെടുത്ത്വാ അല്ലേ' എന്നൊക്കെ ചോദിക്കും.

കുട്ടികള്‍ എന്റെ അവസ്ഥ മനസ്സിലാക്കുന്നവരാണ്. എല്ലാ കാര്യത്തിലും അവര്‍ സഹായിക്കും.'നമ്മള് മാത്രമല്ലേ ഉള്ളൂ അമ്മേ' എന്ന് പറയുമവര്‍. പഠിക്കാന്‍ അവരുമായി മല്‍പ്പിടുത്തം വേണ്ടിവന്നിട്ടില്ല. ഞാന്‍ സ്വല്‍പ്പം സ്ട്രിക്റ്റാണ്. കുറച്ച് സഹായിച്ച്, നിര്‍ദേശമൊക്കെ നല്‍കി ഞാനെന്റെ കാര്യങ്ങള്‍ക്ക് പോവും. അര്‍ഥം അറിയില്ലെങ്കില്‍ ഡിക്ഷ്ണറി എടുത്ത് സ്വയം കണ്ടുപിടിക്കാന്‍ പറയും. ആദ്യമേ ഇങ്ങനെ പരിശീലിപ്പിച്ചതിനാലാവാം; ഇപ്പോ അവരുടെ പഠനകാര്യത്തില്‍ അത്ര തലവേദനയില്ല. രണ്ടാളും ഇംഗ്ലീഷ് നന്നായി സംസാരിക്കും. 90 ശതമാനം മാര്‍ക്കുണ്ട് മോള്‍ക്ക്.

പ്ലാനിങ്ങാണ് എന്റെ ഏക രക്ഷ. എന്നും രാത്രി, പിറ്റേന്ന് ചെയ്യാനുള്ളവയ്ക്ക് ഒരേകദേശ രൂപം മനസ്സിലുണ്ടാക്കും. ഭക്ഷണം, ഡ്രസ്സ് എന്നിങ്ങനെ. മക്കള്‍ രാവിലെ ഏഴരയ്ക്ക് സ്‌കൂളിലേക്ക് പോവും. എപ്പോള്‍ വിളിച്ചാലും രണ്ടാളും ഉണരുമെന്നതാണ് എന്റെ ഭാഗ്യം. തണുപ്പുള്ള ദിവസം പുതപ്പിനുള്ളില്‍ നിന്ന് പുറത്ത് വരാതെ ചെറിയ മോന്‍ ചിലപ്പോ കൊഞ്ചും; ''അഞ്ച് മിനിറ്റ് കൂടി അമ്മേ, പ്ലീസ്...'' എന്നെ വട്ടംചുറ്റിക്കാറുമുണ്ടവര്‍ ചിലപ്പോള്‍. രാത്രി ഏഴ് മണി കഴിഞ്ഞിട്ടാ ചിലപ്പോ ഓര്‍മ്മവരിക, 'നാളെ പുതിയ നോട്ട്ബുക്കില്ലാതെ വരരുത്' എന്ന് ടീച്ചര്‍ പറഞ്ഞത്. രാത്രിയായത് നോക്കാതെ വണ്ടിയുമെടുത്ത് പൂജപ്പുര വരെ പോയി നോട്ട്ബുക്ക് വാങ്ങും.

പൊറുതിമുട്ടിയ സ്‌കൂള്‍ അഡ്മിഷന്‍

പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിലാണ് മക്കള്‍ പഠിക്കുന്നത്. ഗോപിക എട്ടിലും നന്ദഗോപാല്‍ ഒന്നിലും. രണ്ട് കുട്ടികളുടേയും സ്‌കൂള്‍ അഡ്മിഷന്‍ സമയത്തും ഞാന്‍ ഒറ്റയ്ക്കാണ്. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ചില സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് സ്‌കൂളില്‍ നിന്ന് പറഞ്ഞു. എങ്ങിനെ? ഏത് സെക്ഷനില്‍ നിന്ന് എന്നൊന്നും എനിക്കറിയില്ല. ഇറങ്ങിപ്പുറപ്പെടുമ്പോഴാണ് സംഗതി പിടികിട്ടുക.

ചില ദിവസം മോന്‍ ചോദിക്കും 'അച്ഛന്‍ വരുമോ?' എന്റെ വെക്കേഷന്‍ സമയത്താണ് അദ്ദേഹം ലീവെടുക്കുക. ആ രണ്ട് മാസം ഞാന്‍ സര്‍വ്വതന്ത്ര സ്വതന്ത്ര! അടിച്ച്‌പൊളിക്കും. 22 വര്‍ഷമായി ഭര്‍ത്താവ് സര്‍വ്വീസില്‍ കയറിയിട്ട്. നാട്ടില്‍ മറ്റെന്തെങ്കിലും ഒരു വരുമാനം കണ്ടിട്ടേ ജോലി മതിയാക്കി വരൂ എന്നാണ് പറയുന്നത്. 'അപ്പോ സിറ്റിക്കകത്ത് എന്റെ ആക്ടീവ ഇനിയും ഒരുപാട് ഓടണമല്ലേ' എന്ന് ഞാന്‍ കളിയായി തിരിച്ചുചോദിക്കും. എല്ലാം കുടുംബത്തിന് വേണ്ടിയാണല്ലോ.