MATHRUBHUMI RSS
Loading...

അതിര്‍ത്തിയുടെ അതിര്‌

വര്‍ഷങ്ങളായി വരണ്ടുണങ്ങിക്കിടന്നൊരു കുഞ്ഞിപ്പുഴ പുതുജീവനെടുത്ത് ഒഴുകുന്നു. അട്ടപ്പാടിയിലാണ്. നഷ്ടപ്പെട്ടു പോയ ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് വാചാലരാകുകയാണ് അഹാഡ്‌സിലെ പി.ഇ.ഉഷയും, ദിനേശും. ജമ്മു കാശ്മീരില്‍ നിന്നുളള പത്രപ്രവര്‍ത്തക സംഘത്തിന് കേരളം കാണിച്ചു കൊടുക്കുക എന്നതാണ് ഔദ്യോഗികമായ എന്റെ ഉദ്ദേശ്യം.
മുന്നിലൊഴുകുന്ന പുഴ, ചിരിച്ചൊഴുകിയെത്തുന്ന വെളളം, അതിസുന്ദരമായ പ്രകൃതി, മനോഹരമായ സന്ധ്യ - പുഴയ്ക്കപ്പുറം വയലറ്റ് ചേല ചുറ്റി, നിറയെ ചിരിച്ച് ഒരമ്മൂമ്മ, കൂടെ ഒരു പശുവും. പുല്ലു മേഞ്ഞ് നടക്കുന്ന ഒരു പശുവിനെ കുറെക്കാലം കൂടി കാണുകയാണ്. ഞാനമ്മൂമ്മയോട് കുശലം ചോദിച്ചു. അവര്‍ വെളുക്കെ ചിരിച്ചതേയുളളൂ.

''അത് തമിഴ്‌നാടാണ്. ഈ പുഴയ്ക്കപ്പുറം കോയമ്പത്തൂര്‍ ജില്ലയാണ്.''

അട്ടപ്പാടിആ അമ്മൂമ്മ തമിഴത്തിയാണെന്ന്, പശു തമിഴ് പശുവാണെന്ന് ഉഷ പറഞ്ഞില്ല. ഞാനുറ്റു നോക്കി, തമിഴ് പശുവും മലയാളി പശുവും തമ്മില്‍ വ്യത്യാസപ്പെടുന്നത് എവിടെയാണ്, തമിഴ് പശുവിന്‍ പാല്‍, മലയാളി പശുവിന്‍ പാല്‍ - ആ പാല്‍ എന്നോ നമ്മുടെ പാലായിക്കഴിഞ്ഞു, ആ പാലാണല്ലോ ഇന്ന് നമ്മുടെ പാല്‍. തമിഴ് പശു തിന്നുന്ന പുല്ല് ഞാന്‍ ശ്രദ്ധിച്ചു നോക്കി. പുഴയ്ക്കിപ്പുറമുളള അതേ പുല്ല്. മുല്ലപ്പെരിയാര്‍, ഇടുക്കി ജില്ല വേണമെന്ന ആവശ്യം, അതിര്‍ത്തിയിലെ ബസ്സുകള്‍ തടയല്‍, തമിഴ്‌നാട്ടില്‍ മലയാളികളെയും വിദ്യാര്‍ത്ഥികളെയും ആക്രമിക്കല്‍, ചെന്നെയില്‍ പഠിക്കുന്ന മക്കളുളള അമ്മമാരുടെ നെഞ്ചിലെ ആധി (ഞാനുമുണ്ട് അക്കൂട്ടത്തില്‍). ചിന്തകളുടെ കുത്തിയൊഴുക്കിന് മുന്നിലും മുന്നിലെ കുഞ്ഞിപ്പുഴ ശാന്തമായി ഒഴുകി. ഈ പുഴ ഒരു അതിര്‍ത്തിയാണ്, അതിര്‍ത്തികള്‍ ശാന്തവും സ്വസ്ഥവുമായി തന്നെ നിലനില്‍ക്കുന്നു, അപ്പുറത്തും ഇപ്പുറത്തും മനുഷ്യന്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ കണ്ടും കേട്ടും.

''ഈ പുഴ കേരളത്തിന്റെ അതിര്‍ത്തിയാണ്, അപ്പുറം തമിഴ്‌നാട്.''

ഞാനതു പറഞ്ഞത് അതിര്‍ത്തികളായ അതിര്‍ത്തികളുടെ നാട്ടില്‍ നിന്ന് വരുന്നവരോടായിരുന്നു. ആ മുഖങ്ങളില്‍ പലതും വലിഞ്ഞു മുറുകി. അസ്വസ്ഥതകളുടെ, ഓര്‍മ്മകളുടെ തിരത്തള്ളല്‍ ഞാന്‍ കണ്ടു. കൂട്ടത്തില്‍ ചെറിയവന്‍ ഹാരൂണ്‍ ഉറക്കെ പറഞ്ഞു.
''അതിര്‍ത്തികള്‍. അപ്പുറത്ത് പാക്കിസ്ഥാന്‍, ഇപ്പുറത്ത് ഇന്ത്യ. നടുവില്‍ സിന്ധു നദി. എന്നിട്ട്.''

പറഞ്ഞു തുടങ്ങിയത് പൂര്‍ത്തിയാക്കാതെ അവന്‍ പുഴയിലിറങ്ങി വെളളം കോരിയെടുത്ത് കൈകളിലൂടെ ഒഴുക്കിക്കളഞ്ഞു കൊണ്ടേയിരുന്നു. മടങ്ങുമ്പോള്‍ അതിര്‍ത്തിയുടെ മൗനം സംഘത്തെ ബാധിച്ചതു ഞാനറിഞ്ഞു. അട്ടപ്പാടി ഊരുകളിലേക്കുളള ബസ്സ് യാത്രയില്‍ സുബൈര്‍ പറഞ്ഞു.

''ദീദി, നിങ്ങള്‍ അതിര്‍ത്തികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നായിരിക്കും ആദ്യത്തെ അതിര്‍ത്തി ഉണ്ടായിട്ടുണ്ടാവുക? എങ്ങനെയാവും ആദ്യത്തെ അതിര് സ്വീകരിക്കപ്പെട്ടിട്ടുണ്ടാവുക? അതിര്‍ത്തിയുടെ ആഘാതത്തില്‍ തകരുന്ന ജീവിതങ്ങളെക്കുറിച്ച് ദീദി ആലോചിച്ചിട്ടുണ്ടോ?''

അവന്റെ മുഖത്തെ പേശികള്‍ കടുത്ത മനോവേദനയില്‍ മുറുകുന്നതും കണ്ണുകളില്‍ പ്രതീക്ഷയറ്റ ജീവിതത്തിന്റെ ക്ഷുഭിത ചോദനകള്‍ നിഴലിക്കുന്നതും ഞാന്‍ കണ്ടു. ഞാനൊന്നും പറഞ്ഞില്ല.

എന്റെ മുന്നില്‍ അതിര്‍ത്തികള്‍ നീണ്ടു കിടന്നു. എവിടെയൊക്കെയാണ് അതിരുകളുടെ നിരര്‍ത്ഥതയില്‍ നൊന്ത് ഉത്തരങ്ങളും അര്‍ത്ഥങ്ങളും തേടി നിന്നു പോയിട്ടുളളത്?

മേഘാലയയിലെ ചിറാപുഞ്ചിയില്‍ നിന്ന് അതിര്‍ത്തിക്കപ്പുറമുളള ബംഗ്ലാദേശ് കാണുമ്പോള്‍ ഒപ്പമുണ്ടായിരുന്ന അപ്പു (മകന്‍, അന്നവന് 12 വയസ്സ്) പറഞ്ഞു.

''അമ്മേ, അവിടത്തെ ബസ്സുകള്‍ നോക്കൂ, നമ്മുടെ ബസ്സുകള്‍ പോലെ തന്നെയുണ്ട് അല്ലേ?''

ബസ്സുകള്‍ മാത്രമല്ല അവിടത്തെ മനുഷ്യരും, മൃഗങ്ങളും പുഴയും മലയും കാറ്റും എല്ലാം എല്ലാം ഇവിടത്തെ പോലെ തന്നെയാണ് എന്നവനോട് ഞാന്‍ പറഞ്ഞു. ഈ അതിര് പ്രപഞ്ചത്തിന്റേതല്ല, നമ്മള്‍ മനുഷ്യര്‍ ഉണ്ടാക്കിയതാണ്, അതിര്‍ത്തികള്‍ മാറിമറിയുന്നവയാണ്, സ്ഥിരമായതെന്ന് കരുതുമ്പോഴും ഏതു നിമിഷവും മാറ്റത്തിന് വിധേയമാകാന്‍ അവയ്ക്ക് കഴിയും, അതിര്‍ത്തികള്‍ ഉണ്ടാവുന്നത് എവിടെ, എപ്പോഴെന്ന് ആര്‍ക്കാണ് പറയാനാവുക?

സിക്കിമിലെ നാഥുലാ പാസില്‍ ഇന്ത്യ-ചൈനാ അതിര്‍ത്തിയായ കമ്പി വേലിയ്ക്കപ്പുറം നീണ്ട് നീണ്ട് കിടക്കുന്ന ചൈന കണ്ട് ഞാന്‍ കൊതിച്ചു. ഒന്നു കയറിയാലോ? പക്ഷെ ആ കമ്പിവേലി കാഴ്ചയ്ക്ക് മാത്രമാണ് നേര്‍ത്തത് എന്ന് എനിക്കറിയാമായിരുന്നു, അതിന് ചൈനയിലെ വന്മതിലിനേക്കാള്‍ വ്യാപ്തിയുണ്ട് (നിയമങ്ങളുടെ പിന്‍ബലത്താല്‍) എന്നും. അന്നും ഇപ്പുറത്തെ സിക്കിംകാരന്റെ ചപ്പിയ മൂക്കിനും മഞ്ഞത്തൊലിയ്ക്കും അപ്പുറത്തെ ചൈനക്കാരന്റെ മൂക്കിനും തൊലിക്കും തമ്മില്‍ വ്യത്യാസം കണ്ടെത്താനാവാതെ ഞാന്‍ കുഴഞ്ഞു. അന്നും അപ്പു ചോദിച്ചു.

''ഇന്ത്യയിലെ റോഡുകളും ചൈനയിലെ റോഡുകളും എന്താ അമ്മേ ഒരു പോലെ? മണ്ണിനും വ്യത്യാസമില്ലല്ലോ. പിന്നെങ്ങനെയാ രണ്ട് രാജ്യങ്ങളാവുന്നത്?''

അപ്പുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് കഴിവില്ലായിരുന്നു, എനിക്കുമറിയില്ല പഞ്ചാബിലെ വാഗാബോര്‍ഡറിനപ്പുറത്ത് കാണുന്ന പാക്കിസ്ഥാന്‍, ഇപ്പുറത്തെ ഇന്ത്യ ഇതൊക്കെ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന്, എങ്ങനെയാണ് ഇല്ലാതാകുകയെന്ന്.
പക്ഷികള്‍ അതിര്‍ത്തികള്‍ കാണാതെ പറന്നു കൊണ്ടേയിരിക്കുന്നു, മൃഗങ്ങള്‍ അതിരുകള്‍ അറിയാതെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ അറിഞ്ഞു പോയ അതിരുകള്‍ക്കുളളില്‍ ശ്വാസം മുട്ടി കഴിയുന്നു, പിടയുന്നു.

റോമാ സാമ്രാജ്യത്തിന്റെ അസ്തമനത്തോടെ ചെറിയ ചെറിയ രാജ്യങ്ങള്‍ ആവിര്‍ഭവിച്ച കാലത്താണ് അതിര്‍ത്തികളെക്കുറിച്ച് മനുഷ്യര്‍ ഗൗരവപൂര്‍വ്വം ചിന്തിച്ചു തുടങ്ങിയതെന്ന് ചരിത്രം. ഫ്രഞ്ചു വിപ്ലവം യൂറോപ്പില്‍ വ്യക്തമായ അതിര്‍ത്തികളുളള രാഷ്ട്രങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. അതിര്‍ത്തികള്‍ക്ക് യുദ്ധങ്ങളുടെ കഥകളാണ് പറയാനേറെ. അതിര്‍ത്തികള്‍ക്കുളളില്‍ അകപ്പെടുന്നത് പോലെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കപ്പെടുന്നവരും ധാരാളം. പാലസ്തീനികളും, ടിബറ്റന്‍ ബുദ്ധിസ്റ്റുകളുമൊക്കെയുണ്ട് അവര്‍ക്കിടയില്‍.
ഓരോ അതിര്‍ത്തി കാണുമ്പോഴും ഞാന്‍ ഓര്‍ത്തു പോകാറുണ്ട്, ഞാന്‍ എങ്ങനെ ഇപ്പുറത്ത് വന്നു? അപ്പുറത്തായിരുന്നെങ്കില്‍ എനിക്ക് മറ്റൊരു പാസ്‌പോര്‍ട്ട്, മറ്റൊരും ദേശീയ ഗാനം, മറ്റൊരു ദേശീയ വികാരം. സമ്പന്ന നാടുകളിലെ പൗരത്വം ഇരന്ന് വാങ്ങി അഭിമാനിക്കുന്നവര്‍ എത്രയേറെ. രണ്ടു നാട്ടിലും പൗരത്വത്തിന് അംഗീകാരങ്ങള്‍ തേടുന്നവര്‍ അതിലുമേറെ.

എന്താണീ അതിര്‍ത്തികള്‍? എന്താണ് പൗരത്വം? എന്താണ് ദേശീയ ബോധം? രാജ്യസ്‌നേഹം?

അതിര്‍ത്തികള്‍ കാക്കാന്‍ ചിലവഴിക്കപ്പെടുന്ന പണം, മനുഷ്യാദ്ധ്വാനം, സമയം, ചിന്ത - മാനവരാശി ഇത്ര ശുഷ്‌ക്കാന്തിയും ജാഗ്രതയും കാണിക്കുന്ന മറ്റൊന്നുമില്ല. വിശന്ന് നിലവിളിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് ആയുധങ്ങള്‍ നിറച്ച വണ്ടികള്‍ പാഞ്ഞു പോകുന്നത്.

സോക്രട്ടീസ് അന്നേ പറഞ്ഞിരുന്നു. ''ഞാന്‍ അഥീനിയനോ ഗ്രീക്കുകാരനോ അല്ല ലോകപൗരനാണെന്ന്.''

412 ബി.സി.യില്‍ തന്നെ യൂറിപ്പീഡസും പറഞ്ഞു. ''ആകാശം എല്ലാവര്‍ക്കും സ്വന്തമെന്ന്.''

ഓരോ വിമാനയാത്രയിലും ആകാശത്ത് നിന്ന് ഭൂമി കാണുമ്പോള്‍ എവിടെ തമിഴ്‌നാട് അതിര്‍ത്തി, എവിടെയാണ് പാക്കിസ്ഥാനുമായി ഇന്ത്യയെ വേര്‍തിരിക്കുന്ന വേലികള്‍, എവിടെയാണ് ഈ അതിര്‍ത്തികളൊക്കെ പോയി മറയുന്നത് എന്ന് അമ്പരന്ന് പോകാറുണ്ട്.

ആകാശത്തിനും അതിര്‍ത്തികള്‍ കല്‍പ്പിക്കുന്നു മനുഷ്യര്‍, അതിക്രമിക്കുമ്പോള്‍ താഴെ വീഴുന്ന വിമാനങ്ങള്‍, കടലിനുമുണ്ട് അതിര്‍ത്തികള്‍.
പാബ്ലോ കസാല്‍സ് പറഞ്ഞത് മറക്കാനേ കഴിയാറില്ല.

'The love of one's country is a splendid thing. But why should love stop at the border?'

അതെ, എന്തിനാണ് സ്‌നേഹം അതിര്‍ത്തികള്‍ കൊണ്ട് വേര്‍തിരിക്കുന്നത് - അപ്പുറത്തേക്കും ഒഴുകട്ടെ എന്നെന്ത് കൊണ്ട് മറക്കാന്‍ തോന്നുന്നു.

നോസിര്‍ സ്‌കിഡോവ് സംവിധാനം ചെയ്ത 'ട്രൂ നൂണ്‍' എന്ന താജിക്കിസ്ഥാന്‍ ചിത്രത്തിലെ ഒരു രംഗംപ്രപഞ്ചത്തെ മാത്രമല്ല മനുഷ്യന്‍ അതിര്‍ത്തികളില്‍ തളച്ചിടുന്നത്, ഓരോ മനുഷ്യനും ഒരുപാട് അതിര്‍ത്തികളും അതിരുകളും സൃഷ്ടിച്ച് സ്വന്തം ജയിലിലാണ്. എന്തെല്ലാമാണ് - മതം, രാഷ്ട്രീയം, സമുദായം, കുടുംബം, ഭാഷ, തൊലിനിറം, ഭക്ഷണം - എവിടെയൊക്കെ സ്വാതന്ത്ര്യത്തിന് അതിര് ഉണ്ടാക്കാമോ അതൊക്കെ ചെയ്തു കൂട്ടുന്നുണ്ട് നമ്മള്‍. സ്‌നേഹത്തിന് അതിരുകള്‍ സൃഷ്ടിക്കുവാന്‍ നമുക്കെന്ത് താല്‍പ്പര്യമാണ്. ഓരോ അതിരും, ഓരോ അതിര്‍ത്തിയും ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാധ്യതകള്‍ക്ക് വിഘാതമാകുന്നു എന്ന് തിരിച്ചറിയുമ്പോള്‍ കൂടി ആവേശപൂര്‍വ്വം പുതിയത് സൃഷ്ടിക്കുന്നതാണ് മനുഷ്യരീതി.
പണ്ടൊരിക്കല്‍ ഒരു പെണ്‍കുട്ടി മരിക്കാന്‍ സിന്ധു നദിയില്‍ ചാടി. മരണം കയ്യൊഴിഞ്ഞപ്പോള്‍ ജീവിതമവളെ എത്തിച്ചത് അതിര്‍ത്തിക്കപ്പുറത്തുളള രാജ്യത്ത്. അവളെ ജയിലിലേക്കാണയച്ചത്, ശത്രു രാജ്യത്ത് നിന്നെത്തിയവള്‍ എന്ന് കുറ്റവും ചാര്‍ത്തിക്കിട്ടി. മരണമെന്ന മഹാസത്യത്തെപ്പോലും മനുഷ്യന്‍ ഒതുക്കുകയാണ്, ഇടുങ്ങിയ വിഘടന ചിന്തകളില്‍.

എന്നിട്ടും അത്ഭുതകരമായി ചിലതൊക്കെ അതിര്‍ത്തികള്‍ക്കതീതമായി നില്‍ക്കുന്നു. സാഹിത്യം, സിനിമ, സംഗീതം, ശാസ്ത്രം, കല - ഇവയൊക്കെ ഏതു നാട്ടിലേതെന്ന്, ഏത് അതിര്‍ത്തിയ്ക്കുളളിലേതെന്ന് നോക്കാതെയാണ് ആസ്വദിക്കാറ്. ഏത് നാട്ടിലെ എന്നതിനെക്കാള്‍ അതെങ്ങിനെ ഉപകാരപ്പെടും എന്നേ ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കാറുളളൂ. ലിയണാര്‍ഡോ ഡാവിഞ്ചിയോ, വിന്‍സന്റ് വാന്‍ഗോഗോ, ഷെക്‌സ്പീയറോ, ബീഥോവനോ ഒരിടത്തും ഒതുങ്ങുന്നില്ല.

മനുഷ്യന്‍ സൃഷ്ടിക്കുന്ന അതിര്‍ത്തികളുടെ മുറിവുകള്‍ അതിമനോഹരമായി നെഞ്ചിലേക്ക് പകര്‍ത്തിത്തന്ന സിനിമകള്‍ എത്രയേറെയാണ്? ''ട്രൂ നൂണ്‍'' എന്ന താജിക്കിസ്ഥാന്‍ ചിത്രമാണ് ഓര്‍മ്മ വരുന്നത്. നോസിര്‍ സ്‌കിഡോവ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഓരോ ഫ്രെയിമും അതിര്‍ത്തികളുടെ ക്രൂരത ഓര്‍മ്മിപ്പിക്കുന്നതാണ്. മറക്കാനാവില്ല ഈ സിനിമ.

സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന രണ്ട് ഗ്രാമങ്ങള്‍ക്കിടയില്‍ ഗവണ്‍മെന്റ് പട്ടാളത്തിന്റെ സഹായത്തോടെ വൈദ്യുതി കടത്തി വിടുന്ന കമ്പിവേലി കെട്ടുന്നതാണ് സിനിമയുടെ പ്രമേയം. ജനങ്ങള്‍ക്ക് ആ കമ്പിവേലി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സ്‌കൂള്‍, ആശുപത്രി ഒക്കെ അപ്പുറത്താണ്. ഇപ്പുറത്തുമുണ്ട് അപ്പുറത്തുകാര്‍ക്ക് വേണ്ട പല സ്ഥാപനങ്ങളും. 50 കിലോമീറ്റര്‍ സഞ്ചരിച്ചാലേ അപ്പുറത്തെ ഗ്രാമത്തിലേക്കുളള വഴി തുറക്കൂ.

നിലൂഫര്‍ എന്ന പെണ്‍കുട്ടി കിരില്‍ എന്നൊരാള്‍ നടത്തുന്ന കാലാവസ്ഥാ കേന്ദ്രത്തിലെ സഹായിയാണ്. കിരിലിന് തിരിച്ച് നാട്ടില്‍ പോകണം എന്നുണ്ട്, പകരം ആളെ കിട്ടാതെ പോകാനും പറ്റില്ല. നിലൂഫറിന്റെ കല്യാണം കഴിഞ്ഞ് അവളെ കാലാവസ്ഥാ കേന്ദ്ര എല്‍പ്പിച്ചു പോകാം എന്ന സ്വപ്നത്തിലാണ് കിരില്‍. നിലൂഫറിന്റെ വിവാഹ നിശ്ചയ ദിവസമാണ് എല്ലാം തകര്‍ത്തു കൊണ്ട് കമ്പിവേലി കെട്ടുന്നത്. പട്ടാളക്കാര്‍ കാവലുണ്ടെന്ന് മാത്രമല്ല, അവര്‍ ഇടക്കിടെ മൈനുകളും കുഴിച്ചിട്ടിട്ടുണ്ട്. അപ്പുറത്തെ ഗ്രാമത്തിലെ പയ്യനുമായി നിശ്ചയിക്കപ്പെട്ട നിലൂഫറിന്റെ വിവാഹം ഗ്രാമത്തിന്റെ മൊത്തം പ്രശ്‌നമാകുന്നു. അവര്‍ സംഘടിച്ച് കിരിലിന്റെ സഹായത്തോടെ വേലി ചാടി അപ്പുറത്ത് പോകാന്‍ തീരുമാനിക്കുന്നു. കിരില്‍ മൈനുകള്‍ കണ്ടെത്താനുളള ഒരു യന്ത്രമുണ്ടാക്കി എല്ലാവരെയും അപ്പുറത്തെത്തിക്കുന്നു. പക്ഷേ അപ്രതീക്ഷിതമായി ഒരു മൈന്‍ പൊട്ടിത്തെറിച്ച് കിരില്‍ മരിക്കുന്നു. ആ കമ്പിവേലിയും നിലൂഫറിന്റെ വിവാഹ വേഷവും നാട്ടുകാരുടെ ആത്മാര്‍ത്ഥതയും ഒക്കെ ഇന്നും മനസ്സിലുണ്ട്. അതിര്‍ത്തികള്‍ സൃഷ്ടിക്കുന്ന അന്തരാളങ്ങളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലില്‍ കണ്ട ആ സിനിമ ഓര്‍മ്മ വരും.
മറ്റൊന്ന് ഋത്വിക് ഘട്ടക്കിന്റെ ''കോമള്‍ ഗാന്ധാര്‍'' ആണ്.

പത്മാ നദിയുടെ കരയില്‍ നിന്ന് 'കോമള്‍ ഗാന്ധാര്‍' ലെ നായകന്‍ ഭ്രുഗു നായിക അനസൂയയോട് പറയുന്നു. ''ഞാനിന്ന് സംക്ഷുബ്ദനും വികരാരഹിതനുമാണ്. ദാ അവിടെ നോക്ക്. നദിയ്ക്കക്കരെ അവിടെ, അവിടെയാണ് എന്റെ വീട്. ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വീട്. എനിക്കവിടം ഇനി ഒരിക്കലും സ്വന്തമല്ല. അവിടത്തെ പൗരനായി ഇനി എനിക്കവിടെ പോകാനാവില്ല.''

ഋത്വിക് ഘട്ടക്ക് സംവിധാനം ചെയ്ത 'കോമള്‍ ഗാന്ധാര്‍' എന്ന ചിത്രത്തിലെ ഒരു രംഗം.വിഭജനത്തെ എത്ര സുന്ദരമായി ഘട്ടക്ക് അവതരിപ്പിച്ചിരിക്കുന്നു എന്നറിയാന്‍ ഈ രംഗം മാത്രം മതി. ഘട്ടക്കിന് മനുഷ്യന്റെ ആത്യന്തികമായ സ്വാതന്ത്യത്തിനുമപ്പുറം രാജ്യങ്ങളുടെ പേരില്‍ സൃഷ്ടിക്കുന്ന അതിര്‍ത്തികളോട് യോജിക്കാനാവില്ലായിരുന്നു. അതിനെതിരെയുളള കലാപങ്ങളായിരുന്നു പല സിനിമകളും. ഘട്ടക്കിന്റെ സിനിമാത്രയത്തിലെ (മേഘേ ധക്കെ ധാരെ, കോമള്‍ ഗാന്ധാര്‍, സുവര്‍ണരേഖ) ഈ സിനിമ വിഭജനത്തിനൊപ്പം കജഠഅ (നാടക സംഘടന)യിലെ ചേരിതിരിവുകളും അനസൂയയുടെ പ്രണയവും പറയുന്നുണ്ട്. വിഭജനം കീറിമുറിച്ച ഘട്ടക്കിന്റെ മനസ്സില്‍ ബംഗാളിന്റെ സംയോജനമെന്ന വലിയ സ്വപ്നമുണ്ടായിരുന്നു. വിഭജനം, പലായനം, കുടിയേറ്റം, അധിനിവേശം ഒക്കെ മറ്റ് കലാകാരന്മാരെപ്പോലെ ഘട്ടക്കിനും സ്വീകാര്യമായിരുന്നില്ല. ''കോമള്‍ ഗാന്ധാര്‍'' ല്‍ പത്മയുടെ തീരത്തവസാനിക്കുന്ന റെയില്‍വേ ലെയിന്‍ - ഘട്ടക്ക് അതിര്‍ത്തിയുടെ ചിത്രം മനസ്സില്‍ സന്നിവേശിപ്പിക്കുന്ന പല രംഗങ്ങളില്‍ ഒന്നാണത്. പത്മയുടെ കരയില്‍ നിന്ന് അപ്പുറത്തേക്ക് കൈ ചൂണ്ടി അവിടെയുളള തന്റെ വീടിനെക്കുറിച്ച് ഭ്രുഗു പറയുന്ന രംഗം മറക്കാനാവില്ല.

'Why should I move away from Home. My beautiful Home. My boundful river Padma.'

ഘട്ടക്കിന്റെ ചോദ്യമാണ് ഓരോ കലാകാരനിലും ഉയരുന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ പറഞ്ഞു വച്ചു ''ഭൂമിയുടെ അവകാശികള്‍'' ആരൊക്കെയാണെന്ന്. കേശവദേവ് അതിര്‍ത്തികളുടെ വ്യര്‍ത്ഥതയെക്കുറിച്ച് എത്രയാണ് എഴുതിക്കൂട്ടിയത്. ആരാണെഴുതാത്തത്? തകഴിയും, കാരൂരും, നന്തനാരും കോവിലനും, പാറപ്പുറത്തുമൊക്കെ മലയാളികള്‍ക്ക് സമ്മാനിച്ച കഥകളുടെ പ്രപഞ്ചത്തില്‍ ഒരുപാട് എഴുതി വച്ചു, അതിരുകളുടെ അരുതുകളെപ്പറ്റി. കെ.എ.അബ്ബാസും, ഖുഷ്‌വന്ത് സിംഗും കിഷന്‍ ചന്ദറും ഒക്കെ പറയാന്‍ ശ്രമിച്ചതും മറ്റൊന്നായിരുന്നില്ല. ആരാണ് പാടാത്തത്. ഭൂപന്‍ ഹസാരിക പാടിക്കൊണ്ടേയിരുന്നു.

''മോയ് ഏക് ജ ജാ ബോര്‍
ധരാര്‍ ധിഹിഞ് ജെ ദി പാരംഗെ ലൗറൂണ്‍
നിബിജാരി നിജ ഘോരേ?''

''ഞാനൊരു നാടോടിയാണ്,
ലോകം ചുറ്റി നടക്കുന്ന ഒരു നാടോടി
സ്വന്തമായൊരു വീട് തേടാതെ ലോകം
ചുറ്റുന്നൊരു നാടോടിയാണ് ഞാന്‍.''

ഭൂപന്‍ ഹസാരിക
വൈരുദ്ധ്യങ്ങളുടേതാണ് ജീവിതം. ഒരു കൂട്ടര്‍ അതിര്‍ത്തികള്‍ ശക്തമാക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ (അവര്‍ക്ക് കവികളെന്നും, ചിത്രകാരന്മാരെന്നും, ശാസ്ത്രജ്ഞന്മാരെന്നുമൊക്കെയുളള ലേബലുകള്‍ നല്‍കാം) എല്ലാ അതിര്‍ത്തികളക്കും അപ്പുറമുളള പ്രപഞ്ചങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ജീവിതം ചിലവഴിക്കുന്നു.

എന്താണ് മനസ്സിലാക്കാന്‍ കഴിയുക?

ഒരു കുട്ടിക്കാല ഓര്‍മ്മ. നാട്ടിന്‍പുറത്തെ ബാല്യകാല ജീവിതങ്ങളിലെ ഒരു അതിസാധാരാണ ഓര്‍മ്മ.

അന്ന് അപ്പൂപ്പന്മാര്‍ക്കൊക്കെ ഒരുപാട് കേസുകെട്ടുകള്‍ ഉണ്ടായിരുന്നു. അമ്മൂമ്മമാരുടെ കാല്‌പെട്ടികളില്‍, ട്രങ്കുകളില്‍ അവ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിലൊരു കേസുകെട്ട് തൊട്ടപ്പുറത്ത് പറമ്പുളള ഒരു ബന്ധവുവും അപ്പൂപ്പനുമായുളള അതിര് തര്‍ക്കത്തെച്ചൊലിയുളളതായിരുന്നു. ബാല്യം സംഭ്രമജനകമാക്കിയത് ആ വഴക്കായിരുന്നു.

ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷം. അപ്പുറത്തെ ബന്ധു മാറ്റിക്കൊണ്ടേയിരിക്കുന്ന അതിര് വേലികള്‍. അപ്പൂപ്പന്മാരും അമ്മാവന്മാരും ചിറ്റപ്പന്‍മാരുമൊക്കെ ആക്രമണനിഴലിലായിരുന്നു. രാത്രി പതിയിരുന്നുളള കൊലപാതക ശ്രമങ്ങള്‍, പശുക്കള്‍ക്കും ആടുകള്‍ക്കും കോഴികള്‍ക്കും വിഷം തീണ്ടല്‍, ആക്രോശങ്ങള്‍, ചീത്ത വിളികള്‍, പോലീസ് കേസ്സുകള്‍.

ഒരു അതിരിന് വേണ്ടി എന്തെല്ലാം എന്തെല്ലാം കോലാഹലങ്ങള്‍. അന്ന് ചെടിപ്പത്തലുകള്‍ കൊണ്ടുളള വേലികളും, മണ്‍കയ്യാലകളുമൊക്കെയാണല്ലോ അതിരുകള്‍. ഏതു നിമിഷവും മാറ്റി മറിക്കാവുന്നവ. നാട്ടില്‍ തന്നെ ഭൂകമ്പം സൃഷ്ടിച്ചിരുന്നു ആ സുപ്രധാന അതിര്. ഏതു നിമിഷം, ഏതു വീട്ടിലെ ആരാണ് വെട്ടും കുത്തുമേറ്റ് ആശുപത്രിയിലാവുക എന്ന് അറിയാന്‍ ഗ്രാമം കാതോര്‍ത്തിരുന്ന നാളുകള്‍.

എന്നിട്ട്?

എന്നിട്ട് ആ ബന്ധു മരിച്ചു പോയി, അപ്പൂപ്പന്‍ മരിച്ചു പോയി, അന്ന് പോര്‍ക്കളത്തിലുണ്ടായിരുന്ന എത്രയോ പേര്‍ കാലയവനികക്കുളളില്‍ മറഞ്ഞു. ആ സ്ഥലങ്ങള്‍ രണ്ടു കൂട്ടരുടെയും ഭാവി തലമുറ മറ്റുളളവര്‍ക്ക് വിറ്റു. വാങ്ങിയവര്‍ ഇഷ്ടികയും സിമന്റും കൊണ്ട് ഒന്നാന്തരം മതില്‍ കെട്ടി അതിര് ശക്തമാക്കി.

ഇത്രയേയുളളൂ ഒരു അതിരിന്റെ കഥ, രാജ്യ അതിര്‍ത്തികള്‍ക്കും ഇതിലേറെ ഒന്നും കഥയില്ല, പക്ഷെ കൂടുതല്‍ കഥകള്‍ സൃഷ്ടിക്കാനായി നമ്മള്‍ അതിര്‍ത്തികള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കും.

binakanair@gmail.com