MATHRUBHUMI RSS
Loading...

കനലില്‍ ചുട്ടെടുക്കുന്നവര്‍


തെന്നിവീണ് കാലുളുക്കിയതുമായാണ് ഞാന്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ പോയത്. കിഴി വെച്ച് ചൂടാക്കി മരുന്ന് കഴിച്ച് വിശ്രമിച്ച് കാല് നേരെയാക്കണമെന്ന് ഡോക്ടര്‍ (വൈദ്യര്‍?).

തിരുമ്മുന്നതിനുള്ള പാത്തിയില്‍ കാല്‍ നീട്ടിയിരിക്കുമ്പോഴാണ് കറുത്തു മെലിഞ്ഞ ആ സ്ത്രീ കടന്നു വന്നത്. ചത്തു പോയ കണ്ണുകള്‍, തൂങ്ങി വീഴുന്ന തൊലി മുഖത്തിന് വാര്‍ദ്ധക്യഛായ ഉണ്ടാക്കുന്നു. അവര്‍ വന്ന് സ്റ്റൗ കത്തിച്ച് എണ്ണ ചൂടാക്കാന്‍ വച്ചു. ഏതു നിമിഷവും ഒടിഞ്ഞു വീഴുമെന്ന് തോന്നുന്ന പപ്പായ മരത്തെപ്പോലെ അവര്‍ നിന്നാടി. വിറക്കുന്ന കൈകളോടെ മരുന്നു കിഴിയെടുത്ത് എണ്ണ ചൂടായിക്കൊണ്ടിരുന്ന ചീനച്ചട്ടിയില്‍ വച്ച് അവര്‍ കുനിഞ്ഞു നിന്നു. എണ്ണയില്‍ മുക്കിയെടുത്ത കിഴിയെടുത്ത് എന്റെ നീരുപിടിച്ചിരുന്ന കാലിലേക്കമര്‍ത്തുമ്പോള്‍ വേദന കൊണ്ട് നിലവിളിച്ചത് ഞാനായിരുന്നില്ല, അവരായിരുന്നു. എന്റെ വേദന അവരെങ്ങനെ അറിഞ്ഞുവെന്ന് അമ്പരന്ന് ഞാന്‍ ചോദിച്ചു:

''എന്തു പറ്റി?''

പരിസരം മറന്നു പോയതിലുള്ള വൈക്ലബ്യം മാറ്റാനെന്ന പോലെ തലയാട്ടി അവര്‍ പറഞ്ഞു:

''ഒന്നുമില്ല''

ചുട്ടുപൊള്ളുന്ന കിഴികൊണ്ട് എന്റെ വേദന അവര്‍ കുറച്ചെടുക്കുമ്പോള്‍ ഞാനറിഞ്ഞു. അവര്‍ കരയുകയാണ്, കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. ചോദ്യങ്ങള്‍ ഉള്ളിലടക്കി കാലിലെ വേദന കടിച്ചമര്‍ത്തി ഞാനിരുന്നു. ഓരോ തവണയും നോവിന്റെ അന്തരാളങ്ങളില്‍പ്പെടുന്നതു പോലെയാണവര്‍ കിഴി എന്റെ കാലില്‍ വച്ച്‌കൊണ്ടിരുന്നത്.

ഒടുവില്‍ ഒന്നും ചോദിക്കാതെ തന്നെ അവര്‍ പൊട്ടിക്കരഞ്ഞു.

കൈവിരലുകള്‍ എന്റെ നേര്‍ക്ക് നീട്ടി പറഞ്ഞു:

''എന്റെ വിരലുകള്‍ ഒടിഞ്ഞിരുക്കുകയാണ് മാഡം. കിഴി പിടിക്കുമ്പോള്‍ പ്രാണന്‍ പോകുന്ന വേദന. അതുകൊണ്ടാണ് കണ്ണീര് വന്നു പോകുന്നത്.''

ഞാന്‍ ചോദിച്ചു:

''വിരല്‍ ഒടിഞ്ഞിട്ട് നിങ്ങളെന്തിനാ പണിക്ക് വന്നത്?''

''വരാതെങ്ങനെ? ദിവസക്കൂലിയാണ് ഇവിടെ. പിന്നെ ചികിത്സയ്ക്ക് വരുന്നവരും വല്ലതുമൊക്കെ തരും. കൊച്ചുങ്ങളെ പട്ടിണിക്കിടാന്‍ വയ്യാത്തതു കൊണ്ട് വരാതിരിക്കാന്‍ പറ്റൂല്ല മാഡം.''

''നിങ്ങളുടെ ഭര്‍ത്താവ്?''

''ഭര്‍ത്താവ്'' അവരുടെ മുഖത്ത് പുച്ഛം നിറഞ്ഞു. കാലുഷ്യവും.

''മാഡം, ആരാണ് ഈ കല്യാണം കണ്ടുപിടിച്ചത് എന്ന് മാഡം എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? സ്ത്രീകളെ തകര്‍ക്കാന്‍ വേണ്ടിയുള്ള ഒരേര്‍പ്പാട്. എന്റെ ഭര്‍ത്താവ്, അയാള് മനുഷ്യനൊന്നുമല്ല മാഡം. മൃഗം - മൃഗമെന്നും പറഞ്ഞൂടാ. അതുങ്ങള് പാവങ്ങളാണ്. ഇയാളെപ്പോലെയുള്ളവര് പെണ്ണുങ്ങളെ ഊറ്റിക്കുടിച്ച് ജീവിക്കുന്ന പിശാചുക്കളാണ്. ദാ നോക്ക് മാഡം. എന്റെ ദേഹത്ത് ഒന്നു നോക്ക്.''
പിന്നീട് കണ്ടത് എഴുതാന്‍ പറ്റില്ല. ക്രൂരമായ മര്‍ദ്ദനമേറ്റ് ശരീരം മുഴുവന്‍ നീരും പാടുകളും. കരിനീലിച്ച പാടുകള്‍, ചുവന്നു തിണര്‍ത്ത പാടുകള്‍. ശരീരമൊന്നനക്കാന്‍ കൂടി വയ്യാതെ വേദനയില്‍ പിടയുന്ന ഒടിഞ്ഞ വിരലുകള്‍ കൊണ്ട് അവര്‍ എന്റെ കാലുകളിലേക്ക് വീണ്ടും കിഴി ചൂടാക്കി വയ്ക്കാന്‍ തുടങ്ങി.

''വേണ്ട, മതി. എന്റെ വേദന മാറി.''

''അയ്യോ, ഡോക്ടര്‍ വഴക്കു പറയും. കുറേനേരം കൂടി വയ്ക്കണം. എങ്കിലേ നീര് മാറൂ.''

''നിങ്ങളുടെ ദേഹത്ത് മുറിവും ചതവും മാറാന്‍ എണ്ണയും കിഴിയും വച്ചോ?''

''അയ്യോ, നമ്മള്‍ക്കൊക്കെ അതിനൊക്കെ വകയുണ്ടോ മാഡം. മുറിവെണ്ണയ്ക്ക് തന്നെ എന്ത് വിലയാണെന്നോ. എനിക്കൊക്കെ ഇതൊക്കെ സാധാരണകാര്യങ്ങളല്ലേ. എന്നും അടിയോടടി തന്നെയാണ് മാഡം.''

''ആര്?''

''ഭര്‍ത്താവ്, അല്ലാതാരാ? കെട്ടിച്ചു വിട്ടതല്ലേ വീട്ടുകാര്, ഈ കുടിയന്റെ കൂടെ. 4 പവനും 35,000 രൂപയുമാണ് കൊടുത്തത്. അതെല്ലാം ദ്രോഹി കൊണ്ടുപോയി കുടിച്ചു. 2 പിള്ളേരെ ഉണ്ടാക്കിത്തന്നതല്ലാതെ എനിക്കയാള്‍ ഒന്നും തന്നിട്ടില്ല മാഡം. പണ്ടൊക്കെ കൂലിപ്പണിക്ക് പോവുമായിരുന്നു.. ഇപ്പോള്‍ അതും നിര്‍ത്തി. പിള്ളേര് പട്ടിണി കിടന്ന് ചാവാറായപ്പോഴാണ് ഞാന്‍ ജോലിക്കിറങ്ങിയത്. ആദ്യം വീട്ടുവേലയ്ക്ക് പോയി. അവിടുത്തെ ചേച്ചിയാണ് ഇവിടെ ജോലി വാങ്ങിത്തന്നത്. ഇതും പോരാഞ്ഞ് കുടുംബശ്രീയില്‍ അച്ചാറുണ്ടാക്കിക്കൊടുക്കും. അങ്ങനേം കുറച്ച് രൂപാ കിട്ടും. കൊച്ചുങ്ങളെ പഠിപ്പിക്കാനും അതുങ്ങള്‍ക്ക് ഉടുപ്പ് വാങ്ങാനുമൊക്കെ അതുവഴിയാണ് പൈസയുണ്ടാക്കുന്നത്. ഇയാള്‍ എന്റെ വീട്ടീന്ന് തന്നത് മുഴുവന്‍ കുടിച്ച് നശിപ്പിച്ചു. ചിലവിനും തരൂല്ല ഞാന്‍ ജോലി ചെയ്ത് കൊണ്ട് ചെല്ലുന്ന പൈസ കുടിക്കാന്‍ ചോദിക്കുമ്പോള്‍ കൊടുക്കാത്തതിനാണ് എന്നെ അടിച്ചും ഇടിച്ചും ശരിയാക്കുന്നത്. മൂന്നു നേരം മൃഷ്ടാന്നം തിന്നണം. ഈ ജോലിയെല്ലാം ചെയ്ത് ഞാന്‍ സാധനങ്ങളും വാങ്ങിച്ചോണ്ട് ചെന്ന് വച്ചുണ്ടാക്കുന്നത് തിന്നോണ്ട് എന്നെ ഇടിക്കും. ''കറിയില്‍ ഉപ്പു പോരാ, ചോറ് വെന്തില്ല'' ഇങ്ങനെ നൂറുകൂട്ടം പരാതി പറഞ്ഞോണ്ടാണ് ഇടി. കള്ള് കുടിക്കാന്‍ പൈസയില്ലെങ്കില്‍ അയാള്‍ പിള്ളേരേം വേണേല്‍ വില്‍ക്കും മാഡം. എന്റെ പിള്ളേര് പാവങ്ങള്‍. എന്തുമാത്രം അടിയും ഇടിയുമാണ് കൊള്ളുന്നത്. അതുങ്ങളുടെ മുന്നില്‍വച്ച് ഇയാള്‍ പറയുന്ന വേണ്ടാതീനങ്ങള്‍ കേള്‍ക്കണം.''

''ഞാന്‍ ഇവിടെ ആണുങ്ങളോട് കിടന്നാണ് പൈസയുണ്ടാക്കുന്നത്, ഞാന്‍ അങ്ങനത്തവളാണ്, ഇങ്ങനത്തവളാണ് എന്നും പറഞ്ഞ് സര്‍വ്വവൃത്തികേടും എന്നെക്കുറിച്ച് പറയും. ഒരു ദിവസം മീന്‍ കറിയില്ലേല്‍ ഉടനെ ചോദിക്കണത് ''ഇന്ന് കച്ചോടം മേശമായിരുന്നോ''ന്നാണ്. മോള്‍ക്ക് സ്‌കൂളിലെ പ്രോജക്ട് ചെയ്യാന്‍ പേപ്പറും കളര്‍ പേനയും വാങ്ങിയതോണ്ട് ഇന്നലെ മീന്‍ വാങ്ങാന്‍ കാശ് തികഞ്ഞില്ല. അതിനാണ് ആ ദ്രോഹി ഇന്നലെ അടിച്ചത്.''

''നിങ്ങള്‍ക്ക് ബന്ധുക്കളില്ലേ?''

''അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് സുഖമില്ല. രണ്ട് അനിയത്തിമാരും ഒരു അനിയനും. അനിയത്തിമാരുടെ സ്ഥിതി ഇതിലും കഷ്ടമാണ്. അനിയനാണെങ്കില്‍ നേരം വെളുക്കും മുമ്പേ ബിവറേജസിന് മുന്നില്‍ ക്യൂനില്‍ക്കാന്‍ പോവും മാഡം. ആരോട് ചെന്ന് പറയാന്‍?''

''നാട്ടിലെ പഞ്ചായത്ത് മെമ്പറോടോ മറ്റോ പറയാന്‍ പറ്റില്ലേ?''

''അവരൊക്കെ പറഞ്ഞു നോക്കിയതാ. അവര് വരുമ്പം ഇയാള്‍ പറയും:

''ഇനി കുടിക്കില്ല, ഉപദ്രവിക്കില്ല. ജോലിക്ക് പൊയ്‌ക്കോളാമെന്നൊക്കെ.''

''കുറച്ചു ദിവസം മര്യാദയ്ക്ക് നടക്കും. പിന്നെ തുടങ്ങും. അപ്പോള്‍ വഴക്കു പറയാന്‍ വന്ന പഞ്ചായത്ത് മെമ്പറെയും ചേര്‍ത്തായിരിക്കും അശ്ലീലം പറയണത്. നാട്ടുകാര്‍ക്കും മടുത്തു.''

''നിങ്ങള്‍ക്ക് ഇറങ്ങി പൊയ്ക്കൂടേ?''

''എവിടെ പോകും? വീടോ കുടിയോ ഇല്ലാതെ രണ്ട് പെങ്കൊച്ചുങ്ങളേം കൊണ്ട് എവിടെ കിടന്നുറങ്ങും? അതുങ്ങള്‍ക്ക് വിഷം കൊടുത്ത് ഞാനും വിഷം തിന്ന് ചത്താലോ എന്ന് ആലോചിക്കും ഞാന്‍. ഇല്ലെങ്കില്‍ കുറച്ച് വിഷം കലക്കിക്കൊടുത്ത് അയാളെയങ്ങ് കൊന്നാലോ എന്ന്. അതിനുമൊന്നും ധൈര്യം കിട്ടണില്ല മാഡം. എന്തിനാ മാഡം ഈ കല്യാണം? ഈ കാലമാട്‌റപ ഇല്ലായിരുന്നുവെങ്കില്‍ എന്തെങ്കിലും ജോലി ചെയ്ത് ഞാന്‍ സ്വസ്ഥമായി ജീവിച്ചേനെ.''

''എനിക്ക് ബിവറേജസ് കട കാണുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നും. കല്ലെടുത്ത് എറിഞ്ഞ് കുപ്പികളൊക്കെ പൊട്ടിക്കാനും അവിടെ ക്യൂ നില്‍ക്കുന്നവന്മാരെ ഒക്കെ അടിച്ചു കൊല്ലാനും ഒക്കെ തോന്നിപ്പോകും. അത്രമാത്രം പെണ്ണുങ്ങളുടെ കണ്ണീരും സങ്കടവുമാണ് ആ കുപ്പിയ്ക്കകത്തൊക്കെ ഉള്ളതെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കൂല്ല മാഡം. ഈ സര്‍ക്കാരിന് കള്ള് വില്‍ക്കാതിരുന്നൂടേ, കിട്ടാതെ വരുമ്പോള്‍ ഇവന്മാര്‍ എങ്ങനെ കുടിക്കും?''

''അപ്പോള്‍ വ്യാജച്ചാരായം ഉണ്ടാക്കിക്കുടിക്കൂല്ലേ ലീലാമ്മേ?''

''അതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാര് വിചാരിച്ചാല്‍ പറ്റൂല്ലേ? പോലീസും പട്ടാളവും ഒക്കെ ഉണ്ടല്ലോ. ഈ കള്ളുകുടിയന്‍മാര്‍ കാരണം എത്ര സ്ത്രീകളും കുഞ്ഞുങ്ങളുമാണ് തീ തിന്നണത്. കണക്ക് നോക്കിയാല്‍ അവരായിരിക്കും കൂടുതല്. അതൊക്കെ ഓര്‍ത്തെങ്കിലും ഈ കച്ചോടം നിര്‍ത്തിക്കാന്‍ പറ്റൂല്ലേ?''

ഞാനൊന്നും മിണ്ടിയില്ല.

എന്തു മിണ്ടാനാവും. അബ്കാരി ബിസിനസ്സിലൂടെ ഗവണ്‍മെന്റിന് കിട്ടുന്ന വരുമാനം ഓരോ വര്‍ഷവും ഉയരുകയാണെന്ന്, മദ്യപാനത്തിന് വേണ്ടി ചിലവഴിക്കുന്ന തുക കണക്കില്ലാതെ വര്‍ദ്ധിക്കുകയാണെന്ന്, കേരളത്തിലെ യുവതലമുറ അപകടകരമാംവിധം മദ്യത്തിനടിമകളാകുന്നുവെന്ന് - ഇതൊക്കെയാണ് കണക്കുകള്‍ പറയുന്നതെന്ന് ലീലാമ്മയോട് പറഞ്ഞിട്ടെന്ത് നേടാനാണ്.

എന്റെ കാലിലെ കിഴികുത്തല്‍ അവസാനിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്ത് എന്റടുത്തേക്ക് വന്ന് രഹസ്യം പോലെ ലീലാമ്മ പറഞ്ഞു:

''മാഡം ഇത്രേം നേരം എന്റെ കാര്യങ്ങളൊക്കെ കേട്ടതുകൊണ്ട് ഞാന്‍ ഒരു കാര്യം കൂടി പറയാം. ഇന്നലെ അടീം തൊഴീം കൊണ്ട് സഹിക്കാതായപ്പോള്‍ ഞാന്‍ ചെന്ന് അയാള്‍ വാങ്ങി വച്ചിരുന്ന കുപ്പീന്ന് കുറെ എടുത്ത് കുടിച്ചു. ബ്രാന്‍ഡിയാണെന്നാണ് കുപ്പീലെഴുതിയിരുന്നത്. അയ്യോ, കുടിക്കാന്‍ വലിയ പാടായിരുന്നു. ചവര്‍പ്പ്. വാശിക്ക് ഞാന്‍ കുടിച്ചു തീര്‍ത്തു മാഡം. കുറെനേരം തല കറങ്ങി. പിന്നെ കിടന്ന് സുഖമായി ഉറങ്ങി, വേദന അറിഞ്ഞതേയില്ല. അതു കണ്ടപ്പം അയാള്‍ക്ക് പേടിയായെന്ന് തോന്നുന്നു. ഇന്ന് രാവിലെ എന്റടുത്ത് പറയുവാ - ''നീ കുടിച്ച് ശീലിക്കണ്ട ശീലമായിപ്പോയാല്‍ ജോലിക്കൊന്നും പോകാന്‍ പറ്റൂല്ല. പിള്ളേരുടെ കാര്യം ആര് നോക്കുമെന്ന് പേടിച്ചാണെന്ന് തോന്നുന്നു, ഇന്ന് കുടിക്കാന്‍ പൈസയൊന്നും ചോദിച്ചില്ല മാഡം.''

മുറിവെണ്ണ വാങ്ങാന്‍ പണം ലീലാമ്മയുടെ ഒടിഞ്ഞ വിരലുകള്‍ക്കിടയില്‍ തിരുകി ഞാന്‍ പറഞ്ഞു:

''ലീലാമ്മേ വാശിക്കാണെങ്കിലും വേദനിച്ചാണെങ്കിലും ലീലാമ്മ കുടിക്കണ്ട. അങ്ങനെ കുടിച്ചു തുടങ്ങിയാല്‍ പിന്നെ അന്തോം കുന്തോം ഉണ്ടാവില്ല. കുടിക്കുന്ന പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെ എണ്ണവും കേരളത്തില്‍ ദിവസംപ്രതി കൂടിക്കോണ്ടിരിക്കുകയാ. വേണ്ട ലീലാമ്മേ. വേണ്ട.''

ലീലാമ്മയുടെ കഥ എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു:

''ഇത് ഒരു സാധാരണ കഥയല്ലേ. കേരളത്തിലെ മിക്ക വീടുകളിലും നടക്കുന്ന കഥ. പണക്കാരന്റെയും പാവപ്പെട്ടവന്റെയും വീട്ടില്‍ നടക്കുന്ന കഥ. കേരളത്തിന്റെ കഥ. ഇതിലെന്തു പുതുമയാണ്?''

ഒടിഞ്ഞ വിരലുകള്‍, തിണര്‍ത്ത കവിള്‍ത്തടങ്ങള്‍, കരിനീലിച്ച വയര്‍, ഇടിയേറ്റ് കുനിഞ്ഞുപോയ നട്ടെല്ല്, പ്രതീക്ഷയറ്റ മുഖം, പരാതി തിളങ്ങുന്ന കണ്ണുകള്‍ - നഷ്ടപ്പെട്ട ജീവിതം.

മറക്കാനാവുന്നില്ല ഒന്നും. ഒരു തേങ്ങല്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു കാതില്‍ -

''ഇത്ര നിസ്സാരമോ എന്റെ ജന്മം. മനുഷ്യകുഞ്ഞായി തന്നെയല്ലേ ഞാനും പിറന്നത്? എന്തിനാണ് എന്നെയിങ്ങനെ കനലില്‍ ചുട്ടടുക്കുന്നത്?''

binakanair@gmail.com