MATHRUBHUMI RSS
Loading...
മാതൃത്വം ശോഭനം
എസ്.സുന്ദര്‍ദാസ്‌

ഈയിടെ ഒരു കുഞ്ഞിനെ ദത്തെടുത്തെങ്കിലും ശോഭന അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല...


സിനിമയിലെ ഉജ്വലങ്ങളായ അഭിനയ മുഹൂര്‍ത്തങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയ യാഥാര്‍ത്ഥ്യത്തിന്റെ മുഖമായിരുന്നു അന്ന് ഗുരുവായൂരില്‍ കണ്ടത്. 'മണിചിത്രത്താഴി'ലെ ഗംഗയേയും 'മിത്ര് മൈ ഫ്രണ്ടി'ലെ ലക്ഷ്മിയേയും അവതരിപ്പിച്ച് രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി അഭിനയം മറന്ന നിമിഷം! തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ആറ് മാസം പ്രായമായ അനന്തനാരായണിയെ മടിയിലിരുത്തി ചോറൂണ് നടത്തിയപ്പോള്‍ ശോഭന എന്ന അമ്മയെയാണ് നാം കണ്ടത്. വിവാഹമോ ദാമ്പത്യമോ നിര്‍ബന്ധമില്ലാത്ത ഈ മാതൃത്വം നമ്മുടെ സമൂഹത്തിന് അത്ര പരിചിതമല്ല.

വിവാഹിതരുടെ ദത്തെടുക്കലിനു തന്നെ അത്ര സാധാരണത്വം കൈവന്നിട്ടില്ല. അപ്പോള്‍ പിന്നെ അവിവാഹിതരുടെ ദത്തെടുക്കലോ? ദത്തെടുക്കുന്നത് പ്രശസ്തരായ സ്തീകളാണെങ്കില്‍ അതിന് വാര്‍ത്താപ്രാധാന്യം കൂടും. മൂന്ന് വര്‍ഷം മുമ്പ് വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ ആണ് ഇത്തരമൊരു ദത്തെടുക്കല്‍കൊണ്ട് ശ്രദ്ധാകേന്ദ്രമായത്. മൂന്ന് മാസം മുമ്പ് വീണ്ടും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ വേണ്ടി സുസ്മിത ശ്രമിച്ചപ്പോള്‍ നിയമപ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ ഈയിടെ മുംബൈ ഹൈക്കോടതിയുടെ അനുകൂല വിധി വന്നു. '' മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യം ദത്തെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു.'' വിധി വന്നപ്പോളവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിന്റെ വെളിച്ചത്തിലാണ് നാം ശോഭനയുടെ ദത്തെടുക്കലിനെ കാണുന്നത്.
സുസ്മിതയെപ്പോലെ തന്റെ ദത്തെടുക്കല്‍ പരസ്യചര്‍ച്ചയാക്കാന്‍ ശോഭന തയ്യാറായിട്ടില്ല. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്മുമ്പ് ശോഭനയുടെ വിവാഹക്കാര്യം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ അവര്‍ നിലപാട് വ്യക്തമാക്കിയതാണ്. ''എന്റെ വിവാഹകാര്യത്തില്‍ ഇനിയും തീരുമാനമൊന്നുമായിട്ടില്ല. തീരുമാനിച്ചിരുന്നെങ്കില്‍ ഞാന്‍ മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. പത്രവാര്‍ത്തകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഒരു നടിയുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതുതന്നെയാണ്.''

അന്താരാഷ്ട്രതലത്തില്‍ത്തന്നെ സെലിബ്രിറ്റികളുടെ ദത്തെടുക്കല്‍ വാര്‍ത്ത ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ദത്തെടുക്കല്‍കൊണ്ട് വാര്‍ത്ത സൃഷ്ടിച്ചവരാണ് ഹോളിവുഡ് താരം അഞ്ജലീന ഷോലിയും പോപ് സൂപ്പര്‍താരം മഡോണയും. കംബോഡിയ, എത്യോപ്യ, വിയറ്റ്‌നാം എനീ രാജ്യങ്ങളില്‍ നിന്നായി മൂന്നു കുഞ്ഞുങ്ങളെ അഞ്ജലീന-ബ്രാഡ്പിറ്റ് ദമ്പതികള്‍ ദത്തെടുത്തിട്ടുണ്ട്. ദരിദ്ര രാജ്യമായ മലാവിയില്‍നിന്നാണ് മൂന്ന് വര്‍ഷം മുമ്പ് ദേവിഡ് എന്ന കുട്ടിയെ മഡോണ ദത്തെടുത്തത്.

സുസ്മിതയുടേയും ശോഭനയുടേയും പോലുള്ള ദത്തെടുക്കലുകള്‍ക്ക് വലിയ സാമൂഹ്യ പ്രാധാന്യമുണ്ട്. ദത്തെടുക്കല്‍ സ്വകാര്യതയുടെ പ്രശ്‌നമാണെങ്കിലും സെലിബ്രിറ്റികളുടെ ദത്തെടുക്കല്‍ പലപ്പോഴും ഒരു സാമൂഹ്യ മാതൃകയാവുകയാണ്. വിവാഹം കഴിക്കുകയോ പ്രസവിക്കുകയോവേണ്ട അമ്മയാകാന്‍ എന്നത് ഒരു പുതിയ സ്‌നേഹബന്ധമായി സമൂഹത്തിന് അംഗീകരിക്കേണ്ടിവരും. രക്തബന്ധത്തോട് കിടപിടിക്കുന്ന ഒരു (മാതൃ)സ്‌നേഹബന്ധം!

തമിഴില്‍ ഒരു ചൊല്ലുണ്ട്: '' പെറ്റാല്‍ താന്‍ പിള്ളൈയാ?''. പ്രസവിച്ചാല്‍ മാത്രമേ ഒരു കുഞ്ഞ് സ്വന്തം കുഞ്ഞാകുകയുള്ളോ എന്ന്. അല്ല എന്നാണ് സുസ്മിതയും ശോഭനയും പറയുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധി വന്നപ്പോള്‍ സുസ്മിത പറയുകയുണ്ടായി,''ഹൃദയത്തിന്റെ ബന്ധത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; രക്തബന്ധത്തിലല്ല.'' സുസ്മിത പറഞ്ഞതുതന്നെയാണ് തന്റെ മൗനംകൊണ്ട് ശോഭനയും പറയുന്നത്.

നൃത്തത്തെ സ്‌നേഹിച്ച്

രണ്ടുദശകത്തിലേറെ നീണ്ടുനിന്ന തിരക്കിട്ട അഭിനയജീവിതവും അതിനുസമാന്തരമായി നടത്തിയ നൃത്തരംഗത്തെ പരിശ്രമങ്ങളും ശോഭന യുടെ സവിശേഷ വ്യക്തിത്വം വെളിപ്പെടുത്തുന്നതാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും മറ്റു ഭാഷകളിലുമായി 200-ല്‍പരം ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനിടയില്‍ തന്നെ ഭരതനാട്യത്തില്‍ അവര്‍ പ്രാവീണ്യം തെളിയിച്ചു. പാരമ്പര്യത്തെയും പരീക്ഷണങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിശ്രമങ്ങളായിരുന്നു അവര്‍ നൃത്തവേദിയില്‍ നടത്തിയത്. ഭരതനാട്യം പരിശീലിപ്പിക്കാനായി അവര്‍ ചെന്നൈയില്‍ കലാര്‍പ്പണ എന്ന ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കലാര്‍പ്പണയുടെ പേരില്‍ ശോഭന ആവിഷ്‌കരിച്ച നാട്യശില്പങ്ങള്‍ ഏറെ പ്രശസ്തി നേടി. നവരസ (2000), നായിക (2004) എന്നിവയും ഏറ്റവുമൊടുവില്‍ അരങ്ങേറിയ 'മായാരാവണ'യും ശോഭനയ്ക്കും കലാര്‍പ്പണയ്ക്കും അംഗീകാരം നേടിക്കൊടുത്തു. ഒരു നൃത്താവിഷ്‌കാരം എന്നപോലെ മായാരാവണന്‍ ഒരു ഇതിഹാസകഥാപാത്രത്തിന്റെ ഹൃദയം തേടിയുള്ള യാത്രയാണ്. നാന്നൂറില്‍പരം പേര്‍ പങ്കെടുക്കുന്ന മായാരാവണിന്റെ സംവിധാനവും കൊറിയോഗ്രഫിയും നിര്‍വഹിച്ചത് ശോഭനയാണ്.

ശോഭനയ്‌ക്കൊപ്പം ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് വേദികളില്‍ നൃത്തം ചെയ്തിട്ടുള്ള നര്‍ത്തകനാണ് നടന്‍ വിനീത്. ''1988-ല്‍ അമേരിക്കയിലെ ചിക്കാഗോയിലാണ് ആദ്യമായി ഞങ്ങളൊരുമിച്ച് നൃത്തം അവതരിപ്പിക്കുന്നത്. അന്നുതൊട്ടേ ഞാന്‍ ശോഭനയുടെ ഫാനായിരുന്നു. അവരോടൊപ്പം നൃത്തം ചെയ്യുന്നത് വ്യക്തിപരമായി എനിക്കും എനര്‍ജി നല്‍കാറുണ്ട്. പരസ്​പരധാരണയോടെ കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിലാണ് ഞങ്ങള്‍ നൃത്തം ചെയ്യാറുള്ളത്. ഇത് ഒരു പ്രത്യേക വാശി ഞങ്ങളിലുണ്ടാക്കാറുണ്ട്.

സാധാരണ ചിരിച്ചുകളിച്ച് വര്‍ത്തമാനം പറയുന്ന കൂട്ടത്തിലാണ് ശോഭന. ചെറുപ്പം തൊട്ടേ എനിക്കറിയാവുന്നത് കൊണ്ടാകാം ഞങ്ങള്‍ എന്തുകാര്യവും പരസ്​പരം തുറന്നു സംസാരിക്കാറുണ്ട്. പക്ഷേ നൃത്തവേദിയിലെത്തിയാല്‍ വേറെ സംസാരമൊന്നുമില്ല. കൊറിയോഗ്രാഫിയോടുള്ള അവരുടെ അപ്രോച്ച് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. അല്പംപോലും മായം കലരാത്ത ഒരു പ്യുവര്‍ ഡാന്‍സറായിട്ടാണ് ഞാന്‍ ശോഭനയെ കാണുന്നത്'', വിനീത് പറയുന്നു.

മായാരാവണയ്ക്കുശേഷം കൃഷ്ണ ദി ഗോഡ് ഓഫ് ഫ്യൂച്ചര്‍ എന്നൊരു നൃത്തശില്പത്തിന്റെ തയ്യാറെടുപ്പിലാണ് ശോഭനയിപ്പോള്‍.