ബൈക്ക്, മൊബൈല്‍ മോഷണക്കേസുകളില്‍ പിടിക്കപ്പെടുന്നവരിലേറെയും കൗമാരക്കാര്‍! രക്ഷിതാക്കളുടെ സത്വര ശ്രദ്ധ പതിയേണ്ട ഫീച്ചര്‍...

അമ്പലപ്പുഴ പുന്നപ്ര കുറുവന്‍തോട് ജങ്ഷനിലെ മൊബൈല്‍ ഫോണ്‍ കടയുടെ ഓടിളക്കി അകത്തുകയറി മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ കുട്ടിമോഷ്ടാക്കള്‍ പിടിയില്‍. നെടുമുടി നടുഭാഗം സ്വദേശി 17-കാരനും പുന്നപ്ര വിയാനി സ്വദേശി 14- കാരനുമാണ് പിടിയിലായത്. ഇവരെ മായിത്തറയിലുള്ള ജുവനൈല്‍ ഹോമിലാക്കി. -മാതൃഭൂമി, ജൂണ്‍ 21, 2010
സ്വന്തം വീട്ടിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയ ഏഴ് കുട്ടിമോഷ്ടാക്കളെ മാറാട് പോലീസ് പിടികൂടി. കോഴിക്കോട് മാത്തോട്ടം നടുവട്ടം ഭാഗത്തുള്ള പതിനാറും പതിനേഴും വയസ്സുള്ള സുഹൃത്തുക്കളായ ഏഴുപേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 75,000 രൂപയും എയര്‍ഗണ്ണും പിടിച്ചെടുത്തു. -മാതൃഭൂമി, ജൂണ്‍ 23
കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ 24 കുട്ടികളെ അറസ്റ്റു ചെയ്തു. ഇതില്‍ ഇരുപതു പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവര്‍ മുതല്‍ എഞ്ചിനിയറിങ് ഡിപ്ലോമക്കാര്‍ വരെ കൂട്ടത്തിലുണ്ട്. ഇവരില്‍ നിന്ന് മോഷണം പോയ ബൈക്കുകള്‍ കണ്ടെടുത്തു. - മാതൃഭൂമി, ജൂലായ് 13
എന്തുപറ്റി നമ്മുടെ കുട്ടികള്‍ക്ക്? നല്ല സാമൂഹിക ചുറ്റുപാട് ഉണ്ടായിട്ടും കൗമാരക്കാര്‍ മോഷണവും പിടിച്ചുപറിയുമൊക്കെ ശീലിക്കുന്നു. കൗമാരക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ തീര്‍ച്ചയായും ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്പാകെ വന്ന കേസുകള്‍ മാത്രം പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം 778 കുട്ടികള്‍ വിവിധ കേസുകളിലായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പിടിയിലായി. 2005-ല്‍ 248 കേസുകളില്‍ മാത്രമാണ് കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നത് എന്നാലോചിക്കുമ്പോഴാണ് കുട്ടിമോഷ്ടാക്കളുടെ നെറ്റ് വര്‍ക്ക് എത്രത്തോളം പടര്‍ന്നുകഴിഞ്ഞു എന്നു വ്യക്തമാവുന്നത്. 14-17 വയസ്സിനിടയിലുള്ളവരാണ് കേസുകളില്‍ ഉള്‍പ്പെട്ട കുട്ടികളിലധികവും. മുന്‍കാലങ്ങളില്‍ മോഷണകേസുകളിലും മറ്റും പിടിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ എത്തിയിരുന്നവരില്‍ അധികവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു. എന്നാലിപ്പോള്‍ കൂടുതലായും എത്തുന്നത് മലയാളി കുട്ടികള്‍തന്നെ.
തുടക്കം ചെറിയ മോഷണങ്ങളിലൂടെ
ഒരു ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെയാണ് ഷൈന്‍ എന്ന 16 വയസ്സുകാരന്‍ (ശരിയായ പേരല്ല) കോഴിക്കോട് പോലീസിന്റെ പിടിയിലാകുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ പുറത്തുവന്ന കഥകള്‍ പോലീസിനെ അമ്പരപ്പിച്ചു. ഒന്‍പതാം വയസ്സില്‍ സഹപാഠിയുടെ ബാഗില്‍നിന്ന് പണം മോഷ്ടിച്ച് തുടങ്ങിയതാണ്. പിന്നെ പിന്നെ വലിയ മോഷണങ്ങളായി. ഇതിനിടെ അഞ്ചു ബൈക്കുകളും ഒരു കാറും അവന്‍ മോഷ്ടിച്ചു. അത്യാവശ്യത്തിന് സാമ്പത്തികശേഷിയുള്ള കടുംബമാണ് ഷൈന്റേത്. പക്ഷേ, മകന്റെ മോഷണക്കഥകള്‍ അറിയുമ്പോഴേക്കും വൈകിപ്പോയി. ഇപ്പോള്‍ കുട്ടി വിഷാദരോഗത്തിന് ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കല്‍കോളേജിലെ സൈക്കോളജി വാര്‍ഡില്‍ വെച്ച് കണ്ടപ്പോള്‍ ഷൈന്‍ പറഞ്ഞു, ''ദാവൂദ് ഇബ്രാഹിമിനെപ്പോലെ ഒരു അണ്ടര്‍വേള്‍ഡ് ഡോണ്‍ ആകാനായിരുന്നു എനിക്കാഗ്രഹം. അതിനായി ഞാന്‍ മുംബൈയിലേക്ക് നാടുവിട്ടു. അവിടെ ചില്ലറ തട്ടിപ്പുകളൊക്കെ നടത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബാംഗ്ലൂരിലേക്ക് മടങ്ങി. അവിടെ അധോലോക നായകന്‍ ആകണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയണമെന്ന് മോഷണസംഘത്തില്‍ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഞാന്‍ നാട്ടില്‍ തിരിച്ചുവന്ന് ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചു. ആയിടയ്ക്കാണ് പോലീസ് പിടിക്കുന്നത്.''
മോഷണത്തിന് പോകുന്നവര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വിദ്യാഭ്യാസം കുറഞ്ഞവരുമാണെന്നുമുള്ള ധാരണയായിരുന്നു അടുത്തകാലംവരെ. ആ സ്ഥിതി മാറി. ഈ സംഭവം മലപ്പുറത്തുനിന്ന്. പത്താം ക്ലാസില്‍ പഠിക്കുന്ന ഷഹാസ്, പ്ലസ്ടുവിന് പഠിക്കുന്ന ഷിനാസ് (യഥാര്‍ഥ പേരല്ല) ഇരുവരും സഹോദരന്മാര്‍. ഇവരെ ഒരു ദിവസം പോലീസ് അറസ്റ്റു ചെയ്തു. ഈ അറസ്റ്റ് പ്രദേശത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടി. കാരണം നല്ല സാമ്പത്തികശേഷിയുള്ള വീട്ടിലെ കുട്ടികളാണ് ഇവര്‍. പഠനത്തിലും മിടുക്കര്‍. ഇവര്‍ ആഡംബരത്തില്‍ മുങ്ങി ജീവിക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. ബൈക്ക് മോടിപിടിപ്പിക്കാനും വിലകൂടിയ മൊബൈല്‍ വാങ്ങിക്കാനും വീട്ടില്‍നിന്ന് പൈസ കിട്ടുന്നില്ല എന്നു വന്നപ്പോഴാണ് ഇവര്‍ മോഷണം ശീലമാക്കിയത്. 'അല്ലറ ചില്ലറ മോഷണം നടത്താന്‍ കൂടുന്നോ' എന്ന് ചോദിച്ചെത്തിയ സംഘത്തില്‍ ഇരുവരും ഇതിനിടെ അംഗങ്ങളായി.
പണക്കാര് പിള്ളേരെ മോഷ്ടാക്കളായി കിട്ടിയപ്പോള്‍ സംഘം മോഷണത്തിന് പുതിയ രീതി സ്വീകരിച്ചു. കല്യാണവീടുകളിലും മണ്ഡപങ്ങളിലും ക്ഷണിക്കപ്പെട്ട അതിഥികളെപ്പോലെ ഇവര്‍ സന്ദര്‍ശനം നടത്തും. അത്യാവശ്യം പേരും പ്രശസ്തിയുമുള്ള കുടുംബത്തില്‍ പിറന്ന പിള്ളേരായതുകൊണ്ട് ഇവരെ മോഷ്ടാക്കളെന്നരീതിയില്‍ ആരും സംശയിക്കില്ല. കല്യാണത്തിന് വരുന്ന സ്ത്രീകളുമായി ഇവര്‍ എളുപ്പം ചങ്ങാത്തം കൂടും. തീരെ കണ്ടുപരിചയമില്ലാത്ത സ്ത്രീകളെപ്പോലും നല്ല പെരുമാറ്റരീതികൊണ്ട് ഇവര്‍ വശത്താക്കും. അവരുടെ ഒക്കത്ത് ഇരിക്കുന്ന കുട്ടിയെ വാരിയെടുത്ത് ഓമനിക്കും. കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങിക്കൊടുക്കും. 'എന്തു നല്ല പിള്ളേര്' എന്ന് തോന്നിപ്പിച്ച ശേഷമാണ് മോഷണം ആരംഭിക്കുന്നത്. കുഞ്ഞുങ്ങളുടെ ആഭരണങ്ങളാണ് ആദ്യലക്ഷ്യം. പിന്നെ സ്ത്രീകളുടെ ബാഗിലെ പൈസ, മൊബൈല്‍...ഒത്തുകിട്ടിയാല്‍ നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ വരെ. കുട്ടിമോഷ്ടാക്കള്‍ ഇപ്പോള്‍ ജുവനൈല്‍ഹോമിലാണ്.
മോഷ്ടാവ് ജനിക്കുന്നു
കുട്ടിമോഷ്ടാവ് എവിടെ ജനിക്കുന്നു? അവരവരുടെ വീടുകളില്‍ എന്നുതന്നെയാണ് പോലീസ് പറയുന്നത്. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ബൈക്ക് മോഷ്ടിച്ച കേസുകളില്‍ 24 കുട്ടികളെ പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ ഭൂരിഭാഗവും 18 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു. ഇവരേയും രക്ഷിതാക്കളേയും ഒന്നിച്ചിരുത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പോലീസ് ഒരു സംവാദം സംഘടിപ്പിച്ചു. ഈ സംവാദത്തില്‍ മിക്ക രക്ഷിതാക്കളുടെയും സംസാരത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, തങ്ങളുടെ മക്കളുടെ നീക്കങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നുതന്നെയാണ്. മോഷ്ടിച്ച തൊണ്ടിമുതലുകള്‍ മിക്കവരും സൂക്ഷിച്ചിരുന്നതും സ്വന്തം വീടുകളില്‍ത്തന്നെയായിരുന്നു. ഒരു രക്ഷിതാവ് പറഞ്ഞു, ''ബൈക്ക് വാങ്ങിക്കാനും കാതുകുത്തി കടുക്കനിടാനും നല്ല ഭക്ഷണം കഴിക്കാനും തലമുടി സ്റ്റൈലില്‍ വെട്ടാനുമൊക്കെ പൈസ വേണമെന്ന് പറഞ്ഞ് സ്ഥിരം വഴക്കാണ് വീട്ടില്‍. ഞങ്ങള്‍ക്കാണെങ്കില്‍ അതിനുള്ള സാമ്പത്തികശേഷിയില്ല. ഒരു ദിവസം അവനൊരു ബൈക്കുമായി വീട്ടില്‍ വന്നു. ആരുടെ ബൈക്കാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വാങ്ങിക്കൊടുക്കാന്‍ ശേഷിയില്ലാത്ത ഞാനത് ചോദിച്ചാല്‍ പ്രശ്‌നം കൂടുകയേ ഉള്ളൂ. അതുകൊണ്ട് ഒന്നും മിണ്ടിയില്ല.''

കണ്ണൂര്‍ ജില്ലയിലെ ഒരു കേസില്‍ ഒരു രക്ഷിതാവിന്റെ ഇടപെടല്‍ പോലീസിനെപ്പോലും കുഴക്കി. മകന്റെ 'വളര്‍ച്ച'യില്‍ അസൂയാലുക്കളായ പോലീസ് അവനെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാണ് ആ രക്ഷിതാവ് പറഞ്ഞത്. മലപ്പുറത്തെ മറ്റൊരു രക്ഷിതാവ് പറഞ്ഞു, ''കുട്ടികളാവുമ്പോള്‍ ചില്ലറ മോഷണങ്ങളൊക്കെ ചെയ്‌തെന്നിരിക്കും. ചെറുപ്പകാലത്ത് ഞാനും ഇങ്ങനെയൊക്കെ ചെയ്തിരുന്നു. വലുതാകുമ്പോള്‍ ഈ ശീലമൊക്കെ തനിയെ മാറിക്കൊള്ളും.''
''മോഷണക്കേസുകളില്‍ കുടുങ്ങുന്ന മിക്ക കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുന്നവരാണ്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ബൈക്കുമായി വീട്ടില്‍ വരുമ്പോള്‍ എവിടെ നിന്നാണ് അത് കിട്ടിയതെന്നും പെട്രോള്‍ ചിലവ് എങ്ങനെ കിട്ടുന്നു എന്നും ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. കുട്ടി എന്തെങ്കിലും കടുംകൈ ചെയ്തുപോകുമോ എന്നാണവര്‍ ചിന്തിക്കുന്നത്'', കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സിലെ ഡയറക്ടര്‍ ഡോ. കെ. കൃഷ്ണകുമാര്‍ പറയുന്നു.
തങ്ങളുടെ കുട്ടികള്‍ തെറ്റുകാരല്ല എന്ന വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ, അത് കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യത്തെ സംരക്ഷിക്കുന്ന മട്ടിലാകരുത്. ഡോ. കൃഷ്ണകുമാര്‍ തന്റെ ചികിത്സാനുഭവത്തില്‍ നിന്ന് ഒരു കഥ പറഞ്ഞു, ''14 വയസ്സുള്ള മകന്‍ വീട്ടില്‍നിന്ന് പണം മോഷ്ടിക്കുന്നു, ചോദ്യം ചെയ്താല്‍ എതിര്‍ത്ത് സംസാരിക്കുന്നു, ഭയങ്കര ദേഷ്യം എന്നൊക്കെ പറഞ്ഞ് ഒരാള്‍ മകനെ കൂട്ടി എന്നെ കാണാന്‍ വന്നു. ഞാന്‍ രക്ഷിതാവിനോട് അല്‍പനേരം പുറത്തിരിക്കാന്‍ പറഞ്ഞു. പിന്നെ അവന്റെയടുത്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അവന്‍ എന്നോട് പറഞ്ഞു, ഇളയമ്മ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. അവരെ കാണാന്‍ പോകുമ്പോള്‍ കുറച്ച് പൈസ വേണം എന്ന്. വളരെ സത്യസന്ധമായി തോന്നിയപ്പോള്‍ ഞാനവന് 100 രൂപ കൊടുത്തു. നാലഞ്ചു ദിവസത്തിനു ശേഷം അവന്റെ അച്ഛന്‍ എന്നെ കാണാന്‍ വന്നു. 'എന്റെ മോന്‍ ഡോക്ടറേയും പറ്റിച്ചു അല്ലേ' എന്ന് ചോദിച്ചു. ആ പയ്യന്‍ എന്നോടു പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് അപ്പോഴാണ് ഞാനറിയുന്നത്. ഇത് രക്ഷിതാവ് വന്ന് പറഞ്ഞതുകൊണ്ട് അവനെ വേണ്ട രീതിയില്‍ ചികിത്സിക്കാനായി. അല്ലെങ്കില്‍ കുട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നു വിശ്വസിക്കുമായിരുന്നു ഞാന്‍.''
മാത്തോട്ടം നടുവട്ടത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം അവസാനിച്ചത്, ആ വീട്ടിലെ കുട്ടിയില്‍ത്തന്നെ. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ രീതിയില്‍ നടന്ന മോഷണത്തില്‍ നഷ്ടമായത് ഒന്നേകാല്‍ പവന്‍ സ്വര്‍ണം. വീട്ടിലെ പയ്യനെ ചോദ്യം ചെയ്തപ്പോള്‍ മോഷണകഥയുടെ ചുരുളഴിഞ്ഞു. അവനുള്‍പ്പെടെ 16-ഉം 17-ഉം വയസ്സുള്ള ഏഴു കൂട്ടുകാര്‍ ചേര്‍ന്നായിരുന്നു മോഷണം. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ 'കുട്ടിസംഘം' നടത്തിയ മറ്റു മോഷണങ്ങളുടെയും ചുരുളഴിഞ്ഞു. ഇവരില്‍ നിന്ന് 75,000 രൂപയും എയര്‍ഗണ്ണും പിടിച്ചു. കുട്ടിസംഘത്തിലെ മുതിര്‍ന്ന കുട്ടികള്‍ തോക്കു ചൂണ്ടിയാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. അടിപൊളി ഡ്രസ് വാങ്ങാനും ബൈക്ക് വാടകയ്‌ക്കെടുത്ത് ഓടിക്കാനുമാണ് മോഷണം തുടങ്ങിയതെന്ന് കുട്ടിസംഘം പോലീസിനോടു വെളിപ്പെടുത്തി.
പരിശീലനത്തിന് ഗുണ്ടകള്‍
'മോഷ്ടാക്കള്‍ കുട്ടികളാകുമ്പോള്‍ എളുപ്പം പിടിക്കപ്പെടും', സ്വാഭാവികമായി ജനം വിശ്വസിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇവര്‍ ചേ
ട്ടന്‍മാരെക്കാള്‍ പ്രൊഫഷണല്‍സ് ആണെന്നാണ് പോലീസ് പറയുന്നത്. മിക്ക കുട്ടിമോഷ്ടാക്കള്‍ക്കും പരിശീലനം നല്‍കുന്നത് അതാതിടത്തെ ഗുണ്ടാസംഘങ്ങളാണ്. പ്രത്യുപകരമായി മോഷ്ടിക്കുന്ന മുതലുകള്‍ തുച്ഛമായ വിലയ്ക്ക് ഇവര്‍ക്ക് നല്‍കണം. 70,000 രൂപ വിലവരുന്ന ബൈക്കുകള്‍ പതിനായിരം രൂപയ്‌ക്കൊക്കെ ഇവരില്‍ നിന്ന് ഗുണ്ടാസംഘങ്ങള്‍ കൈക്കലാക്കുന്നു. ഗുണ്ടാസംഘത്തിലേക്ക് 'ഭാവിതലമുറയെ വാര്‍ത്തെടുക്കുക' എന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ട്.കണ്ടാല്‍ കള്ളന്മാരാണെന്ന് തോന്നില്ല എന്നതുതന്നെയാണ് കുട്ടിമോഷ്ടാക്കളെ പിടികൂടുന്നതിന് പ്രധാന തടസ്സം. ''മിക്കവരും നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍. ജിമ്മില്‍ പോയി പെരുപ്പിച്ച മസിലുമായി ബൈക്കില്‍ ചെത്തിനടക്കുന്ന പയ്യന്‍സിനെ കണ്ടാല്‍ കള്ളനെന്നു എങ്ങനെ കരുതാന്‍ പറ്റും'', പോലീസ് നിസ്സഹായത വെളിപ്പെടുത്തുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടാല്‍ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊന്നും ദൂഷ്യം കാണാന്‍ പറ്റില്ല. പക്ഷേ, സംഘം ചേര്‍ന്നാല്‍ മദ്യപാനവും പുകവലിയും മയക്കുമരുന്ന് ഉപയോഗവുമൊക്കെയുണ്ട്. ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പലരും മോഷണം തുടങ്ങുന്നത്.
ചെറുവണ്ണൂരില്‍ വെച്ച് കൈ കാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ ബൈക്കിനെ പിന്തുടര്‍ന്ന പോലീസ് ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെ പിടികൂടി. ഒരു എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാര്‍ഥിയും ഒരു ബിരുദവിദ്യാര്‍ഥിയുമായിരുന്നു അവര്‍. വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ ഓടിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഇതിനു പുറമെ വേറെ ബൈക്ക് മോഷണങ്ങളും അവര്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിനോടു സമ്മതിച്ചു. വ്യാജത്താക്കോലും ബൈക്കുകളുടെ ഫ്യൂസ് ഉരിമാറ്റിയുമായിരുന്നു അവരുടെ മോഷണം. ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഇവര്‍ പോലീസ് പരിശോധന കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് മുങ്ങുകയാണ് ചെയ്തിരുന്നത്.
കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാം
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുവരികയാണ്. അതു പാടില്ല. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരം കൊടുക്കണം. അത് കേള്‍ക്കാനുള്ള മനസ് രക്ഷിതാക്കള്‍ക്ക് ഉണ്ടാവുകയും വേണം.
അസ്വസ്ഥമായ കുടുംബാന്തരീക്ഷം കുട്ടികളുടെ മനസ്സും അസ്വസ്ഥമാക്കും. പരസ്പരം വഴക്കുകൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടി അവരെ അനുസരിക്കാതെ വളരാനുള്ള പ്രവണത കാണിക്കും. മാതാപിതാക്കളില്‍ ഒരാളുടെ മാത്രം സംരക്ഷണത്തില്‍ വളരുന്ന കുട്ടിയിലും ഇതുപോലെയുള്ള പ്രവണത കാണാറുണ്ട്.
കുട്ടി ആരൂടെ കൂടെയാണ് ഇടപഴകുന്നത്, അവന്റെ കൂട്ടുകാര്‍ ആരൊക്കെ എന്നെല്ലാം രക്ഷിതാക്കള്‍ ചോദിച്ചറിയണം. കൂട്ടുകാരായ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധം വെയ്ക്കുന്നതും നല്ലതാണ്. ഇതൊക്കെ കര്‍ശനമായി പട്ടാളച്ചിട്ട പോലെ ചെയ്യണം എന്നല്ല. അങ്ങനെ ചെയ്താല്‍ അത് വിപരീത ഫലമേ ഉണ്ടാകൂ. പട്ടാളച്ചിട്ടയില്‍ വളരുന്ന കുട്ടികള്‍ അച്ഛനമ്മമാരോട് റിബല്‍ സ്വഭാവം കാണിക്കുന്നത് സ്വാഭാവികമാണ്.
അവഗണന ഒരു കുട്ടിയും സഹിക്കില്ല. അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കണം. അതേസമയം ആ സ്വാതന്ത്ര്യത്തിന് പരിധി വെയ്ക്കുകയും വേണം. കുട്ടികള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ തങ്ങള്‍ കൂടെയുണ്ടെന്ന് മാതാപിതാക്കള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം.
കുട്ടികളുടെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി അവരെ ശാസിക്കരുത്. അവര്‍ക്കുള്ള കഴിവുകള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക. പഠിക്കാന്‍ മോശമുള്ള കുട്ടി ചിലപ്പോള്‍ നന്നായി ചിത്രം വരയ്ക്കുമായിരിക്കും.
പോക്കറ്റ് മണി നല്‍കിയും അമിത വാത്സല്യം കാണിച്ചും കുട്ടികളുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കരുത്. ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹം കാണിക്കുന്നതും പൈസ കൊടുക്കുന്നതും മാതാപിതാക്കള്‍ ചോദിച്ചാല്‍ എന്തുംതരുമെന്ന ചിന്ത അവരിലുണ്ടാക്കും. പിന്നെ അനാവശ്യമായ കാര്യങ്ങള്‍ക്കുപോലും വാശി കാണിക്കാന്‍തുടങ്ങും.
കുട്ടികളുടെ കൈയില്‍ പരിധിയിലധികം പൈസ കാണുകയാണെങ്കില്‍ അത് എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നൊക്കെ അന്വേഷിച്ചറിയണം.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുവരുകയോ, കച്ചവടം നടത്തുകയോ ചെയ്യുന്നതായി അറിഞ്ഞാല്‍ അതിനെക്കുറിച്ചന്വേഷിക്കുക.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വീട്ടില്‍ നിന്നു കൊടുക്കുക. ആത്മീയ മൂല്യങ്ങള്‍, മാനുഷികത, കാരുണ്യം തുടങ്ങിയവ ശീലിപ്പിക്കുക.
വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രകള്‍ നിരീക്ഷിക്കുക. സ്‌കൂള്‍ അധ്യാപകരുമായുള്ള രക്ഷിതാവിന്റെ ആശയവിനിമയം നിര്‍ബന്ധമാണ്. മാസത്തിലൊരിക്കലെങ്കിലും മകനെ പഠിപ്പിക്കുന്ന അധ്യാപകനെ നേരില്‍ക്കണ്ട് കുട്ടിയുടെ വിവരങ്ങള്‍ മനസ്സിലാക്കുക.
മക്കള്‍ മോഷണം നടത്തി എന്നറിഞ്ഞാല്‍ അതൊരു വൈകാരികപ്രശ്‌നമായി കണ്ട് അവരെ ശിക്ഷിക്കരുത്. കുട്ടിയോട് ഒരു കുറ്റവാളിയോടെന്നപോലെ പെരുമാറിയാല്‍ അതവന്റെ മനസ്സ് വേദനിപ്പിക്കും. ഇത് കളവുപറയാനും കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് കടക്കാനുമുള്ള പ്രേരണയാകും. ചെയ്ത തെറ്റ് ബോധ്യപ്പെടുത്തിക്കൊടുത്ത് അവരെ തിരുത്താനാണ് ശ്രമിക്കേണ്ടത്.
ഒരു കളവുകേസില്‍ പിടിക്കപ്പെട്ടു എന്നതുകൊണ്ട് ആരും കള്ളനാകുന്നില്ല. മോഷണം നടത്തിയ കുട്ടിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അവനെ കൂടുതല്‍ കളവുകള്‍ക്ക് പ്രേരിപ്പിക്കുകയേ ഉള്ളൂ.
നമ്മുടെ നിയമത്തില്‍ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവരെ ജുവനൈല്‍ ഹോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ജുവനൈല്‍ ഹോമുകളിലെത്തുന്ന കുട്ടികളില്‍ ചിലര്‍ തിരിച്ചിറങ്ങിയാല്‍ കൂടുതല്‍ കുറ്റുകൃത്യങ്ങളില്‍ പങ്കാളിയാവുന്നതായിട്ടാണ് കണ്ടുവരുന്നത്. ചിലരിലെങ്കിലും കൗണ്‍സലിങ് കൊണ്ട് മാറ്റിയെടുക്കാവുന്ന അസുഖത്തെ കൂടുതല്‍ ഗുരുതരമാക്കാനേ ഇത് ഇടവരുത്തൂ.
(ചിത്രത്തിലുള്ളവര്‍ മോഡലുകളാണ്)

NEWS LETTER
RSS











