കളിയും ചിരിയും നിറയുന്ന വീട്. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി മുത്തച്ഛനും മുത്തശ്ശിയും. ഗ്രാന്‍റ് പാരന്റിങ് എന്ന പുതിയ സങ്കല്പത്തെക്കുറിച്ച്...

കുഞ്ഞിനൊപ്പം ദിവസം അരമണിക്കൂറെങ്കിലും നിങ്ങള്‍ സംസാരിച്ചിരിക്കാറുണ്ടോ? ഇന്നലെ രാത്രി കിടക്കാന്‍ നേരം കഥ പറഞ്ഞുകൊടുത്തോ? കുഞ്ഞ് പഠിക്കുന്ന സ്‌കൂളിലെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയാറുണ്ടോ? ഈ ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനെങ്കിലും ഉത്തരം 'യെസ്' അല്ലെങ്കില്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന അച്ഛനമ്മമാരാകാന്‍ നിങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നുറപ്പിക്കാം. ഒരുപക്ഷേ, മിക്ക വീടുകളിലും ഈ സാഹചര്യം തന്നെയാണ്. ഓഫീസിലെ ജോലിത്തിരക്ക്, വീട്ടില്‍ തിരിച്ചെത്തിയാല്‍ അടുക്കളയില്‍ തിരക്ക്, പിന്നെ ടി.വി. കാണല്‍. ഇതിനിടയില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ആഗ്രഹിക്കുംപോലെ നോക്കാന്‍ സമയം കിട്ടുക പ്രയാസം.
പക്ഷേ, ഇക്കാര്യങ്ങളൊക്കെ നോക്കാനും കുഞ്ഞുങ്ങള്‍ക്ക് എന്തുംതുറന്നു പറയാവുന്ന സുഹൃത്തുക്കളാകാനും പറ്റുന്ന ചിലര്‍ നമ്മുടെ വീട്ടില്‍തന്നെയുണ്ട്. മുത്തച്ഛനും മുത്തശ്ശിയും. കുഞ്ഞിനെ ഡേ കെയറിലേക്കും വയസ്സായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലും വിട്ട് ദിവസവും രാവിലെ ജോലിക്ക് പോകുന്നവരാണ് നമ്മളില്‍ പലരും. ഇതിലൊരു ഭേദഗതിയാകാം. മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ പേരക്കുട്ടികളെ നോക്കട്ടെ. ഇതവര്‍ക്കൊരു ജോലിയായി തോന്നണമെന്നുമില്ല.
കുഞ്ഞുങ്ങള്‍ക്ക് നല്ല സുഹൃത്ത്
അച്ഛനമ്മമാര്‍ എത്രകണ്ട് സ്‌നേഹിക്കുന്നവരാണെങ്കിലും അവരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ കുഞ്ഞുങ്ങള്‍ മടിക്കും. ''അമ്മേ, എനിക്കിന്ന് സ്‌കൂളില്‍ പുതിയ കൂട്ടുകാരനെ കിട്ടി'', എന്ന് കുട്ടി പറയുമ്പോള്‍ ''നീ സ്‌കൂളില്‍ പോകുന്നത് പഠിക്കാനോ, കൂട്ടുകൂടാനോ?'' എന്ന് ശകാരിക്കുന്ന അച്ഛനമ്മമാരോട് കുട്ടി എന്തു തുറന്നുപറയാന്‍. മുത്തച്ഛനും മുത്തശ്ശിക്കുമാണെങ്കില്‍ കുട്ടിക്കൊപ്പം ഇരിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. പാരന്റിങ്ങിലെ 'ക്വാളിറ്റി ടൈം' ആണിത്. ഈ സമയത്ത് കുട്ടിയുടെ കൂട്ടുകാരായിരിക്കും മുത്തശ്ശിയും മുത്തച്ഛനും. അന്നേരം കുട്ടികള്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ വരെ തുറന്നുപറയും. സ്‌കൂളിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും കൂട്ടുകാരനുമായി വഴക്കിട്ടതും... പ്രായമായവര്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നത് നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ്. നിരുപാധികമായി സ്‌നേഹം കിട്ടി വളരുന്ന കുട്ടി വലുതാകുമ്പോള്‍ സഹജീവികളോട് കരുണയുള്ളവരായിത്തീരും.
അവര്‍ പറയുന്നത് കേള്‍ക്കാം
എന്തെല്ലാം കാര്യങ്ങള്‍ കാണും കുട്ടികള്‍ക്ക് നമ്മോട് പറയാന്‍. അതെല്ലാം കേള്‍ക്കാന്‍ മുത്തശ്ശിയും മുത്തച്ഛനും താത്പര്യം കാണിക്കും. തങ്ങള്‍ മുതിര്‍ന്നവര്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഇത് കുട്ടികളില്‍ ഉണ്ടാക്കും. കുട്ടികളും പ്രായംചെന്നവരും തമ്മിലുള്ള നല്ലൊരു ആശയവിനിമയത്തിന് ഇത് സഹായിക്കും. കുട്ടികളുമായുള്ള ആശയവിനിമയം ഇല്ലാതാകുമ്പോഴാണ് അവര്‍ തെറ്റായ വഴികള്‍ അന്വേഷിച്ച് പോകുന്നത്. കുട്ടികള്‍ കാണാതാവുന്ന കേസുകളില്‍ മിക്കവയും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയമില്ലായ്മയാണ് കാരണം. കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല പ്രായംചെന്നവരെ ഏല്പിക്കുമ്പോള്‍ അവരുടെ വൈകാരികമായ ശ്രദ്ധ എപ്പോഴും കുട്ടികളില്‍ ഉണ്ടായിരിക്കും. പ്രായമായവരുടെ മനസ്സില്‍ ഒരു കുട്ടിയുണ്ട്. കുട്ടിയോട് ഇടപഴകുമ്പോള്‍ അവര്‍ കുട്ടിയായി മാറാന്‍ ശ്രമിക്കുന്നു. എപ്പോഴും സമപ്രായക്കാരുമായി കൂട്ടുകൂടാനാണ് കുട്ടികള്‍ക്ക് ഇഷ്ടം. കൂടെ കളിക്കുന്ന മുത്തച്ഛനെ കുഞ്ഞ് കാണുന്നതും 'ബെസ്റ്റ് ഫ്രണ്ട്' ആയാണ്.
കളിയും ചിരിയും നിറയുന്ന വീട്
കുട്ടികളുടെ കളിയും ചിരിയും നിറയുന്ന വീട് എന്ത് രസമായിരിക്കും? പക്ഷേ, ഇന്നത്തെ കുട്ടികളുടെ ചിരി കാര്‍ട്ടൂണ്‍ ചാനലിനും കമ്പ്യൂട്ടറിനും മുന്നില്‍ മാത്രമാണ്. ആദ്യം ടിവിയും കമ്പ്യൂട്ടറും ഓഫാക്കുക. ഇനി കുട്ടികളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്വതന്ത്രമായി വിടുക. കഥ പറഞ്ഞുകൊടുത്തും ആനകളിപ്പിച്ചും അവര്‍ ചിരിച്ചുരസിക്കട്ടെ.
രാവിലെ കുഞ്ഞ് ഉണരും മുമ്പ് ജോലിക്ക് പോകും, വൈകീട്ട് കുഞ്ഞ് ഉറങ്ങിയശേഷം തിരികെ വരും. കുഞ്ഞിനെ ഡേ കെയറിലോ ആയമാരുടെ അടുത്തോ ഏല്പിച്ച് സ്ഥലംവിടും. കുഞ്ഞിന് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നുണ്ടോ എന്നുപോലും അറിയില്ല. ഈ കുഞ്ഞ് മുത്തശ്ശിയുടെയടുത്താണെങ്കില്‍ എത്ര സുരക്ഷിതരായിരിക്കും. നമുക്ക് ടെന്‍ഷനും കുറയും.
പ്രായംചെന്നവര്‍ കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കളുടെ അത്രയും ഇമോഷണല്‍ ആയിരിക്കില്ല. കാരണം അവര്‍ കുറേ കാലമായി ലോകം കാണുന്നു. അവര്‍ക്ക് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയ പരിചയമുണ്ട്. കുട്ടി 'പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു' എന്ന് വിഷമത്തോടെ പറയുമ്പോള്‍ 'സാരമില്ല, അടുത്ത പരീക്ഷയില്‍ നന്നായി പഠിച്ച് മോന്‍ ക്ലാസില്‍ ഫസ്റ്റാകണം' എന്ന് സൗമ്യമായ വാക്കുകളിലൂടെ പറഞ്ഞുകൊടുക്കണം. എന്നാല്‍ എത്ര സ്‌നേഹത്തോടെ സംസാരിക്കുന്ന മാതാപിതാക്കളും കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ശകാരിക്കും. ഇത് കുട്ടികളില്‍ വിഷമം കൂട്ടുകയേ ഉള്ളൂ. മാര്‍ക്ക് കുറഞ്ഞത് നിസ്സാരമായി കാണണം എന്നല്ല ഇതിനര്‍ഥം. ഇതുപോലുള്ള പ്രശ്‌നം വരുമ്പോള്‍ അതനുഭവിക്കുന്ന കുട്ടിയുടെ മനസ്സ് ദുര്‍ബലമായിരിക്കും. ആ സമയത്ത് ശക്തിയാണ് പകരേണ്ടത്. കുട്ടികള്‍ക്കുള്ള പോസിറ്റീവ് എനര്‍ജിയായിരിക്കണം മുതിര്‍ന്നവരുടെ വാക്കുകള്‍. തീര്‍ച്ചയായും കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മുത്തശ്ശനും മുത്തശ്ശിക്കും കഴിയും.
ഈ ജീവിതം എത്ര രസകരം
പാരന്റിങ്ങിനെ കുറിച്ചുള്ള സുകുമാരന്‍നായരുടെ കാഴ്ചപ്പാട് മാറുന്നത് മകന്‍ രഘുവിന് കുഞ്ഞുണ്ടായപ്പോഴാണ്. ഭാര്യ ശ്യാമളയ്ക്കും ജോലിയുണ്ടായിരുന്നതിനാല്‍ തിരക്കേറിയ ഔദ്യോഗികജീവിതകാലത്ത് സ്വന്തം കുട്ടികളെ നോക്കാന്‍ ആയയെ വെക്കുകയായിരുന്നു. ജീവിതത്തിലെ തിരക്കുകളൊക്കെ കഴിഞ്ഞ് സ്വസ്ഥമായപ്പോഴേക്കും മക്കള്‍ വളര്‍ന്നു. മക്കളെ കേള്‍പ്പിക്കാന്‍ പഠിച്ചുവെച്ച താരാട്ടുപാട്ടുപോലും വെറുതെയായി.
പക്ഷേ, പേരക്കുട്ടി ഉണ്ടായപ്പോള്‍ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം ചെയ്യാന്‍ സുകുമാരന്‍ നായര്‍ തീരുമാനിച്ചു. ഒപ്പം ശ്യാമളയും. വിശ്രമജീവിതത്തിന്റെ 'ഈഗോ' മാറ്റിവെച്ച് ഇരുവരും കുഞ്ഞിനെ നോക്കുക എന്ന 'ഭാരിച്ച' ഉത്തരവാദിത്വം ഏറ്റെടുത്തു.
സുകുമാരന്‍ നായരുടെ തിരുവനന്തപുരത്തെ 'ഗൗരീശം' എന്ന വീട്ടില്‍ ഇപ്പോള്‍ പോയാല്‍ കാണുന്ന കാഴ്ച മനോഹരമാണ്. ഒന്നരവയസ്സുകാരി ഹര്‍ഷപ്രദയെ താരാട്ടുപാടിയുറക്കുന്ന അപ്പൂപ്പന്‍, അമ്പിളിമാമനെ കാണിച്ച് മാമൂട്ടുന്ന അമ്മൂമ്മ. എല്ലാം ആസ്വദിച്ച് ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന കുഞ്ഞ്.
സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സുകുമാരന്‍ നായര്‍ക്ക് പുതിയ ജോലിയില്‍ ആദ്യമൊന്നും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കുഞ്ഞ് വാശിപിടിച്ചു കരഞ്ഞാല്‍ എങ്ങനെ സാമാധാനിപ്പിക്കണം എന്നറിഞ്ഞുകൂടാ, കുഞ്ഞിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാന്‍പറ്റുന്നില്ല. പാരന്റിങ്ങിലെ പരീക്ഷണങ്ങള്‍ പലപ്പോഴും പാളംതെറ്റി. ''ആദ്യമൊക്കെ ചങ്ങാതിമാരോട് പോദിച്ചു മനസ്സിലാക്കി. ഇപ്പോള്‍ പാരന്റിങ്ങിലെ സംശയങ്ങള്‍ എല്ലാവരും എന്നോടാണ് ചോദിക്കുന്നത്'', സുകുമാരന്‍ നായര്‍ക്ക് അഭിമാനം.
''ഞാന്‍ നിയമം പഠിച്ച ആള്‍. ഭാര്യ റിട്ടയേഡ് ടീച്ചര്‍. ഞങ്ങളാണെങ്കില്‍ നല്ലവണ്ണം വര്‍ത്തമാനംപറയുന്നവര്‍. ഇതു കണ്ട് വളര്‍ന്നതുകൊണ്ടാകാം ഏഴാംമാസം തൊട്ടേ ഞങ്ങളുടെ പേരക്കുട്ടി സംസാരിക്കാന്‍തുടങ്ങി. കഴിഞ്ഞദിവസം എന്റെയൊരു പഴയ സുഹൃത്തിനെ കണ്ടു. അവരുടെ പേരക്കുട്ടിക്ക് രണ്ടു വയസ്സായി. കുഞ്ഞിന് സംസാരം വളരെ കുറവാണെന്നു പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ ആയയെ നിര്‍ത്തിയിരിക്കുകയാണ്. അവരാണെങ്കില്‍ തീരെ സംസാരിക്കാത്ത സ്ത്രീ. പിന്നെയെങ്ങനെ കുഞ്ഞ് സംസാരം പഠിക്കും.'' സുകുമാരന്‍ നായര്‍ ചോദിക്കുന്നു.
സുകുമാരന്‍ നായരുടെ മകന്‍ ഡോ. കെ.എസ്. രഘു തിരുവനന്തപുരം എസ്.യു.ടി. ആസ്പത്രിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യ ജയസൂര്യ മെഡിക്കല്‍ കോളേജില്‍ എം.ഡി.ക്ക് പഠിക്കുന്നു. ''രണ്ടുപേര്‍ക്കും രാവിലെ നേരത്തേ പോകണം. അപ്പോഴേക്കും മോള്‍ ഉണര്‍ന്നിട്ടുപോലുമുണ്ടാകില്ല. പിന്നെ മോള്‍ടെ കാര്യങ്ങള്‍ ഞങ്ങളെ ഏല്‍പ്പിച്ച് അവര്‍ പോകും. ഇപ്പോള്‍ എന്തിനും ഏതിനും മോള്‍ക്ക് ഞങ്ങള്‍തന്നെ വേണമെന്നായിട്ടുണ്ട്.'' ശ്യാമള പറയുന്നു. കുഞ്ഞിനെ നോക്കുന്നതിന് പ്രത്യേക ടൈംടേബിള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട് ഇവര്‍. കുളിപ്പിക്കല്‍, ഭക്ഷണം കൊടുക്കല്‍ ഇതൊക്കെ അമ്മൂമ്മയുടെ ഡ്യൂട്ടി. ഉറക്കലും പുറത്തുകൊണ്ടുപോകലുമൊക്കെ അപ്പൂപ്പന്‍.
''ഞങ്ങളൊരിക്കലും കുഞ്ഞിനെ ശകാരിക്കാറില്ല. അവള്‍ ചെയ്യുന്ന കൊച്ചുകാര്യങ്ങള്‍ക്കു പോലും പ്രോത്സാഹനം കൊടുക്കും. ഭക്ഷണം കഴിക്കാന്‍ കൊടുക്കുമ്പോള്‍ ആദ്യമൊക്കെ മടികാണിക്കും. കാക്കയെയും പൂച്ചയെയുമൊക്കെ കാണിച്ചുകൊടുത്താല്‍ മടികൂടാതെ കഴിക്കും. അവളോട് എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം. അങ്ങനെയാണെങ്കില്‍ എത്രനേരംവരെ വേണമെങ്കിലും അവള്‍ കരയാതെയിരിക്കും. കഥപറഞ്ഞു കൊടുക്കുന്നതും പാട്ടുപാടി കൊടുക്കുന്നതും നല്ല ഇഷ്ടമാണ്'' -ശ്യാമള നല്ലൊരു മുത്തശ്ശിയായതിന്റെ ഗമയില്‍ പറഞ്ഞു.
കടപ്പാട്: ഡോ.പി.എ.ലളിത

NEWS LETTER
RSS











