MATHRUBHUMI RSS
Loading...
മിണ്ടാത്ത കുട്ടിയെ മിണ്ടിക്കാം

സംസാരിക്കാന്‍ വൈകുന്ന കുട്ടിക്ക് ചികിത്സ മാത്രമല്ല വേണ്ടത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും പരിചരണവും കൂടിയേ തീരൂ...


രണ്ട് വയസ്സ് പ്രായമായിട്ടും കുഞ്ഞ് എന്താണൊന്നും മിണ്ടാത്തത്... ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ലല്ലോ...എപ്പോഴും മിണ്ടാതിരുന്ന് കളിക്കും ,അത്ര തന്നെ..അച്ഛനമ്മമാര്‍ക്ക് ആധിയാവാന്‍ മറ്റെന്ത് വേണം ! ' ഇവന്റെ അച്ഛന്‍ മിണ്ടിത്തുടങ്ങിമ്പോള്‍ വയസ്സ് പത്താ...' , വീട്ടിലെ മുത്തശ്ശിമാര്‍ ആശ്വസിപ്പിക്കും.പ്രശ്‌നം അവിടംകൊണ്ടും തീരില്ല. വയസ്സ് മൂന്ന് കഴിഞ്ഞിട്ടും കുഞ്ഞ് സംസാരിക്കുന്നില്ല. പിന്നെ ഡോക്ടര്‍, ചികിത്സ...

നിസ്സാരമാക്കരുത്

പല കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകുന്നത് ( സ്പീച്ച് ഡിലെ ). അവയില്‍ ചിലത് ജന്മനാ ഉള്ള കാരണങ്ങള്‍കൊണ്ടാണ്. ചിലത് വളര്‍ച്ചയുടെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഉണ്ടാവുന്നതും.

കേള്‍വിശക്തിക്ക് കുഴപ്പമുള്ള കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പാട്ടം കിലുക്കിക്കാണിച്ച് കളിപ്പിക്കുക. കുഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധ തിരിക്കുന്നുണ്ടോ എന്ന് നോക്കുക. യാതൊരു പ്രതികരണവുമില്ലെങ്കില്‍ വിവരം നിര്‍ബ്ബന്ധമായും ഡോക്ടറോട് പറയണം. സ്‌ക്രീനിങ്ങ് ടെസ്റ്റ് ചെയ്ത് കേള്‍വിക്കുറവുണ്ടോ എന്നറിയണം.

നേരത്തെയുള്ള ജനനം, പാരമ്പര്യമായി കേള്‍വിശക്തിക്ക് പ്രശ്‌നമുള്ള കുടുംബപശ്ചാത്തലം, എന്നിവയും മഞ്ഞപ്പിത്തം, ജന്മനാലുള്ള തൈറോയിഡ് കുഴപ്പങ്ങള്‍, ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നീ രോഗങ്ങളും കുഞ്ഞുങ്ങളില്‍ കേള്‍വിക്കുറവിന് ഇടയാക്കാം.

ഇരട്ടക്കുട്ടികളാണെങ്കില്‍ ചിലപ്പോള്‍ അവരുടെ സംസാരം വൈകാറുണ്ട്. കുഞ്ഞുങ്ങളെ നന്നായി കൊഞ്ചിച്ച് അമ്മമാര്‍ സംസാരിക്കാറുണ്ടല്ലോ. ഇത് ഭാഷ പഠിക്കാന്‍ അവര്‍ക്ക് ഉത്സാഹം നല്‍കും.

മറ്റുള്ളവര്‍ പറയുന്നത് കേട്ടാലേ കുഞ്ഞുങ്ങള്‍ നന്നായി സംസാരിക്കുകയുള്ളൂ. അധികം സംസാരിക്കാത്ത മാതാപിതാക്കളുടെ മക്കള്‍ സംസാരിക്കാന്‍ വൈകിയേക്കും. അതുപോലെ ഒന്നിലധികം ഭാഷ പറയുന്നവരാണ് അച്ഛനമ്മമാരെങ്കില്‍ മക്കള്‍ ചിലപ്പോള്‍ ഭാഷ പഠിച്ചെടുക്കാന്‍ താമസിക്കും. കുഞ്ഞുങ്ങളുടെ സംസാരശക്തി വികസിക്കാന്‍ നിശ്ചിതമായ പ്രായമില്ല. സാധാരണനിലയില്‍ ആറ് മാസംതൊട്ട് ശബ്ദമുണ്ടാക്കിത്തുടങ്ങും. ഇതില്‍ ആഴ്ചകളുടെയോ ഒന്നോ രണ്ടോ മാസങ്ങളുടെയോ വ്യത്യാസം ഉണ്ടായാല്‍ പേടിക്കാനില്ല. വല്ലാതെ വൈകുന്നെങ്കില്‍ പരിശോധിക്കുകയും വേണം. ആണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പെണ്‍കുട്ടികളിലാണ് ഭാഷാപരമായ കഴിവുകള്‍ വികസിക്കുന്നത്.

അച്ഛനമ്മമാരുടെ ശ്രദ്ധ കുഞ്ഞിന് ഏപ്പോഴും ആവശ്യമാണ്. ചില കുടുംബങ്ങളില്‍, കുഞ്ഞിന് അച്ഛനമ്മമാരുടെ ശാരീരികമായ അടുപ്പം തീരെ കിട്ടാതെ വരുമ്പോള്‍ സംസാരശേഷി വികസിക്കാതെ പോവാറുണ്ട്. വളരെ അപൂര്‍വ്വമായി, മാനസിക പീഡനങ്ങള്‍ക്കിരയാവുന്ന കുഞ്ഞുങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടാവാറുണ്ട്. വൈകാരികമായ അടുപ്പം കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമാണ്. ആരും അടുത്തില്ലാതെ ഒറ്റയ്ക്ക്് ഏറെ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങളിലും സംസാരവൈകല്യങ്ങള്‍ കാണാറുണ്ട്. ശബ്ദങ്ങളുടേയും വാക്കുകളുടേയും നടുവില്‍ ഭാഷയും സംസാരവും ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് അവരില്‍ ഭാഷാകഴിവ് രൂപപ്പെടുന്നത്.

എട്ടാം മാസത്തില്‍ കുഞ്ഞ് ഒരു അക്ഷരമെങ്കിലും പറഞ്ഞിരിക്കണം. പത്താം മാസത്തില്‍ 'കാക്ക', ' അമ്മ' എന്നിങ്ങനെ രണ്ട് വാക്കുകള്‍ വരെ പറയുന്നു. ഒന്നാം വയസ്സില്‍ രണ്ടോ മൂന്നോ വാക്കുകള്‍, അര്‍ത്ഥം മനസ്സിലാക്കിത്തന്നെ പറയും. 15-ാം മാസത്തില്‍ കുഞ്ഞ് വേഗത്തില്‍ സംസാരിക്കും. നമുക്കത് മുഴുവനായും മനസ്സിലാവില്ല. ആളുകളുടെ പേര് പറയും. 18-ാം മാസത്തില്‍ കണ്ണ്, ചെവി, മൂക്ക് എന്നൊക്കെ പറയുന്നത് കേള്‍ക്കാം. രണ്ടാം വയസ്സില്‍ 'അമ്മ പോയി ' എന്നും 'ഞാന്‍ വന്നു' എന്നുമൊക്കെ പറയും. മൂന്ന് - നാല് വയസ്സില്‍ കൊച്ചു വാചകങ്ങള്‍ പറയാറാവും.

ഭാഷ പഠിപ്പിക്കാന്‍ കളികള്‍

ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ കുട്ടികളെ ഭാഷയിലേക്ക് അടുപ്പിക്കുക എളുപ്പമാണ്. ഇക്കാലത്ത് നിറപ്പകിട്ടുള്ള ചിത്ര പുസ്തകങ്ങള്‍ കുഞ്ഞിനൊപ്പമിരുന്ന് വായിച്ച് പറഞ്ഞ് കൊടുക്കുക. കടുത്ത നിറങ്ങള്‍ കുഞ്ഞിന് ഇഷ്ടമാവും. ഓരോ ചിത്രവും ചൂണ്ടിക്കാട്ടി പേര് പറഞ്ഞ് കൊടുക്കുക. പുസ്തകത്തിലെ മാത്രമല്ല, തൊടിയിലെ മരങ്ങളുടേയും പൂക്കളുടേയും പേര് ചൂണ്ടിക്കാട്ടി പറഞ്ഞ് കൊടുക്കാം. കൊച്ചു ചിത്രകഥകള്‍ ഈ പ്രായത്തില്‍ അവര്‍ക്ക് നന്നേ രസിക്കും. നല്ല താളത്തിലുള്ള കുഞ്ഞിപ്പാട്ടുകള്‍ പാടിപ്പിക്കുക, പാടിക്കൊടുക്കുക.

അ... അമ്മ, ആ... ആന...

കോട്ടയം തിരുവഞ്ചൂര്‍ താഴൂര്‍ വീട്ടില്‍ ഇന്ന് സന്തോഷം നിറയുകയാണ്. നാല് വയസ്സുവരെ ഒരു വാക്കുപോലും മിണ്ടാതിരുന്ന, മീരാകൃഷ്ണ എന്ന കൊച്ചുമിടുക്കി ജീവിതം തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.

''വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞുണ്ടായ കുഞ്ഞ്. പക്ഷേ, മാസം തികയാതെയുള്ള പ്രസവം. തൂക്കവും തീരെ കുറവ്. കുറേ ദിവസം ഇന്‍ക്യുബേറ്ററില്‍... മോളെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടില്ലെന്ന് വരെ തോന്നിയ നിമിഷങ്ങള്‍. പക്ഷേ, ദൈവം ഞങ്ങടെ പ്രാര്‍ഥന കേട്ടു'', മീരയുടെ അമ്മ സുധ ഓര്‍ക്കുന്നു.

''വളര്‍ച്ചയൊക്കെ സാധാരണപോലെത്തന്നെയായിരുന്നു. മോള്‍ അച്ഛന്‍, അമ്മ എന്നൊക്കെ വിളിക്കുന്നൊരു ദിവസം. അതായിരുന്നു ഞങ്ങളുടെ സ്വപ്‌നം. ആ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടായിരുന്നു പിന്നീടുള്ള കാര്യങ്ങളെല്ലാം. സാധാരണപോലെയുള്ള കളിയും ചിരിയുമെല്ലാമുണ്ട്. പക്ഷേ, ഒരു വയസ്സ് കഴിഞ്ഞിട്ടും ഒരക്ഷരം പോലും മിണ്ടാതായതോടെ ഞങ്ങള്‍ക്ക് ആധിയായി. ഞങ്ങള്‍ മോളുടെ കൂടെത്തന്നെയിരുന്നു. ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് പേര് പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ചു. 'അമ്മ', 'അച്ഛന്‍', 'വെള്ളം', 'ആന' എന്നിങ്ങനെ ഓരോ വാക്കുകളും പറഞ്ഞുകൊടുത്തു. പലപ്പോഴും ഞങ്ങള്‍ പറയുന്നത് ഏറ്റുപറയാന്‍ മോള്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, 'ക്ക്' എന്നൊരക്ഷരം മാത്രമേ പുറത്തുവന്നുള്ളൂ.'' വേദനയോടെയേ ഇന്നും ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ മീരയുടെ അച്ഛന്‍ ജയന് കഴിയുന്നുള്ളൂ.

കുറേ ചികിത്സകള്‍ ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. നാക്കിന് കട്ടി കൂടിയാല്‍, ചില കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയുണ്ടാകുമെന്ന് പലരും പറഞ്ഞു. പരിശോധിച്ച് നോക്കിയപ്പോള്‍ അതിലും പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ നേരാത്ത നേര്‍ച്ചകളില്ല, കാണിക്കാത്ത ഡോക്ടര്‍മാരില്ല. എല്ലാവരും പറഞ്ഞത്, കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല, വേഗം സംസാരിക്കും. നിങ്ങള്‍ കൂടുതല്‍ സമയം കുട്ടിയോടൊപ്പം ഇരുന്ന് ഓരോ വാക്കുകളും പറഞ്ഞ് പഠിപ്പിക്കണമെന്നാ. അവള്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും'', സുധ ഓര്‍ക്കുന്നു.

''ഏറ്റവും വേദന തോന്നിയത് മറ്റുള്ളവരുടെ പരിഹാസം കേട്ടപ്പോഴായിരുന്നു. 'എന്തായിട്ടെന്താ, മിണ്ടാന്‍ കഴിയാത്ത കുട്ടിയല്ലേ?' പലരും പരിഹസിച്ചു.എങ്കിലും മറ്റു കുട്ടികളെപ്പോലെത്തന്നെ വളര്‍ത്തണമെന്നായിരുന്നു മോഹം. അങ്ങനെ അങ്കണവാടിയില്‍ ചേര്‍ത്തു. അവിടെയുള്ള കുട്ടികളുമായി ഇടപഴകുമ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന് ഓര്‍ത്തു. അവിടെ കുട്ടികളെ നോക്കാന്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. അവര്‍ നാരങ്ങയും പഞ്ചസാരയുമൊക്കെ തൊട്ടുകാണിച്ച് അതിന്റെ പേരുകള്‍ പറഞ്ഞുകൊടുക്കും. അവള്‍ ഏറ്റുപറയാന്‍ ശ്രമിക്കുമെങ്കിലും അവ്യക്തമായ ചില വാക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്'', സുധ ഓര്‍മിച്ചു.

''അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ ഏറ്റുമാനൂരമ്പലത്തില്‍ പോയതായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ദാഹം തോന്നി. കുറേ എന്നെയിങ്ങനെ പിടിച്ചുവലിച്ചു. പിന്നീട്, പതുക്കെ 'ള്ളം' എന്നൊരു ശബ്ദം പുറത്തുവന്നു. പിന്നെ, അവ്യക്തമായി 'വെള്ളം' എന്നു പറഞ്ഞു. ഞങ്ങള്‍ക്ക് സന്തോഷംകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഞങ്ങള്‍ പൊട്ടിക്കരഞ്ഞുപോയി.'' നഷ്ടപ്പെട്ടെന്നു കരുതിയ സന്തോഷം തിരിച്ചുകിട്ടുകയായിരുന്നു ജയനും സുധയ്ക്കും.

''പിന്നീട് ഞങ്ങള്‍ തുടര്‍ച്ചയായി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി. ഓരോ വാക്കുകള്‍ പെറുക്കി പെറുക്കി അവള്‍ സംസാരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ, നന്നായി സംസാരിച്ചു തുടങ്ങി. പാട്ട് കേട്ടാല്‍ എല്ലാം മറന്ന് അവള്‍ ശ്രദ്ധിക്കുമായിരുന്നു. സംസാരിച്ച് തുടങ്ങിയതോടെ, അതേറ്റു പാടാനുള്ള ശ്രമമായി. ഇതു കണ്ടപ്പോ ഞങ്ങള്‍ പാട്ടൊക്കെ റെക്കോഡ് ചെയ്തുകൊടുത്തു. ഇവിടെയുള്ള ക്ലബ്ബുകാരും മറ്റും പാട്ടുപാടാന്‍ മോളെ വിളിച്ചു തുടങ്ങി. പിന്നീട്, അമ്പലങ്ങളില്‍ ഉത്സവത്തിനും പാടിത്തുടങ്ങി. ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഒരു മണിക്കൂറാണ് തുടര്‍ച്ചയായി പാടിയത്'', അമ്മ സുധയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു. മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീര.

വീടുകള്‍ തോറും പലഹാരങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ജയന്. സാമ്പത്തികപരാധീനതകളുണ്ടെങ്കിലും മകളെക്കുറിച്ച് നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്യുകയാണ് ഈ അച്ഛനും അമ്മയും. ''മോളെ ഇനി സംഗീതം പഠിപ്പിക്കണമെന്നാണ് ഞങ്ങടെ ആഗ്രഹം.''

കടപ്പാട്: ഡോ.വി.കെ.പാര്‍വതി
ശിശുരോഗ വിഭാഗം മേധാവി
അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍
സയന്‍സസ്, തൃശൂര്‍