MATHRUBHUMI RSS
Loading...

വിളക്ക് കൊളുത്തുമ്പോള്‍


തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്, പാതിരാത്രിയിലെപ്പോഴോ അമ്മാവന്‍ തട്ടിയുണര്‍ത്തി കഴുത്തിലെ സ്വര്‍ണ്ണമാല ഊരി വാങ്ങി. അമ്മ കാതിലെ റിംഗുകളും ഊരിയെടുത്തു. അനിയത്തിയുടെ, കുഞ്ഞമ്മമാരുടെ കയ്യിലും കഴുത്തിലും കാതിലുമുള്ളതൊക്കെ അമ്മ വാങ്ങി അമ്മാവന് നല്‍കുന്നത് മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഞാന്‍ കണ്ടു. എന്താണ്, ഏതാണ് എന്നൊന്നും ചിന്തിക്കാന്‍ കഴിയാത്ത പ്രായമായതിനാല്‍ തിരിഞ്ഞ് കിടന്ന് സ്വസ്ഥമായി ഉറങ്ങി.

ആ സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മാവന്‍ പോയത് സ്വര്‍ണ്ണപ്പണയെമടുക്കുന്നയാളിന്റെ വീട്ടിലേക്കായിരുന്നു. പാതിരാത്രി അയാളെ ഉണര്‍ത്തി ആഭരണങ്ങള്‍ പണയം വച്ച് രൂപാ വാങ്ങി അഷ്‌റഫിന്റെ വീട്ടിലേക്ക് അമ്മാവന്‍ പോയി.. അഷ്‌റഫിന്റെ അനിയത്തി നദീറയുടെ കല്യാണം പിറ്റേന്ന് നടന്നത് അമ്മാവന്‍ പണയം വച്ച് കൊടുത്ത പണം കൊണ്ടായിരുന്നു. പിന്നീട് കുറെ നാളുകള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ശരീരങ്ങളിലേക്ക് ആഭരണങ്ങള്‍ മടങ്ങിയെത്തിയത്. (അഷ്‌റഫിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞ കാലത്ത്). അന്നൊന്നും മനസ്സിലായില്ല എങ്കിലും ഇന്നറിയുന്നു അന്ന് അഷ്‌റഫിന്റെയും നദീറയുടെയും അവരുടെ വീട്ടുകാരുടെയും കണ്ണുകളില്‍ തെളിഞ്ഞ ആശ്വാസത്തിനും സന്തോഷത്തിനും ആ സ്വര്‍ണ്ണാഭരണങ്ങളെക്കാള്‍ തിളക്കമുണ്ടായിരുന്നു കാണുമെന്ന്, ഏഴ് തിരിയിട്ടു കത്തിച്ച വിളക്ക് പോലെ നദീറ കല്യാണ വേഷത്തില്‍ ജ്വലിച്ച് കാണുമെന്ന്.

മുസ്ലീങ്ങള്‍ വിളക്ക് കത്തിക്കുന്നതിലും ഓണം ആഘോഷിക്കുന്നതിലും തകരാറില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ (കെ.ടി.ജലീല്‍ എം.എല്‍ എ യും )പറയുമ്പോള്‍ ചെറിയ പ്രായത്തില്‍ ജീവിതത്തിലേക്ക് വലിയ ചിന്ത കടന്നുവന്ന സന്ദര്‍ഭം ഓര്‍ത്തു പോയി.

''പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം - ഇതിനെയാണ് ഞാന്‍ വെളിച്ചമെന്ന് പറയുന്നത്. ഇതാകുന്നു അല്ലാഹു, ഇതാകുന്നു ആദിബ്രഹ്മം. ഒരേയൊരു സത്യമേയുള്ളൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാകുന്നു അനാദി. ഞാന്‍ ഹിന്ദു സന്യാസിമാര്‍ക്കൊപ്പമുണ്ടായിരുന്നു, സൂഫി സന്യാസിമാര്‍ക്കൊപ്പവും. അവരുടെ ദൈവ സങ്കല്‍പ്പത്തിന് രൂപമുണ്ടായിരുന്നില്ല.

ഇസ്ലാം വളരെ ലളിതമായ മതമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതം. ഈ ഭൂമിയില്‍ ബഹളം വയ്ക്കാത്ത ആരെയും ദ്രോഹിക്കാത്ത, നല്ല മനുഷ്യനായി ജീവിച്ചു മരിക്കാന്‍ ഇസ്ലാം ഉപദേശിക്കുന്നു. മുസ്ലീം വഴക്കാളിയല്ല. ഇസ്ലാം ആരെയും കൊല്ലാന്‍ ഉപദേശിക്കുന്നില്ല. സ്‌നേഹിക്കാനും, സഹായിക്കാനും ഉപദേശിക്കുന്നു... '' (വൈക്കം മുഹമ്മദ് ബഷീര്‍)
.
കുട്ടിക്കാലത്ത് മുസ്ലീം ജീവിതത്തെക്കുറിച്ച് ഏറെ അറിയാന്‍ ഇടവന്നത് ബഷീര്‍ വായനയിലൂടെയായിരുന്നു. പിന്നെ കണ്ടറിഞ്ഞ മുസ്ലീം സുഹൃത്തുക്കളും. സ്‌നേഹത്തിന്റെയും സഹജഭാവത്തിന്റെയും സൗഹൃദത്തിന്റെയും സാന്നിദ്ധ്യമായിട്ടാണ് അവരൊക്കെ നിറഞ്ഞു നിന്നത്, നില്‍ക്കുന്നത്.

കാശിയില്‍, ഗംഗയുടെ തീരത്ത് ബിസ്മില്ലാഖാന്‍ ഷെഹനായി മീട്ടിയിരുന്ന ആരതികള്‍. ആ ഓര്‍മ്മകളില്‍ ബിസ്മില്ലാഖാന്റെ വീടിന് മുന്നില്‍ പ്രണമിച്ച് നിന്ന സന്ധ്യ. ആ സന്ധ്യയ്ക്ക് എത്രയായിരം ദീപങ്ങളുടെ ചാരുതയായിരുന്നു, ഗംഗയിലൂടെ സന്ധ്യാ ആരതി ദീപങ്ങള്‍ ഒഴുകിക്കൊണ്ടേയിരുന്നു. മതത്തിന്റെ ആചാര പരിധികള്‍ക്കപ്പുറത്ത് മാനവികതയുടെ മഹാസാന്നിദ്ധ്യം അറിഞ്ഞു മടങ്ങി. ശബരിമലയില്‍ വാവര് സ്വാമിയുടെ ഇടം. സൗഹൃദത്തിന്റെയും മതാതീതമായ ദൈവികതയുടെയും തിരുനട. ശബരിമലയില്‍ കെട്ടുനിറച്ചെത്തുന്നത് ഹിന്ദുക്കള്‍ മാത്രമോ.

സൗദി അറേബ്യയില്‍ ചടങ്ങുകള്‍ക്ക് വിളക്ക് കൊളുത്താന്‍ അറബികള്‍ മടിക്കുന്നില്ലെന്ന് പത്രപ്രവര്‍ത്തക സുഹൃത്ത്.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ മതത്തിന്റെ അതിരുകള്‍ ലയിച്ചു ചേരുന്ന മാസ്മരിക അനുഭവം.
കണക്കില്ലാത്തതാണ് മതങ്ങളും മനുഷ്യനും തമ്മിലുള്ള ഒത്തു ചേരലിന്റെ വിസ്മയീ ഭാവങ്ങള്‍.
ജീവിതത്തിലുമതെ.

ബുഷ്‌റയുടെ വീട്ടിലെ ബിരിയാണിച്ചെമ്പില്‍ എനിക്കായി ഓരോഹരി എന്നുമുണ്ടായിരുന്നു. എന്റെ വീട്ടിലെ മാമ്പഴപുളിശ്ശേരിയുടെ സ്വാദ് അവളും മറന്നിട്ടില്ല. ഓരോ റംസാന്‍ കാലത്തും ഇഫ്ത്താര്‍ വിരുന്നൊരുക്കി കാത്തിരിക്കുന്ന എത്രയെത്ര കൂട്ടുകാരികള്‍. റംസാന്‍ പകലുകളുടെ വിശുദ്ധി ഉള്ളില്‍ നിറയുന്നത് പരമമായ പെരുളിനോടുള്ള ആദരവ് കൊണ്ട് മാത്രമല്ല, പ്രിയപ്പെട്ടവരുടെ വിശ്വാസത്തോടുള്ള ബഹുമാനം കൊണ്ട് കൂടിയാണ്: സൂഫിസത്തെ സ്‌നേഹിക്കുന്നത്, സൂഫി സംഗീതം കേള്‍ക്കുന്നത്, സൂഫി സാഹിത്യം വായിക്കുന്നത് - ആ താദാത്മ്യപ്പെടല്‍ മാനവികതയുമായുള്ള സന്ധിക്കലാണ്.

എത്രയോ മുസ്ലീം കൂട്ടുകാരികള്‍ അമ്പലങ്ങളില്‍ പോകാനും, പൊങ്കാലയിടാനുമൊന്നും മടിയില്ലാത്തവരാണ്. ഓണത്തിനവര്‍ പൂക്കളമിടാനും ഊഞ്ഞാലാടാനും സദ്യം ഒരുക്കാനുമൊക്കെ കൂടുന്നത് മതത്തിനെ മറന്നിട്ടല്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്ന അച്ഛന്‍ അമ്മയോട് പറയുന്നത് കുട്ടിയായിരിക്കുമ്പോഴേ കേട്ടിട്ടുണ്ട്: ''ലോകത്തെവിടെയായാലും മുസ്ലീം കൂട്ടുകാര്‍ സ്‌നേഹമുള്ളവരാണ്, നിഷ്‌ക്കളങ്കരാണ്, .''

എനിക്കും അനുഭവം മറിച്ചല്ല.സ്വഭാവികതയോടെ പെരുമാറാനും, ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനും ആവശ്യമുള്ളപ്പോള്‍ സഹായിക്കാനുമൊക്കെ സന്നദ്ധതയുള്ളവര്‍. നന്മയുള്ളവര്‍, സ്‌നേഹശീലര്‍. പര്‍ദ്ദക്കുള്ളിലെ നദീറയും നസ്‌റത്തും സുബൈദയുമൊക്കെ സ്‌നേഹത്തിന്റെ മഹാറാണികളാണ്. സഹജമായിത്തന്നെ സ്‌നേഹിക്കാനുള്ള കഴിവുള്ള എത്രയെത്ര പേര്‍. വിളക്ക് കൊളുത്തിയാലും ഇല്ലെങ്കിലും ജീവിതത്തിന് വെളിച്ചം നല്‍കുന്നവര്‍, പ്രതീക്ഷയേകുന്നവര്‍.

പലപ്പോഴും അക്രമപ്രവര്‍ത്തനങ്ങളുമായൊക്കെ ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അറസ്റ്റിലാവുമ്പോള്‍ ആലോചിച്ചു പോകാറുണ്ട്...എന്തു കൊണ്ട് ...എനിക്ക് പരിചയമുള്ള നന്മയുള്ള കൂട്ടുകാര്‍ക്കിടയില്‍ ഇവരും കാണുമോ..
മതം മനുഷ്യന്റെ ജീവിതത്തെ ഗുണകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സൃഷ്ടിക്കപ്പെട്ടതാണ്. മാനവികതയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ യഥാര്‍ത്ഥ മതത്തിന് കഴിയില്ല. ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് മതങ്ങള്‍. 'അനല്‍ഹഖ്' ഉം 'അഹം ബ്രഹ്മാസ്മി' യും 'നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക' യും ഒക്കെ അതിന്റെ ഉച്ചൈസ്തരഘോഷങ്ങളാണ്. ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നായി ആഘോഷിക്കുന്നതിലൂടെ കൈവരുന്നത് ആരോഗ്യം നിറഞ്ഞ സമൂഹമനസ്സാക്ഷിയാണ്.

അപകടകരമാം വിധം മതത്തിന്റെ ബാഹൃപ്രകടനപരതയില്‍ പെട്ടുപോയ ഒരു കാലത്തിലൂടെ കടന്നു പോവുകയാണ് ... വേഷങ്ങള്‍ക്ക് പോലും മതച്ഛായകള്‍ പേറുന്നത് ശീലമാക്കുന്ന യുവതലമുറ ഉള്ളിലുയര്‍ത്തുന്ന ആളല്‍ ചെറുതല്ല. എന്തിന്റെ പേരിലും വിഘടിക്കപ്പെടുന്നത് മനുഷ്യനന്മയ്ക്ക് ദോഷകരം തന്നെ. സങ്കുചിത ചിന്തകളില്‍ ഒരു സമൂഹത്തിന്റെ മൊത്തം സമാധാനവും സന്തോഷവുമാണ് ബലി കഴിക്കപ്പെടുന്നത്. സ്വാര്‍ത്ഥരായ കുറച്ചുപേരുടെ അജണ്ടകള്‍ ജയിക്കുന്ന കാഴ്ചയാണ് എവിടെയും. രാഷ്ട്രീയവും മതവും ഒന്നിപ്പിക്കുന്നതിനെക്കാള്‍ ഭിന്നിപ്പിക്കുമ്പോള്‍ ഗാന്ധിജിയും ലെനിനും മാര്‍ക്‌സും ക്രിസ്തുവും കൃഷ്ണനും നബിയും നിസ്സഹായരാവുന്നു. മതത്തിന്റെ ഏറ്റവും ദോഷകരവും അപകടകരവുമായ പ്രതിസന്ധികളെ നേരിടാനാവാതെ പൊതുസമൂഹം അമ്പരപ്പിലാണ്.

സാമ്പത്തികതാല്‍പ്പര്യങ്ങളുടെയും അധികാര നിര്‍വ്വചനങ്ങളുടെയും സ്വാര്‍ത്ഥപരമായ ഇടപെടലുകള്‍ വഴി മതത്തെ മനുഷ്യനെ വിഭജിപ്പിക്കാനും, വിരോധിപ്പിക്കാനുള്ള ഉപകരണമായി മാറ്റിയെടുക്കുന്ന പ്രവണതയാണ് സമീപകാല ദുരന്തം എന്ന് കുട്ടികള്‍ക്ക് പോലും അറിയാം. രാഷ്ട്രീയം മതത്തിന്റെ കച്ചവടക്കണക്കു മാത്രമായി എന്നോ മാറിപ്പോയിരിക്കുന്നു.

ആകെ അന്ധകാരം ബാധിച്ച ഈ അവസ്ഥയിലായതിനാലാകണം ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ക്ക് തെളിച്ച് കൂടുന്നത്. ഇത്തരം ഒരു പ്രസ്താവന പോലും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും നമ്മുടെ പൊതു ജീവിതത്തില്‍ മറ്റെന്നെത്തെക്കാളും മതം സ്വാധീനിക്കുന്നതിനാല്‍ ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയേറുന്നു.

സ്വകാര്യ ജീവിതങ്ങളിലും സൗഹൃദ ബന്ധങ്ങളിലും ഒരിക്കലും പ്രാധാന്യം കണ്ടെത്താറില്ലെങ്കിലും പൊതു ജീവിതത്തിന്റെ ഭൂമികയെ വിഷലിപ്തമാക്കിക്കൊണ്ട് എപ്പോഴും മതം കടന്നു വരുന്നുണ്ട്. വിളക്ക് കത്തിക്കുന്നതോ, ഓണം ആഘോഷിക്കുന്നതോ അല്ല യഥാര്‍ത്ഥ പ്രശ്‌നം, മനുഷ്യനും മനുഷ്യനും തമ്മില്‍ മതം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാവുക എന്നതാണ്.....

സ്‌നേഹം നിറഞ്ഞ എന്റെ മുസ്ലീം കൂട്ടുകാര്‍ എക്കാലവും എന്നോടൊപ്പം ഉണ്ടാവണം എന്നതാണ്. നല്ല നല്ല ചിന്തകളുടെ വിളക്കുകള്‍ തെളിയുമ്പോഴേ മനസ്സുകളുടെ അന്ധകാരം മാറുകയുള്ളു, ഇരുട്ടിനെ ഇല്ലാതാക്കാന്‍ വിളക്കുകള്‍ക്ക് മാത്രമേ കഴിയൂ, പ്രതീകാത്മകമായി അവ കത്തിക്കുകയോ, കത്തിക്കാതിരിക്കുകയോ ചെയ്യാം. മനസ്സില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളക്കുകള്‍ തെളിഞ്ഞു കത്തുന്നതിനാണ് ആഘോഷ കാലങ്ങള്‍. ആ വികാരങ്ങള്‍ ഒരു മതത്തിനും കുത്തകയല്ല, മനുഷ്യകുലത്തിന്റെ സഹജഭാവങ്ങളാണ്.
ഓണത്തിന്റെ നാളുകളില്‍ നിലവിലുള്ള സമൂഹസമവായങ്ങള്‍ക്ക് പൊളിച്ചെഴുത്ത് സാദ്ധ്യമാവുന്ന ചിന്തകള്‍ ഉണ്ടാവുന്നതില്‍ സന്തോഷം തോന്നുന്നത് എനിക്ക് മാത്രമാവില്ല..

വീടുകളില്‍ നിന്ന് ഓഫീസുകളിലേക്കും റസിഡന്റ്‌സ് ആസോസിയേഷനുകളിലേക്കും, ക്ലബ്ബുകളിലേക്കും മറ്റ് പൊതുഇടങ്ങളിലേക്കുമൊക്കെ ഓണം കടന്നു വന്ന കഴിഞ്ഞ കാലത്ത്, ഒരു മതത്തിന്റെയും പരിധിയിലൊതുങ്ങാതെ ആഘോഷിക്കപ്പെടാനുള്ള ഒരു കേരളീയ ഉത്സവമായി ഓണത്തെ പരിഗണിക്കാനുള്ള ഏതു ശ്രമവും നന്മയുടെ വെട്ടം തെളിക്കും.

ഓണം മാത്രമല്ല പെരുന്നാളുകളും ക്രിസമസും മറ്റ് ആഘോഷങ്ങളുമൊക്കെ ഒരുമിച്ച് ആഘോഷിക്കുന്ന സമൂഹമാണ് യഥാര്‍ത്ഥ മനുഷ്യസമൂഹം..സ്വപ്നം പോലും സുന്ദരമാകുന്നു അത്തരം സന്കല്പങ്ങളില്‍...

വിളക്കുകള്‍ വെളിച്ചമാണ് നല്‍കുന്നത്..വെളിച്ചം വെളിച്ചം മാത്രമാണ്.അത് നിലവിളക്കില്‍ നിന്നോ മെഴുകുതിരിയില്‍ നിന്നോ സൂര്യനില്‍ നിന്നോ ഒരു കുഞ്ഞു മിന്നാമിന്നിയില്‍ നിന്നോ ആകാം..എവിടെ നിന്നായാലും ഏതു വെളിച്ചവും സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്..


binakanair@gmail.com