MATHRUBHUMI RSS
Loading...

മനസ്സിന് മരിക്കണം
കെ.എ.ബീന

കഴിഞ്ഞ ദിവസങ്ങളില്‍ ഒരേയൊരു ദൃശ്യമാണ് തലയ്ക്കുള്ളില്‍ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു ഇറച്ചിക്കട. അവിടെ വലിയൊരു തടിപ്പുറത്ത് കിടക്കുന്നൊരാള്‍ - ആഞ്ഞാഞ്ഞു വീഴുകയാണ് വടിവാള്‍. കൊത്തിനുറുക്കപ്പെടുകയാണ്, കഷ്ണം കഷ്ണമാക്കപ്പെടുകയാണ്. ഒരിക്കലും അവസാനിക്കാതെ ആ വടിവാള്‍ അരിഞ്ഞു കൊണ്ടേയിരിക്കുകയാണ്. ആ ഇറച്ചിക്കഷണങ്ങള്‍ വാങ്ങാന്‍ ഒരുപാട് പേരെത്തിയിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് വേണ്ടത്രയും ഓരോ കൊടിക്കുള്ളില്‍ വാങ്ങി പൊതിഞ്ഞു മടങ്ങിപ്പോയി. ഇറച്ചിക്കഷണങ്ങള്‍ക്ക് ആകെയുള്ള പേര് ടി.പി.ചന്ദ്രശേഖരന്‍.

ഇറച്ചിവെട്ടുകാരന്റെ തടിപ്പുറത്ത് ആരും കൊണ്ടു പോകാതെ കിടന്ന ഒരു മനസ്സും കുറെ ഓര്‍മ്മകളുമുണ്ടായിരുന്നു. ഭാര്യയും മകനും അതെടുത്തു കൊണ്ട് പോയി. സ്‌നേഹം കൊണ്ടുണ്ടാക്കിയ ഒരു പെട്ടിക്കകത്ത് ഭദ്രമായി വച്ചു. അവര്‍ക്കായി എന്നെന്നേക്കും ബാക്കിയുള്ളത്. ഹൃദയങ്ങളില്‍ നിലാവെളിച്ചം അവശേഷിക്കുന്ന കുറേപ്പേര്‍ അയാളുടെ വാക്കുകളെ, പ്രവൃത്തികളെ ഓര്‍ത്തുവച്ചു, നാളത്തെ വീരചരിത്രത്തിന്റെ ഏടുകളാക്കാന്‍.

കണ്ണുകളില്‍ നിന്ന് ടി.വിയില്‍ കണ്ട നുറുക്കപ്പെട്ട മനുഷ്യന്റെ ദൃശ്യം മായ്ച്ചു കളയാന്‍ എത്ര ദിവസമാണ് വേണ്ടി വരികയെന്നോര്‍ത്ത് തളര്‍ന്നിരിക്കുന്നു ഞാന്‍. ഒറ്റയ്ക്കല്ല, കേരളമാകെ അതൊന്ന് മാഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാണ്. പതുക്കെ പതുക്കെ അതങ്ങ് മറഞ്ഞു പോകും, മറന്നു പോകും. പിന്നെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പോ, ഗണേശന്റെ മന്ത്രിസ്ഥാനമോ മറ്റു നൂറുനൂറു വിഷയങ്ങള്‍ കടന്നെത്തും. നമ്മളിക്കാലം വരെ നിലനിന്നു പോയത് അങ്ങനെയാണ്. കശ്മീര്‍,അസം, മണിപ്പൂര്‍, മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇപ്പോള്‍ ഒഡീഷ മേഖലയും - മനുഷ്യക്കുരുതികളുടെ പാപത്തറകളിലെ രക്തം കാണുമ്പോള്‍ ഉള്ള് ആശ്വസിക്കും, നമുക്കില്ലല്ലോ കൊലമനസ്സുകള്‍, നമുക്ക് ഉറങ്ങാമല്ലോ സ്വസ്ഥമായി.

പക്ഷെ, തെറ്റിപ്പോകുന്നു, ഉള്‍ക്കിടിലങ്ങളില്‍ നടുങ്ങുന്നു കേരള മനസ്സും. ഉണ്ണാനാവാതെ ഉറങ്ങാനാവാതെ ,ചുറ്റുമുയരുന്ന കൊലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ കാത് പൊത്തി....കണ്ണുകളടച്ച്...

ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം, മനുഷ്യസ്‌നേഹത്തിന്റെ, മഹാകാരുണ്യത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍. വടകര കൈനാട്ടിക്കടുത്ത് വള്ളിക്കാട്ട് എന്ന ഗ്രാമത്തിലെ ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് ഇറച്ചിക്കഷണങ്ങളായി പരിണമിക്കുന്നത് കണ്ടപ്പോള്‍, വായിച്ചപ്പോള്‍, മനുഷ്യത്വം, കാരുണ്യം, സ്‌നേഹം, വിശ്വാസം - പല വാക്കുകള്‍ക്കും അര്‍ത്ഥമില്ലാതായി പോയി. ഇതിനു മുമ്പും ഇങ്ങനൊക്കെ - ഉണ്ട്, ഓരോ തവണയും ഒക്കെ മറന്ന് ഫീനിക്‌സിനെപ്പോലെ സമൂഹമനസ്സാക്ഷി മടങ്ങി വന്നിട്ടുമുണ്ട്. കേരളത്തിന്റെ മണ്ണിലും മനസ്സിലും ആഴത്തില്‍ വേരോടിപ്പോയതാണ് രാഷ്ട്രീയം. അതില്‍ നിന്ന് നന്മയുടെ മൂല്യങ്ങള്‍ ഇറങ്ങിപ്പോയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നത് ഒരനുഭവമല്ല. രാഷ്ട്രീയ വൈരത്തിന്റെ ജനിതക സ്വഭാവം, കൊല്ലും കൊലയുമാണെന്ന് വളരുന്ന തലമുറയോട് പറയാന്‍ ഞങ്ങള്‍ക്ക്, ഇവിടുത്തെ സ്ത്രീകള്‍ക്ക് വയ്യ.

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമ പറയുന്നു:

''കൊല്ലാനല്ലേ കഴിഞ്ഞുള്ളൂ, തോല്‍പ്പിക്കാനായില്ലല്ലോ.''

അതെ കൊലയിലൂടെ കൊല്ലാന്‍ മാത്രമേ കഴിയൂ, തോല്‍പ്പിക്കപ്പെടുന്നത് മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണ്. നാമിനിയും ജീവിക്കേണ്ട ഈ നാട്, ഈ സമൂഹം വാസയോഗ്യമല്ലെന്ന തിരിച്ചറിവോടെ ജീവിക്കേണ്ടി വരുന്ന നമ്മളാണ് തോല്‍പ്പിക്കപ്പെടുന്നത്.
മരിച്ച വ്യക്തിയെക്കുറിച്ച്, അയാളുടെ നന്മകളെക്കുറിച്ച്, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് - നമുക്കെല്ലാം അറിയുന്ന അക്കാര്യങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്നത്, ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരു കാണാത്ത അസഹിഷ്ണുതയും ക്രിമിനല്‍ മനോഭാവങ്ങളുമാണ്.

ഇങ്ങനെ പൈശാചികമായി കൊല ചെയ്യാന്‍ മാത്രം നിഷ്ഠൂരത ഇവിടുത്തെ മനുഷ്യന്റെ മനസ്സിലുണ്ടെങ്കില്‍, ഹിറ്റ്‌ലറും, പോള്‍പോട്ടും, ഇദി അമീനുമൊക്കെയാണ് നമ്മുടെ ചുറ്റുമുള്ളവരെങ്കില്‍, ഇതാരുടെ പരാജയം?

ഇവിടുത്തെ അമ്മയുടെ, സ്ത്രീയുടെ പരാജയം എന്ന് പറയാന്‍ മടി തോന്നുന്നില്ല. കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരനെക്കാള്‍, ഇവിടുത്തെ അമ്മമാരുടെ നെഞ്ചില്‍ കനലാവുന്നത് കൊല ചെയ്ത വരെക്കുറിച്ചുള്ള ചിന്തകളാണ്. ന്യായീകരിക്കാനാവില്ലെങ്കിലും തീവ്രവാദികളുടെ, മാവോയിസ്റ്റുകളായ അക്രമികളുടെ അമ്മമാര്‍ക്ക് അവരെക്കുറിച്ചോര്‍ത്ത് വേണമെങ്കില്‍ അഭിമാനിക്കാം, സഹജീവികളുടെ നന്മയ്ക്കായി ആയുധമെടുക്കുന്നുവെന്ന്.

പക്ഷെ, ഇന്ന് കേരളത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങള്‍ക്ക്, വൈരം തീര്‍ക്കലുകള്‍ക്ക് ഏതമ്മയ്ക്കാണ് ന്യായീകരണം നല്‍കാനാവുക. സ്വന്തം ഉദരത്തില്‍ ഇങ്ങനൊരു മകന്‍ പിറന്നു പോയല്ലോ എന്ന് പഴിക്കുകയല്ലാതെ ആ അമ്മമാര്‍ക്ക് മറ്റെന്താണ് പോംവഴി? അവരുടെ കണ്ണുകളും നിറയുന്നുണ്ടാവും, കൊത്തി നുറുക്കപ്പെട്ട മനുഷ്യശരീരങ്ങള്‍ കാണുമ്പോള്‍, അത് ചെയ്തത് സ്വന്തം മകനാണെന്ന് അറിയുമ്പോഴും.

നമ്മുടെ രാഷ്ട്രീയത്തിന്, നമ്മുടെ സമൂഹത്തിന് ഒറ്റ മുഖമേയുള്ളൂ, ഒരു ഭാവവും ചിന്തയുമേയുള്ളൂ. പുരുഷ ഭാവം, പുരുഷ മുഖം, പുരുഷ ചിന്ത. കീഴടക്കാനും, വെട്ടിപ്പിടിക്കാനും, വെല്ലു വിളിക്കാനും, കൊല്ലാനും കൊല്ലിക്കാനുമൊക്കെ തയ്യാറുള്ള ആ മനോഭാവം ആണ് ഇത്തരത്തിലൊക്കെ ചെയ്തു കൂട്ടുന്നത്. നമ്മുടെ സജീവ രാഷ്ട്രീയത്തിനും പൊതു ജീവിതത്തിനും തികച്ചും അന്യമാണ്, സ്ത്രീ ഭാവം, സ്ത്രീ മുഖം, സ്ത്രീ ചിന്ത. 50% സംവരണത്തിലൂടെയൊക്കെ അടച്ചു പൂട്ടിക്കിടന്ന വാതിലുകള്‍ തുറന്ന് സ്ത്രീകള്‍ കടന്നെത്തിയെങ്കിലും കാലാകാലങ്ങളായി നിലനില്‍ക്കുന്ന പുരുഷകാഴ്ച്ചപ്പാടുകളില്‍ ഒരു ചലനം പോലും ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

പ്രപഞ്ചം സ്ത്രീ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സന്തുലനത്തിനാണ്. എന്തിനും, ഏതിലും - നമ്മുടെ രാഷ്ട്രീയം സന്തുലിതമാകണമെങ്കില്‍ സ്ത്രീയുടെ മനസ്സ് കൂടി അവിടെ ഉണ്ടായേ പറ്റൂ. ഇപ്പോള്‍ രാഷ്ട്രീയത്തിലുള്ള സ്ത്രീകള്‍ക്ക് മിക്കപ്പോഴും പുരുഷമനസ്സും നിലപാടുകളും സ്വീകരിക്കേണ്ടി വരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്ത്രീക്ക് സ്വന്തമായ, അമ്മയുടെ കരുത്തായ മൂല്യങ്ങള്‍ കടുത്ത പുരുഷാധിപത്യത്തില്‍ ഞെരിഞ്ഞു പോകുന്നു. വളരെ കുറച്ചു പേര്‍ക്കേ സ്ത്രീയായി നിന്ന് നിലപാടുകള്‍ വ്യക്തമാക്കാന്‍ കഴിയുന്നുള്ളൂ.

അക്രമത്തിന്റെ, കൊല്ലിന്റെ, കൊലയുടെ വഴികളിലേക്ക് , സ്‌നേഹത്തിന്റെ, കരുതലിന്റെ, പ്രതിപക്ഷ ബഹുമാനത്തിന്റെ ഒക്കെ മരുന്നുകളുമായി സ്ത്രീകള്‍ കടന്നെത്തേണ്ട കാലം കഴിഞ്ഞു.

കുറച്ചു നാള്‍ മുമ്പ് കൊടുങ്ങല്ലൂര്‍ ചോരക്കളമായപ്പോള്‍ അവിടുത്തെ 'അമ്മ' മാര്‍ ഉത്തരവാദിത്ത്വമേറ്റെടുത്തത് ഓര്‍മ്മ വയ്ക്കാം. മറ്റൊരും പോംവഴിയുമില്ല ഈ പോര്‍ക്കളത്തില്‍.

അന്ധരാണ് മക്കള്‍, അമ്മമാര്‍ കണ്ണു കെട്ടിയിരിക്കുന്ന ഗാന്ധാരിമാര്‍ -

നമ്മള്‍ കണ്ണുകള്‍ കെട്ടി മാറിയിരുന്നാല്‍ നഷ്ടമാകുന്നത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കാണ് - ആകെ തകര്‍ത്ത് തരിപ്പണമാക്കുന്നതിന് മുമ്പ് കണ്ണുകളിലെ കെട്ടുകള്‍ അഴിച്ച് നമുക്ക് യുദ്ധരംഗത്തേക്ക് കടന്നു ചെല്ലാം. വടിവാളുകളും ബോംബുകളും പിടിച്ചെടുത്ത് നെല്‍ക്കറ്റകളും പണിയായുധങ്ങളും നല്‍കാം. അടുക്കളകളില്‍ രാപകലുകള്‍ സ്വന്തമില്ലാതെ നമ്മള്‍ ഉണ്ടാക്കിക്കൊടുത്ത ആഹാരം കഴിച്ച് വളര്‍ന്ന മക്കളോട് ജീവിക്കാന്‍, സ്‌നേഹിക്കാന്‍ ക്രിയാത്മകമായ സമൂഹത്തെ ഇവിടെ സൃഷ്ടിക്കാന്‍ രാഷ്ട്രീയം സ്ത്രീ കാഴ്ച്ചപ്പാടിലേക്ക് മാറ്റിയെടുക്കാന്‍ നിര്‍ബ്ബന്ധിക്കാം. പോസിറ്റീവ് അതിജീവനം, ക്ഷമിക്കാനുള്ള കഴിവ്, ഉള്ളത് കൊണ്ട് ഓണം പോലെ കൂടാനുള്ള കഴിവ്, ഇങ്ങനെ എന്തെല്ലാമാണ് ആവശ്യമായിരിക്കുന്നത്.

കേരളത്തിന് എന്തു പറ്റി എന്ന് ഓരോ സംഭവത്തിലും ചോദിക്കേണ്ടി വരുന്നത് സ്ത്രീയില്ലാത്ത രാഷ്ട്രീയ - സമൂഹ സൃഷ്ടി കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. ബിവറേജസ് കോര്‍പ്പറേഷന്‍ കോടികള്‍ ലാഭമുണ്ടാക്കുമ്പോഴും നമ്മുടെ അടുക്കളകളില്‍ തീ പുകയുന്നത്, കുഞ്ഞുങ്ങള്‍ പഠിക്കുന്നതും വളരുന്നതുമൊക്കെ മാറ്റി നിര്‍ത്തപ്പെടുന്ന ഈ സ്ത്രീ കരുത്തു കൊണ്ടാണ്. കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളുമൊക്കെ സ്ത്രീയുടെ സാന്നിദ്ധ്യം പൊതുജീവിത്തില്‍ എങ്ങനെയാണ് പ്രതിഫലിപ്പിച്ചത് എന്ന് നാം കണ്ടു. ഇനി നമുക്ക് ഭരണത്തിന്റെയും, അധികാരത്തിന്റെയും ഇടങ്ങളിലേക്ക് കൂടി പരീക്ഷിച്ചു നോക്കാം. (പുരുഷ രാഷ്ട്രീയം കളിക്കുന്ന ജയലളിത, മമത, മായാവതി തുടങ്ങിയ പേരുകള്‍ ഉയര്‍ത്തി വാദിക്കാനെത്തുന്നവരെ ഞാന്‍ കാണുന്നുണ്ട്).പുരുഷ നിലപാടുകള്‍ തത്തമ്മേ പൂച്ച എന്നു പറയുന്ന സ്ത്രീ രാഷ്ട്രീയമല്ല, പൂര്‍ണ്ണമായും സ്ത്രീ കേന്ദ്രീകൃതമായ നിലപാടുകള്‍ സ്വീകരിക്കാനാവുന്ന ഒരു കാഴ്ച്ചപ്പാടിലേക്ക് രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും കൊണ്ടു വരാം.


ഒരു പരീക്ഷണത്തിനെങ്കിലും പുരുഷന്മാര്‍ കുറച്ചുകാലം സ്ത്രീകളെ രാഷ്ട്രീയം ഏല്‍പ്പിക്കുക. സ്ത്രീകള്‍ അവരുടെ അമ്മ മനസ്സുകള്‍ കൊണ്ട് മാത്രം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക..കുടുംബം മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ നല്‍കിവരുന്ന സഹനവും ക്ഷമയും കരുതലുമൊക്കൊ സമൂഹത്തിലേക്കുമെത്തിക്കുക.

എന്നിട്ടും തുന്നിച്ചേര്‍ക്കാനാവാത്ത വിധം മുഖങ്ങളില്‍ വെട്ടേറ്റ് മനുഷ്യജീവികള്‍ വകവരുത്തപ്പെടുന്നുവെങ്കില്‍, അക്രമവും അധികാര പ്രവണതയും അവസാനിക്കുന്നില്ലെങ്കില്‍ നമുക്കീ നാട്ടിലെ മനോരോഗ വിദഗ്ധരെ മുഴുവന്‍ വിളിചു കൂട്ടി ചികിത്സ നിര്‍ദ്ദേശിക്കാന്‍ പറയാം. ഒരു ഇറച്ചിവെട്ടുശാലയായി കേരളം പരിണമിക്കാതിരിക്കാന്‍ നമ്മള്‍ എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ?

ഇത് എഴുതി നിര്‍ത്തി ടി വി ഒന്നു കാണാന്‍ പോയി..ആലപ്പുഴയില്‍ പത്താം കളാസ്സുകാരന്‍ സ്‌കൂളിനുള്ളില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ ...

..കണ്ണേ മടങ്ങുക..മനസ്സേ മറക്കുക..മനുഷ്യത്വമേ മരവിക്കുക...

binakanair@gmail.com