ശര്‍മിള
ആദ്യപ്രസവത്തില്‍ മൂന്ന് കണ്മണികള്‍... ഡോ. റോഷന്‍ ബിജിലിയുടെയും ഡോ.കവിതാ ജോസിന്റെയും ജീവിതത്തില്‍ ആഹ്ലാദം നിറയുകയാണ്...
മൂന്ന് കുഞ്ഞുങ്ങളും നല്ല ഉറക്കമായിരുന്നു. പതിനൊന്നു മണിയുടെ പൂച്ചയുറക്കം. ആദ്യമുണര്‍ന്ന അച്ചുക്കുഞ്ഞിനേയുമെടുത്ത് അച്ഛന്‍ വന്നു. ''ഇവന്‍ ഉഷാറാണ്. പാട്ടുവെച്ചാല്‍ ഡാന്‍സൊക്കെയാ.'' അമ്മ അച്ചുവിനെ ഏറ്റുവാങ്ങി. രണ്ടാമത് ഉണര്‍ന്നുവന്നത് അപ്പുക്കുഞ്ഞ്. ''അപ്പൂട്ടന്‍ ലേശം നാണക്കാരനാ'', അമ്മ പറഞ്ഞത് മനസ്സിലായെന്നോണം അപ്പു ചുണ്ടു പിളര്‍ത്തി സങ്കടം സഹിക്കാനാവാതെ വിതുമ്പി.അച്ഛന്റെ തോളിലേറി അതാ വരുന്നു മൂവര്‍സംഘത്തിലെ ഏക പെണ്‍തരി, അമ്മുക്കുഞ്ഞ്. അടുത്തിടെ മുളച്ച പാല്‍പ്പല്ലുകള്‍ കാട്ടി അമ്മു മയക്കുന്നൊരു ചിരി ചിരിച്ചു.
'ഇത് റോഹന്‍, ഇത് റോണിത്, ഇവള്‍ റെയ്‌സ' - ഡോ. റോഷന്‍ ബിജിലി മക്കളെ പരിചയപ്പെടുത്തി.
ആദ്യപ്രസവത്തില്‍തന്നെ മൂന്ന് കുഞ്ഞുങ്ങള്‍... ഈ ദമ്പതിമാരുടെ തിരക്കുപിടിച്ച ജീവിതം ഇന്നേറെ മാറി. ''ഞാന്‍ ലോങ് ലീവിലാണ്. ഈ മൂന്ന് കുസൃതികളെയും വിട്ട് എങ്ങനെ പോവാന്‍! തത്കാലം ഇവര്‍ വളര്‍ന്ന് ഇത്തിരിയെങ്കിലും വലുതാവട്ടെ'', ഡോ. കവിതാജോസ് മക്കളെ ചേര്‍ത്തുപിടിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഡോക്ടറാണ് കവിത. ''അഭിനയവും എഴുത്തുമാണ് എന്റെ മറ്റു താത്പര്യങ്ങള്‍. ഇതാ, ഇപ്പോള്‍ എന്തെങ്കിലും എഴുതാമെന്നു വെച്ച് ഇരുന്നാല്‍ പേനയും കൊണ്ട് ഒരാള്‍ പോവും. കടലാസും കൊണ്ട് രണ്ടാമത്തെയാള്‍. മൂന്നാമത്തെയാള്‍ എന്നെ കൂടെ കളിക്കാന്‍ പിടിച്ചുവലിക്കും.'' 'പകല്‍പ്പൂരം' എന്ന സിനിമയിലെ നായികയായിരുന്നു കവിത. കഥാരചനയ്ക്ക് വിവിധ സമ്മാനങ്ങളും നേടിയിട്ടുണ്ട്.
മക്കളോടൊത്ത് കഴിയാന്‍ സമയം തികയുന്നില്ലെന്ന പരിഭവത്തിലാണ് ഡോ. റോഷന്‍ ബിജിലി. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യാ വിഷനില്‍ 'ആരോഗ്യവിചാരം' പരിപാടിയുടെ അവതാരകനാണ്. ഇപ്പോള്‍ ബിഹേവിയറല്‍ മെഡിസിനില്‍ ഗവേഷണം ചെയ്യുന്നു. ''എല്ലാ ആഴ്ചയും ടിവി പരിപാടിയുടെ ഷൂട്ടിങ്ങുണ്ട്. അതിനുള്ള തയ്യാറെടുപ്പിനും ഏറെ സമയം വേണം. പിന്നെ ആശുപത്രി ഡ്യൂട്ടിയുടെ തിരക്ക് വേറേയും. സ്വല്പമൊരു ഇടവേള കിട്ടുമ്പോള്‍ മക്കളുടെ അടുത്തെത്തും ഞാന്‍.''
അപ്രതീക്ഷിതമായിരുന്നു മൂന്നു കുഞ്ഞുങ്ങളുടെ വരവെന്നു കവിത ഓര്‍ക്കുന്നു. ''ഗര്‍ഭകാലം നല്ല കഷ്ടപ്പാടായിരുന്നു. വലിയ വയര്‍. എപ്പോഴും ഛര്‍ദി, ക്ഷീണം, വേദന... അഞ്ചാം മാസമായപ്പോള്‍ അഡ്മിറ്റായി. ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രി ആണ്. ഡോക്ടര്‍മാരും നഴ്‌സുമാരും എന്റെ സഹപ്രവര്‍ത്തകര്‍. എന്നിട്ടും ടെന്‍ഷനായിരുന്നു എല്ലാവര്‍ക്കും. ഡോ. ശ്രീദേവി, ഡോ. ഷീല, ഡോ. രാജേഷ്... അവരെല്ലാം എനിക്കായി പാടുപെട്ടിട്ടുണ്ട്. ഏഴാം മാസത്തില്‍ സിസേറിയന്‍ വഴി മൂന്നു കുഞ്ഞുങ്ങളെയും പുറത്തെടുത്തു. മൂവരും ചോതി നക്ഷത്രക്കാര്‍... തൂക്കക്കുറവ് ഉണ്ടായിരുന്നു. ഒരു കിലോഗ്രാമിലും താഴെ. രണ്ടര മാസം ഇന്‍കുബേറ്ററില്‍ വളര്‍ച്ച പൂര്‍ത്തിയാക്കിയാണ് അവരെ എനിക്ക് കിട്ടിയത്.''
അമ്മയും അച്ഛനും സംസാരിക്കുന്നത് ശ്രദ്ധിക്കുന്നെന്നോണം ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട് അപ്പു-അച്ചു-അമ്മുമാര്‍... ''ഇപ്പോള്‍ അവര്‍ക്ക് നല്ല ആരോഗ്യമുണ്ട്. ജലദോഷമോ, പനിയോ ഇടയ്ക്ക് വരും. ഒരാള്‍ക്ക് വന്നാല്‍ മറ്റുള്ളവര്‍ക്കും പിടിക്കും. ഞങ്ങള്‍ കുഴങ്ങിപ്പോവും. ഒരാള്‍ കരഞ്ഞാല്‍ 'എക്കോ'പോലെ മറ്റുള്ളവരും കരച്ചില്‍ തുടങ്ങും.''
കുഞ്ഞുങ്ങള്‍ കാഴ്ചയ്ക്ക് ഒരേപോലെയല്ല. എങ്കിലും ചില സാദൃശ്യങ്ങള്‍ ഉണ്ട്. മുഖത്തിന്റെ ആകൃതി, മൂക്ക്, കണ്ണ്... ''മൂന്നാളും മൂന്ന് സ്വഭാവക്കാരാണ്. അതാണദ്ഭുതം!'', റോഷന്‍ പറയുന്നു.
മൂന്നാളും കളിയിലാണ്, നല്ല സ്‌നേഹത്തില്‍... ''ഇവര്‍ ഒരു മാതിരി അഡ്ജസ്റ്റ്‌മെന്റിലാ. കുഴപ്പമില്ലാതെ ഒന്നിച്ചിരുന്നു കളിച്ചോളും. ഇടയ്ക്കവരെ ഇരുത്തി ഞാനകത്തേക്കു പോവുമ്പോള്‍ കേള്‍ക്കാം മൂവരും പൊട്ടിച്ചിരിക്കുന്നത്, അതെന്താണാവോ!'' കവിത മാതൃത്വത്തിന്റെ രസകരമായ അനുഭവങ്ങള്‍ വിവരിച്ചു.
മക്കളുടെ ഊണും ഉറക്കവും കുളിയുമെല്ലാമായി കവിതയ്ക്ക് നിന്നുതിരിയാന്‍ നേരമില്ല. ''സഹായത്തിനു ഒരു സ്ത്രീ ഉണ്ട്. എന്നാലും എല്ലാറ്റിനും ഞാന്‍ തന്നെ വേണം. മക്കളുടെ ഭക്ഷണവും കുളിയും ഉറക്കവുമെല്ലാം റൊട്ടേഷനിലാണ് ചെയ്യുന്നത്. ആദ്യം ഒരാളെ, പിന്നെ അടുത്തയാളെ എന്നവിധം. അവര്‍ തിരക്ക് കൂട്ടാതെ കാത്തുനില്‍ക്കും. പാല്‍കുടി പക്ഷേ, ഒന്നാംവയസ്സില്‍ അവര്‍തന്നെ നിര്‍ത്തിയതാണ്. പാല്‍ തികയാതെ വന്നിരുന്നു. അതാവാം.''
കുളിക്കാന്‍ ഇഷ്ടമാണ് കുഞ്ഞുങ്ങള്‍ക്ക്. ''ബാത്ത് ടബ്ബിലിരുത്തിയാല്‍ നല്ല രസമാണവര്‍ക്ക്. ഞാന്‍ അടുത്തുതന്നെയിരിക്കും. ഒരു നിമിഷം
പോലും മാറില്ല.'' മുറിയില്‍ മൂന്നു പേരും തിമിര്‍ത്ത കളിയിലാണ്. അച്ചു പപ്പയുടെ ദേഹത്ത് അള്ളിപ്പിടിച്ച് കയറുന്നു. അമ്മു ടിവിയില്‍ പാട്ടു കേട്ട് നൃത്തം ചെയ്യുന്നു. അപ്പു ചറപറാ ഓടിനടക്കുന്നു.ഉറക്കത്തിന്റെ കാര്യമാണ് ബഹുവിശേഷം. കവിത പറയുന്നു: ''വളരെ കഷ്ടപ്പെട്ട് ഒരാളെ ഉറക്കിക്കിടത്തും. അത് കഴിഞ്ഞ് അടുത്തയാളെ ഉറക്കുകയായിരിക്കും ഞാന്‍. അപ്പോള്‍ മൂന്നാമത്തെ ആള്‍ പതുക്കെ പോയി ഉറങ്ങിയ കുഞ്ഞിനെ തോണ്ടും. അല്ലെങ്കില്‍ ഒരൊറ്റ കൂവല്‍...
അതോടെ ഉറക്കം തീര്‍ന്നു. രാത്രി രണ്ടു മണിയാവും അവര്‍ ശരിക്കുറങ്ങാന്‍. രാവിലെ ഉണരാന്‍ വൈകും. ഞാനും രാവിലെയാണ് ഉറങ്ങുന്നത്. ഇവര്‍ ജനിച്ചതില്‍ പിന്നെ ഞാന്‍ ശരിക്കൊന്ന് ഉറങ്ങിയിട്ടേയില്ല.'', കവിത ഭര്‍ത്താവിനെ കുസൃതിയോടൊന്നു നോക്കി.
പതിവുകള്‍ പലതും മാറി. ''അധികം കറക്കമൊന്നുമില്ല. വിവാഹങ്ങളും പാര്‍ട്ടികളും ഒഴിവാക്കി. മൂന്നു കുഞ്ഞുങ്ങളുമായി പുറത്തു പോവുക നല്ല പാടാണ്. ആയ ഉണ്ടായാലും പ്രശ്‌നമാണ്. പിന്നെ കാണുന്നവരെല്ലാം കൗതുകത്തോടെ ഉറ്റുനോക്കും'', കവിത ചിരിച്ചു.
ദിവസങ്ങള്‍ക്ക് നീളം പോരെന്നാണ് ഇരുവരുടെയും പരാതി. ''ഒന്നിനും സമയമില്ല. ഇവരെ കണ്ടിരിക്കാന്‍ തന്നെ അധികം സമയം കിട്ടുന്നില്ല. ഈ പ്രായത്തിന്റെ ഭംഗി അധികനാള്‍ നില്ക്കില്ലെന്നോര്‍ക്കുമ്പോഴാ സങ്കടം.''
നല്ല അയല്‍പക്കക്കാരാണ് കവിത-റോഷന്‍ ബിജിലി ദമ്പതിമാരുടെ ആശ്വാസം. ''അവര്‍ വന്ന് മക്കളെ ഓരോരുത്തരെയായി കളിപ്പിക്കാന്‍ കൊണ്ടുപോവും. നല്ല വിശ്വസ്തരാണ്.''

NEWS LETTER
RSS











