MATHRUBHUMI RSS
Loading...
ബേബീസ് ഡേ ഔട്ട്‌
ശര്‍മിള

ഡേ കെയര്‍ സെന്റില്‍ കളിയും ചിരിയും കണ്ണീരുമായി ഒരു പകല്‍...നഗരത്തിന് നടുവിലെങ്കിലും ഗ്രാമാന്തരീക്ഷം തോന്നിയ്ക്കുന്ന സ്ഥത്താണ് ഡേ കെയര്‍ സെന്റര്‍. പതിനഞ്ച് സെന്റ് സ്ഥലത്ത് വീടും മുറ്റവും. പൂന്തോട്ടവും ചെടികളുമുണ്ട്. മുറ്റത്തും വീടിന് മുകളിലും മരങ്ങള്‍ നിഴല്‍ വീഴ്ത്തി.

സമയം രാവിലെ ഒമ്പത് കഴിഞ്ഞു. ഒച്ചയും ബഹളവുമായി കുസൃതികുടുക്കകള്‍ ഡേ കെയര്‍ സെന്ററില്‍ എത്തിത്തുടങ്ങി. 'ഗുഡ്‌മോണിങ്ങ് ടീച്ചര്‍...' , തുള്ളിച്ചാടി വരുന്നു നാല് വയസ്സുകാരി ഫര്‍ഹാന. ഫര്‍ഹാനയുടെ ഇനിയും സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലാത്ത കുഞ്ഞനിയന്‍ അമ്മയുടെ കൈയ്യില്‍ തൂങ്ങി കൗതുകത്തോടെ അകത്തേക്ക് എത്തിനോക്കി .കൊച്ചുകൂട്ടുകാരുടെ നടുവിലിരുന്ന് പുതിയ വളകള്‍ കാണിച്ച് കൊതിപ്പിക്കുകയാണ് ഫര്‍ഹാന.. 'കമ്മല് നോക്കിക്കോണേ...' അമ്മ ഓര്‍മ്മിപ്പിച്ചു.

അടുത്തെയാളെത്തി... നാലുവയസ്സുകാരന്‍ കണ്ണന്‍. 'ഗുഡ്‌മോണിങ്ങ് കണ്ണാ...', കുട്ടികള്‍ കണ്ണന് ആര്‍പ്പുവിളിച്ചു. വാതില്‍ക്കല്‍ നിന്ന അമ്മയെ ഉമ്മകൊടുത്ത് യാത്രയാക്കി കണ്ണന്‍ ഉഷാറില്‍ വന്നു. വീണ്ടും ജനലിന്നടുത്തേക്ക് ഓടി, ഗ്രില്‍സിനുള്ളിലൂടെ അമ്മയ്ക്ക് ഒരു ഉമ്മ കൂടി...' ഈ ഉമ്മ കിട്ടിയില്ലെങ്കില്‍ കണ്ണന്റെ ഇന്നത്തെ ദിവസം ശരിയാവില്ല,' ടീച്ചര്‍ ചിരിയൊതുക്കി.

അകത്ത് ഒന്നേകാല്‍ വയസ്സുള്ള അമിത് ഏങ്ങിയേങ്ങിക്കരയുന്നു. അമിതിന്റെ കരച്ചില്‍ കണ്ട് ജ്വോത്സ്‌നയും അനന്തുവും വിതുമ്പി. ടീച്ചര്‍ ഒക്കത്തെടുത്തപ്പോള്‍ അമിതിന്റെ കരച്ചില്‍ നിന്നു. മറ്റുകുട്ടികള്‍ അമിതിനെ കുഞ്ഞസൂയയോടെ നോക്കി.

അപ്പോഴും അമ്മയെ പിരിഞ്ഞതിന്റെ സങ്കടം തീര്‍ന്നിട്ടില്ല ഒന്നര വയസ്സുകാരി ആമി എന്ന അഭിരാമിക്ക്. അമ്മ റ്റാറ്റാ പറഞ്ഞ് പോയപ്പോള്‍ ആമി പിന്നാലെ ഓടിയതാണ്. പക്ഷെ ടീച്ചര്‍ വേഗം വാതിലടച്ചു. ആമി എന്തുചെയ്യും! അവള്‍ നിലത്ത് കിടന്ന് വാതിലിന്റെ താഴത്തെ വിടവിലൂടെ അമ്മയെ വിളിച്ച് കരഞ്ഞു. പിന്നെ ആരെങ്കിലും വാതില്‍ തുറന്നുതരുമോ എന്ന് പ്രതീക്ഷയോടെ ചുറ്റും നോക്കി.

ഒരു വയസ്സുകാരന്‍ ശംഭുവിനെയും കൊണ്ട് എത്താന്‍ അവന്റെ അച്ഛന്‍ അല്‍പ്പം വൈകി. സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അച്ഛന്റെ നെഞ്ചില്‍നിന്നടരുമ്പോള്‍ ശംഭു വിങ്ങി. 'രാവിലെയും വൈകീട്ടും കൊടുക്കണേ...', സ്‌നാക്‌ബോക്‌സ് ഏല്‍പ്പിക്കുമ്പോള്‍ അച്ഛന്‍ ഓര്‍മ്മപ്പെടുത്തി. 'ശംഭുക്കുട്ടന്‍ ഏഴാം മാസത്തില്‍ വന്നതാ..', കുഞ്ഞുങ്ങളെ നോക്കുന്ന ബിന്ദു പറഞ്ഞു. അവര്‍ ശംഭുക്കുട്ടനെ കസേരയിലിരുത്തി. കുഞ്ഞ് വിതുമ്പിക്കരയാന്‍ തുടങ്ങുന്നത് കണ്ട് ഫര്‍ഹാന ഓടിവന്ന് അവനൊരു മുത്തം നല്‍കി.

അതാ പടികടന്നെത്തുന്നു അടുത്ത കരച്ചില്‍. അച്ഛന്റെ കാലില്‍ വീണ് കരയുകയാണ് അപ്പു. വാതിലടച്ചപ്പോള്‍, കുട്ടി അച്ഛനെ തേടി ജനലിന് നേര്‍ക്കോടി. 'പുതിയതായി വരുന്ന കുഞ്ഞുങ്ങളാണ് ഇങ്ങനെ കരയുന്നത്. അവര്‍ക്ക് അച്ഛനമ്മമാരെ പിരിയുന്നതിലുള്ള വിഷമം മാറാന്‍ സമയമെടുക്കും,' കഌസ് കൂട്ടക്കരച്ചിലില്‍ മുങ്ങുന്നതുകണ്ട് ടീച്ചര്‍ പറഞ്ഞു,

മറ്റൊരു ഭാഗത്താണെങ്കില്‍ ചിരിയുടെ മേളം. കിലുകിലെ ചിരിക്കുന്ന കുഞ്ഞുങ്ങള്‍...മുല്ലപ്പൂ ചൂടി ഒരുങ്ങിയെത്തിയ ഗോപിക എന്ന മിടുക്കി തന്റെ പുതിയ പട്ടുപാവാട ഹരിക്കുട്ടനെ തൊട്ടുകാണിച്ചു.

'ടീച്ചറേ, ഗോപിക സച്ചൂന്റെ കാലില് കളറ് കൊണ്ട് വരച്ചു', അമ്മുക്കുട്ടിയാണ് പരാതിക്കാരി. ഗോപിക വലിയ വിഷമത്തോടെ എല്ലാവരേയും മാറിമാറി നോക്കി.

'മാമുണ്ണാന്‍' വന്നാട്ടെ

രണ്ട് കുഞ്ഞുങ്ങള്‍ പഠിക്കാനിരിക്കുന്നതുപോലെ ടീച്ചര്‍ക്ക് ചുറ്റുമിരുന്ന് 'മാമുണ്ണാന്‍ ' തുടങ്ങി. രാവിലത്തെ ആഹാരമാണ്. 'ലാസ്റ്റ്... ഇതും കൂടിയേയുള്ളൂ... കുറച്ചുകൂടി....' ടീച്ചര്‍ ഒരു കഷ്ണം ഇഡ്ഡലി കൂടി ചട്‌നിയില്‍ മുക്കി ശിവകൃഷ്ണയുടെ വായയിലേക്ക് തിരുകി. ശിവകൃഷ്ണ ചുണ്ട് അമര്‍ത്തി തുടച്ച്, ടീച്ചറുടെ ചെവിട്ടില്‍ നാണത്തോടെ പറഞ്ഞു, 'ടീച്ചറേ, എരിക്കുന്നു. ' അപ്പൊഴേക്കും കണ്ടുനിന്നവര്‍ക്കെല്ലാം ദാഹം. ഗഌസുകളില്‍ വെള്ളമെത്തി.' വാ കണ്ണാ ഭക്ഷണം കഴിക്കാന്‍...', ആയ വിളിച്ചു. ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്ന കണ്ണന്‍ എപ്പോഴേ റെഡി !


'കാര്‍ത്തുമ്പീ, വാ...', ടീച്ചര്‍ വിളിച്ചു. നാലുവയസ്സുകാരി കാര്‍ത്തിക തുമ്പിയെപ്പോലെ പറന്നുവന്നു. കൈയ്യില്‍ പച്ചനിറമുള്ള കുഞ്ഞുകസേരയുണ്ട്. 'ദാ, വിളിച്ചാല്‍ ചെയറോടെയാ വരിക. ഓരോരുത്തര്‍ക്കും സ്വന്തം ചെയറിനോട് അടുപ്പമാ,' ആയ പറഞ്ഞു.

സങ്കടം സ്വല്‍പ്പം അടങ്ങിയ ആമി ഇപ്പോള്‍ കഌസിലൂടെ കുണുങ്ങി നടക്കയാണ്. ഇടയ്ക്ക് ആയയേയോ ടീച്ചറേയോ തൊട്ടുവിളിച്ച് ചോദിക്കും, 'മഞ്ച് മിഠായി വാങ്ങാന്‍ പോകുവാ? ', എന്ന്. മിഠായി വാങ്ങാന്‍ തന്നെ ആരെങ്കിലും കൊണ്ടുപോകുമെന്നാണ് ആമിയുടെ വിചാരം. ദിവസം മുഴുവനും ആമി അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു...

പ്രാര്‍ത്ഥനയ്ക്ക് ബെല്ലടിച്ചു

കുട്ടികളെല്ലാം കസേരകളില്‍ അടങ്ങി. ബെല്ലടിച്ചു. പ്രാര്‍ത്ഥനയുടെ സമയമാണ്. കരച്ചിലുകളെല്ലാം ഒരുവിധം നേര്‍ത്തില്ലാതായിരുന്നു. 'എല്ലാവരും എഴുന്നേറ്റ് നില്‍ക്കൂ...', ടീച്ചര്‍ ആവശ്യപ്പെട്ടു. കേട്ടപാടെ കുഞ്ഞുങ്ങള്‍ എഴുന്നേറ്റ് നിന്ന് പാടിത്തുടങ്ങി. 'ഞാന്‍ പറഞ്ഞിട്ട് പാടിയാല്‍ മതി,' ടീച്ചര്‍ ശബ്ദത്തില്‍ ചെറിയൊരു കാര്‍ക്കശ്യം വരുത്തി.'കാര്‍ത്തൂ, ടോയ് താഴെ വെയ്ക്കൂ...പ്രെയര്‍ കഴിഞ്ഞിട്ട് എടുത്താ മതി'. കാര്‍ത്തു അമ്പരപ്പോടെ കളിപ്പാട്ടം താഴെയിട്ടു. കുട്ടികള്‍ കൈ കൂപ്പി നിന്ന് വീണ്ടും പാട്ട് തുടങ്ങി. ശംഭുക്കുട്ടന്‍ ടീച്ചറുടെ ഒക്കത്തിരുന്ന് പാട്ടിനൊപ്പം മൂളി. കൂട്ടപ്പാട്ടിന്റെ ഹരത്തില്‍ ചില കുഞ്ഞുങ്ങള്‍ തുള്ളിച്ചാടാന്‍ തുടങ്ങി. പല ഈണങ്ങളില്‍...തോന്നിയ പോലെ...കണ്ണന്‍ കഌസിന് പിന്‍തിരിഞ്ഞാണ് പാടുന്നത്.

ഇനി പഠിക്കാം

റൈം പാടിയും ചിത്രങ്ങള്‍ ചൂണ്ടികാട്ടി കൊച്ചുവാക്കുകള്‍ ഉച്ചരിച്ചുമാണ് പഠനം. അതിന്നിടയിലും കുസൃതികള്‍ക്ക് പഞ്ഞമില്ല... 'എനിക്ക് തര്വോ? 'ഫര്‍ഹാനയുടെ വളയില്‍തൊട്ട് അമ്മൂട്ടിയുടെ ചോദ്യം. 'എന്റെ അമ്മ അടിക്കും ', ഫര്‍ഹാന സ്വരം താഴ്ത്തി പറഞ്ഞു. അച്ഛനമ്മമാര്‍ കുളിപ്പിച്ച് ഒരുക്കിവിട്ട ചേലൊക്കെ ഏകദേശം എല്ലാവരുടേതും പോയി.

'ഞാന്‍ ടീച്ചറോട് പറയും...', പൊട്ടിയ വളക്കഷ്ണം നോക്കി കണ്ണ് നിറച്ചു ദേവു. 'ടീച്ചറേ, ജ്യോത്സ്‌ന എന്റടുത്ത് കട്ടീസ്...' കണ്ണന്‍ പരാതിയുമായെത്തി. കുഞ്ഞുഭാഷയാണിതെല്ലാം. 'കട്ടീസ് ' എന്നാല്‍ 'മിണ്ടില്ല' എന്നര്‍ത്ഥം. പിണക്കം മാറ്റി മിണ്ടുന്നതിന് 'മിണ്ടീസ് 'എന്നും.

പൂക്കളഉം കിളികളും കുഞ്ഞുങ്ങളും

പ്ലേ സ്‌കൂളിന്റെ മുറ്റം കുഞ്ഞുങ്ങള്‍ക്ക് ഓടികളിക്കാന്‍ മാത്രം വലുതാണ്. കുഞ്ഞുങ്ങള്‍ മുറ്റത്തേക്ക് ചിതറിയോടി... നിമിഷങ്ങള്‍ കൊണ്ട് അവര്‍ ബോഗികളെപ്പോലെ നിരന്ന് നിന്ന് തീവണ്ടിയായി കൂവിപ്പാഞ്ഞു... കുറുക്കനും കോഴിയുമായി പരസ്പ്പരം തിരഞ്ഞു... കൈകോര്‍ത്ത് റിങ്ങാ റിങ്ങാ റോസസ്... പാടി. മുറ്റത്തെ ലൗബേഡ്‌സിന്റെ കൂടിന്നടുത്ത് നിന്ന് കിളികളോട് കൊഞ്ചി. കൊച്ചുപൂന്തോട്ടത്തിലെ പൂക്കളുടെ നിറങ്ങള്‍ കണ്ടുപിടിച്ചു. 'മണ്ണില്‍ കളിക്കാനാണ് ഇവര്‍ക്ക് ഏറ്റവും ഇഷ്ടം. പക്ഷെ പല രക്ഷിതാക്കള്‍ക്കും അതത്ര ഇഷ്ടമല്ല.'
വഴുതിനച്ചെടിയിലെ വയലറ്റ് കായ കണ്ട് ജ്യോത്സ്‌നയ്ക്ക് കൗതുകം.. 'നമ്മള് സാമ്പാറിലിടുന്ന വഴുതിന അറിയില്ലേ...', ടീച്ചര്‍ കുട്ടിയ്ക്ക് പറഞ്ഞുകൊടുത്തു.


കുസൃതിത്തരങ്ങളുടെ മൂര്‍ച്ച കൂടുമ്പോഴെല്ലാം ടീച്ചര്‍ ഇടപെട്ടു. 'എന്നെ നുള്ളി ', 'എന്നെ തള്ളി ', പരാതികളുടെ പ്രവാഹം... സ്മാര്‍ട്ടായി കളിച്ചിരുന്ന കണ്ണന്റെ കാല് ചെറുതായി മുറിഞ്ഞു. കണ്ണന്റെ ഉഷാറൊക്കെ പോയി. 'ഇത്തിരി പഞ്ഞി വെച്ച് ഡെറ്റോള്‍ കൊണ്ട് തുടച്ചാല്‍ മതി, അവര്‍ക്ക് ആശ്വാസമാകും. നമ്മുടെ ശ്രദ്ധയാണ് അവര്‍ക്ക് പ്രധാനം', ടീച്ചര്‍ പഞ്ഞിയുമായി വരുന്നത് കണ്ട് കണ്ണന്‍ കണ്ണ് തുടച്ചു. കളിച്ച് കളിച്ച് എല്ലാവരും ക്ഷീണിച്ച് തുടങ്ങി.

സമയം പന്ത്രണ്ട് മണി. ഉച്ചഭക്ഷണത്തിന്റെ തിരക്കായി. ലഞ്ച്‌ബോക്‌സുകള്‍ തുറന്നു. ഹരിക്കുട്ടന്‍ കൊണ്ടുവന്ന മുട്ടപ്പത്തിരിയുടെ പകുതി അനന്തു വാങ്ങിക്കഴിച്ചു.അനന്തു തന്റെ അപ്പവും കടലക്കറിയും നന്ദൂന് നീട്ടി. എല്ലാവരും അവരവരുടെ ഭക്ഷണം പരസ്പരം കൊടുത്തും വാങ്ങിയും... ചിലര്‍ക്ക് കൊടുക്കാനാണ് ഇഷ്ടം. ചിലര്‍ ഭക്ഷണം മറ്റാരെങ്കിലും കൊണ്ടുപോവുമോ എന്ന ടെന്‍ഷനില്‍ ഒറ്റയ്ക്ക് മാറിയിരുന്ന് കഴിക്കുന്നു. എല്ലാവര്‍ക്കും വയര്‍ നിറയുന്നുണ്ടോ എന്ന ഉറപ്പാക്കാന്‍ ആയ പിന്നാലെത്തന്നെയുണ്ട്. ഊണ് കഴിഞ്ഞതും കുഞ്ഞുങ്ങള്‍ ഓരോരുത്തരായി ഉറങ്ങാനൊരുങ്ങി. നന്നേ ചെറിയ ശംഭു ടീച്ചറുടെ സാരിത്തുമ്പ് പിടിച്ചുവലിച്ച് ഉറങ്ങണം എന്നറിയിച്ചു. അനന്തുവും അമ്മുക്കുട്ടിയും സഹോദരങ്ങളാണ്. അവര്‍ വീട്ടിലെന്നപോലെ കെട്ടിപ്പിടിച്ചുറങ്ങി. ഉണ്ണിവയറുകള്‍ നിറഞ്ഞ സന്തോഷം.. എല്ലാവരും സുഖനിദ്രയിലാണ്ടു.

വീണ്ടും കാത്തിരിപ്പ്

ഉറക്കമുണരുമ്പോള്‍ സ്വന്തം വീട്ടിലല്ലെന്ന തിരിച്ചറിവിന്റെ അമ്പരപ്പുണ്ട് പല കണ്ണുകളിലും. ആമി കുറേ നേരം അമ്മയെ വിളിച്ചു. ഉണര്‍ന്നിട്ടും, എഴുന്നേല്‍ക്കാന്‍ മടിച്ച് ബെഡ്ഷീറ്റില്‍ തന്നെ ചുരുണ്ട്കിടന്ന ചക്കരയെ പൊക്കാന്‍ ടീച്ചര്‍ കുറേ പണിപ്പെട്ടു. 'ഇനീം ഉറങ്ങണം', ചക്കര കുറുങ്ങി... വൈകുന്നേരത്തെ ഭക്ഷണം കഴിച്ചതോടെ കുഞ്ഞുങ്ങള്‍ പതിയെ ഉഷാറായി. മേല്‍ക്കഴുകി, ഡ്രസ്സ് മാറ്റി. അച്ഛനമ്മമാരെ കാത്തിരിക്കലാണ് പണി... കുഞ്ഞുങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഗെയ്റ്റിലാണ്. ഗേറ്റ് ശബ്ദിച്ചാല്‍ വാതില്‍ക്കലേക്ക് ഓടും, ജനലഴികളില്‍ മുഖം ചേര്‍ത്ത് പ്രതീക്ഷയോടെ ഉറ്റുനോക്കും. ആ പ്രതീക്ഷയുടെ ആഴം നമുക്കൂഹിക്കാനാവില്ല. ആ കാഴ്ച നോക്കിനിന്നാല്‍ മനസ്സലിഞ്ഞുപോകും.


വൈകീട്ട് ആറ് മണി. എല്ലാവരേയും അച്ഛനോ അമ്മയോ വന്ന് കൊണ്ടുപോയി. ഒഴിഞ്ഞ ബഞ്ചുകള്‍ക്കിടയില്‍ നിന്ന് ഒരു തേങ്ങല്‍... അച്ഛനെ കാണാത്തതിലുള്ള സങ്കടം അണപൊട്ടിയതാണ്. 'അല്‍പ്പം നേരം വൈകിയാല്‍ മതി അടക്കാനാവാത്ത സങ്കടമായിരിക്കും.' നാലുവയസ്സുകാരനെ ടീച്ചര്‍ വിളിച്ച് അടുത്തിരുത്തി. കുട്ടി ടീച്ചറെ ചേര്‍ന്നിരുന്നു.

ഡേ കെയറില്‍ വിടുമ്പോള്‍

കുഞ്ഞ് ആദ്യമായി വീട് വിട്ട് നില്‍ക്കുകയാണ്. പകല്‍സമയം ഇനി ഡേ കെയറില്‍. ആദ്യമായി പിരിയുന്നതിന്റെ അസ്വസ്ഥതകള്‍ അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ കാണും.

ഡേകെയറിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കുഞ്ഞിന് സാവകാശം വേണം. ആദ്യമേ കുഞ്ഞിനോട് ഡേകെയറിനെക്കുറിച്ച് പറഞ്ഞുകൊടുക്കുക. വിട്ട് നില്‍ക്കാനുള്ള സങ്കടമല്ല പറയേണ്ടത്. പുതിയ സ്‌കൂളിലെ കളികളെക്കുറിച്ചും കളിക്കൂട്ടുകാരെപറ്റിയും പറയുക. കുഞ്ഞില്‍ സന്തോഷം ഉണ്ടാക്കാന്‍ ശ്രമിക്കുക.

കഴിയുന്നതും കുഞ്ഞിനെ ഡേകെയറില്‍ വിടുന്ന ജോലി അച്ഛനോ അമ്മയോ തന്നെ ഏറ്റെടുക്കുക. ആദ്യ ദിസങ്ങളില്‍ മാത്രം കുറച്ച് നേരമെങ്കിലും സെന്ററില്‍ കുഞ്ഞിനൊത്ത് ചെലവിടുക. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശീലിക്കാന്‍ കുഞ്ഞിന് കുറച്ച് സമയം വേണമല്ലോ. കരച്ചിലും വാശിയും കാണും. ദേഷ്യപ്പെടേണ്ട.ഓഫീസ് സമയം കഴിഞ്ഞ് തിരികെ എത്തി കൊണ്ടുപോവാമെന്ന് വിശദമായി പറയാം. ഒരിക്കലും കുഞ്ഞ് കാണാതെ ഒളിച്ച് പോവുന്നത് ശരിയല്ല. കെട്ടിപ്പിടിച്ച്, ഉമ്മ നല്‍കി, ഗുഡ്‌ബൈ പറഞ്ഞ് തന്നെ പോവുക. അപ്പോഴും കുഞ്ഞ് കരയും. എങ്കിലും പറയാതെ പോവുന്നതാണ് കൂടുതല്‍ വേദനിപ്പിക്കുക.

സ്വര്‍ണ്ണാഭരണങ്ങളണിയിച്ച് കുഞ്ഞിനെ സെന്ററിലേക്കയ്ക്കാതിരിക്കുന്നതാണ് നല്ലത്. കളിക്കിടയില്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ട് പോവാനിടയുണ്ട്. സ്‌നാക്‌ബോക്‌സില്‍ റെഡിമെയ്ഡ് പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. മറ്റു കുട്ടികള്‍ക്ക് അത് കണ്ട് വാശിപിടിക്കാനിടയുണ്ട്. വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണം തന്നെ നല്‍കുക.