MATHRUBHUMI RSS
Loading...

കൂട്ടിയാലും കുറച്ചാലും പൂജ്യംസന്ദീപിന്റെ അമ്മയും അനിയത്തിയും പാതിരാത്രി ഓടിക്കിതച്ചെത്തിയത് കണ്ട് ഞാനന്തിച്ചു.

''അച്ഛന്‍ വീട്ടിലില്ല, ചേട്ടന്‍ ഞങ്ങളെ കൊല്ലാന്‍ വരികയാ. വീട് പുറത്ത് നിന്ന് പൂട്ടി ഞങ്ങളോടി വന്നതാണ്. എന്തു ചെയ്യണം എന്നറിയില്ല''.

സന്ദീപിന്റെ അസ്വസ്ഥതകള്‍ കുറെ നാളായി അറിയുന്നു, കേള്‍ക്കുന്നു.... പക്ഷെ, ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ഓര്‍ത്തിരുന്നില്ല. സൈക്കിയാട്രിസ്റ്റിനെ കണ്ട് മരുന്നുകള്‍ വാങ്ങി അവനറിയാതെ ജ്യൂസിലും ചായയിലുമൊക്കെ കലക്കി കൊടുക്കുകയാണ് ആ അച്ഛനമ്മമാര്‍. പ്രശ്‌നമെല്ലാം തുടങ്ങിയത് എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷകളില്‍ തോറ്റു തുടങ്ങിയതോടെയാണ്. പഠിക്കാന്‍ ശരാശരിക്കാരനായിരുന്നു സന്ദീപ്. എഞ്ചിനീയറായേ തീരൂ എന്നൊന്നും അവനില്ലായിരുന്നു, മകന്‍ എഞ്ചിനീയര്‍ ആയേ തീരൂ എന്ന വാശി അച്ഛനമ്മമാര്‍ക്കായിരുന്നു, അതിനനുസരിച്ച് അവനും എന്‍ട്രന്‍സ് കോച്ചിംഗിനും ട്യൂഷനുമൊക്കെ ചേര്‍ന്ന് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടത്തി.

പക്ഷെ, അത്ര വലിയ ഫലമൊന്നും ഉണ്ടായില്ല, 16,000 ത്തിലെത്തിയതേയുള്ളു റാങ്ക്. പണം കൊടുത്ത് മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ വാങ്ങാമെന്ന് തീരുമാനിച്ചതും അച്ഛനമ്മമാര്‍. പി.എഫ് ലോണെടുത്ത് അച്ഛന്‍ വന്നു, അമ്മ നല്ല കോളേജ് തെരഞ്ഞെടുത്ത് ചേര്‍ത്തു. പക്ഷെ, പഠിക്കേണ്ടത് സന്ദീപല്ലെ. എഞ്ചിനീയറിംഗ് സിലബസ്സും പരീക്ഷകളും അവന് മുന്നില്‍ പലപ്പോഴും വഴിതടഞ്ഞു നിന്നു. ഓരോ സെമസ്റ്ററിലും തോറ്റ പേപ്പറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ കോഴ്‌സ് തീര്‍ന്നപ്പോള്‍ 38 സപ്ലിമെന്ററി പേപ്പറുകളുമായി എഞ്ചിനീയറിംഗ് പഠനം അവന് മുന്നില്‍ ഹിമാലയം പോലെ നിന്നു.

സന്ദീപ് തകരാന്‍ തുടങ്ങി. പരീക്ഷകള്‍ പാസ്സാകാന്‍ കഴിയില്ലെന്ന ബോധം അവനെ തളര്‍ത്തി. ഒരു ഡിഗ്രി പോലുമില്ലാതെ മുന്നോട്ടുള്ള പോക്ക് എങ്ങനെ എന്നവന് ആധിയായി. അച്ഛനമ്മമാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാതെ പോകുന്നതിലുള്ള കുറ്റബോധം വേറെ. മുന്നോട്ടൊരു വഴിയും കാണാതെ 22-ാം വയസ്സില്‍ സന്ദീപ് നിരാശയിലേക്ക് കൂപ്പുകുത്തി. അച്ഛനമ്മമാര്‍ക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പൊലിയുന്ന സ്വപ്നങ്ങള്‍ അവര്‍ക്ക് നോവായി. അവര്‍ അവനെ പഴിച്ചു. തോറ്റതില്‍ ചീത്ത പറഞ്ഞു. ജോലിക്ക് പോകാനാവാത്തതില്‍ പണം കൊയ്യാമെന്ന പ്രതീക്ഷകള്‍ തകര്‍ത്തതില്‍ ശപിച്ചു. അവര്‍ക്ക് മുന്നില്‍ സമൂഹം പല്ലിളിച്ച് നിന്നു.
സന്ദീപ് വീട്ടില്‍ നിന്ന് പുറത്തു പോകാതെയായി. കൂട്ടുകാരുമായി മിണ്ടാതെയായി. ടി.വിക്കു മുന്നില്‍ കുത്തിയിരുന്ന്, കിടക്കിയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നവന്‍ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ കടത്തി വിട്ടു.

പൂര്‍ണമായ നിരാശയിലേക്ക് അവന്‍ പതിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ഇടപെടാതെ വയ്യാന്നായി.

വീണ്ടും കോളേജില്‍ ചേര്‍ന്ന് ആര്‍ട്‌സ് വിഷയങ്ങളിലേതിലെങ്കിലും ബി.എ ഡിഗ്രിയെടുക്കാന്‍ അവര്‍ സന്ദീപിനെ ഉപദേശിച്ചു. മുതിര്‍ന്നു കഴിഞ്ഞ് പ്ലസ്ടൂക്കാര്‍ക്കൊപ്പം പഠിക്കാന്‍ സന്ദീപ് തയ്യാറായിരുന്നില്ല. പഠിക്കുക എന്നത് അസാദ്ധ്യമായ ഒരു മാനസികാവസ്ഥയിലേക്ക് അവന്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞിരുന്നു താനും.

ഡിപ്രഷന്‍, വയലന്‍സ്, ആത്മഹത്യാ പ്രവണത - സന്ദീപ് കൂപ്പുകുത്തുകയായിരുന്നു. സൈക്കിയാട്രിസ്റ്റിന്റടുത്തേക്ക് പോകാന്‍ തയ്യാറാകാത്ത സന്ദീപിന് വേണ്ടി അച്ഛനമ്മമാര്‍ കയറിയിറങ്ങുകയാണ്, മരുന്നുകള്‍ മാറി മാറി നല്‍കുകയാണ്, അവനറിയാതെ.
''ഇതൊരൊറ്റ സന്ദീപിന്റെ കഥയാണെന്ന് കരുതി വിഷമിക്കേണ്ട, ഇത്തരം അവസ്ഥയുള്ള ധാരാളം കുട്ടികള്‍ ഇന്നുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളിലും മെഡിക്കല്‍ കോളേജുകളിലും പഠനം പൂര്‍ത്തിയാക്കാനാവാതെ പോകുന്നവരില്‍ ഏറെയും ഡിപ്രഷന്‍ ചികിത്സയിലാണ്''.

സൈക്കിയാട്രിസ്റ്റ് ആശ്വസിപ്പിക്കുന്നത് അതു പറഞ്ഞാണ്.

ഞാനും അവരോട് അതു തന്നെ പറഞ്ഞു. വെറുതെ പറഞ്ഞതല്ല, ഈയാഴ്ച തന്നെ കേട്ട ഇത്തരത്തിലുള്ള മൂന്നാമത്തെ കഥയായിരുന്നു സന്ദീപിന്റേത്.

ഐ.ടി കമ്പനികളിലും മറ്റും ലക്ഷക്കണക്കിന് ശമ്പളം വാങ്ങുന്ന യുവത്വത്തിന്റെ കഥകള്‍ക്കൊപ്പം ഇത്തരം കഥകളും കൂടി ചേര്‍ത്തു വയ്‌ക്കേണ്ടിയിരിക്കുന്നു, സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ സംഭാവനകളായും നമുക്കിവരെ കണക്കാക്കാം.

പണ്ട് പണ്ട് എന്നു വച്ചാല്‍ സ്വാശ്രായ കേളേജുകള്‍ വരുംമുമ്പ് ഏറ്റവും മിടുക്കരായവര്‍ക്ക് പഠിക്കാനാവുന്ന, ഒരുപാട് താല്പര്യത്തോടെ മാത്രം പഠിക്കാന്‍ കഴിയുന്ന പ്രൊഫഷനുകളായിട്ടാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലകള്‍ കരുതപ്പെട്ടിരുന്നത്. കേരളത്തില്‍ പരിമിതമായ സീറ്റുകള്‍ മാത്രമുള്ള ഈ കോഴ്‌സുകളില്‍ പ്രവേശനം കിട്ടുക ബുദ്ധിമുട്ടാണെന്നായപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ അയല്‍ സംസ്ഥാനങ്ങളിലെ കേളേജുകളില്‍ വമ്പിച്ച ക്യാപ്പിറ്റേഷന്‍ ഫീസ് നല്‍കി മക്കളെ പഠിപ്പിക്കാന്‍ തുടങ്ങി.

കുറെ നാള്‍ അതിനെതിരെയുള്ള സമരവാചക കോലാഹലമായിരുന്നു. പിന്നീടാണ് ബുദ്ധിയുള്ളവര്‍ കണ്ടുപിടിച്ചത് - കേരളത്തില്‍ സ്വാശ്രയ മേഖല ആരംഭിക്കുക.

മുക്കിലും മൂലയിലും തുടങ്ങി പ്രൊഫഷനല്‍ കോളേജുകള്‍. എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ പണ്ടത്തെ പാരലല്‍ കോളേജുകള്‍ പോലെ നാടു നിറഞ്ഞു. അച്ഛനമ്മമാരുടെ സ്വപ്നങ്ങള്‍ പേറി ഒരുവിധം പഠിക്കുന്ന കുഞ്ഞുങ്ങളൊക്കെ ഈ കോളേജുകളിലേക്ക് വന്നു ചേര്‍ന്നു. സംസ്ഥാനത്തെ ആട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ കോഴ്‌സുകളില്‍ കുട്ടികളെ കിട്ടാതായി, കിട്ടിയവരുടെ നിലവാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു.... ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ ആര്‍ക്കും വേണ്ടാതായി. അച്ഛനമ്മമാര്‍ അതൊന്നും കണ്ടില്ല, കേട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ്, ട്യൂഷന്‍, എഞ്ചിനീയറിംഗ് അഡ്മിഷന്‍, മെഡിസിന്‍ അഡ്മിഷന്‍ - ജീവിതം അതിന്മേല്‍ മാത്രം തിരിഞ്ഞു കറങ്ങി പക്ഷെ, പലരും വൈകി തിരിച്ചറിഞ്ഞു - പ്രൊഫഷണല്‍ ഡിഗ്രി - അത് ഒരു കടമ്പ തന്നെ.
സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിജയ ശതമാനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളൊക്കെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത് അസ്വസ്ഥകരമായ കണക്കുകളാണ്. 60% ത്തിലേറെ കുട്ടികളും പരീക്ഷയില്‍ ജയിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ അച്ഛനമ്മമാര്‍ ഈ പഠനങ്ങളോ, കണക്കുകളോ മുഖവിലയ്‌ക്കെടുക്കുന്നുണ്ടോ എന്ന് സംശയമാണ്.

പല മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഒന്നാം വര്‍ഷ പരീക്ഷ പാസാവാന്‍ തന്നെ 5 ഉം 6 ഉം വര്‍ഷങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ മല്ലിടുന്നു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് നൊന്ത് പോവുന്നു. 38 ഉം 40 ഉം സപ്ലിമെന്ററികള്‍ എഴുതാന്‍ ബാക്കിയാക്കി ജീവിതം ഒരു പാഴ്‌വാക്കെന്ന് കണക്കാക്കി നശിക്കുന്ന എത്രയേറെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍!

നൃത്തം ചെയ്യാനിഷ്ടപ്പെടുന്ന ഒരു കൂട്ടുകാരനുണ്ട് എന്റെ മകന്‍ അപ്പുവിന്. സ്വന്തമായി നൃത്താവിഷ്‌ക്കാരം നടത്താനും നൃത്തപരിപാടികള്‍ നടത്താനും മിടുക്കന്‍. ഒരുപാട് നിര്‍ബ്ബന്ധിച്ച് അച്ഛനമ്മമാര്‍ അവനെ ചേര്‍ത്തു എഞ്ചിനീയറിംഗിന്. പൂര്‍ണ പരാജയം ഏറ്റുവാങ്ങി അവന്‍ വീട്ടിലിരിക്കുന്നു. അവന്റമ്മയോട് ഞാന്‍ പറഞ്ഞു നോക്കി.

''അവനെ മൂംബൈയിലോ, ചെന്നൈയിലെ വിടൂ. അവന്‍ നൃത്തം പഠിച്ച് അവന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ''.
''എഞ്ചിനീയറിംഗ് പരീക്ഷകള്‍ മുഴുവന്‍ പാസായി ഡിഗ്രിയെടുത്ത് വരട്ടെ. എന്നിട്ട് വിടാം. എഞ്ചിനീയറാകാതെ അവനെ മറ്റൊന്നിനും വിടില്ല''.

ഈ ജന്മം അവന്‍ എഞ്ചിനീയറിംഗ് ഡിഗ്രി എടുക്കില്ലെന്ന് ഉറപ്പാണ്, പക്ഷെ അവന്റെ അച്ഛനമ്മമാര്‍ക്ക് അവരുടെ ''സ്റ്റാറ്റസ്'' സംരക്ഷിക്കാതെ വയ്യല്ലോ.

ഐടി മേഖലകളിലെ തൊഴില്‍ സാധ്യതാ വര്‍ദ്ധനയും, വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരങ്ങള്‍ കൂടിയതുമൊക്കെ പ്രൊഫഷണല്‍ മേഖലയോടുള്ള താല്പര്യം കൂടുന്നതിന് കാരണമായിട്ടുണ്ട്. സമൂഹം ഇത്തരം ജോലികള്‍ക്ക് നല്‍കുന്ന അമിതമായ ആരാധനയും അച്ഛനമ്മമാരുടെയും കുട്ടികളുടെയും സ്വപ്നങ്ങള്‍ക്ക് ഏകദിശ നല്‍കുന്നു. പലപ്പോഴും കുട്ടികള്‍ തന്നെ തീരുമാനിക്കുന്നു എഞ്ചിനീയറാകണം, ഡോക്ടറാകണമെന്ന്. സഹപാഠികളും, സുഹൃത്തുക്കളും, സമൂഹവും സൃഷ്ടിച്ചെടുക്കുന്ന ചിന്താസരണികളില്‍പെട്ട് ഈ തീരുമാനത്തിലേക്ക് എത്തുന്നവരും ഏറെയുണ്ട്.

30 ഉം 40 ഉം ലക്ഷം രൂപ കൊടുത്ത് (അഡ്മിഷന്‍ വാങ്ങാന്‍ സ്വന്തം വീടും പറമ്പും വില്‍ക്കാന്‍ വരെ തയ്യാറാകുന്ന അച്ഛനമ്മമാര്‍ മഹത്തായ ഒരാശയമാണ് നടപ്പാക്കുന്നത് - ''വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'') പക്ഷെ, ഈ ''വിദ്യ'' താങ്ങാനുള്ള ശേഷി തങ്ങളുടെ മക്കള്‍ക്കുണ്ടോ എന്ന് ചിന്തിക്കാനവര്‍ക്ക് കഴിയുന്നില്ല. പലരും കുട്ടികളെ റോബോട്ടുകളെ പോലെ കണക്കാക്കി ആവശ്യപ്പെടുന്നു - ''ഡോക്ടറാവൂ, എഞ്ചിനീയറാവൂ. നിനക്ക് വേണ്ടതൊക്കെ ഞാന്‍ ശരിയാക്കിത്തരുന്നില്ലേ. നിനക്ക് പഠിച്ചാല്‍ പോരേ?''.

സ്വന്തം കുട്ടിക്ക് ഏന്തു പഠിക്കാനാവും എന്നറിയാന്‍ കഴിയാതെ പോകുന്നവരാണ് ഇവരില്‍ ഏറെയും.

പഠിച്ച് വിജയിച്ച് പ്രശസ്തമായ കമ്പനികളില്‍ ചേര്‍ന്നു കഴിഞ്ഞാലും സ്ഥിതി ആശാവഹമല്ല. ട്രെയിനിംഗ് മോഡ്യൂളുകളിലൂടെ കടന്നു പോകാനാവാതെ ജോലി നഷ്ടപ്പെടുന്നവര്‍ കുറച്ചൊന്നുമല്ല എന്നതാണ് സത്യം.

ഓരോ കുട്ടിക്കും പഠിക്കാന്‍ കഴിയുന്നത്, താല്പര്യമുള്ളത് പഠിക്കുക എന്ന രീതി ഇന്ന് നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രൊഫഷനല്‍ കോഴ്‌സുകളില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കിട്ടിയിരുന്ന കാലത്ത് പരാജയപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് തെളിയുന്നു. അന്ന് കുഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കര്‍ക്കും എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടുമായിരുന്നു. എന്‍ട്രന്‍സ് സമ്പ്രദായം ഇത്തരക്കാരെ പാടേ ഒഴിവാക്കുകയാണ് ചെയ്തത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ധനാഢ്യര്‍ക്ക് പ്രാപ്യമാവുന്ന കോച്ചിംഗ് സെന്ററുകള്‍ ബ്രോയിലര്‍ ചിക്കനുകളെ പോലെ - നല്‍കി സൃഷ്ടിച്ചെടുക്കുന്ന റാങ്കുകള്‍, പലപ്പോഴും പഠനത്തിന് യോഗ്യതയാകുന്നില്ല. അതുകൊണ്ട് തന്നെയാകണം എന്‍ട്രന്‍സ് വന്നതിന് ശേഷം പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ പരാജയ ശതമാനം ഏറുന്നതും. കഴിവുള്ള നല്ലൊരു ശതമാനം കുട്ടികളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ഇതിലൂടെ നമ്മള്‍. കേരളത്തിലെ തൊഴില്‍ മേഖലയെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

മിടുക്കുള്ള നല്ലൊരു ശതമാനം കുട്ടികളും പ്രൊഫഷണല്‍ കോളേജുകളില്‍ ജയിച്ചും തോറ്റും കഴിയുന്നു. മറ്റ് കോഴ്‌സുകള്‍ പഠിക്കാനെത്തിയിരുന്നവരാണ് ഇതില്‍ ഏറെയും. പണ്ട് നഴ്‌സിംഗിനും, പാരാമെഡിക്കല്‍ കോഴ്‌സിനും ചേരുമായിരുന്നവര്‍ ഇന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ജയിക്കാന്‍ പാടുപെട്ട് നീണ്ട നീണ്ട വര്‍ഷങ്ങള്‍ ചെലവഴിക്കുന്നു.

ഐ.ടി.ഐയിലും പോളിടെക്‌നിക്കിലും വി.എച്ച്.എസ്.സിയിലുമൊക്കെ പഠിച്ച് വിദഗ്ധരായ മെക്കാനിക്കുകള്‍ ആകുമായിരുന്ന നല്ലൊരു വിഭാഗം കുട്ടികള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പരിക്ഷകളോട് മല്ലിടുന്നു. പല തൊഴിലുകളിലും വിദഗ്ദരായവരെ നമുക്കിപ്പോള്‍ കിട്ടാനില്ല എന്നതാണല്ലോ പരാതി. കണ്‍സ്ട്രക്ഷന്‍ മേഖലയിലും, ഹോട്ടല്‍ മേഖലയിലുമൊക്കെ അന്യ സംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞിരിക്കുന്നു.

രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ബലികഴിക്കപ്പെടേണ്ടതല്ല വിദ്യാഭ്യാസ മേഖല. കുറെയേറെ കാലങ്ങളായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സംഭവിക്കുന്നതൊക്കെ ദൂരവ്യാപകമായി ദോഷങ്ങളുണ്ടാക്കുന്നവയായി മാറുന്നുണ്ട്. അതിലേറ്റവും അപകടമുണ്ടാക്കിയത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ജീവിതത്തിന്റെ പെരുവഴികളില്‍ തള്ളപ്പെടുന്ന സന്ദീപുമാര്‍ ഇനിയും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ കുട്ടിയ്ക്ക് പ്രാപ്യമാകുന്ന വിദ്യാഭ്യാസമവന് നല്‍കാന്‍ അച്ഛനമ്മമാര്‍ തയ്യാറാകണം. ഓരോ കുട്ടിക്കും ഓരോ കഴിവുകളുണ്ടാവും, അവിടെയാണവന് വ്യുത്പത്തി ഉണ്ടാകേണ്ടത്, അവിടെയാണവന്‍ സ്വയം തെളിയിക്കേണ്ടത്. ആ അവസരമാണ് ഇന്ന് നഷ്ടപ്പെടുന്നത്.

binakanair@gmail.com