MATHRUBHUMI RSS
Loading...
കുട്ടികള്‍ അസ്വസ്ഥരാണ്‌

പുതിയ കാലം നമ്മുടെ കൗമാരത്തെ എത്തിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധിയില്‍. പകച്ചുനില്‍ക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും...സ്‌കൂളില്‍ പി.ടി.എ മീറ്റിങ്ങ് കഴിഞ്ഞ് മകളുടെ കഌസ് ടീച്ചറെ കാണാനെത്തിയതാണ് അമ്മ. ടീച്ചര്‍ കാര്യമന്വേഷിച്ചതും അവര്‍ വാവിട്ടുകരഞ്ഞു,'ആറ് മാസമായി എന്റെ മോള്‍ എന്നൊടൊന്നു മിണ്ടിയിട്ട്. എന്റെ ടീച്ചറേ, എനിക്കിനിയും വയ്യ....' ഏതോ ഒരു അമ്മയുടെ മാനസികസംഘര്‍ഷം മാത്രമായിരുന്നില്ല അത്. കേരളത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെട്ട സമൂഹത്തിന്റെ മാറുന്ന കാഴ്ചയിലേക്കൊരു ചൂണ്ടുപലക കൂടി ആണ്.

സ്‌കൂള്‍ വിട്ടാല്‍ വീട്, വീട്ടില്‍ നിന്നിറങ്ങിയാല്‍ സ്‌കൂള്‍...മുമ്പ്് മകന്റെയോ മകളുടെയോ അച്ചടക്കത്തെ സൂചിപ്പിക്കാന്‍ അങ്ങനെ പറഞ്ഞിരുന്നു. പഴയ നിര്‍വ്വചനങ്ങളെല്ലാം പാകമല്ലാത്ത ഉടുപ്പ് പോലെ. പുതിയ തലമുറയെ ഉള്‍ക്കൊള്ളാന്‍ അതൊന്നും മതിയാവില്ല. മാറ്റങ്ങള്‍ക്കുപിന്നില്‍ പല കാരണങ്ങളും നിരത്തുന്നു അധ്യാപകരും രക്ഷിതാക്കളും.

ഗൃഹാന്തരീക്ഷവും മാറിക്കഴിഞ്ഞു! ''എന്റെ അമ്മ ഗള്‍ഫില്‍ കമ്പനി മാനേജരാണ്. അച്ഛന്‍ നാട്ടില്‍ത്തന്നെ. എന്റെ കൂടെയല്ല. അച്ഛന്റെ വീട്ടില്‍. എന്നെ നോക്കുന്നത് ചെറിയമ്മയാണ്. അമ്മ എനിക്കും അച്ഛനും വെവ്വേറെ പൈസ അയയ്ക്കും,'' ഒരു ഏഴാംകഌസുകാരനാണത് പറഞ്ഞത്.

അധ്യാപകര്‍ക്കുമുന്നിലാവട്ടെ പ്രശ്‌നങ്ങളുമായി നില്‍ക്കുന്നത് അച്ഛനമ്മമാരും കുട്ടികളുമാണ്. ''പഴയ പോലല്ല. സൗഹൃദത്തോടെ നിന്നാലേ ഇന്നത്തെ കുട്ടികള്‍ അനുസരിക്കൂ. എതിര്‍ത്താല്‍ അവരും എതിര്‍ക്കും. തമാശയിലൂടെ കാര്യം പറഞ്ഞാലേ മനസിലാവൂ. എന്നാല്‍ പൂര്‍ണ്ണമായും ലാഘവം വരാനും പാടില്ല. ഇതിന് രണ്ടിനും ഇടയിലൊരു ഞാണിന്മേല്‍ക്കളിയാണ് ഇന്നത്തെ അധ്യാപനം. വീട്ടുകാരുടെ കൈയ്യിലുമുണ്ട് കുഴപ്പം. നല്ല കുടുംബാന്തരീക്ഷത്തിന്റെ അഭാവമാണ് പ്രശ്‌നക്കാരായ കുട്ടികളെ സൃഷ്ടിക്കുന്നത്,'' അധ്യാപകര്‍ പലരും തലപുകഞ്ഞാലോചിക്കുന്നു.

കാശിന്റെ ഒഴുക്കില്‍

സ്‌കൂളുകളില്‍ ഗുരു-ശിഷ്യ ബന്ധം പണ്ടുള്ളതുപോലെയല്ലെന്ന് അധ്യാപകരെല്ലാം ഒരേ സ്വരത്തില്‍ നിരീക്ഷിക്കുന്നു. ''ഞങ്ങള്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ടീച്ചറെ കണ്ടാല്‍ ചാടി എഴുന്നേല്‍ക്കും. ആണ്‍കുട്ടികളാണെങ്കില്‍ മുണ്ട് മാടിക്കുത്തിയത് അഴിച്ചിടും,'' അധ്യാപികമാരായ ജലജയും പ്രിയയും മാറിയ കാലവുമായി താരതമ്യം ചെയ്തു.

ചില 'പോഷ്'സ്‌കൂളുകളില്‍ കുട്ടികളാണ് രാജാക്കന്മാര്‍. ഇത്തരം റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ പലരും വിദേശത്ത് ജോലിയുള്ളവരുടെ മക്കളാണ്. മക്കളുടെ ഭാവിയോര്‍ത്ത് മാനേജ്‌മെന്റ് ചോദിക്കുന്ന ഡൊണേഷന്‍ കൊടുക്കാന്‍ തയ്യാറുള്ളവരാണ് ഈ മാതാപിതാക്കള്‍. പക്ഷെ കാശിന്റെ ധാരാളിത്തവും രക്ഷിതാക്കള്‍ അടുത്തില്ലാത്ത സ്ഥിതിയും കുട്ടികളെ വഴി പിഴപ്പിക്കുന്നു. ''കുട്ടികളെ പണം ചോര്‍ത്താനുള്ള ഉപാധി മാത്രമായാണ് മാനേജ്‌മെന്റ് കാണുന്നത്. അവര്‍ പഠിച്ചില്ലെങ്കില്‍ പ്രിന്‍സിപ്പാളിന്റെ കൈയ്യില്‍ നിന്നും വഴക്ക് കിട്ടുക പാവം അധ്യാപികയ്ക്കാണ്. മാത്രമല്ല കുട്ടിയെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുതെന്ന് മാനേജ്‌മെന്റിന്റെ വക താക്കീതുമുണ്ട്.,'' പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ കോട്ടയത്തെ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപിക തുറന്നു പറഞ്ഞു.

കൂത്താട്ടുകുളത്ത് ഒരു സ്‌കൂളില്‍ പഠിപ്പിച്ചതിന്റെ ദുരനുഭവം അധ്യാപിക ഉഷ പറഞ്ഞു. ''റബ്ബര്‍മുതലാളിമാരുടെ മക്കളാണ് മിക്ക വിദ്യാര്‍ത്ഥികളും. ഇഷ്ടം പോലെ കാശുണ്ട് കുട്ടികള്‍ക്ക്. കാശാണ് വലുത് എന്ന വിചാരം കുട്ടികളെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആനിവേഴ്‌സറിയ്‌ക്കൊക്കെ രക്ഷിതാക്കളുടെ കണ്‍മുന്നിലൂടെ ഭയങ്കര ശബ്ദത്തില്‍ ബൈക്കോടിച്ച് വരും. പത്താം കഌസില്‍ പഠിപ്പിക്കാന്‍ വന്ന തിരുവനന്തപുരത്തുകാരി അധ്യാപിക 'എനിക്ക് പറ്റത്തില്ല,' എന്ന് പറഞ്ഞ് ഒഴിവായി. കുട്ടികള്‍ക്കാരോടും മയമില്ല. ടീച്ചര്‍മാര്‍ക്ക് അവരുടെ മുഖത്തുനോക്കാന്‍ തന്നെ ഭയമായിരുന്നു. ഞാന്‍ ഏഴാം കഌസിലാണ് പഠിപ്പിച്ചിരുന്നത്. അവിടേയും വില്ലന്മാര്‍ കുറവല്ല. കത്തിക്കുത്തില്‍ പരിക്കുപറ്റിയ കുട്ടി ഉണ്ടായിരുന്നു കഌസില്‍.ഇതൊക്കെ പോട്ടെ, ശമ്പളവും കുറവ്. ഞാന്‍ നാലഞ്ച് മാസം പഠിപ്പിച്ചു. ഭാഗ്യത്തിന് ആ കൊല്ലം തന്നെ പി.എസ്.സി കിട്ടി. ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു,'' ഇപ്പോള്‍ മാങ്കൊമ്പ് തെക്കേക്കര ഹൈസ്‌കൂള്‍ അധ്യാപികയാണ് ഉഷ. ''ഇത് തനി നാട്ടുംപുറമാണ്. ഏറെക്കുറെ നിഷ്‌കളങ്കരാണ് ഇവിടുത്തെ കുട്ടികള്‍. ഇവിടെ അധ്യാപനം സംതൃപ്തി തരുന്നു,''ടീച്ചര്‍ പറഞ്ഞു.

നന്നായി വഴക്ക് പറഞ്ഞിട്ടുള്ള കുട്ടികള്‍ക്കാണ് അധ്യാപകരോട് സ്‌നേഹം കൂടുതലെന്നാണ് ഉഷടീച്ചറുടെ പക്ഷം. ''മുന്‍പ് വര്‍ക്ക് ചെയ്തിരുന്ന മലപ്പുറം ഗവ.സ്‌കൂളില്‍ കുറേ കൂലിപ്പണിക്ക് പോവുന്ന വിദ്യാര്‍ത്ഥികളുണ്ട്. രാത്രി കടകളില്‍ നില്‍ക്കുന്നവരും ചരല്‍ വാരാന്‍ പോകുന്നവരുമൊക്കെയായി...ഈ കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമില്ല. മര്യാദ കാണിക്കില്ല. വഴക്ക് പറയുന്നത് ഇഷ്ടമല്ല. 'ടീച്ചറ് ചടപ്പിച്ചുകളഞ്ഞു' എന്നാ പറയുക. നല്ല മന:സംഘര്‍ഷമായിരുന്നു അവിടെ. കുറേ നന്നാക്കാന്‍ ശ്രമിച്ചിരുന്നു. കുറച്ചൊക്കെ ഫലമുണ്ടായി. അവരുടെ ഉള്ളില്‍ സ്‌നേഹമാണ്. പിന്നെ എന്റെ വിഷയം മലയാളമാണ്. അതിലിത്തിരി അലിവൊക്കെയുണ്ടല്ലോ...ഇടപെടുമ്പോള്‍ ടീച്ചര്‍ അവരുടെ കൂടെയാണെന്ന് അവര്‍ക്ക് തോന്നണം.പിന്നെ അവരെ മാറ്റാന്‍ എളുപ്പമാണെന്നാണ് എന്റെ അനുഭവം. ആ സ്‌കൂളില്‍ നിന്ന് പോന്നിട്ടും ഇപ്പറഞ്ഞ കുട്ടികള്‍ എന്നെ വിളിക്കാറുണ്ട്. പഠനത്തില്‍ മിടുക്കരായിരുന്നവര്‍ക്ക് ആ ബന്ധമില്ല.''

തൃശൂര് ഒരു സ്‌കൂളില്‍ ട്രെയിനിങ്ങിന്റെ ഭാഗമായി പഠിപ്പിക്കാനെത്തിയതാണ് ഏതാനും ട്രെയിനിടീച്ചര്‍മാര്‍. കാലിന് സുഖമില്ലാത്ത ഒരു പയ്യനെ കഌസിന് പുറത്താക്കിയത് കണ്ട് അവര്‍ ചുമ്മാ കാരണമന്വേഷിച്ചു. 'അവനിന്ന് ബസ്സിലെ കണ്ടക്ടറെ കുത്തി. പോലീസ് കേസിലാണ്. അതാ പുറത്തുനിര്‍ത്തിയത്,' സ്‌കൂളിലെ പ്യൂണ്‍ നിസ്സാരമട്ടില്‍ പറഞ്ഞ് പോയി. അധ്യാപനമധുരം നുകരാന്‍ വെമ്പലോടെ വന്ന ട്രെയിനിടീച്ചര്‍മാര്‍ 'അയ്യോ' എന്ന് തലയില്‍ കൈവെച്ചു.

മിക്ക കുട്ടികള്‍ക്കും വീട്ടില്‍ നിന്ന് ഇഷ്ടം പോലെ പോക്കറ്റ്മണി കിട്ടുന്നുണ്ട്. ''ഇപ്പോള്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചാല്‍ പണമാണ് കൂടുതലും കിട്ടുന്നത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍. ചോദിച്ചാല്‍ പറയും, 'അമ്മമ്മ പോക്കറ്റ്മണി തന്നതാണ്' എന്നൊക്കെ,'' കോഴിക്കോട്ടെ ഒരു ഗേള്‍സ് സ്‌കൂള്‍ അധ്യാപികയായ രേഷ്മ പറഞ്ഞു. പക്വത വരാത്ത പ്രായത്തില്‍ പണം കൈയ്യില്‍ കിട്ടിയാല്‍ എന്തൊക്കെ അപകടങ്ങളില്‍ ഈ കുട്ടികള്‍ ചെന്നുപെടാം... അധ്യാപകര്‍ വേവലാതിപ്പെടുന്നു. എത്ര രഹസ്യമാക്കിയാലും മൊബൈല്‍ ചെക്കുചെയ്യാന്‍ വരുന്ന വിവരം കുട്ടികള്‍ക്ക് കിട്ടിയിരിക്കും. അതെങ്ങിനെയാണാവോ! ചെക്ക് ചെയ്യാന്‍ പോയിട്ട് നമ്മള് ഫൂളാവും. ചിലപ്പൊ ചാര്‍ജ്ജര്‍ മാത്രം കാണും. സിമ്മ് ഊരി ബാത്‌റൂമില്‍ കളയുന്ന വില്ലത്തികളുണ്ട് എന്റെ സ്‌കൂളില്‍,''രേഷ്മടീച്ചര്‍ പറഞ്ഞു.

പെണ്‍കുട്ടികളും മോശക്കാരല്ല. ''ഒറ്റയ്‌ക്കൊരാളും റിബലാവുന്നില്ല. പകരം ഗാങ്ങുകളായാണ് കുട്ടികള്‍ ഉഴപ്പുന്നത്. അത്തരം ചില നൊട്ടോറിയസ് ഗാങ്ങുകളുണ്ട് എന്റെ സ്‌കൂളില്‍. ഗാങ്ങുകളില്‍ പെടുന്ന കുട്ടിയുടെ പഠനനിലവാരം സ്വാഭാവികമായും താഴാന്‍ തുടങ്ങും. ഏതെങ്കിലും കുട്ടിക്ക് പഠിക്കണമെന്ന് തോന്നിയാല്‍ത്തന്നെ എളുപ്പമല്ല രക്ഷപ്പെടാന്‍. കൂട്ടത്തിലുള്ളവര്‍ അവളെ അത്ര വേഗത്തിലൊന്നും വിട്ടുതരില്ല,'' ആമിന എന്ന അധ്യാപിക പറഞ്ഞു.

ഒരു സ്‌കൂളില്‍ ഉച്ചയ്ക്ക് ഉറക്കം തൂങ്ങിയ ഏതാനും വിദ്യാര്‍ത്ഥിനികളെ ടീച്ചര്‍ പിടികൂടി. അന്വേഷിച്ചപ്പോള്‍ അതിലൊരു കുട്ടി കൊണ്ടുവന്ന വൈന്‍ അവരെല്ലാവരും ചേര്‍ന്ന് കഴിച്ചിരുന്നതായി തെളിഞ്ഞു. അധ്യാപിക കുട്ടിയുടെ അമ്മയെ വിളിപ്പിച്ച് കാര്യം പറഞ്ഞു. ഇത്തവണ അമ്മയുടെ പ്രതികരണം കേട്ടാണ് ടീച്ചര്‍ ഞെട്ടിയത്. 'അതത്ര പ്രശ്‌നമല്ല. വീട്ടിലിതൊക്കെ പതിവാണ്' എന്നായിരുന്നത്രെ അവരുടെ കൂളായ മറുപടി.

രക്ഷിതാക്കളുടെ ആശയക്കുഴപ്പം മറ്റൊരു തരത്തിലാണ്. ''ഞങ്ങള്‍ രണ്ട്‌പേരും ഉദ്യോഗസ്ഥരാണ്. സമയക്കുറവുണ്ട്. എപ്പോഴും കുട്ടിയുടെ പിറകെ നടക്കാന്‍ ആര്‍ക്ക് സാധിക്കും! സ്‌കൂളില്‍ നിന്ന് ഇടയ്ക്കിടെ വിളിപ്പിക്കും. അവന്‍ വഴക്കിട്ടു, ഏതോ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ...ടീച്ചര്‍ മോന്റെ കുറ്റം പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. അച്ഛനോട് പറയാറില്ല. അവന്റെ കഥ അതോടെ തീരും. അത്ര ദേഷ്യക്കാരനാണ് പുള്ളി,'' എല്‍ഐസിയിലെ ഒരു ഉന്നതോദ്യോഗസ്ഥയാണത് പറഞ്ഞത്.

''മഹാസാധനങ്ങളാണ് ചില കുട്ടികള്‍. നമ്മുടെ മുന്നില്‍ പാവത്താന്‍ അഭിനയിക്കും. വീട്ടില്‍ ഭയങ്കരിയും. ഒരമ്മ പറഞ്ഞു, അവരുടെ മകള്‍ വീട്ടിലെത്തിയാലുടന്‍ മുറിയടച്ച് മൊബൈലില്‍ സംസാരം തുടങ്ങുമെന്ന്. ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണവര്‍. പേടിയാണത്രെ മകളോട് കോപിക്കാന്‍. തൂങ്ങിചത്താലോ എന്ന്്,'' അധ്യാപികയായ ദിവ്യ പറഞ്ഞു.

കുട്ടികളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളെ കാണാനാണ് തിരുവനന്തപുരത്തെ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിലാ സരോഷ് ശ്രമിക്കുന്നത്. ''കുട്ടികളും ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കടിയിലാണ്. സ്‌കൂളിന് പുറമെ ഒരു പാരലല്‍ എഡ്യുക്കേഷന്‍ സിസ്റ്റം പോലെയാണ് ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ എന്‍ട്രന്‍സ് കോച്ചിങ്ങും ഉണ്ട്. കുട്ടികള്‍ അസ്വസ്ഥരാണ്.പഌസ്ടു സെക്ഷനിലെ കുട്ടികളാണ് ഇതധികം അനുഭവിക്കുന്നത്. അവര്‍ ദേഷ്യം പലരീതിയില്‍ കാണിക്കുന്നു. ഫേസ്ബുക്കില്‍ ടീച്ചര്‍മാരെ വഴക്ക് പറയുന്നു.പിടിഐ മീറ്റിങ്ങില്‍ ഞാനിതൊക്കെ രക്ഷിതാക്കളോട് പറയാറുണ്ട്,'' 2008-ലെ ബെസ്റ്റ് സി.ബി.എസ്.സി. പ്രിന്‍സിപ്പാളിനുള്ള നാഷനല്‍ അവാര്‍ഡ് നേടിയിട്ടുണ്ട് അനിലാ സരോഷ്.

എന്താണ് ആരും തങ്ങളെ മനസിലാക്കാത്തതെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം.'' സ്‌കൂളില്‍ ഉപദേശം. വീട്ടില്‍ ചെന്നാലും ഇതുതന്നെ സിറ്റ്വേഷന്‍. സഹികെട്ടുപോവും ചിലപ്പോള്‍. എത്ര മാന്യമായി ജീവിച്ചാലും അച്ഛനമ്മമാര്‍ക്ക് സംശയം. അത് നമ്മളെ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ. എനിക്ക് ഫിസിക്‌സിലൊഴിച്ച് മറ്റെല്ലാ വിഷയത്തിലും എ പഌസ്സാ. എന്നാലും നല്ല വാക്ക് പറയില്ല. ,'' സ്‌നേഹ എന്ന പത്താം ക്ലാസുകാരി മുഖം കനപ്പിച്ചു. ചിലര്‍ അധ്യാപകരെ കുറ്റപ്പെടുത്തുന്നു. ''ഒന്നും പ്രിപ്പയര്‍ ചെയ്യാതെ കഌസില്‍ വരുന്ന അപൂര്‍വ്വം ചില സാറന്മാരാണ് മോശമായി പെരുമാറുക. അത്തരക്കാരോട്് ദേഷ്യമാണ്,'' കണ്ണൂരിലെ പഌസ് ടു വിദ്യാര്‍ത്ഥി ഹരിശങ്കര്‍ പറഞ്ഞു.

ഇവരെ കൈവിട്ടുകൂടാ

മാറിയ ജീവിതം...താളംതെറ്റുന്ന കുടുംബം...എന്തു കുഴപ്പം വന്നാലും കുട്ടികളെ തങ്ങള്‍ കൈവിടില്ലെന്ന് തന്നെയാണ് അധ്യാപകരുടെ പൊതുവികാരം. ''എന്റെ മകന്റെ പ്രായത്തിലുള്ള കുട്ടികളാണ് ക്ലാസിലുള്ളത്. മക്കള്‍ തെറ്റുചെയ്യുമ്പോള്‍ ഞാന്‍ വഴക്കുപറയും,ശിക്ഷിക്കും. അതേ കണ്ണോടെയാണ് വിദ്യാര്‍ത്ഥികളേയും കാണുന്നത്. സ്‌നേഹം കൊണ്ടല്ലേ ശിക്ഷിക്കുന്നത്... നമ്മള് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ കുട്ടികള്‍ക്ക് വേണ്ടിയല്ലേ ചെലവഴിക്കുന്നത്,'' കോഴിക്കോട് കുണ്ടൂപ്പറമ്പ് ഹൈസ്‌കൂളിലെ അധ്യാപികമാര്‍ ബീന,ജയശ്രീ, ശ്യാമള എന്നിവരുടെ ശബ്ദത്തില്‍ തികഞ്ഞ ആത്മാര്‍ത്ഥത. ''പിടിഐ മീറ്റിങ്ങിലൂടെ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹരിക്കുകയും വേണം. ഇത് എന്നെങ്കിലുമൊരിക്കല്‍ പോര. കുട്ടികളുടെ കാര്യമാണ്. നിതാന്ത ജാഗ്രത വേണം,'' ഇതേ സ്‌കൂളിലെ കുട്ടികളുടെ കൗണ്‍സിലറായ ചഷ്മ ചന്ദ്രന്‍ ഓര്‍പ്പിക്കുന്നു.