MATHRUBHUMI RSS
Loading...
ദേ... അമ്മേ നിക്ക് ദേശ്യം വരണ്ണ്ട്‌ട്ടോ...

കുഞ്ഞുങ്ങളുടെ അമിത ദേഷ്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപാടാണ്. ഇത് നിയന്ത്രിക്കാന്‍ എന്തൊക്കെ വഴികള്‍? പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു...


സീമയുടെ മോന്‍ എട്ടു വയസുകാരന്‍ ഗൗതം മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. ഇളയ മകള്‍ക്ക് നാലു മാസം പ്രായം. പൊതുവെ ശാന്തപ്രകൃതക്കാരനായ ഗൗതമിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സീമയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മോന്റെ നല്ല സ്വഭാവത്തെക്കുറിച്ച് നാലുപേര്‍ കൂടുന്നിടത്തൊക്കെ സീമയും ഭര്‍ത്താവ് ശ്രീജിത്തും വാചാലമാകുമായിരുന്നു.

അങ്ങനെയിരിക്കെയാണ് സീമ എന്നെ കാണാന്‍ വന്നത്. മുഖം കണ്ടാല്‍ തന്നെ അറിയാം, ആകെ അസ്വസ്ഥമായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് ഗൗതമിന്റെ സ്വഭാവത്തിന് ഒരു മാറ്റം. സ്‌കൂളില്‍ നിന്നും വരുമ്പോഴെ ദേഷ്യം. ബാഗ് വലിച്ചെറിയുന്നു. എന്ത് ആഹാരം കൊടുത്താലും ഇഷ്ടപ്പെടില്ല. കുറ്റം കണ്ടെത്തും. ഇഷ്ടപ്പെട്ട കളിപ്പാട്ടം ആയിട്ടും ദീര്‍ഘനേരം കളിക്കാന്‍ പോലും പറ്റുന്നില്ല. പറയുന്നതൊന്നും മനസ്സിലാക്കാനോ കേള്‍ക്കാനോ ഉള്ള ക്ഷമ കാണിക്കുന്നില്ല.
ആവശ്യമില്ലാതെ വെറുതെ ചിണുങ്ങുന്നു. ഇഷ്ടമായി കഴിച്ചുകൊണ്ടിരുന്ന ദോശ ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ല. എന്തു കൊടുത്താലും തൃപ്തിയില്ല. പെട്ടെന്ന് ദേഷ്യം. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം. കാര്യം ചോദിച്ചിട്ട് വ്യക്തമായി ഒന്നും പറയുന്നില്ല.

ഇളയകുഞ്ഞിനെ നോക്കുന്നത് കൊണ്ട് സീമയ്ക്ക് ഗൗതമിന്റെ സ്‌കൂളില്‍ പോയി തിരക്കാന്‍ പറ്റിയില്ല. ശ്രീജിത്ത് പോയി തിരക്കിയപ്പോള്‍ സ്‌കൂളില്‍ കാര്യമായി ഒരു പ്രശ്‌നവുമില്ലെന്ന് ടീച്ചര്‍ പറഞ്ഞു. പിന്നെ എന്താണ് കുഴപ്പം ? ഗൗതമിന്റെ ദേഷ്യം കാരണം വീട്ടിലെ അന്തരീക്ഷമാകെ തകിടം മറിഞ്ഞു.

ഗൗതമിന് എന്താണ് സംഭവിച്ചത് ? അതുവരെ വീട്ടില്‍ ഗൗതമിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്, ആവശ്യങ്ങള്‍ക്കനുസൃതമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ സഹായത്തിനായി അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. ഇളയ സഹോദരിയുടെ വരവോടു കൂടി തന്റെ പ്രാധാന്യം കുറഞ്ഞതായി അവന് തോന്നി. ആകപ്പാടെ ഒരു വൈകാരികമായ ഒരു അരക്ഷിതാവസ്ഥ. സ്വന്തം വസ്തുക്കളോടുതന്നെ പരിധിയില്‍ കവിഞ്ഞ സ്വാര്‍ത്ഥത ഈ സമയത്തു അവന് അറിയാതെ തോന്നാം. ഗൗതമിന് അനിയത്തി ഗാര്‍ഗിയെ സ്‌നേഹമാണെങ്കിലും എങ്ങുനിന്നോ അറിയാതെ അബോധമനസ്സില്‍ അവളോട് ഒരുതരം പക ഉയരുന്നു.

മൂത്ത കുഞ്ഞിലുണ്ടാക്കുന്ന ഉല്‍കണ്ഠ പൊതുവെ അച്ഛനമ്മമാര്‍ മനസ്സിലാക്കാറില്ല. ഗൗതം നോക്കുമ്പോള്‍ ഗാര്‍ഗിയെ ഏതു സമയവും അമ്മ കൈയിലെടുത്ത് ഓമനിക്കുന്നു. ഉമ്മ കൊടുക്കുന്നു. ഗാര്‍ഗി ഇല്ലാതെ അമ്മ തന്റെ അടുത്തുപോലും വരുന്നില്ല. ഗാര്‍ഗിക്ക് കിട്ടുന്ന പ്രത്യേക ശ്രദ്ധയും, ശാരീരിക സമ്പര്‍ക്കവും ഗൗതമിന്റെ സ്ഥാനത്തിനു നേരെയുള്ള ഭീഷണിയായി തോന്നുന്നു. അതുവരെ തന്റേതുമാത്രമായിരുന്ന അച്ഛനും അമ്മയും വേറെയാളുടേതു കൂടിയായി. അച്ഛനമ്മമാര്‍ ഓര്‍ക്കേണ്ട കാര്യം മൂത്തയാളുടെ അസൂയ മൂലമുള്ള പ്രവൃത്തികള്‍ തുടക്കത്തില്‍ എത്ര ശ്രമിച്ചാലും വ്യക്തമായി കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസമാണ്. നഖം കടി, സാധാരണയില്‍ കവിഞ്ഞ സംസാരം, സംസാരമില്ലായ്മ, വെറുതെയുള്ള വാശികള്‍, തനിയെ ചെയ്യാവുന്ന പ്രവൃത്തികള്‍ക്കുപോലും അച്ഛന്റെയും അമ്മയുടേയും സഹായം ആവശ്യപ്പെടല്‍, എല്ലാറ്റിനോടും ദേഷ്യം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍.


ഓരോരുത്തരുടേയും ദേഷ്യത്തിന് കാരണം കണ്ടെത്തിവേണം അതിനു പരിഹാരം ഉണ്ടാക്കേണ്ടത്. ഇവിടെ ഗൗതമിന് വേണ്ടത്ര പരിഗണന കിട്ടാത്തതും, വാല്‍സല്യ പ്രകടനങ്ങളുടെ പോരായ്മയും ആയിരുന്നു ദേഷ്യത്തിന് കാരണം. സീമ ഗൗതമിന് കൊടുക്കുന്ന സ്‌നേഹത്തിന്റെയും, പരിഗണനയുടെയും അളവ് കൂട്ടുവാന്‍ പറഞ്ഞപ്പോള്‍ സീമയ്ക്കും ദേഷ്യം വന്നു. ''ഞാന്‍ ഗാര്‍ഗിയെ നല്ലതുപോലെ നോക്കുന്നതുപോലും ഇല്ല. കൂടുതല്‍ സമയവും മൂത്ത മോന്റെ പുറകെ ആണ്........'' സീമ വാചാലയായി. പക്ഷെ വേണ്ടത്ര പരിഗണന കിട്ടിയിരുന്നുവെങ്കില്‍ ഗൗതം ഇങ്ങനെ ആവശ്യമില്ലാതെ ദേഷ്യം പ്രകടമാക്കുകയില്ല എന്നതാണ് സത്യം. അനുസരണയില്ലാതെ ദേഷ്യത്തോടെ ഇരിക്കുന്ന കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് വളരെ ക്ഷമയോടുകൂടെ വേണം. ഏതൊരമ്മയ്ക്കും മക്കളോട് തുല്യസ്‌നേഹമായിരിക്കും ഉള്ളിലുള്ളത്. പക്ഷെ ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിച്ചെങ്കില്‍ മാത്രമെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് അത് തൃപ്തിയായി അനുഭവിച്ചറിയാന്‍ സാധ്യമാകൂ. ചുരുക്കത്തില്‍ അമ്മമാര്‍ മൂത്ത കുഞ്ഞിന്റെ മുമ്പില്‍ ബോധപൂര്‍വ്വം സ്‌നേഹപ്രകടനം നടത്തണം എന്ന് സാരം.

ഇളയ കുഞ്ഞുവാവയ്ക്ക് ഉമ്മ കൊടുക്കുന്നതു പോലെ കൂടുതല്‍ ഉമ്മകളും, തലോടലുകളും മൂത്തയാള്‍ക്കും കൊടുക്കുക. വിരുന്നുകാര്‍ വരുമ്പോള്‍ സൗഹൃദ സംഭാഷണത്തില്‍ മൂത്തകുഞ്ഞിനെ കുറിച്ച് കൂടുതല്‍ പ്രകീര്‍ത്തിക്കുക. രാത്രിയും ഉറക്കമില്ലാത്തതു കാരണവും ജോലികൂടുതല്‍മൂലവുമുണ്ടാകുന്ന അമ്മയുടെ ക്ഷീണവും, പ്രയാസങ്ങളും മുതിര്‍ന്നവരോട് പറയുന്നതുപോലെ മൂത്തയാളിനോടും പങ്കുവയ്ക്കുക. ഇങ്ങനെ അംഗീകരിക്കുന്നതുവഴി വലിയ സന്തോഷം വരും. അമ്മയ്ക്കും, അച്ഛനും ഏറ്റവും ഇഷ്ടം മോനെതന്നെയാണെന്ന് സ്വകാര്യമായി ഇടയ്ക്കിടെ അറിയിക്കണം. ഇങ്ങനെ അംഗീകാരവും, അഭിനന്ദനങ്ങളും കിട്ടുമ്പോള്‍ അസൂയമൂലം ഉണ്ടായ ദേഷ്യം കുറയും.

ഇനി കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ദേഷ്യപ്രകടനങ്ങളെപ്പറ്റി വിലയിരുത്താം. കുട്ടികളൊക്കെ തന്നെ അസ്വസ്ഥരും, ദുഃഖിതരുമാവുമ്പോള്‍ അവരുടെ വികാരം പ്രകടിപ്പിക്കാനായി ആവശ്യമില്ലാതെ കരച്ചില്‍, ചിണുങ്ങല്‍, മറ്റുള്ളവരെ ശല്യപ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തിയും ഏര്‍പ്പെടാറുണ്ട്. എന്താണിതിനു കാരണം? സ്ഥായിയായ ദേഷ്യപ്രകടനങ്ങള്‍ മിക്കവാറും ലാളിച്ചു വഷളാക്കപ്പെട്ട കുട്ടികളിലാണ് സ്ഥിരമായി കണ്ടുവരാറുള്ളത്. കുട്ടികള്‍ക്കൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പകരം അവനെ കളിപ്പാട്ടങ്ങള്‍ കൊണ്ട് സംതൃപ്തനാക്കാനോ അമിതമായി സ്‌നേഹം പ്രകടിപ്പിക്കാനോ ശ്രമിക്കുന്ന മാതാപിതാക്കള്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി നേരിടേണ്ടി വരുന്നത്.

കുട്ടികള്‍ ഇഷ്ടമുള്ള ആള്‍ക്കാരുടെ അടുത്താവും ദേഷ്യം പ്രകടിപ്പിക്കുക. ഇത് ഉടനെതന്നെ നിയന്ത്രിക്കേണ്ടതാണ്. കുഞ്ഞിന്റെ ദേഷ്യം നിയന്ത്രിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ സ്വയം വിലയിരുത്തുക. അച്ഛനമ്മമാര്‍ കുഞ്ഞിന്റെ മുന്‍പില്‍ വച്ച് ആവശ്യമില്ലാതെ തര്‍ക്കങ്ങളും ഉറക്കെയുള്ള സംസാരവും നിര്‍ബന്ധമായും ഒഴിവാക്കണം. ബഹളങ്ങളും, കോപപ്രകടനങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് കുട്ടി വളരുന്നതെങ്കില്‍ കുഞ്ഞിന് സ്വാഭാവികമായും ദേഷ്യം കൂടും. ക്ഷിപ്രകോപിയായ മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ സ്വല്‍പം പ്രയാസം വരും. കാരണം അനുകരണത്തിലൂടെയാണ് ഒട്ടുമിക്ക സ്വഭാവവും കുഞ്ഞുങ്ങളില്‍ രൂപപ്പെടുന്നത്.

കുട്ടിയുടെ ദേഷ്യപ്രകടനം തീരെ പ്രോത്സാഹിപ്പിക്കരുത്. വികാരാധീനനായി നില്‍ക്കുന്ന കുട്ടിയെ നിയന്ത്രിക്കാന്‍ വിവേകമുള്ള മാതാപിതാക്കള്‍ക്ക് നിഷ്പ്രയാസം കഴിയും. അതിനുള്ള കഴിവ് ഓരോരോ മാതാപിതാക്കളിലും ദൈവം തന്നിട്ടുണ്ട്. അത് ഉപയോഗിക്കാത്തതാണ് കാരണം.

സ്വന്തം കുട്ടിക്ക് എപ്പോഴൊക്കെയാണ് ദേഷ്യം വരുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ആവശ്യമില്ലാത്ത ദേഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കരുത്. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ദേഷ്യപ്പെടുമ്പോള്‍ അവഗണിക്കുക, അംഗീകരിക്കാതിരിക്കുക. നിരന്തരമായ അവഗണനയും, അംഗീകാരമില്ലായ്മയും കോപപ്രകടനങ്ങളെ ശമിപ്പിക്കും. ദേഷ്യപ്രകടനം കഴിഞ്ഞ് ശാന്തനായിരിക്കുമ്പോള്‍ കുട്ടിയെ വിളിച്ച് സ്വകാര്യമായി കാര്യം തിരക്കുക.

ദേഷ്യം നല്ല വികാരമല്ല. ദേഷ്യപ്പെടുന്നതുവഴി ബാക്കിയുള്ളവര്‍ക്ക് നമ്മോട് വെറുപ്പ് തോന്നും. ദേഷ്യം വരുമ്പോള്‍ നമ്മുടെ മുഖം വികൃതമാകുന്നതുപോലെ നമ്മുടെ മനസ്സും ചിന്തകളും വികൃതമാകും. തല്‍ഫലമായാണ് നാം ചീത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നും പറഞ്ഞു മനസ്സിലാക്കുക. ബോധപൂര്‍വ്വമായ ഇത്തരം മനസ്സിലാക്കലുകള്‍ കുട്ടിയുടെ അബോധമനസ്സില്‍ രൂപപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അതിനുപകരം, എന്റെ കുട്ടിക്ക് എളുപ്പത്തില്‍ ദേഷ്യം വരും, അവനെ നിയന്ത്രിക്കാന്‍ പ്രയാസമാണ് എന്നു കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ചര്‍ച്ച ചെയ്യാതിരിക്കുക. യാതൊരു കാരണവശാലും ബഹളം നിര്‍ത്തുന്നതിന് സമ്മാനം നല്‍കി ദേഷ്യം നിര്‍ത്തുന്ന രീതി ശരിയല്ല.

കോപം നിയന്ത്രിക്കാന്‍ വിശ്രമത്തിന് കഴിയും. കുട്ടിക്ക് ഇടയ്ക്കിടെ ആവശ്യത്തിന് വിശ്രമം കൊടുക്കണം. യോഗ പരിശീലിപ്പിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.. വെള്ളത്തിന് നമ്മുടെ മനസ്സിനെ ശാന്തമാക്കാന്‍ പ്രത്യേക കഴിവുണ്ട്. ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കുവാനും, ഇഷ്ട ദൈവത്തെ പ്രാര്‍ത്ഥിക്കുവാനും ശീലിപ്പിക്കണം. അച്ഛനും, അമ്മയ്ക്കും ദേഷ്യം വരുമെന്നും നമ്മള്‍ അത് എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്നും പറഞ്ഞു കൊടുക്കാം. ചിലപ്പോള്‍ നിങ്ങളുടെ സ്പര്‍ശനമോ, തലോടലോ കുഞ്ഞിനെ ശാന്തനാക്കിയേക്കും. അവന്‍ ശാന്തനാകുന്നതു വരെ നിശബ്ദത പാലിക്കുന്നതും അനുയോജ്യമാണ്.