റീഷ്മ ദാമോദര്‍
ഈ സുന്ദരിക്കുട്ടിക്ക് എന്തിനും അമ്മ വേണം. പക്ഷേ അമ്മയ്ക്കാണെങ്കിലോ, ഷൂട്ടിങ് തിരക്കുകളും. മകള്‍ക്കൊപ്പമുള്ള ആഹ്ലാദനിമിഷങ്ങളിലാണ് നടി നിത്യാദാസ്...
അമ്മയുടെ കണ്ണുവെട്ടിച്ച് നുന്നു കട്ടിലിനടിയില്‍ കയറി ഒളിച്ചു. ഈ കുഞ്ഞുവയര്‍ നിറച്ചിട്ട് വേണം അമ്മയ്ക്ക് ഷൂട്ടിങ്ങിനു പോവാനെന്ന് നുന്നുവുണ്ടോ അറിയുന്നു! നിത്യ ചോറ്കിണ്ണവുമായി പിന്നാലെ... ''അവളെ കൂട്ടാതെ എവിടെങ്കിലും പോവാനിറങ്ങിയാല്‍ അപ്പോത്തുടങ്ങും കരച്ചില്‍. അമ്മ പോവണ്ടെന്നും പറഞ്ഞ്. പക്ഷേ, സെറ്റില്‍നിന്നുള്ള വണ്ടി കണ്ടാല്‍ മോള്‍ക്ക് അറിയാം. അവള്‍തന്നെ പറയും, വണ്ടി വന്നുവെന്ന്. എന്നിട്ട്, എനിക്ക് 'റ്റാറ്റ'യൊക്കെ തന്ന് നല്ല കുട്ടിയായിരിക്കും. ലിപ്സ്റ്റിക് എടുത്ത് എന്റെ ചുണ്ടില്‍ തേച്ചുതരും.'' നിത്യയുടെ വാക്കുകള്‍ കേട്ട് ഒരു കുഞ്ഞുനാണത്തോടെ ഒന്നരവയസ്സുകാരി നുന്നു അമ്മയോടു ചേര്‍ന്നിരുന്നു.'ഈ പറക്കും തളിക' എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നിത്യ, വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് അകന്നത്. ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. 'ഇന്ദ്രനീലം' എന്ന മലയാളം സീരിയലിലും 'ഇദയം' എന്ന തമിഴ് സീരിയലിലും നിത്യയാണ് നായിക.
''സിനിമയില്‍നിന്ന് വിട്ടുനിന്നെന്ന് എനിക്ക് തോന്നിയിട്ടേയില്ല. കാരണം, എല്ലാവരേയും വിളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂട്ട് ചിന്നുച്ചേച്ചിയുമായാണ് (സംയുക്താവര്‍മ). ഇടക്കിടയ്ക്ക് വിളിക്കും. വിളിച്ചുകഴിഞ്ഞാല്‍പിന്നെ മക്കളുടെ കാര്യമേ ഞങ്ങള്‍ക്ക് പറയാനുണ്ടാവൂ.''
''ആദ്യത്തെ കുഞ്ഞ് ഉടനെത്തന്നെ വേണം, കല്യാണം കഴിഞ്ഞയുടനെ ഞാനും അരവിന്ദും തീരുമാനിച്ചിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചു. ഒരു മോള്‍ ആയിരുന്നു ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറയെ. അവളെ ആദ്യമായി എന്റെ കൈയിലേക്കു കിട്ടിയ നിമിഷം, ഒരിക്കലും മറക്കാന്‍ കഴിയില്ല. നീലക്കണ്ണുകളും നിറയെ മുടിയുമുള്ള ഒരു പാവക്കുട്ടി. ഇത്ര ചെറിയ കുഞ്ഞുങ്ങളെ എനിക്ക് എടുത്തു പരിചയമില്ലെന്ന കാര്യമൊക്കെ മറന്നുപോയി ഞാന്‍'', നിത്യയുടെ വാക്കുകളില്‍ സ്‌നേഹം നിറഞ്ഞു തുളുമ്പുന്നു.
''ആദ്യമൊക്കെ പകല്‍ മുഴുവന്‍ ഉറക്കമായിരുന്നു അവള്‍. രാത്രി ഉണര്‍ന്ന് കണ്ണും മിഴിച്ച് കിടക്കും. വല്ല വിധേനയും ഒന്നുറക്കിക്കിടത്തുമ്പോഴേക്കും ഒരു ചെറിയ ശബ്ദം കേള്‍ക്കും, ഞെട്ടിയുണരുകയുംചെയ്യും. മൂന്നു മാസം വരെ അവളെയൊന്നു എടുക്കാന്‍പോലുമെനിക്ക് പേടിയായിരുന്നു.തല ഉറയ്ക്കുന്നതുവരെ അമ്മതന്നെയാണ് അവളെ കുളിപ്പിച്ചതൊക്കെ.
ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും യാതൊരു ശാഠ്യവുമില്ല. നമ്മള്‍ കഴിക്കുന്നതെല്ലാം അവള്‍ക്കും വേണം. പക്ഷേ, കൂടുതലിഷ്ടം അവളുടെ അച്ഛന്റെ നാട്ടിലെ ഭക്ഷണത്തോടാണ്. പരിപ്പും ഉരുളക്കിഴങ്ങുമൊക്കെയുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട.'' നിത്യ സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്ന നുന്നു കണ്ണും തിരുമ്മി ചിണുങ്ങാന്‍ തുടങ്ങി. പതുക്കെ അമ്മയുടെ മടിയില്‍നിന്നിറങ്ങി സോഫയിലുണ്ടായിരുന്ന തലയണയില്‍ തലയും വെച്ച്, ഒരു കുഞ്ഞിപ്പുതപ്പും പുതച്ച് കിടന്നു.
''ഇവളെക്കൊണ്ട് ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. വിശന്നാലോ, വീണിട്ട് വേദനിച്ചാലോ മാത്രമേ കരയുകയുള്ളു. ഇപ്പോ രാവിലെ അഞ്ചു മണിക്ക് എണീക്കും, നുന്നു. എന്നിട്ട് ഉറങ്ങുന്നവരെയെല്ലാം തോണ്ടി വിളിച്ചുണര്‍ത്തും. പിന്നെ എല്ലാവരും അവളുടെ കളിയും കണ്ടിരിക്കണം. ആരും ഉറങ്ങുന്നത് അവള്‍ക്കിഷ്ടമല്ല. രാവിലെ എട്ട് മണിയാവുമ്പോഴേക്കും ഭക്ഷണവും കഴിച്ച് കിടന്നുറങ്ങും.'' നുന്നുവിനെ സ്‌നേഹത്തോടെ തലോടിക്കൊണ്ട് നിത്യ.
സംസാരത്തിനിടയില്‍ സമയം പോകുന്നതറിയുന്നേയില്ല. അപ്പോഴേക്കും നുന്നു കുഞ്ഞുറക്കവും കഴിഞ്ഞ് എഴുന്നേറ്റു വന്നു. പാലും ബിസ്‌കറ്റും കഴിച്ച് വീണ്ടും ഉഷാറായി. സോഫയില്‍ വലിഞ്ഞുകയറി ഷോകേസിലിരുന്ന ഒരു ഫോട്ടോയെടുത്തു. പിന്നെ അതും താങ്ങിപ്പിടിച്ചായി നടത്തം. നിത്യയും ഭര്‍ത്താവ് അരവിന്ദും ഒരുമിച്ചുള്ള ഫോട്ടോ. കശ്മീരിലെ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ എടുത്തത്. ''അരവിന്ദ് എയര്‍ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. മാസത്തില്‍ പത്തുദിവസം ഞാന്‍ ചെന്നൈയിലാവും, തമിഴ് സീരിയലിന്റെ ഷൂട്ടിങ്ങിനായി. പിന്നെയൊരു പത്തുദിവസം കൊച്ചിയിലും. കൊച്ചിയിലാണ് എനിക്ക് ഷൂട്ടിങ്ങെങ്കില്‍ അരവിന്ദ് മോളെ കാണാന്‍ ഓടിയെത്തും. പിന്നെ, അവള്‍ പപ്പക്കുട്ടിയാണ്. പപ്പ യേ പക്‌ടോ, ഹാത്ത് പക്‌ടോ എന്നു കൊഞ്ചിക്കൊണ്ട് പിന്നാലെ നടക്കും.'' സംസാരം പപ്പയെക്കുറിച്ചായതോടെ വിടര്‍ന്ന കണ്ണുകളോടെ നുന്നു അമ്മയെ നോക്കിക്കൊണ്ടിരുന്നു.
''വര്‍ഷത്തില്‍ രണ്ടു തവണ ഞങ്ങള്‍ അരവിന്ദിന്റെ നാടായ ജമ്മുവില്‍ പോവും. ഒരു മാസത്തോളം അവിടെത്തന്നെ. ആദ്യമായി ജമ്മുവില്‍ പോയത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും. അരവിന്ദിന്റെ ഏട്ടന്റെ കല്യാണത്തിനായിരുന്നു അത്. ഞങ്ങളുടെ കല്യാണത്തിന് ആറു മാസം മുമ്പ്. അവിടത്തെ വിവാഹച്ചടങ്ങുകളൊക്കെ രാത്രിയാണ് തുടങ്ങുന്നത്. രാവിലെയാണ് തീരുക. അതൊക്കെ കണ്ട് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോയത്. ജമ്മുവില്‍ കൊടുംതണുപ്പായിരുന്നു അന്ന്. എല്ലാവര്‍ക്കും പുതയ്ക്കാന്‍ ക്വില്‍റ്റ് ഒക്കെ തന്നു. അതും പുതച്ച് ഇരുന്നത് മാത്രം ഓര്‍മയുണ്ട്. പിന്നീട് ഞാന്‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോഴാണ് രസം. കല്യാണത്തിനു വന്നവരെല്ലാം ഇരുന്ന് ഉറങ്ങുന്നു. പൂജാരിയും ചെറുക്കനും പെണ്ണും മാത്രമുണ്ട് ഉറങ്ങാതെ.
വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ നുന്നു പുത്തന്‍ കുപ്പായവുമിട്ട് എത്തി. ഫോട്ടോഗ്രാഫറുടെ കൈയില്‍ ക്യാമറ കണ്ടതോടെ ഓടി അമ്മയുടെ മടിയില്‍ കയറിയിരുന്നു. എന്നിട്ട് കൊഞ്ചലോടെ പറഞ്ഞു 'സ്‌മൈല്‍ പ്ലീസ്...'

NEWS LETTER
RSS











