MATHRUBHUMI RSS
Loading...
അമ്മയുടെ കൈ പിടിച്ച് ഓരോ ചുവടും

കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അമ്മമാരെ അലട്ടുന്ന നൂറ് പ്രധാന സംശയങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന മറുപടി....കേരളത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്ന് പറയുന്നു കുട്ടികളുടെ ഡോക്ടര്‍മാര്‍. മുതിര്‍ന്നവര്‍ക്കുള്ള പലരോഗങ്ങളും ചെറിയപ്രായത്തിലേ കുഞ്ഞുങ്ങളെയും പിടികൂടിത്തുടങ്ങിയിരിക്കുന്നു. പൊണ്ണത്തടിയും പ്രമേഹവും കൊളസ്‌ട്രോളും ഹൃദ്രോഗവുമൊക്കെ ഇന്ന് കുഞ്ഞുങ്ങളുടെയും രോഗമായിക്കഴിഞ്ഞു.

'എന്റെ അടുത്ത് ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരി.അവള്‍ക്ക് 70 കിലോ തൂക്കമുണ്ടായിരുന്നു.അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങളും', കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. പി.സവിദ പറയുന്നു. 'ഫ്ലാറ്റ് സംസ്‌കാരം വളര്‍ന്നതോടെ കുഞ്ഞുങ്ങളില്‍ വണ്ണം കൂടിവരുന്നുണ്ട്. അവര്‍ പണ്ടത്തെപ്പോലെ തൊടികളിലൊന്നും ഓടിക്കളിക്കുന്നില്ല. ഭക്ഷണത്തിലൂടെ കിട്ടുന്ന ഊര്‍ജം ശരീരത്തില്‍ത്തന്നെ കെട്ടിക്കിടക്കുന്ന തരം ജീവിതശൈലിയായി. അങ്ങനെ പൊണ്ണത്തടി ഉണ്ടാവുന്നു. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ഇത് സ്ഥിരം സംഭവമായിട്ടുണ്ട്', ഡോക്ടര്‍ പറയുന്നു.

ആസ്ത്മ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെല്ലാം കേരളത്തിലെ കുട്ടികളില്‍ കൂടി വരികയാണെന്ന്് ശിശുരോഗ വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. ഇതിനു പുറമെയാണ് പഴയകാലരോഗങ്ങളായ വില്ലന്‍ചുമ,അഞ്ചാംപനി തുടങ്ങിയവയുടെ തിരിച്ചുവരവ്. പനിയും ശരീരത്തില്‍ തടിപ്പും വരിക, അതിന്റെ കൂടെ കണ്ണിന് ചുമപ്പ്, ജലദോഷം ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ മീസില്‍സ് സാധ്യത സംശയിക്കണം.

'മീസില്‍സ് ഒരു കാലത്ത് നന്നായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത്തരം കുറെ കേസുകള്‍ ആസ്പത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ വേറെയും. മൊത്തത്തില്‍ പഴയകാല രോഗങ്ങളുടെ തിരിച്ചുവരവാണ് ഇപ്പോഴത്തെ പ്രധാന ആരോഗ്യഭീഷണി', ഡോ.സവിദ ചൂണ്ടിക്കാട്ടുന്നു.

'ബ്രോങ്കിയോലൈറ്റിസ് എന്ന രോഗവും കുഞ്ഞുങ്ങളില്‍ അധികമായി കാണുന്നുണ്ട്.ജലദോഷമാണ് ആദ്യലക്ഷണം. പിന്നെ രണ്ടുദിവസത്തിനുള്ളില്‍ ചുമ, പനി എന്നിവ ഉണ്ടാകും. അസുഖം കൂടിയാല്‍ കുഞ്ഞിന് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട്് വരും', തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ.വി.കെ.പാര്‍വതി പറയുന്നു.

പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം കേരളത്തിലെ അമ്മമാരുടെ സംശയങ്ങളും വര്‍ധിച്ചുവരികയാണെന്ന് പറയുന്നു തിരുവനന്തപുരം എസ്.എ.ടി.യിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ലളിത കൈലാസ്.'നൂറുപേര്‍ വന്നാല്‍ 90 പേര്‍ക്കും കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും സംശയം കാണും. ഇപ്പോള്‍ പണ്ടെത്തെപ്പോലെയല്ല. ഡോക്ടര്‍മാരോട് എന്തുണ്ടെങ്കിലും അവര്‍ തുറന്നുചോദിക്കും. ഏത് അസുഖം ഉണ്ടായാലും എങ്ങനെയുണ്ടായി, എങ്ങനെ തടയാം, അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം, ഏതു മരുന്നാണ് കൊടുക്കേണ്ടത്, മരുന്നിന്റെ റിയാക്ഷന്‍ ഇങ്ങനെ എല്ലാ കാര്യങ്ങളും അവര്‍ ചോദിക്കും. അതൊരു നല്ല പ്രവണതയാണ്', ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ അമ്മമാരുടെ പ്രധാനപ്പെട്ട 100 സംശയങ്ങളെക്കുറിച്ച് പ്രമുഖശിശുരോഗ വിദഗ്ധരോട് ഗൃഹലക്ഷ്മി ചോദിച്ചു. അവരുടെ മറുപടികള്‍.

കുഞ്ഞിനിണങ്ങും രുചികള്‍


കുട്ടികളുടെ ശരിയായ ഭക്ഷണക്രമം വിവരിക്കാമോ

ആറുമാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ തന്നെയാണ് വേണ്ടത്. ആറുമാസത്തിനുശേഷം കുറുക്കു കൊടുത്തു തുടങ്ങാം. രണ്ടുവയസ്സുവരെയെങ്കിലും മുലപ്പാല്‍ നല്‍കണം. ശരിയായ ഭക്ഷണരീതി തുടര്‍ന്നാല്‍ തന്നെ കുഞ്ഞിനെ മിക്ക അസുഖങ്ങളില്‍നിന്നും അകറ്റിനിര്‍ത്താം.

കുറുക്ക് നന്നായി നേര്‍പ്പിച്ചാണോ കൊടുക്കേണ്ടത്

കുറുക്ക് ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കൊടുക്കരുത്. വെള്ളം കൂടുതല്‍ ചേര്‍ക്കുന്നത്‌കൊണ്ട് കുഞ്ഞിന്റെ വയര്‍ വേഗം നിറയും.ആവശ്യമുള്ള പോഷകം കിട്ടുകയുമില്ല. കുറുക്ക് കുറുക്കിത്തന്നെ കൊടുക്കണം.

എന്തൊക്കെ കുറുക്കുകളാണ് കുഞ്ഞിന് നല്‍കേണ്ടത്

അരിപ്പൊടി കൊണ്ടുള്ള കുറുക്കൊരുക്കാം. കഴിയുന്നതും ഇതില്‍ നെയ്യ് അധികമൊന്നും ഉപയോഗിക്കരുത്. കാരണം, നമ്മളില്‍ പലരും ഹാര്‍ട്ട് അറ്റാക്ക് സാധ്യതയുള്ളവരാണ്. മെലിഞ്ഞ കുഞ്ഞുങ്ങളാണെങ്കില്‍ ചോറ് നന്നായി വേവിച്ച് കുറച്ച് എണ്ണയൊക്കെ ചേര്‍ത്ത് കൊടുക്കാം. പഞ്ഞപ്പുല്ലും ഏത്തയ്ക്കയുമൊക്കെ പൊടിച്ചു കുറുക്കി കൊടുക്കാം. ഏത്തയ്ക്ക പുഴുങ്ങിയുടച്ചുകൊടുക്കണം. പയര്‍, പരിപ്പ് തുടങ്ങിയവ വേവിച്ച് കൊടുക്കാം. ഗോതമ്പ്‌പൊടിയും കുറുക്ക് രൂപത്തിലാക്കാം. അല്പം തേങ്ങാപ്പാലും ചേര്‍ത്തിട്ടാണ് കുറുക്ക് ഉണ്ടാക്കേണ്ടത്.കുറുക്കില്‍ മധുരം ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടോ

മധുരത്തിന് കല്‍ക്കണ്ടമോ, പഞ്ചസാരയോ ഉപയോഗിക്കാം. ഏറ്റവും നല്ലത് പനംചക്കരയാണ്. അതില്‍ കാത്സ്യവും അയേണുമുണ്ട്.

പച്ചക്കറികള്‍ ഉള്‍പ്പെടുത്തുമ്പോള്‍

പച്ചക്കറികളും ഇലക്കറികളും കുറുക്കില്‍ ചേര്‍ക്കാം. അതും നേര്‍മയായി കൊത്തിയരിഞ്ഞിട്ട് കുറുക്കുണ്ടാക്കുമ്പോള്‍ ഇടാം. എല്ലാംകൂടെ ഒരു ദിവസം ഇട്ടുകൊടുക്കരുത്. പതുക്കപ്പതുക്കെ ഓരോന്ന് ചേര്‍ത്തുകൊടുത്തു തുടങ്ങണം.

പശുവിന്‍ പാല്‍ എപ്പോള്‍ കൊടുത്തുതുടങ്ങാം

അനിമല്‍ പ്രോട്ടീന്‍ കഴിയുന്നതും ഒരു വയസ്സ് കഴിഞ്ഞിട്ടുമതി. അതുമായിട്ടുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം പല അസുഖങ്ങള്‍ക്കും അടിത്തറ ഇട്ടുകൊടുക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്്. പശുവിന്‍പാല്‍ അലര്‍ജി കുഞ്ഞുങ്ങളില്‍ സാധാരണമായിക്കഴിഞ്ഞു.

ദിവസം എത്രനേരം കുഞ്ഞിന് ഭക്ഷണം നല്‍കണം

പാല്‍ ആണെങ്കില്‍ രണ്ടുമൂന്ന് മണിക്കൂര്‍ ഇടവിട്ട് കൊടുത്താല്‍ മതി.കട്ടിയാഹാരം കൊടുത്തുതുടങ്ങുമ്പോള്‍ ഒന്നോരണ്ടോ തവണ അതും ബാക്കിസമയത്ത് മുലപ്പാലും കൊടുക്കാം.കട്ടിയാഹാരം മൂന്ന് നാല് മണിക്കൂര്‍ ഇടവിട്ട് കൊടുത്താല്‍ മതി. ഒരുകപ്പ് ചോറ്(100-150മില്ലി)കൊടുത്തുകഴിഞ്ഞാല്‍ പിന്നെ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മറ്റു ഭക്ഷണം വേണമെന്നില്ല.പ്രായം കൂടുന്നതിനനുസരിച്ച് അളവും ഭക്ഷണത്തിന്റെ ഇടവേളയും കൂട്ടിക്കൊണ്ടിരിക്കാം.വളര്‍ച്ചയ്ക്കനുസരിച്ച് അളവ് കൂട്ടി തവണ കുറയ്ക്കണമെന്ന് അര്‍ത്ഥം.

ആറുമാസം കഴിഞ്ഞുള്ള ഭക്ഷണരീതിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം

ആറുമാസം കഴിഞ്ഞ്് പ്രോട്ടീന്‍,ഫാറ്റ് എന്നിവയൊക്കെ കിട്ടത്തക്ക രീതിയിലുള്ള ഭക്ഷണം തിരഞ്ഞെടുക്കണം. കൂവരക്,ഏത്തക്കാപ്പൊടി,മുത്താറി എന്നിവയൊക്കെ ഈ സമയത്ത് ഭക്ഷണത്തിലുള്‍പ്പെടുത്താം. പത്ത്് മാസമാവുന്നതോടെ മുതിര്‍ന്നവര്‍ കഴിക്കുന്ന എല്ലാ ഭക്ഷണവും കുഞ്ഞിനെ ശീലിപ്പിക്കാം. നോണ്‍വെജ് കഴിക്കുന്നവരാണെങ്കില്‍ മുട്ട,ഇറച്ചി എന്നിവ കുട്ടികള്‍ക്ക് കൊടുക്കാം. പച്ചക്കറിയൊക്കെ കഴിയുന്നതും നേരത്തെത്തന്നെ കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നമ്മള്‍ കഴിക്കുന്നതിന്റെ ദ്രവരൂപത്തിലുള്ള ഭക്ഷണം കുഞ്ഞിന് കൊടുക്കുന്നതാണ് നല്ലത്.

ചോറ് മിക്‌സിയില്‍ അടിച്ചുകൊടുക്കാമോ

നാല്-അഞ്ച് മാസമൊക്കെ കവിളെല്ല് വികസിക്കുന്ന പ്രായമാണ്. ആ പ്രായത്തില്‍ കുഞ്ഞ് ചവച്ചരച്ച് കഴിക്കാന്‍ പഠിക്കണം.അതേ പോലെ ഭക്ഷണം ഇറക്കാനും. ഈ സമയത്ത് ഭക്ഷണം അധികം ദ്രവരൂപത്തിലാക്കിയാല്‍ കുഞ്ഞ് വിഴുങ്ങാനേ പഠിക്കൂ.വളരുമ്പോഴും കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം കഴിക്കാനാവില്ല.

ഭക്ഷണം കഴിക്കാനുള്ള മടി എങ്ങനെ മാറ്റാം

ജനിക്കുമ്പോള്‍ മൂന്ന് കിലോയുള്ള കുഞ്ഞ് ഒരു വയസ്സാവുമ്പോള്‍ മൂന്നിരട്ടിയാവും. കുഞ്ഞ് വളരുന്നുണ്ടെങ്കിലും അടുത്തകൊല്ലമാവുമ്പോള്‍ അത് 27 കിലോ ആവില്ല.അപ്പോള്‍ കുഞ്ഞിനത്രയും ഭക്ഷണത്തിന്റെ ആവശ്യമില്ല. മൂന്നിരട്ടി വളരേണ്ട ആവശ്യവുമില്ല.വളര്‍ച്ചയുടെ തോത് കുറയുന്നതുകൊണ്ടാവും ഭക്ഷണം കഴിക്കുന്നതും കുറയുന്നത്.

അനീമിയയും വിറ്റാമിന്റെ കുറവും ഉണ്ടെങ്കില്‍ വിശപ്പ് കുറയാം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ വിശപ്പിനുവേണ്ടി പ്രത്യേകമരുന്നൊന്നും കൊടുക്കേണ്ടതില്ല. അധികം കഴിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല. ഇഷ്ടമില്ലാത്ത ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കുമ്പോള്‍ കുഞ്ഞിന് അതിനോടൊരു എതിര്‍പ്പ് വരുന്നത് സ്വാഭാവികമാണ്. ആഹാരത്തിനുള്ള സമയമടുക്കുമ്പോള്‍ കുഞ്ഞ് കരച്ചിലും വെറുപ്പും പ്രകടിപ്പിക്കും. പലതരത്തിലുള്ള ഭക്ഷണം കഴിക്കാന്‍ കൊടുത്തുനോക്കുക. കുഞ്ഞ് ഇഷ്ടമുള്ളത് എടുത്ത് കഴിക്കട്ടെ. ഭക്ഷണം കൊടുക്കുന്ന സമയം പരമാവധി സന്തോഷമുള്ളതാക്കാന്‍ അമ്മമാര്‍ ശ്രമിക്കണം.

കുഞ്ഞിന് ദിവസവും മുട്ട കൊടുക്കാമോ

ദിവസവും മുട്ട കഴിച്ചതുകൊണ്ട് കുഴപ്പമൊന്നുമില്ല.പക്ഷേ മുട്ടയുടെ മഞ്ഞയില്‍ ഒത്തിരി കൊളസ്‌ട്രോളുണ്ട്.പൊണ്ണത്തടിയുളളവരൊന്നും അധികം മുട്ട കഴിക്കരുത്.ദിവസവും മുട്ടയുടെ വെള്ള കഴിക്കാം.രണ്ടുദിവസം ഇടവിട്ട് മഞ്ഞയും.

കുഞ്ഞിന് വിശപ്പ് മാറിയോ എന്നെങ്ങനെ തിരിച്ചറിയാം

വായടയ്ക്കുകയോ മുഖം തിരിക്കുകയോ ചെയ്താല്‍ കുഞ്ഞിന് മതിയായെന്ന് ഊഹിക്കാം.മിക്കവാറും വയര്‍ നിറഞ്ഞുകഴിഞ്ഞാല്‍ കുഞ്ഞ് ഭക്ഷണം തുപ്പിക്കളയും.

ടി.വി കാണിച്ച് ഭക്ഷണം കഴിപ്പിക്കാമോ

കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ ടി.വി.ഓണ്‍ ചെയ്ത് അതിനുമുന്നിലിരുത്തുന്ന അമ്മമാരുണ്ട്. ടി.വി.യിലേക്ക് കുഞ്ഞിന്റെ ശ്രദ്ധമാറ്റി ഭക്ഷണം വായിലേക്ക് കുത്തിത്തിരുകി കൊടുക്കും.താത്കാലികമായി അത് കുഞ്ഞിനെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. അങ്ങനെ ചെയ്താല്‍ കുഞ്ഞിന് ഓരോ ഭക്ഷണത്തിന്റെയും രുചിയും കഴിക്കുന്ന അളവുമൊന്നും അറിയാനാവില്ലല്ലോ.

ചില കുഞ്ഞുങ്ങള്‍ കല്ലും മണ്ണും കഴിക്കുന്നതെന്തുകൊണ്ടാണ്

അനീമിയ ഉണ്ടെങ്കിലും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാലും കുട്ടികള്‍ കല്ലും മണ്ണും കഴിക്കാം.ഭിത്തി മാന്തി തിന്നുന്നതും കടലാസും നിലത്തുവീണുകിടക്കുന്ന സാധനങ്ങളുമൊക്കെ പെറുക്കിത്തിന്നുന്നതും അവര്‍ ശീലമാക്കാറുണ്ട്. വിര ശല്യമുള്ള കുട്ടികളിലും ഈ സ്വഭാവം കാണാം. ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി കൊടുക്കുകയാണ് വേണ്ടത്.

രാത്രി ഉണര്‍ന്നുകരഞ്ഞാല്‍ ഭക്ഷണം കൊടുക്കാമോ

കുഞ്ഞ് ഉറങ്ങുന്നതിനുമുമ്പ് കട്ടിയാഹാരം കൊടുക്കുന്നതാണ് നല്ലത്.രാത്രി എണീറ്റാല്‍ മധുരമിട്ട് പശുവിന്‍ പാലൊക്കെ കൊടുത്താല്‍ അതിന്റെ അവശിഷ്ടങ്ങള്‍ പല്ലിലൊക്കെ ഒട്ടിപ്പിടിച്ച് ഭാവിയില്‍ ദന്തക്ഷയം വരാം. രാത്രി ഉണര്‍ന്നുകരയുമ്പോഴേക്കും കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കുന്നത് നല്ലതല്ല.ഭാവിയില്‍ പല്ലിന്റെ ആരോഗ്യത്തെ ഈ ശീലം ബാധിക്കാം.മുലപ്പാലും നല്ല മധുരമുള്ളതല്ലേ.കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ടെങ്കില്‍ രാത്രി ഭക്ഷണം ശീലിപ്പിക്കേണ്ടതില്ല.

വയറുവേദന വരുന്നത് എന്തുകൊണ്ടാണ്

കുഞ്ഞുങ്ങള്‍ വിട്ടുവിട്ട് പാല്‍ കുടിക്കുമ്പോള്‍ അതിനൊപ്പം കുറച്ച് വായുവും അകത്താക്കും.

വൈകുന്നേരമാവുമ്പോഴേക്കും ഇത് കൂടിക്കൂടി വരാം. കുഞ്ഞ് നിര്‍ത്താതെ കരയും.തോളില്‍ കിടത്തി പുറത്ത് കുറച്ചുനേരം തട്ടിക്കൊടുത്തുനോക്കാം.ഏമ്പക്കത്തിനൊപ്പം കരച്ചില്‍ മാറും.എപ്പോള്‍ പാല്‍ കൊടുത്താലും കുറച്ചുനേരം പുറത്തുതട്ടുന്നത് വയറുവേദന വരാതിരിക്കാന്‍ സഹായിക്കും.

കുഞ്ഞിന് ശ്വസിക്കാന്‍ വിഷമം കണ്ടാല്‍

വേഗത്തിലോ ശബ്ദത്തോടെയോ ആണ് ശ്വസിക്കുന്നതെങ്കില്‍ കുഞ്ഞിന് ശ്വാസകോശസംബന്ധിയായ അസുഖം ഉണ്ടെന്ന് കരുതാം. ഉടനെ ചികിത്സ തേടണം.

കുഞ്ഞിന് പനി വരുമ്പോള്‍ ഓര്‍ക്കുക


പനി വരുമ്പോള്‍ ദേഹം നനച്ചുതുടയ്ക്കാമോ

അതില്‍ പ്രശ്‌നമൊന്നുമില്ല.പക്ഷേ ഐസ് വെള്ളം വെച്ചൊന്നും തുടയ്ക്കരുത്. ഭയങ്കരമായ തണുപ്പ് വരുമ്പോള്‍ കുഞ്ഞിന്റെ ശരീരോഷ്മാവ് പെട്ടെന്ന് താഴ്ന്നുപോവാനിടയുണ്ട്. ഇളംചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞെടുത്ത് തുടയ്ക്കുക.

നവജാത ശിശുക്കളെ നന്നായി പുതപ്പിക്കുന്നതുകൊണ്ട് ദോഷമുണ്ടോ

നവജാതശിശുവിന് ശരീരത്തിലെ താപനിയന്ത്രണം എളുപ്പമല്ല.അതുകൊണ്ട് അമിതമായി പുതപ്പിക്കുന്നതും തുറന്നുകിടത്തുന്നതും ദോഷമാണ്. പൊതിയുമ്പോള്‍ ചൂട് അകത്തേക്കാണ് പോവുന്നത്. സാധാരണഗതിയില്‍ മൂന്ന് മാസം വരെ പൊതിയുന്നതില്‍ കുഴപ്പമില്ല. ശരീരം തണുത്താല്‍ നീലനിറം വരിക,ശ്വാസം നിലച്ചുപോവുക,തളര്‍ച്ചയുണ്ടാവുക എന്നിവയൊക്കെ സംഭവിക്കാം. ചിലര്‍ പനിവന്നാലൊക്കെ പുതപ്പിക്കുന്നത് കാണാറുണ്ട്. അത് നല്ലതല്ല. അപ്പോള്‍ പനിയുടെ ചൂടിനെ പുറത്തേക്ക് വിടുന്നത് തടയുകയാണ്.ആ ചൂട് ദേഹത്തേക്ക് തന്നെ കയറും.കുട്ടികള്‍ക്ക് ഡെങ്കിപ്പനി വന്നാല്‍

ഡെങ്കിപ്പനിവന്നാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സ് കുറയും അപ്പോള്‍ ദേഹത്തൊക്കെയിങ്ങനെ കുത്തുകുത്തായി വരും. ചില കുട്ടികള്‍ക്ക് മാത്രമേ ബഌഡിങ്ങ് ഉണ്ടാവൂ.കേരളത്തിലെ ഡെങ്കിപ്പനിക്ക് അത്ര ബഌഡിങ്ങ് ഉണ്ടാവാറില്ല. ഇവിടെ ബി.പി.കുറയുകയാണ് ചെയ്യുന്നത്. അതിന് ബി.പി.തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഓരോ മണിക്കൂറിലും ബി.പി. നോക്കണം. ബി.പി നോര്‍മര്‍ ആയാല്‍ ഒ.കെ.ആണ്. വെറും ഉപ്പുവെള്ളം കൊണ്ട് രക്ഷപ്പെടാവുന്ന അസുഖമാണ് ഡെങ്കിപ്പനി.

കുട്ടികളിലെ ചിക്കന്‍പോക്‌സ് അപകടകരമാണോ

ഗര്‍ഭിണിയായ സ്ത്രീക്ക്, ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചിക്കന്‍പോക്‌സ് വന്നാല്‍ ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകള്‍ക്ക് പൂര്‍ണ വളര്‍ച്ചയില്ലാതെ വരാം. അതേപോലെ പ്രസവംകഴിഞ്ഞിട്ടുള്ള ആദ്യത്തെ ഒന്നു രണ്ടാഴ്ചക്കുള്ളില്‍ ചിക്കന്‍പോക്‌സ് വന്നാലും അപകടമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മരണനിരക്ക് കൂടുതലാണ്. വേറെ അസുഖമുള്ള കുഞ്ഞിനു ചിക്കന്‍പോക്‌സ് വന്നാലും അപകടകരമാണ്. പ്രത്യേകിച്ച് എച്ച്.ഐ.വി ഉള്ള കുട്ടികള്‍ക്ക്.

അയണ്‍, കാല്‍സ്യം ഗുളികകള്‍ കൊടുക്കേണ്ടതുണ്ടോ

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മതിയായ അയണ്‍ കൊടുത്തില്ലെങ്കില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയാം.മൂന്നാഴ്ച മുതല്‍ ആറുമാസം വരെ അയണ്‍ ഗുളിക കൊടുക്കുന്നത് നല്ലതാണ്.അതുപോലെ വിറ്റാമിന്‍ ഡി.യും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം. മത്സ്യം, യോഗര്‍ട്ട്, മുട്ട എന്നിവയില്‍ ഇതുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇത് കൊടുക്കാനാവില്ലല്ലോ. മുലപ്പാലില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുമില്ല.

ചില കുഞ്ഞുങ്ങള്‍ കരഞ്ഞു നീലനിറമാവാറുണ്ട്. ഇതിന് ചികിത്സ വേണോ

ഒരുവയസ്സിനും മൂന്നുവയസ്സിനുമിടയിലുള്ള കുട്ടികളിലാണ് ഇത് കാണുന്നത്.ബ്രെത്ത് ഹോള്‍ഡിങ്ങ് സ്‌പെല്‍ എന്നാണ് ഇതിനെ പറയുന്നത്. വേദന പറ്റിയിട്ടോ എന്തെങ്കിലും ആവശ്യത്തിനോ നിര്‍ബന്ധബുദ്ധി കാരണമോ കുഞ്ഞ് കരയും. കരഞ്ഞുതുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഒന്നുകില്‍ വിളറി വെളുക്കും. അല്ലെങ്കില്‍ നീലനിറമാവും. ശ്വാസം നിന്ന പോലെയാവും. മെല്ലെയൊന്ന് തട്ടിക്കൊടുത്താല്‍ കുഞ്ഞ് കുറച്ച് കഴിയുമ്പോള്‍ പതുക്കെ ശ്വാസമെടുക്കും. നിറമൊക്കെ പഴയതുപോലാവും.ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും വേണ്ട. ഹൃദയസംബന്ധമായ അസുഖങ്ങള്‍കൊണ്ടും നീലനിറം വരാം. ഇതിന് കരയുകയൊന്നുമില്ല. നീലനിറം കൂടി ശ്വാസംമുട്ടലും കൂടിയാല്‍ ഉടനെ ചികിത്സിക്കണം.

കുഞ്ഞ് വിരല്‍ കടിക്കുന്നത് രോഗ ലക്ഷണമാണോ

സുരക്ഷിതമല്ലെന്ന തോന്നലുണ്ടാവുമ്പോഴും ശ്രദ്ധ കിട്ടാനുമൊക്കെയാണ് കുഞ്ഞുങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പറയാറുണ്ട്. ആദ്യമിത് വെറുതെ തുടങ്ങുന്നതാവും.പിന്നീട് സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗമാക്കും. കുറച്ചുകൂടി മുതിര്‍ന്നുകഴിഞ്ഞാലും എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ മൂലയ്ക്കിരുന്ന് വിരല്‍ കടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. അപ്പോഴേക്കും അതൊരു പെരുമാറ്റ പ്രശ്‌നമായി മാറിയിട്ടുണ്ടാവും. വിരല്‍ കടിക്കുന്ന സ്വഭാവമുള്ള കുഞ്ഞുങ്ങളെ ആദ്യമേ തന്നെ ഒറ്റയ്ക്കുവിടാതിരിക്കണം. വിരല്‍ കടിക്കുന്ന സമയത്ത് ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടാനും ശ്രമിക്കുക.

ആസ്ത്മ തുടക്കത്തിലേ തിരിച്ചറിയാം


കുട്ടികളിലെ ആസ്ത്മ എങ്ങനെ തിരിച്ചറിയാം

സാധാരണ ജലദോഷപ്പനി, മൂക്കൊലിപ്പ് തുടങ്ങിയവ കൊണ്ടൊക്കെ ശ്വാസംമുട്ടലുണ്ടാവാം. ആസ്ത്മയാണെങ്കില്‍ ഒപ്പം ആദ്യത്തെ ഒന്നുരണ്ടുദിവസം കഴിയുമ്പോള്‍ ശ്വാസംമുട്ടല്‍ വരും. വീട്ടിലുള്ള പൊടി കുഞ്ഞുങ്ങള്‍ക്ക് ആസ്ത്മയുണ്ടാക്കാം. വ്യവസായ മേഖലയിലൊക്കെ താമസിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ആസ്ത്മ വരാം. ജന്മനാല്‍ത്തന്നെ ചില കുട്ടികള്‍ക്ക് ആസ്ത്മയ്ക്കുള്ള പ്രവണതയുണ്ട്. അച്ഛനും അമ്മയ്ക്കും വലിവുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും വലിവുണ്ടാവാം.

ആസ്ത്മയുള്ള കുട്ടികളുടെ പരിചരണമോ

വര്‍ഷത്തില്‍ മൂന്നുവട്ടമെങ്കിലും വലിവുവന്നാലേ അത് ആസ്ത്മയായി കണക്കാക്കാനാവു.അത് തീര്‍ച്ചയാക്കി കഴിഞ്ഞാല്‍ അതിന്റെ കഠിനത നോക്കും. ആഴ്ചയില്‍ മൂന്നുതവണയില്‍ കൂടുതല്‍ വലിവ് വരിക,എല്ലാമാസവും രാത്രി വലിവ് വരിക തുടങ്ങിയവയൊക്കെ കൂടിയ ഇനങ്ങളാണ്. വല്ലപ്പോഴുമൊരിക്കല്‍ വലിവ് വരുന്നവര്‍ക്ക് തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ട ആവശ്യമില്ല.വലിവുള്ളപ്പോള്‍ മാത്രം മരുന്ന് മതി.വലിക്കാനുള്ള(ഇന്‍ഹേലര്‍) മരുന്ന് കൊടുത്ത് രോഗം മാറ്റാവുന്നതേയുള്ളൂ. ഉള്ളില്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് വലിക്കാനുളള മരുന്നാണ്.ചിലര്‍ക്കൊരു പേടിയുണ്ട്. വലിക്കുന്ന മരുന്ന് ഉപയോഗിച്ചാല്‍ പിന്നെ എന്നും വലിക്കേണ്ടി വരുമെന്ന്്. ഇത് തെറ്റാണ്.ആസ്ത്മയുള്ളപ്പോള്‍ മാത്രമേ വലിക്കേണ്ടതുള്ളൂ.

ന്യുമോണിയ എളുപ്പം തിരിച്ചറിയാനാവുമോ

തിരിച്ചറിയാതെ പോവാനുള്ള സാധ്യത കുറവാണ്. പനിയും ശ്വാസംമുട്ടലുമാണിതിന്റെ ലക്ഷണങ്ങള്‍. ചുമ വേണമെന്നൊന്നുമില്ല. പനിയും ശ്വാസം മുട്ടലും വന്നാല്‍, ന്യുമോണിയ ഉണ്ടോയെന്നു വേണം ആദ്യം നോക്കാന്‍. അപൂര്‍വമായി മാത്രമേ രോഗം തിരിച്ചറിയാതെ പോവാറുള്ളൂ.ആസ്ത്മ വന്നുകഴിഞ്ഞാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവുമോ

വലിവ് നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയിലേക്ക് നീണ്ടുനില്‍ക്കാം.വലിവ് കൂടിയാല്‍ ശ്വാസകോശങ്ങള്‍ക്ക് കട്ടികൂടും. തുടര്‍ച്ചയായി വലിവ് വരുന്നത് കൊണ്ട് ശ്വാസനാളത്തിന് കട്ടിവെക്കും. അവിടെ സാധാരണ കോശങ്ങള്‍ മാറി ഫ്ലാറ്റ് ആയിട്ടുള്ള കോശങ്ങള്‍ വരും.ശ്വാസനാളങ്ങള്‍ക്ക് നീര് വരും. മൂന്നുവയസ്സിനുശേഷവും വലിവ് കണ്ടാല്‍ അത് വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. സാധാരണ സ്റ്റിറോയ്ഡ് ആണ് കൊടുക്കാറ്.ചെറിയ ഡോസില്‍ തുടങ്ങും.അത് ഏല്‍ക്കുന്നുണ്ടെങ്കില്‍ ആറുമാസത്തിനകം മരുന്ന് നിര്‍ത്താം.

കുഞ്ഞുങ്ങളുടെ ബുദ്ധി വളരാന്‍ മരുന്നുണ്ടോ


കുഞ്ഞുങ്ങള്‍ക്ക് ബുദ്ധി വളരാനുള്ള മരുന്നുണ്ടോ

ഒരു മരുന്നുണ്ട്,മുലപ്പാല്‍.തലച്ചോറിന്റെ ഞെരമ്പിനൊക്കെ ആവശ്യമായ പദാര്‍ത്ഥങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് മുലപ്പാലില്‍.കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ഐക്യുവും കൂടും. അണുബാധക്കെതിരായ ആന്റിബോഡികളും മുലപ്പാലില്‍ ധാരാളമുണ്ട്.ശ്വാസകോശരോഗങ്ങള്‍ക്കെതിരെയും മുലപ്പാല്‍ രക്ഷ നല്‍കുന്നു. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളില്‍ എക്‌സിമ,ആസ്ത്മ,വയറിളക്കം പോലുള്ളവ വരാന്‍ സാധ്യത കുറവാണ്.

വയറിളക്കം വന്നാല്‍

രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പ്രധാന അസുഖമാണ് വയറിളക്കം.ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്ന കുട്ടികള്‍ക്ക് വയറിളക്ക സാധ്യത കുറവാണ്.ഇക്കാലത്ത് മറ്റ് ഭക്ഷണം കുഞ്ഞിനെ കഴിപ്പിക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്.വയറിളക്കം വന്നാലും പേടിക്കാനില്ല.ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരിച്ചുനല്‍കിയാല്‍ മതി.ഒ.ആര്‍.എസ്.ലായനിയോ പാനീയങ്ങളായ കഞ്ഞിവെള്ളം,മോര്,നാരങ്ങവെള്ളം എന്നിവയോ കുഞ്ഞിന് നല്‍കുക.

ഇതിന് അളവുണ്ടോ

ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്ന ജലത്തിന്റെ അളവിനനുസരിച്ചാണ് പാനീയം കുടിപ്പിക്കേണ്ടത്.അതും കുഞ്ഞിന്റെ ഭാരത്തിനനുസരിച്ച്.ഒരുകിലോ തൂക്കമുള്ളവര്‍ക്ക് 10 മില്ലി കണക്കില്‍.അതായത് പത്ത് കിലോ തൂക്കമുള്ള കുഞ്ഞിനെ 100 മില്ലി വെള്ളം കുടിപ്പിക്കണം.അത് ഒന്നിച്ച് കുടിപ്പിക്കേണ്ട.20 മിനിറ്റ് ഇടവിട്ട് നല്‍കാം.പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം.മണിക്കൂറില്‍ മൂന്നിലേറെ തവണ വയറിളകുകയും കൂടെ പനിയും ഛര്‍ദിയും ഉണ്ടെങ്കിലും അടിയന്തരമായി വൈദ്യസഹായം തേടണം.

കുഞ്ഞിന് ശരിയായ ഉറക്കം കിട്ടാത്തത് എന്തുകൊണ്ടാണ്

പല കുഞ്ഞുങ്ങളിലുമുണ്ട് ഉറക്കത്തിലെ പ്രശ്‌നങ്ങള്‍. കരഞ്ഞുകൊണ്ടെണീക്കുക,ഇടയ്ക്കിടെ ഞെട്ടി ഉണരുക തുടങ്ങിയവയെല്ലാം അത്ര കാര്യമാക്കേണ്ടതില്ല.ചില ചിട്ടകള്‍ പാലിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍. ഉറങ്ങുന്നതിന് ഒരുകൃത്യസമയം നിശ്ചയിക്കുക. ഒമ്പത്-പത്ത് മണിയാവുമ്പോഴേക്കും ഉറങ്ങാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക. രാവിലെ റെഗുലര്‍ സമയത്ത് ഉണര്‍ത്തുക. പിന്നെ കിടക്കുന്ന മുറിയൊക്കെ കംഫര്‍ട്ടബിള്‍ ആവുകയും വേണം.

ഉറക്കപ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ടോ

ഉറക്കത്തില്‍ മാത്രം വരുന്ന ഫിറ്റ്‌സ് ഉണ്ട്. അതുമൊരു ഉറക്കപ്രശ്‌നമാവാം. വേറെ അസുഖങ്ങള്‍ കൊണ്ടും ഉറക്കത്തില്‍ പ്രശ്‌നങ്ങള്‍ വരാം. ഉറക്കത്തില്‍ എന്തെങ്കിലും ശല്യങ്ങള്‍ ഉണ്ടായിട്ട് ശ്വാസം പോലും നിന്നുപോവാറുണ്ട്. തൊണ്ടയിലെ അഡിനോയ്ഡ് ഗ്രന്ഥികള്‍ വലുതാവുന്നത് ഇതിനിടയാക്കാം. ചുമ,ജലദോഷം ഒക്കെ വരുമ്പോള്‍ അത് ഒന്നുകൂടെ പ്രശ്‌നമാവും. അപ്പോള്‍ തൊണ്ട ഒന്നുകൂടി അടഞ്ഞുകിടക്കുന്നതായി തോന്നും.ശ്വാസം കിട്ടില്ല. കുഞ്ഞ് വാ തുറന്ന് ശ്വാസമെടുക്കും.ഉറക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് നോക്കി അത് പരിഹരിക്കുകയാണ് വേണ്ടത്. കൂടുതലായിട്ടുണ്ടെങ്കില്‍ സര്‍ജറി ചെയ്ത് അഡിനോയ്ഡ് എടുത്തുകളയാം.

ചില കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണ്

കംപ്യൂട്ടര്‍ പോലെ കുഞ്ഞിന്റെ ഓരോ കാര്യവും മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതാണ്. ഇത്ര മാസം ആകുമ്പോള്‍ നടക്കണം, തല നേരെയിരിക്കണം, ഇരിക്കണം എന്നൊക്കെ. ഇതിലൊക്കെ കാലതാമസം വരുമ്പോളാണ് ശ്രദ്ധിക്കേണ്ടത്. ജനിച്ച ഉടനെ കരയാന്‍ താമസിച്ച കുട്ടി, അതേപോലെ തലച്ചോറില്‍ രക്തസ്രാവം,അണുബാധ എന്നിവ വരുന്നവര്‍ എന്നിവര്‍ക്കൊക്കെ പ്രശ്‌നങ്ങള്‍ വരാം. ഗര്‍ഭസ്ഥ ശിശുവിന് അമ്മയിലൂടെയും അണുബാധ വരാം. അത് തലച്ചോറിനെ ബാധിക്കാം.ബ്രെയിന്‍ ഡാമേജ് ആവാം.ഇതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.

കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട കുത്തിവെപ്പുകള്‍ ഏതൊക്കെയാണ്

അഞ്ച് വാക്‌സിനുകള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ക്ഷയരോഗം പ്രതിരോധിക്കാനുള്ള ബി.സി.ജി.കുത്തിവെപ്പ് ജനിച്ച ഉടന്‍ നല്‍കുന്നു.ഇടത് കൈത്തണ്ടയില്‍ തെലിക്കടിയിലാണ് കുത്തിവെപ്പെടുക്കുന്നത്.പിള്ളവാതത്തിനെതിരായി ഒ.പി.വി.നല്‍കണം. ഇത് തുള്ളിമരുന്നാണ്. ഡിഫ്തീരിയ,വില്ലന്‍ചുമ,ടെറ്റനസ് രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ഡി.പി.ടി.കുത്തിവെപ്പാണ് മറ്റൊന്ന്.അഞ്ചാംപനിക്കെതിരായ കുത്തിവെപ്പ് കുഞ്ഞിന്റെ വലതുകൈത്തണ്ടയില്‍ നല്‍കുന്നു.എച്ച്. ഐ. വി. പോലെ രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയാന്‍ ഹെപ്പിറ്റൈറ്റിസ് ബി,കുത്തിവെപ്പെടുക്കണം. ചിക്കന്‍പോക്‌സ്, ഹെപ്പിറ്റൈറ്റിസ് എ.തുടങ്ങിയവ തടയാനുള്ള കുത്തിവെപ്പും ഇപ്പോള്‍ ലഭ്യമാണ്.

എന്താണ് നെഗറ്റിവിസം പിരിയഡ്

കുഞ്ഞിന് അഞ്ചുവയസ്സാവുന്നതുവരെയുള്ള സമയമാണ് നെഗറ്റിവിസം പിരിയഡ് എന്നുപറയുന്നത്.ഈ സമയത്ത് കുഞ്ഞ് ചെയ്യുന്നതെല്ലാം നമ്മള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോവും.കുസൃതികള്‍ കൂടും.പക്ഷേ ഇത്തരം വികൃതികള്‍ക്കൊന്നും കടുത്ത ശിക്ഷ കൊടുക്കരുത്. കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുകയാണ് വേണ്ടത്.

ക്ഷീണവും ഉത്സാഹക്കുറവും വരുന്നതെന്തുകൊണ്ടാണ്

അയണിന്റെ കുറവ് കൊണ്ട് ഇങ്ങനെ വരാം. അയണ്‍ ശരീരത്തിന് ആരോഗ്യവും പ്രതിരോധ ശേഷിയും നല്‍കുന്ന ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ സഹായിക്കുന്നു. വിശപ്പില്ലായ്മ,ഉറക്കക്കുറവ്,കാഴ്ചക്കുറവ്,കിതപ്പ്,വിളര്‍ച്ച തുടങ്ങിയവയൊക്കെ ഇതുകൊണ്ടുവരാം.

അയണ്‍ കുറവ് എങ്ങനെ തിരിച്ചറിയാം

കുഞ്ഞിന്റെ കണ്‍പോളയ്ക്ക് താഴെയുള്ള ചര്‍മം വിളറിക്കാണുന്നത് അയണ്‍ കുറവുകൊണ്ടാവും. കളികളില്‍നിന്നൊക്കെ പിന്‍മാറുന്നതും ഉത്സാഹക്കുറവും ശ്രദ്ധിക്കണം.ചില കുട്ടികള്‍ മണ്ണും കല്ലുമൊക്കെ തിന്നുന്നതും അയണ്‍ കുറവുകൊണ്ടാവും.പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍

അയണ്‍ ധാരാളമടങ്ങിയ ചീര, പയര്‍, ഈന്തപ്പഴം, തവിട്, അവല്‍, ഉണക്കമുന്തിരി എന്നിവ നല്‍കുക. ഇതിലൂടെ പരിഹരിക്കാനായില്ലെങ്കില്‍ അയണ്‍ സപ്ലിമെന്റുകളും വേണ്ടിവരും. വിറ്റാമിന്‍ സി.അടങ്ങിയ ഓറഞ്ച്,മുസംബി,തക്കാളി എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ചായ,കാപ്പി എന്നിവ കൊടുക്കുന്നത് കുറയ്ക്കാം. പകരം പഴം-പച്ചക്കറി സൂപ്പുകള്‍ ശീലിപ്പിക്കാം.

ജനിച്ചയുടന്‍ മുലപ്പാല്‍ കൊടുക്കണോ


കുഞ്ഞിന് ആവശ്യത്തിനുള്ള പാല്‍ കിട്ടുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം

നന്നായി പാല്‍ കിട്ടിയാല്‍ കുഞ്ഞ് ശാന്തമായി ഉറങ്ങും.ദിവസവും ആറുതവണയെങ്കിലും മൂത്രംപോവുക,കട്ടികുറഞ്ഞ മലം പോവുക എന്നിവയെല്ലാം കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടുന്നുവെന്നതിന്റെ തെളിവാണ്.മാസം അരക്കിലോ എങ്കിലും തൂക്കം കൂടുന്നുണ്ടെങ്കിലും പാല്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പിക്കാം.

മുലപ്പാല്‍ കുറഞ്ഞാല്‍ എന്തുചെയ്യും

അത്തരമൊരു അവസ്ഥ അപൂര്‍വമാണ്. മുലപ്പാലില്ലെന്ന് പറഞ്ഞ് പലപ്പോഴും കുഞ്ഞിന് വേറെന്തെങ്കിലും കൊടുക്കും. പിന്നെ മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞ് വലിച്ചുകുടിക്കാന്‍ മടിക്കും. വലിച്ചുകുടിക്കുമ്പോഴാണ് പാല്‍ വീണ്ടുമുണ്ടാവുന്നത്. അത് കുറയുമ്പോള്‍ സ്വാഭാവികമായും മുലപ്പാല്‍ ഊറിവരുന്നത് കുറയും.അതുകൊണ്ട് തന്നെ വെറുമൊരു സംശയം വെച്ച് പെട്ടെന്നുതന്നെ കുഞ്ഞിനെ മറ്റ് പാല്‍ ശീലിപ്പിക്കരുത്.

പാല്‍ പിഴിഞ്ഞെടുക്കുന്നത് എങ്ങനെയാണ്

സ്തനത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴേക്ക് പാല്‍ തിരുമ്മികൊണ്ടുവരണം.മുലക്കണ്ണിന്റെ ഒന്നോ രണ്ടോ സെന്റിമീറ്റര്‍ മുകളിലായി തള്ളവിരല്‍ വെച്ചമര്‍ത്തി പിഴിഞ്ഞാല്‍ പാല്‍ വരും, ബ്രെസ്റ്റ്് പമ്പ് ഉപയോഗിച്ചും പാല്‍ പിഴിഞ്ഞെടുക്കാം.

പിഴിഞ്ഞെടുത്ത പാല്‍ ഉടന്‍ തന്നെ നല്‍കണോ

പിഴിഞ്ഞുവെച്ച പാല്‍ വൃത്തിയുള്ള പാത്രത്തില്‍ അടച്ചുസൂക്ഷിക്കാം.മുറിക്കുള്ളിലെ സാധാരണചൂടില്‍ എട്ടുമണിക്കൂര്‍ വരെ ഇത് കേടാവാതിരിക്കും.

കുപ്പിപ്പാല്‍ കൊടുക്കുന്നതുകൊണ്ട് ദോഷമുണ്ടോ

മുല കുടിക്കുന്ന പ്രായത്തില്‍ കുപ്പിപ്പാല്‍ കൊടുക്കരുത്. കുപ്പിയും നിപ്പിളും നന്നായി വൃത്തിയാക്കിയെടുക്കുന്നത് എളുപ്പമല്ല.അതിലെ കുഴപ്പങ്ങള്‍ കൊണ്ട് വയറ്റിലെ അസുഖങ്ങള്‍ കൂടുകയും ചെയ്യാം.വയറ്റില്‍ ഗ്യാസ് നിറഞ്ഞ് അസുഖങ്ങള്‍ വരാനും പല്ലുകള്‍ കേടാവുന്നതിനും കുപ്പിപ്പാല്‍ കാരണമാവാം.

കുഞ്ഞ് ജനിച്ച ഉടനെ മുലയൂട്ടാന്‍ തുടങ്ങണോ

ജനിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ പാല്‍ കൊടുക്കാന്‍ തുടങ്ങണം. സിസേറിയനാണെങ്കില്‍ നാലുമണിക്കൂറിനുള്ളില്‍ മുലയൂട്ടാന്‍ ശ്രദ്ധിക്കണം.കുഞ്ഞ് പാല്‍ വലിച്ചുകുടിക്കുന്നില്ലെങ്കില്‍ പിഴിഞ്ഞെടുത്ത് നല്‍കാം.പിന്നെ, ആറു മാസം ആവുന്നതു വരെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. ആറുമാസം കഴിയുമ്പോഴേക്കും പല്ലൊക്കെ മുളയ്ക്കും. പ്രകൃതിതന്നെ ഒരു സൂചന തരികയാണ്, ഇനി നിനക്ക് കടിച്ചും ചവച്ചും എല്ലാം കഴിക്കാം. അപ്പോള്‍ കട്ടിയാഹാരം കൊടുത്തുതുടങ്ങാം.

പാല്‍ക്കുപ്പി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാനുണ്ടോ

ദിവസവും പാല്‍ക്കുപ്പി സോപ്പും ബോട്ടില്‍ ബ്രഷും ഉപയോഗിച്ച് കഴുകണം.അല്‍പം ഉപ്പിട്ട് കഴുകുന്നത് അണുക്കള്‍ നശിക്കാന്‍ നല്ലതാണ്.ഇങ്ങനെ കഴുകിയ കുപ്പി 10 മിനിട്ട് വെള്ളത്തിലിട്ട് തിളപ്പിക്കുക.ഒരുതവണ കൊടുത്ത് ബാക്കിയാവുന്ന പാല്‍ കുഞ്ഞിന് ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും നല്‍കരുത്.

പശുവിന്‍പാല്‍ നിര്‍ബന്ധമായും കൊടുക്കണോ

നിര്‍ബന്ധമൊന്നുമില്ല. പൂര്‍ണമായും വെജിറ്റേറിയന്‍ ആയാലും കുഴപ്പമൊന്നുമില്ല. പക്ഷേ എനിമല്‍ പ്രോട്ടീനില്‍നിന്ന് കിട്ടുന്ന ഒരുവിറ്റാമിനുണ്ട്. നമ്മുടെ തലച്ചോറിന്റെയും ഞരമ്പിന്റെയും സുഷുമ്‌നാനാഡിയുടെയുമൊക്കെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് അത്. തീര്‍ത്തും വെജിറ്റേറിയന്‍ ആണെങ്കില്‍ ഈ വിറ്റാമിന്റെ അഭാവമുണ്ടാവാം. ഒരു മുട്ട കഴിച്ചാല്‍ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.ജനിച്ച് ആദ്യദിവസങ്ങളില്‍ കുഞ്ഞിന് തൂക്കംകുറയുന്നത് പാല്‍ കിട്ടാത്തതുകൊണ്ടാണോ

ഇതില്‍ പേടിക്കാനില്ല, ജനിച്ച ഉടനുള്ള ദിവസങ്ങളില്‍ ഇത് സ്വാഭാവികമാണ്.10 ദിവസമൊക്കെയാവുമ്പോള്‍ ഇത് തനിയെ നിന്നുപോവും.

ഏതുപ്രായം വരെ മുലയൂട്ടണം

രണ്ടുവയസ്സൊക്കെയാവുമ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കിട്ടണമെന്നില്ല. അമ്മമാര്‍ക്ക് പാല്‍ ഉണ്ടാവണമെന്നുമില്ല. ഈ പ്രായത്തില്‍ മുലകുടി നിര്‍ത്തിയില്ലെങ്കില്‍ കുഞ്ഞിന് അതൊരു അഡിക്ഷന്‍ പോലാവും.പിന്നെയത് മാറ്റിയെടുക്കുന്നത് പാടാവും. ഇതിനുംപുറമെ രണ്ടുവയസ്സിനുശേഷവും മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്നാല്‍ കുഞ്ഞ് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാനും മടികാണിക്കും.അത് കുഞ്ഞിന്റെ ആഹാരശീലത്തെ ബാധിക്കുകയും ചെയ്യും.

മുലകുടി നിര്‍ത്താന്‍ മരുന്നുകള്‍ പുരട്ടുന്നത് ദോഷമാണോ

ചെന്നിനായകം തുടങ്ങിയവയൊക്കെയാണ് പലരും ഉപയോഗിക്കാറ്. അത് ചെറിയ അളവിലൊക്കെയായതുകൊണ്ട് വലിയ ദോഷമൊന്നും വരാനില്ല. പിന്നെ വേപ്പിലയൊക്കെ അരച്ചുപുരട്ടിയും മുല കുടിമാറ്റാറുണ്ട്.

കുഞ്ഞിന് വയറിളക്കം വന്നാല്‍ മുലയൂട്ടാമോ

കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും മുലയൂട്ടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ജലാംശം നഷ്ടമാവും. ഡീഹൈഡ്രേഷന്‍ വരും. പാല്‍ക്കുപ്പിയാണ് കൊടുക്കുന്നതെങ്കില്‍ അത് ഒഴിവാക്കി ഉടന്‍ ഡോക്ടറെ കാണുക.

മുലയൂട്ടുന്നതിനിടയില്‍ ഇടയ്ക്കിടെ ഛര്‍ദ്ദിച്ചാലോ

സാധാരണയായി, കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ച ഉടന്‍ കുറച്ചു പാല്‍ ഛര്‍ദ്ദിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ നിര്‍ത്താതെ ഛര്‍ദ്ദിക്കുന്നെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. എന്തോ അസുഖം ഉണ്ടെന്നര്‍ത്ഥം. വയറിളക്കം വരുമ്പോഴാണ് കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി പാല്‍ ഛര്‍ദ്ദിക്കുന്നത്. ഒപ്പം കരച്ചിലുമുണ്ടാവും. ഛര്‍ദ്ദിക്കുമ്പോള്‍ വേദനിക്കുന്നതുകൊണ്ടാണ് കരയുന്നത്. പെട്ടെന്ന് ഡോക്ടറെ കാണുക.

കണ്ണിന്റെ ആരോഗ്യം ഇതാ ഇങ്ങനെ


കണ്ണിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന വൈറസ് രോഗങ്ങളും മറ്റും കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. കുഞ്ഞിന്റെ കണ്ണില്‍ എന്തെങ്കിലും അടയാളങ്ങളോ മുറിവുകളോ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. പീള അടിയുകയോ, വെള്ളമോ പഴുപ്പോ വരികയാണെങ്കിലും പ്രത്യേകചികിത്സ നല്‍കേണ്ടി വരും.

കുഞ്ഞുങ്ങളുടെ കണ്ണില്‍ പീളയടിയുന്നത് രോഗലക്ഷണമാണോ

കണ്ണില്‍ പീളയുണ്ടെങ്കില്‍ അതിന് അര്‍ത്ഥം അണുബാധ ഉണ്ടെന്നാണ്. അതിന് കുട്ടികള്‍ക്കുള്ള ഐഡ്രോപ്‌സ് ഒഴിച്ച ശേഷം മസാജ് ചെയ്യണം.കണ്ണിന്റെ പുറത്താണ് മസാജ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കണ്ണിന്റെ പുറത്തൊരു പ്രഷറുണ്ടാവും. സുതാര്യമായ ചില സ്തരങ്ങള്‍ അവിടെയുണ്ടാവും.മസാജ് ചെയ്യുമ്പോള്‍ ഈ സ്തരങ്ങള്‍ ദുര്‍ബലമാവും.80 ശതമാനം കുഞ്ഞുങ്ങള്‍ക്കും ഈ ചികിത്സയിലൂടെ തന്നെ അസുഖം മാറും.മാറുന്നില്ലെങ്കില്‍ ഒരു വയസ്സാവുമ്പോള്‍ ചെറിയൊരു സര്‍ജറി ആവശ്യമായി വന്നേക്കാം.

എന്നും ഈ മസാജിങ്ങ് വേണ്ടി വരുമോ

അതാണ് നല്ലത്.പക്ഷേ അതിന് അധികം ശക്തി കൊടുക്കരുത്.കുഞ്ഞുങ്ങളുടെ ചര്‍മം വളരെ മൃദുവായിരിക്കും.അമ്മമാര്‍ നഖം മുറിച്ചിട്ടേ ഇങ്ങനെ മസാജ് ചെയ്യാനിരിക്കാവൂ. കോണുകളില്‍ ഒന്നുതൊട്ട് താഴേക്ക് വിരല്‍കൊണ്ട് ഒന്നുഴിയുന്ന രീതിയിലാണ് മസാജിങ്ങ് ചെയ്യേണ്ടത്.

കണ്ണിന്റെ പ്രശ്‌നങ്ങള്‍ ചെറുപ്പത്തിലേ തിരിച്ചറിയാനാവുമോ

ജനിച്ച് രണ്ടുമാസമൊക്കെയാവുമ്പോഴേക്കും കുഞ്ഞ് ആളെക്കാണുമ്പോള്‍ ചിരിക്കണം.അതില്ലാതെ വന്നാല്‍ ശ്രദ്ധിക്കണം.പിന്നെ അമ്മയെ കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതും നല്ല ലക്ഷണമല്ല.കുഞ്ഞിനെ അടുത്ത് നിരീക്ഷിക്കുന്ന അമ്മ തന്നെയാണ് ബെസ്റ്റ് ഡോക്ടര്‍. ആദ്യം തന്നെ മിക്ക പ്രശ്‌നങ്ങളും ഇവര്‍ക്കുതന്നെ തിരിച്ചറിയാം.രണ്ടുമാസമാവുമ്പോഴേക്കും കുഞ്ഞിന്റെ ദൃഷ്ടിയുറയ്ക്കും.ഈ സമയത്ത് കാഴ്ച പരിശോധിക്കാന്‍ കടുംനിറമുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞിനെ കാണിക്കുക.പിന്നെ അത് ചലിപ്പിക്കുക.കുഞ്ഞ് കളിപ്പാട്ടത്തിനൊപ്പം ദൃഷ്ടി ചലിപ്പിച്ചാല്‍ കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്ന് ഉറപ്പാക്കാം.

ഇവ പെട്ടെന്നുതന്നെ ചികിത്സിച്ചു മാറ്റാനാവുമോ

തീര്‍ച്ചയായും.ചിലപ്പോള്‍ ഒരു കണ്ണിന് മാത്രമേ പ്രശ്‌നമുണ്ടാവൂ.അത് പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ ആ കണ്ണ് മടിയനാവും. പിന്നെ അത് ഉപയോഗിക്കാനേ പറ്റില്ല.ചെറുപ്പത്തില്‍ത്തന്നെ ഇത് പരിഹരിച്ചാല്‍ സാധാരണജീവിതം സാധ്യമാവും.സാധാരണഗതിയില്‍ രണ്ടുമാസംതൊട്ട് നിരീക്ഷിച്ചുതുടങ്ങിയാല്‍ കുഞ്ഞിന്റെ കണ്ണിനുണ്ടാവുന്ന മിക്ക പ്രശ്‌നങ്ങളും തുടക്കത്തിലേ കണ്ടെത്താനാവും.

കുഞ്ഞുപ്രായത്തിലേ ടി.വി.കാണുന്നതുകൊണ്ട് കണ്ണിന് കുഴപ്പമുണ്ടാവുമോ

ടി.വി കാണുന്നത് എത്രസമയം എന്നൊന്നും നമുക്ക് പറയാനാവില്ലല്ലോ. അധികമായാല്‍ അതും പ്രശ്‌നമാണ്.പിന്നെ ശരിയായ അകലം പാലിച്ചുകൊണ്ടും ടി.വി വെച്ച മുറിയില്‍ ലൈറ്റിട്ടും മാത്രമേ കുഞ്ഞുങ്ങളെ ടി.വി കാണിക്കാവൂ.

കിടന്നുകൊണ്ട് ടി.വി കാണുന്നതോ

അതുകൊണ്ടും ചില ദോഷങ്ങളുണ്ട്. കണ്ണിന്റെ ലെവലിലല്ല ടി.വി.യുണ്ടാവുക. ലെവല്‍ മാറുന്നതിനനുസരിച്ച് കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ വരും.കണ്ണുകള്‍ ദൃശ്യങ്ങള്‍ക്കനുസരിച്ച് ചരിച്ച് നോക്കേണ്ടി വരും. കണ്ണിന്റെ മസിലുകള്‍ക്കും സ്‌ട്രെയിന്‍ വരും. കണ്ണ് പെട്ടെന്നുതന്നെ ക്ഷീണിക്കും.

കുട്ടികള്‍ക്കുണ്ടാവുന്ന പൊതുവായ കാഴ്ചവൈകല്യങ്ങള്‍ എന്തൊക്കെയാണ്

കാഴ്ചവൈകല്യം ഇപ്പോള്‍ കുട്ടികളില്‍ കൂടുതലായിട്ട് കാണുന്നുണ്ട്. ജനിക്കുമ്പോള്‍ തന്നെയുള്ള തിമിരം, കോങ്കണ്ണ് തുടങ്ങിയവയും വരാം.ഇതിനൊക്കെ തുടക്കത്തിലേ ചികിത്സ ലഭ്യമാണ്.

കോങ്കണ്ണിനുള്ള ചികിത്സ എങ്ങനെയാണ്

ആദ്യം ഗ്ലാസ് വെച്ച് തുള്ളിമരുന്നൊഴിച്ച് വിശദമായി പരിശോധിക്കും.എത്രഡിഗ്രി ആംഗിള്‍ ഉണ്ടെന്നറിയാന്‍. എത്ര പവര്‍ വേണമെന്ന് നോക്കിയിട്ട് അതിന് അനുസരിച്ച് ഗ്ലാസ് എഴുതിക്കൊടുക്കും.ഇതുകൊണ്ടുംശരിയായില്ലെങ്കില്‍ ചെറിയ സര്‍ജറി വേണ്ടിവരും.ഇത് പൂര്‍ണമായും നേരെയാവുന്നതോടെ കണ്ണിന്റെ കാഴ്ചയും നേരെയാവും.

ജനിക്കുമ്പോഴേ തിമിരം വരുന്നത് എന്തുകൊണ്ടാണ്

അമ്മയുടെ ഗര്‍ഭപാത്രത്തിലുണ്ടാവുമ്പോഴുള്ള മീസില്‍സ്.പിന്നെ ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങി പലവിധ കാരണങ്ങള്‍ തിമിരമുണ്ടാക്കാം.ഇത് ശസ്ത്രക്രിയയിലൂടെ ശരിയാക്കാം.ഗര്‍ഭകാലത്ത് കഴിക്കുന്ന മരുന്നുകള്‍,പോഷകാഹാരക്കുറവ് എന്നിവയും കുഞ്ഞിന് തിമിരം വരാന്‍ കാരണമാവും. കണ്ണുകള്‍ രണ്ടും ഒരുപോലെയല്ലാതിരിക്കുക,കണ്ണില്‍ വെളുത്ത അടയാളം കാണുക എന്നിവയുണ്ടെങ്കിലും തിമിരം സംശയിക്കണം.കണ്ണില്‍ പൊടി വീണാല്‍ മുലപ്പാല്‍ ഉപയോഗിച്ച് കഴുകിയാല്‍ മതിയോ

പൊടി വീണാല്‍ മുലപ്പാല്‍ ഉപയോഗിച്ച് കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതുമൊക്കെ നല്ലതല്ല.മുലപ്പാലിന് അണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. എന്നാല്‍ അതുകൊണ്ട് പൊടി പോവണമെന്നില്ല.ആസ്പത്രിയില്‍നിന്ന് തുള്ളി മരുന്ന് ഉറ്റിച്ച് പൊടി കളയാം. ചിലര്‍ തുണി വായിലിട്ട് നനച്ച് അതുകൊണ്ട് പൊടി കളയാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ നമ്മുടെ തുപ്പലും മറ്റും കുഞ്ഞിന്റെ കണ്ണിലാവും. ഇതിലൂടെ കണ്ണില്‍ അണുക്കളെത്താനും ഇടയാവും. കഴിയുന്നതും വീട്ടില്‍വെച്ച് ഇത്തരം ചികിത്സ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

വെള്ളംകൊണ്ട് കഴുകുന്നത്‌കൊണ്ട് പ്രശ്‌നമുണ്ടോ

നല്ല ടാപ്പ് വെള്ളം കൊണ്ട് കഴുകിനോക്കാം.കഴുകി കഴിഞ്ഞാല്‍ പൊടിയുടെ അംശങ്ങള്‍ ചിലപ്പോള്‍ അലിഞ്ഞുപോവാം.എന്നിട്ടും പോവുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.

സ്ഥിരമായി പോളക്കുരു വരുന്നത് എന്തുകൊണ്ടാണ്

ചിലപ്പോള്‍ അത് കാഴ്ച വൈകല്യത്തിന്റെ ലക്ഷണമാവാം. പോളക്കുരു ഉള്ള കുഞ്ഞുങ്ങള്‍ നന്നായി കാണാന്‍വേണ്ടി ഇടയ്ക്കിടെ കണ്ണ് തിരുമ്മും. അപ്പോള്‍ കൈയിലുള്ള പൊടികൂടി കണ്ണിലേക്ക് പടരും. പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്നതുകൊണ്ടും ഇത് വരാം.താരനും പോളക്കുരുവിന് ഇടയാക്കാം.

കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ കരുതല്‍ വേണോ

പപ്പായ, പേരക്ക, ഓറഞ്ച്, മുസമ്പിതുടങ്ങിയ യെല്ലോ ഫ്രൂട്ട്‌സാണ് കഴിപ്പിക്കേണ്ടത്. പച്ചക്കറികളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.വിറ്റാമിന്‍ എ.ഗുളികകളും കഴിക്കേണ്ടതുണ്ട്.പക്ഷേ ഗുളിക കൂടുതല്‍ കഴിക്കുന്നതും നല്ലതല്ല.പകരം വിറ്റാമിന്‍ എ ഉള്ള പച്ചക്കറികള്‍ കൂടുതല്‍ കഴിച്ചാല്‍ മതി.

കുഞ്ഞിപ്പല്ല് വളരുമ്പോള്‍


കുഞ്ഞുങ്ങളുടെ ദന്താരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

ഏറ്റവും പ്രധാനം കുഞ്ഞിന് കിടന്നുകൊണ്ട് മുലകൊടുക്കാതിരിക്കുക എന്നതാണ്.അപ്പോള്‍ വായില്‍ പാല്‍ കെട്ടിക്കിടക്കുകയും പല്ലുകളെ ബാധിക്കുകയും ചെയ്യും. കുപ്പിപ്പാല്‍ കൊടുക്കുന്നതും ഒഴിവാക്കണം.കുപ്പിപ്പാല്‍ നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വായില്‍ എപ്പോഴും പാലിന്റെ അംശങ്ങളുണ്ടാവും.ഇതും ദന്തക്ഷയമുണ്ടാക്കും.നല്ലത് ഇരുന്ന് കൊണ്ട് പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ കിടത്തുകയാണ്.

ഏതുപ്രായത്തിലാണ് പല്ലുതേച്ചുതുടങ്ങേണ്ടത്

പല്ല് മുളയ്ക്കുമ്പോള്‍ തന്നെ തേച്ചുതുടങ്ങണം.അതിന് കുട്ടികള്‍ക്കായുള്ള ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാം. രണ്ടുനേരം പല്ല് തേപ്പിച്ച് ശീലിപ്പിക്കാം.കൈ കൊണ്ട് പല്ല് തേപ്പിച്ചിട്ടുകാര്യമില്ല.കൈ വിരലും പല്ലിന്റെ മോണയും ഒരേപോലെയുള്ളതായതിനാല്‍ അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല.

പേസ്റ്റ് ഉപയോഗിക്കേണ്ടതുണ്ടോ

കുഞ്ഞ് തുപ്പാന്‍ പഠിക്കുന്ന പ്രായത്തിലേ പേസ്റ്റ് ഉപയോഗിക്കാവൂ, അതായത് മൂന്ന്-മൂന്നര വയസ്സില്‍. കുട്ടികള്‍ക്കായുള്ള പേസ്റ്റുകള്‍ ഉപയോഗിച്ചാല്‍ മതി. സാധാരണ ഫ്ലാറൈഡ് കലര്‍ന്ന പേസ്റ്റുകളാണ് അധികവും. പക്ഷേ ആറുവയസ്സുവരെ ഒരുനേരമേ അത്തരം പേസ്റ്റുകള്‍ ഉപയോഗിക്കാവൂ.

പല്ലുതേപ്പ് ശീലിപ്പിക്കേണ്ടതുണ്ടോ

ഒരു കണ്ണാടിക്കുമുന്നില്‍ കുഞ്ഞിനെ നിര്‍ത്തുക.നമ്മള്‍ ചിരിച്ചുകൊണ്ട് പുറകില്‍നിന്ന് പല്ലുതേച്ചുകാണിക്കുക. കുഞ്ഞ് അത് അനുകരിക്കാന്‍ ശ്രമിക്കും. അല്ലാതെ നേരിട്ട് പല്ല് തേപ്പിച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിന് അതെങ്ങനെയെന്ന് കാണാനാവില്ലല്ലോ.

നാവ് വടിക്കേണ്ടതുണ്ടോ

കുഞ്ഞുങ്ങള്‍ക്ക് ടങ്ങ് ക്ലീനര്‍ ആവശ്യമേയില്ല.ബ്രഷിന്റെ തന്നെ നാരുകള്‍ ഉപയോഗിച്ച് പതുക്കെ ഉരസിയാല്‍ നാവ് വൃത്തിയാക്കാം.ഈര്‍ക്കില്‍,ടങ്ങ് ക്ലീനര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ നാക്ക് മുറിഞ്ഞെന്നുവരാം.ദന്തക്ഷയം വരുന്നതെങ്ങനെയാണ്

ആഹാരാവശിഷ്ടങ്ങള്‍ വായില്‍ തങ്ങിനില്‍ക്കുന്നത് വൈറസുകള്‍ പെരുകാനിടയാക്കും. കുണ്ടും കുഴിയുമൊക്കെ നിറഞ്ഞതാണ് നമ്മുടെ പല്ലിന്റെ അരികുകള്‍.എളുപ്പം അതില്‍ അണുക്കള്‍ വളരാനിടയാകും.ഇതുണ്ടാക്കുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമല്‍ നശിപ്പിക്കും.മധുരപലഹാരങ്ങള്‍ കുഞ്ഞിന് അധികം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

പല്ലിന്റെ ആരോഗ്യത്തിന് യോജിച്ച ഭക്ഷണങ്ങളുണ്ടോ

നാരുള്ള ഭക്ഷണവും പച്ചക്കറികളുമാണ് പല്ലിന് നല്ലത്. ഗര്‍ഭിണികളായിരിക്കുമ്പോള്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പല്ല് നന്നാക്കും.

ചൂടും തണുപ്പുമുള്ള ഭക്ഷണം പല്ലിനെ ബാധിക്കുമോ

അധികം ചൂടുള്ള ഭക്ഷണം കുട്ടിയെ കഴിപ്പിക്കാനാവില്ലല്ലോ. തണുത്ത ഐസ്‌ക്രീം, ജ്യൂസ് പോലുള്ളവ കൊടുക്കുന്നത് അത്ര നല്ലതല്ല. പല്ലിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

പാല്‍പ്പല്ല് കൊഴിയുമ്പോള്‍

സാധാരണ ആറുവയസ്സിനും 12 വയസ്സിനുമിടയിലാണ് പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞുപോവുന്നത്.ആദ്യം താഴത്തെ വരിയിലെ പല്ലുകളാണ് കൊഴിഞ്ഞുതുടങ്ങുന്നത്.പിന്നെ മുകളിലും വശങ്ങളിലുമുള്ള പല്ല് കൊഴിഞ്ഞുകൊണ്ടിരിക്കും.മൊത്തം വായിലുള്ള 20 പാല്‍പ്പല്ലുകളും 12 വയസ്സിനിടെ കൊഴിഞ്ഞുപോവും.

പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞാല്‍ പെട്ടെന്ന് പുതിയ പല്ലുകള്‍ വരുമോ

ചിലപ്പോള്‍ കുറച്ച് വൈകാം.ആറുമാസമൊക്കെയെടുത്താലും പേടിക്കാനൊന്നുമില്ല.ഇതിലുമധികം വൈകിയാലേ പരിശോധന ആവശ്യമുള്ളൂ

പാല്‍പ്പല്ലുകളുടെ പരിചരണത്തില്‍ അധികം ശ്രദ്ധിക്കേണ്ടതുണ്ടോ

പാല്‍പ്പല്ലിനെ ഒരിക്കലും അവഗണിക്കരുത്. പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് പറയാറ്. ഒരു വ്യക്തിയുടെ പാല്‍പ്പല്ല് എങ്ങനെ പരിചരിച്ചു എന്നതിനനുസരിച്ചാണ് ഭാവിയിലെ പല്ലിന്റെ ആരോഗ്യം.ഈ പല്ലുകള്‍ കേടുപിടിച്ചാല്‍ പിന്നെ വരുന്ന പല്ലുകള്‍ക്കും അതേപ്രശ്‌നമുണ്ടാവും.പല്ലിന്റെ നിരതെറ്റുന്നതുപോലുള്ള പ്രശ്‌നങ്ങളും ഇതുകൊണ്ട് വരുന്നതാണ്. പാല്‍പ്പല്ലിനുണ്ടാവുന്ന കേട്,വേദന എന്നിവയും ഭാവിയില്‍ ദന്താരോഗ്യത്തെ ബാധിക്കും.

വിരല്‍ വായിലിടുന്നത് പല്ല് പൊന്താനിടയാക്കുമോ

വിരല്‍ വായിലിടുന്നതും ചപ്പി വലിക്കുന്നതും പല്ലിനെ ബാധിക്കാം. എന്നാല്‍ വല്ലപ്പോഴും അങ്ങനെ ചെയ്യുന്നു എന്ന് വെച്ച് പ്രശ്‌നമാക്കേണ്ടതില്ല.സ്ഥിരം പല്ലുവന്നിട്ടും ഇതേ സ്വഭാവം തുടരുന്നുവെങ്കില്‍ അത് പരിഹരിക്കേണ്ടി വരും. ചില കുട്ടികള്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. അവര്‍ക്ക് പല്ല് പൊന്താം.

മോണയുടെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ

കുഞ്ഞിന് പല്ലുകള്‍ മുളയ്ക്കുന്നതിനുമുമ്പ് തന്നെ മൃദുവായ തുണികൊണ്ടോ പഞ്ഞി കൊണ്ടോ മോണ പതുക്കെ തുടച്ചുവൃത്തിയാക്കുന്നത് നല്ലതാണ്.വായില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ കളയാം. പെട്ടെന്നൊരുനാള്‍ ബ്രഷും പേസ്റ്റും വായില്‍ കൊണ്ടുചെല്ലുന്നതിന്റെ പേടി മാറുകയും ചെയ്യും.പല്ല് തേപ്പിക്കുന്ന പ്രായമെത്തിയാല്‍ മോണയും പതുക്കെ മസാജ് ചെയ്യുന്നത് നല്ലതാണ്. രക്തയോട്ടം വര്‍ധിക്കും.

കുഞ്ഞിളം ചര്‍മ്മം പൂ പോലെ


കുളിപ്പിക്കുമ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ

സുഗന്ധദ്രവ്യമോ ഡെറ്റോളോ കുഞ്ഞിനെ കുളിപ്പിക്കുന്ന വെള്ളത്തില്‍ കലര്‍ത്തേണ്ടതില്ല.കുഞ്ഞിന്റെ ചര്‍മം വരണ്ടതാണെങ്കില്‍ സോപ്പും ഉപയോഗിക്കേണ്ടതില്ല.അല്ലെങ്കില്‍ ബേബിസോപ്പ് മാത്രം ഉപയോഗിക്കുക

കുട്ടികള്‍ക്ക് മൂത്രത്തില്‍ അണുബാധ വന്നാല്‍

വിറയലോടെയോ അല്ലാതെയോ ഉള്ള ശക്തിയായ പനി,കൃത്യമായി തൂക്കം കൂടാതിരിക്കുക,തളര്‍ച്ച,പാല്‍ കുടിക്കാതിരിക്കുക,മൂത്രമൊഴിക്കുമ്പോള്‍ തുള്ളിത്തുള്ളിയായി പോവുക,ഛര്‍ദി,ശ്വാസം മുട്ടല്‍ എന്നിവയാണ് നവജാതശിശുക്കളിലെ മൂത്രാണുബാധയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൃദുവായ ചര്‍മമായിരിക്കും കുഞ്ഞിന്റേത്.അതുകൊണ്ട് വീര്യമേറിയതൊന്നും ചര്‍മത്തില്‍ പുരട്ടരുത്.കുഞ്ഞ് ഇഴഞ്ഞുതുടങ്ങുന്ന പ്രായംവരെ അധികം അഴുക്ക് പുരളാനിടയില്ലല്ലോ.അതുകൊണ്ട് തുടക്കത്തിലൊന്നും എന്നും സോപ്പ് തേപ്പിക്കണമെന്നില്ല. ഒന്നിടവിട്ട് മതി സോപ്പ് ഉപയോഗം.കഴുത്തും കക്ഷവും തുടയിടുക്കും എന്നും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

കുഞ്ഞുങ്ങള്‍ക്ക് ശ്വാസം നിന്നുപോവുമ്പോള്‍

പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളില്‍ ആദ്യദിവസങ്ങളില്‍ പെട്ടെന്നുശ്വാസം നിന്നുപോകാറുണ്ട്.പ്രാണവായു വലിച്ചെടുക്കാനുള്ള കഴിവ് ഇവരുടെ ശ്വാസകോശങ്ങള്‍ക്കുണ്ടാവില്ല.ജന്മനാലുള്ള ശ്വാസകോശ വൈകല്യങ്ങള്‍,മുലയൂട്ടുമ്പോള്‍ പാല്‍ ശ്വാസനാളത്തില്‍ പ്രവേശിക്കല്‍,തലച്ചോറിലെ അണുബാധ തുടങ്ങി പലകാരണങ്ങള്‍കൊണ്ടും ഇങ്ങനെ സംഭവിക്കാം. അടിയന്തരവൈദ്യസഹായം തേടുകയാണ് വേണ്ടത്.

ശരീരത്തില്‍ ജലാംശം കുറയുന്നത് തിരിച്ചറിയാനാവുമോ

വയറിന് പ്രശ്‌നമുണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 'ഡിഹൈഡ്രേഷന്‍' വരാറുണ്ട്. വായയും ചുണ്ടും ഉണങ്ങിയിരിക്കുക, കണ്ണുകള്‍ കുഴിഞ്ഞിരിക്കുക, മൂത്രം ഇരുണ്ട് പോവുകയോ മൂത്രത്തിന്റെ അളവ് കുറയുകയോ ചെയ്യുക, തളര്‍ച്ച, ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലായ്മ, ഹൃദയമിടിപ്പ് കൂടുക എന്നിവയും ഡിഹൈഡ്രേഷന്റെ ലക്ഷണമാവാം. കണ്ണീരില്ലാതെ കരയുന്നതും ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ്. നാലാഴ്ച ആവുംവരെ കുഞ്ഞുങ്ങളില്‍ കണ്ണീര്‍ ഉണ്ടാവാറില്ലെന്ന് മറക്കേണ്ട.

ചെവിക്കായം ബഡ്‌സ് ഉപയോഗിച്ച് കളയേണ്ടതുണ്ടോ

അങ്ങനെ ചെയ്യേണ്ട കാര്യമില്ല. പുറമെ കാണുന്ന അഴുക്ക് മാത്രം തുടച്ചാല്‍ മതി.ചെവിക്കായമെടുക്കാന്‍ തൂവലും ബഡ്‌സുമൊക്കെ ചെവിയില്‍ കയറ്റുന്നത് മുറിവുണ്ടാകാനും പിന്നെയത് പഴുക്കാനുമൊക്കെ ഇടയാക്കും.സാധാരണ ഗതിയില്‍ കുഞ്ഞുങ്ങളുടെ ചെവിയില്‍ അഴുക്ക് അടിഞ്ഞ് തടസ്സമുണ്ടാവാന്‍ സാധ്യത കുറവാണ്.

സംസാരിക്കാന്‍ വൈകിയാല്‍

അഞ്ചുമാസമായിട്ടും കുഞ്ഞ് ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം.സംസാരശേഷി വൈകുന്നത്,വിക്ക്,വാക്കുകള്‍ അവ്യക്തമായി ഉച്ചരിക്കുന്നത് എന്നിവയെല്ലാം സംസാരവൈകല്യത്തിന്റെ ലക്ഷണമാവാം.ഇത്തരം കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ധനെ കാണിക്കണം.

ചെവി പഴുപ്പ് വന്നാല്‍

കുട്ടികളില്‍ സാധാരണയായി കാണുന്നതാണിത്.കുഞ്ഞുങ്ങളുടെ തൊണ്ടയെ മധ്യകര്‍ണവുമായി ബന്ധിപ്പിക്കുന്ന കുഴല്‍ ചെറുതും വീതികൂടിയതിനാലുമാണ് തൊണ്ടയിലെ അണുബാധ ചെവിയിലേക്ക് പടരുന്നത്. ചെവിവേദന തുടങ്ങുമ്പോള്‍ തന്നെ ശരിയായ ചികിത്സ കിട്ടിയാല്‍ കര്‍ണചര്‍മം പൊട്ടിയൊലിക്കുന്നത് തടയാനാവും. ഒരിക്കല്‍ കര്‍ണചര്‍മം പൊട്ടിയൊലിച്ചാല്‍ അതുണങ്ങാന്‍ സമയമെടുക്കും.

തയ്യാറാക്കിയത്: സി.എം.ബിജു, റീഷ്മ ദാമോദര്‍


വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. വി.പി. കണ്ണന്‍, അഡീഷനല്‍ പ്രൊഫസര്‍, ശിശു ദന്തരോഗവിഭാഗം, ഗവ. ഡന്റല്‍ കോളേജ്, കോഴിക്കോട്. ഡോ. പി. സവിദ, ശിശുരോഗവിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളേജ്. ഡോ. വി.കെ. പാര്‍വതി, ശിശുരോഗവിഭാഗം മേധാവി, അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശൂര്‍. ഡോ. സുരേഷ് പുത്തലത്ത്, ചീഫ് മെഡിക്കല്‍ ഓഫീസര്‍, കോംട്രസ്റ്റ്, കോഴിക്കോട്. ഡോ. ലളിത കൈലാസ്, ശിശുരോഗവിഭാഗം മേധാവി, എസ്.എ.ടി. ഹോസ്പിറ്റല്‍, തിരുവനന്തപുരം.