MATHRUBHUMI RSS
Loading...

നമുക്കു ചുറ്റുമുള്ള താലിബാനിസം

മലാലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തില്‍ കേരളത്തില്‍ നടക്കുന്നതും താലിബാനിസമാണ് എന്ന് ഇവള്‍ എഴുതിപ്പോയി. ശൈശവ വിവാഹത്തിനെതിരെ, വിദ്യാഭ്യാസ നിഷേധത്തിനെതിരെ, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മലാലയെപ്പോലെ നമ്മുടെ പെണ്‍കുട്ടികള്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നും മലയാളികളാണ്, നൂറു ശതമാനം സാക്ഷരരാണ് എന്ന് നാം അഹങ്കരിക്കുമ്പോഴും പല കുടുംബങ്ങളും താലിബാനിസമാണ് പിന്തുടരുന്നത് എന്നുമാണ് എഴുതിപ്പോയത്. മൂന്നു തരം ചോദ്യങ്ങള്‍ ഈ താലിബാനിസ പ്രയോഗത്തില്‍ നിന്നും കടന്നു വന്നു. താലിബാനെയും മലയാളി സമൂഹത്തെയും എന്തിന് താരതമ്യപ്പെടുത്തുന്നു എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. അടുത്തത് മലാല ഒരു പാശ്ചാത്യസൃഷ്ടിയല്ലേ എന്നതായിരുന്നു. താലിബാനെ പരോക്ഷമായി ന്യായീകരിക്കുന്ന വാദങ്ങളായിരുന്നു അവസാന ചോദ്യത്തിലുണ്ടായിരുന്നത്.

താലിബാനും താലിബാനിസവും ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. താലിബാന്‍ ചെയ്ത ചില രീതികള്‍ മറ്റൊരുതരത്തില്‍ കേരള സമൂഹത്തില്‍ നടക്കുന്നത് കാണുമ്പോള്‍ അതിനെ താലിബാനിസം എന്നു വിളിക്കുന്നതില്‍ ഒരപകാതയുമില്ലെന്ന് കരുതുന്നു.

ഹിറ്റ്‌ലറും മുസ്സോളിനിയും എന്നോ കഥാവശേഷരായിട്ടും ഇന്നും നമ്മള്‍ യഥേഷ്ടം ഉപയോഗിക്കുന്ന വാക്കാണ് ഫാസിസം. സാംസ്‌ക്കാരിക ഫാസിസം, ലൈംഗികഫാസിസം, രാഷ്ട്രീയ ഫാസിസം എന്നിങ്ങനെ എത്രയെത്ര പേരുകളില്‍ വീണ്ടും വീണ്ടും ഉപയോഗിച്ചു കൊണ്ടുരിക്കുന്നു. മുസ്സോളിനിക്കോ ഹിറ്റലര്‍ക്കോ കേരള സമൂഹവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടൊന്നുമല്ല ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത്. ഇന്നും മുസ്സോളിനി വന്ന് മുന്നില്‍ നിന്നിട്ടല്ല നമ്മള്‍ അധികാരത്തിലിരിക്കുന്നവര്‍ നടത്തുന്ന ഭീതിപ്പെടുത്തുന്ന ചിലത് കാണുമ്പോള്‍ ഫാസിസം എന്നു പറയുന്നത്. അപ്പോള്‍ അധികാരികള്‍ക്ക് മുസ്സോളിനിയുടെയോ ഹിറ്റ്‌ലറുടേയോ ഛായ വരുന്നതുകൊണ്ടു മാത്രമാണ് . അങ്ങനെ വരുമ്പോള്‍ താലിബാനിസം എന്ന പദപ്രയോഗവും ആ അര്‍ത്ഥത്തിലുപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്?

പറഞ്ഞുവന്നത് മലാലയെക്കുറിച്ചും നമ്മുടെ പെണ്‍കുഞ്ഞുങ്ങളെപ്പറ്റിയുമാണ്.

കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം ഒരുവിഭാഗം പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇറക്കിയ വിവാഹ (വിവാദ) സര്‍ക്കുലറിനെപ്പറ്റി പറയാനുളളതും താലിബാനിസമെന്നാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയവരെയും നിയമം അനുശാസിക്കുന്ന വയസ്സിനു മുമ്പ് വിവാഹം ചെയ്തുകൊടുത്ത രക്ഷിതാക്കളെയും പുരോഹിതനേയും സമൂഹത്തേയുമൊക്കെ ഇതേ പേരില്‍ തന്നെ വിളിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കുന്നില്ല. കാരണം പെണ്‍കുട്ടികള്‍ വിദ്യ നേടുക എന്നത് തന്നെയാണ് പരമ പ്രധാനം. ആ വിദ്യ മുന്‍ഗാമികള്‍ നേടാത്തതിന്റെ പരിണിതഫലമാണ് ബാലവിവാഹങ്ങള്‍. പെണ്‍കുട്ടിക്ക് 18 വയസ്സാകും മുമ്പ് നടക്കുന്ന വിവാഹം ശൈശവവിവാഹം തന്നെയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്. ഓരോ നിയമങ്ങളുമുണ്ടാകുന്നത് ലംഘനം ഉണ്ടാവാതിരിക്കാനാണ്.

നുജൂദ് എന്ന യെമനി പെണ്‍കുട്ടിയുടെ 'ഞാന്‍ നുജൂദ് 10 വയസ്സ് വിവാഹമോചിത' എന്ന പുസ്തകം വായിച്ച് കുറച്ചു മുമ്പ് ഈ പംക്തിയില്‍ 'നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും' എന്നപേരില്‍ ലേഖനമെഴുതിയിരുന്നു. ആ ലേഖനത്തിലും ഇവള്‍ കേരളത്തിലെ ശൈശവവിവാഹത്തെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി. അഭിപ്രായമെഴുതിയ ചിലര്‍ പ്രതികരിച്ചത് ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞിട്ടും തന്റെ മാതാവിന് ഒരു കുഴപ്പവും പറ്റിയില്ലെന്നും പെണ്‍കുട്ടികള്‍ നേരത്തെകാലത്തെ പക്വതയെത്തുന്നു എന്നുമൊക്കെയാണ്. ആ ന്യായീകരണങ്ങളില്‍ നിന്ന് ഇവള്‍ക്കു മനസ്സിലായത് 'ഞാനും പ്രായപൂര്‍ത്തിയാകാത്ത പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു' എന്നു തന്നെയാണ്. ഋതുമതിയായി എന്നതുകൊണ്ടു മാത്രം പ്രായപൂര്‍ത്തിയാവുന്നില്ല. ഇന്നത്തെ ജീവിതരീതികളും ഭക്ഷണക്രമവും പെണ്‍കുട്ടികളിലെ ഋതുവാകല്‍ പ്രായം കുറച്ചിട്ടുണ്ട് എന്ന് ഡോ ഖദീജ മുംതാസ് പറയുന്നു. മുമ്പ് പതിമൂന്നും പതിനാലുമൊക്കെയായിരുന്നെങ്കില്‍ ഇപ്പോഴത് പത്തും പതിനൊന്നുമൊക്കെയായിട്ടുണ്ട്. ശാരീരികമായ വളര്‍ച്ചയെമാത്രം പരിഗണിച്ചുകൊണ്ടല്ല വിവാഹപ്രായം നിര്‍ണ്ണയിക്കുന്നത്. പണ്ടങ്ങനെ നടന്നു, അതുകൊണ്ട് ഇപ്പോഴും അങ്ങനെയാവാം എന്നു ശഠിക്കുന്നത് സ്ത്രീയെ വെറും അടിമയോ ഉപഭോഗ വസ്തുവോ ആയി മാത്രം കാണുന്നതുകൊണ്ടാണ്. പെണ്‍കുട്ടികളിലെ ഋതുവാകല്‍ പ്രക്രിയ പോലെ ആണ്‍കുട്ടികളിലെ സ്ഖലനവും പ്രായപൂര്‍ത്തിയാകലായി ആരെങ്കിലും പരിഗണിക്കാറുണ്ടോ?

ചെറുപ്രായത്തില്‍ വിവാഹത്തിന് നിന്നു കൊടുക്കേണ്ടിവരുന്നത് കൂടതലും സമൂഹത്തിലെ താഴെത്തട്ടിലെ വിഭാഗത്തിനാണ്. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക തന്നെയാണിവിടെ. കുറച്ചുകൂടി കാത്തിരുന്നാല്‍ മകളെ കെട്ടിക്കൊണ്ടുപോകാന്‍ ആളെക്കിട്ടില്ല എന്ന വിശ്വാസം ഇവരില്‍ ഉറച്ചു പോയിട്ടുണ്ട്. പെണ്‍മക്കള്‍ ബാധ്യതയാണെന്നും അവരെ ഏതെങ്കിലുമൊരുത്തന്റെ തലയില്‍ ഏല്‍പിച്ചാല്‍ സ്വസ്ഥമായി എന്നും വിചാരിക്കുന്നു ഭൂരിപക്ഷമാളുകളും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വിവാഹം കഴിച്ചയച്ചിട്ട് എത്ര രക്ഷിതാക്കള്‍ സമാധാനമായി ജീവിക്കുന്നുണ്ട്?

കൗമാരത്തിലെ വിവാഹവും ലൈഗിംകജീവിതവും പെണ്‍കുട്ടിയുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതത്തേക്കുറിച്ചും മുടങ്ങിപ്പോകുന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചെറുപ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഗര്‍ഭപ്രാരാബ്ദങ്ങളെപ്പറ്റിയുമുള്ള ആകുലതകള്‍ ആരു മനസ്സിലാക്കുന്നു?

പണ്ടേ, ഭൂമിയോളം ക്ഷമയുളളവള്‍ എന്ന വിശേഷണത്തിന് അടിമപ്പെട്ടിരിക്കുന്നവള്‍ സ്വപ്‌നങ്ങളെക്കുറിച്ചോ തനിക്ക് നഷ്ടപ്പെട്ട കൗമാരത്തെക്കുറിച്ചോ മക്കളോടോ ഭര്‍ത്താവിനോടോ സഹോദരനോടോ ഒന്നും പറയാന്‍ സാധ്യതയില്ല. അവളെപ്പോഴും മനു പറഞ്ഞതിനപ്പുറം ഒരു ലോകമുണ്ടെന്ന് കാണിക്കാനൊന്നും പോകില്ല. അതിനപ്പുറം ഒരു ലോകമുണ്ടെന്ന് അവളറിയണമെങ്കില്‍ വിദ്യാഭ്യാസം നേടണം. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള കഴിവാര്‍ജ്ജിക്കണം.

ജോലിനേടാന്‍ മാത്രമാണ് പഠിക്കുന്നത് എന്നൊരു ധാരണ നമുക്കിടയിലുണ്ട്. പരമപ്രധാനം അറിവുനേടലാണ്. അറിവു നേടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധ്യക്ഷനുമായുള്ള അഭിമുഖം ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ മുന്നിലിരിക്കുന്നു. സ്ത്രീപുരുഷ സമത്വം എന്ന ആശയം ശരിയല്ലെന്നാണോ പറയുന്നത് എന്നാണ് അഭിമുഖകാരന്റെ
ചോദ്യംഓര്‍ക്കണം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധ്യക്ഷനോടാണ് ചോദ്യം. ' അതു ശരിയല്ല. ഒരിക്കലും സമമല്ല. അവരെങ്ങനെയാണ് ഈക്വല്‍ ആവുന്നത്? ലോകത്തിലെ ശാസ്ത്രജ്ഞന്മാര്‍ മുഴുവന്‍ ആരാണ്? ലോകത്തിലെ ചിന്തകന്മാരെല്ലാം ആരാണ് ? പുരുഷന്മാര്‍...' ഇതാണ് ഉത്തരം. എന്തുകൊണ്ട് ഇങ്ങനെയൊരുത്തരം വിദ്യാഭ്യാസ പ്രവര്‍ത്തകനെന്നും സാമൂഹ്യപ്രവര്‍ത്തകനെന്നും അറിയപ്പെടുന്നൊരാളില്‍ നിന്നും വരുന്നു? ആരാണ് സത്രീക്ക് ചിന്തിക്കാനുള്ള അവസരം കൊടുക്കാതിരുന്നത്? വെറും പേറ്റുയന്ത്രവും അടുക്കളവകുപ്പും കൊടുത്തപ്പോള്‍ അവള്‍ എവിടെപ്പോയായിരുന്നു ശാസ്ത്രത്തിന്റെ ബാലപാഠമറിയേണ്ടിയിരുന്നത്?

സ്ത്രീയിലെ സൃഷ്ടിപരത, സര്‍ഗ്ഗാത്മകത എന്നൊക്കെ പറഞ്ഞാല്‍ പ്രസവിക്കുക,സ കുഞ്ഞുങ്ങളെ നോക്കുക, കഞ്ഞീം കറീം വെയ്ക്കുക എന്നതു മാത്രമാണ്. ഒരു പെണ്‍കുട്ടിയിലെ ഊര്‍ജ്ജവും സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാവുകയാണ് വേണ്ടത്. സ്ത്രീ മാത്രം കുടുംബമെന്ന 'ഠ' വട്ടത്തില്‍ വട്ടം കറങ്ങുകയല്ല ആവശ്യം.

ഈ ലേഖനമെഴുതുന്നവള്‍ക്കും കുടുംബവും കുഞ്ഞും തൊഴിലുമെല്ലാമുള്ളവളാണ്. ചില്ലുമേടയിലിരുന്ന് ചുമ്മാ വിളിച്ചുകൂവുകയല്ല. തങ്ങള്‍ക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസത്തെക്കുറിച്ച്, ഭാവിയെപ്പറ്റി കണ്ട സ്വപ്‌നങ്ങള്‍ പാഴായിപോതിനെപ്പറ്റി എത്രയോ പേര്‍ ഇവളോട് പറഞ്ഞിട്ടുണ്ട്. അവരെപ്പോലെ കല്ലുമുള്ളും നിറഞ്ഞ വഴിയിലൂടെ തന്നെയാണ് ഇവളുടെയും സഞ്ചാരം. ഇതൊക്കെ പെറുക്കിക്കളഞ്ഞ് നടക്കാന്‍ പ്രയാസമായതുകൊണ്ട് പാകത്തിനൊരു ചെരുപ്പ് സ്വയം തുന്നിയിട്ടിട്ടുണ്ട് എന്നുമാത്രം.


കാലാകാലങ്ങളില്‍ നിയമത്തില്‍ ഭേദഗതികൊണ്ടു വരുന്നത് മുമ്പു നടപ്പിലായിരുന്നതിനെ ഇല്ലാതാക്കാനോ മാറ്റം വരുത്താനോ ആണ്. ഇവിടുന്ന് കെട്ടുകെട്ടിച്ച ദുരാചാരങ്ങളെ തിരിച്ചുകൊണ്ടുവരാനല്ല.
സ്ത്രീകള്‍ക്കെതിരെ വരുന്ന നിയമങ്ങള്‍, അവളുടെ സ്വപ്‌നങ്ങളെയും വിദ്യാഭ്യാസത്തെയും ഇല്ലാതാക്കിക്കൊണ്ടുളള കുടുംബത്തിലോ സമൂഹത്തിലോ സര്‍ക്കാരിലോ ഉള്ള രീതികള്‍ എല്ലാം താലിബാനിസമാണ്.
ചിലര്‍ പറഞ്ഞേക്കാം വിവാഹം കഴിഞ്ഞും പഠിക്കാന്‍ വിടുന്നുണ്ടല്ലോ എന്നൊക്കെ..18 വയസ്സു കഴിഞ്ഞവരുടേയോ ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവരുടേയോ കാര്യമല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്. ശൈശവവിവാഹത്തേയും അതിന്റെ കുഴപ്പങ്ങളെയുമാണ്.

ഇനി മലാലയിലേക്ക് വരാം.
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വര താലിബാന്‍ നിയന്ത്രണത്തിലായിരുന്നു. അവിടുത്തെ വിദ്യാഭ്യാസപ്രവര്‍ത്തകനും കവിയുമായ യൂസഫ്‌സായിയുടെ മകളാണ് മലാല. സ്വാത്തിലെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസന മലാലയെ വിഷമിപ്പിച്ചു. താലിബാനെ ഭയന്ന് സ്‌കൂള്‍ പഠനം പലരും ഉപേക്ഷിച്ചപ്പോഴും അവളും കുറച്ചു കൂട്ടുകാരും തുടര്‍ന്നു. അവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശത്തെ തടയിടാന്‍ താലിബാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയും ക്രൂരതയ്‌ക്കെതിരെയും മലാല ബിബിസിയുടെ ബ്ലോഗിലെഴുതാന്‍ തുടങ്ങി. അവളുടെ പിതാവിന്റെ പിന്തുണയുമുണ്ടായിരുന്നു. താലിബാനെപ്പറ്റി തെറ്റിദ്ധാരണ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പേരിലാണ് അവളെ വെടിവെച്ചുകൊല്ലാന്‍ അവര്‍ ശ്രമിച്ചത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ് ഗുരുതരാവസ്ഥയിലെത്തിയ മലാല ആയുസ്സിന്റെ ബലം കൊണ്ട് ജീവിച്ചിരിക്കുന്നു.

പ്രതികരിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ് എന്ന സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ താലിബാന്‍ ചെയ്തതെങ്കില്‍ അവരോട് പോയി പണിനോക്കാന്‍ പറയുന്നു മലാല. യഥാര്‍ത്ഥത്തില്‍ തന്റെ ഭയം ഇല്ലാതാവുകയാണ് ഇപ്പോഴുണ്ടായത് എന്നും അവളിപ്പോള്‍ പറയുന്നു. പേനയും പുസ്തകവും ഭീകരര്‍ക്കെന്നും പേടിയാണ്. അതു തന്നെയാണ് നമ്മുടെ ആയുധവും എന്ന് പറയുന്നു മലാല. അപ്പോള്‍ ആര്‍ക്ക് ആരെയാണ് പേടി?
ഭീകരര്‍ക്ക് ഇത്തിരിപ്പോന്ന ഒരു പെണ്‍കുട്ടിയെ...
ആ ആര്‍ജ്ജവും ധൈര്യവുമാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്കില്ലാതെ പോകുന്നത്. ആ ആര്‍ജ്ജവും ധൈര്യവും പാശ്ചാത്യസൃഷ്ടിയാണ് എന്ന് ഇവള്‍ വിശ്വസിക്കുന്നില്ല. ഒരു പെണ്‍കുട്ടി തനിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവകാശത്തെ, സ്വാതന്ത്ര്യത്തെ തിരിച്ചു പിടിക്കാന്‍ പേന ചലിപ്പിക്കുമ്പോള്‍ അത് പാശ്ചാത്യമാണ് എന്ന് പറയുന്നത് അവളുടെ നേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണ്. ശരിയാണ്, ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുണ്ട്. പലകാരണങ്ങളാല്‍ ആക്രമണമേല്‍ക്കുകയും മരിച്ചുപോവുകയും ചെയ്യുന്നുണ്ട്. അവരൊന്നും ചിലപ്പോള്‍ മാധ്യമശ്രദ്ധയിലേക്ക് വന്നിരിക്കില്ല. പക്ഷേ, താലിബാനെതിരെ പ്രതികരിച്ചതിനാണ് മലാലയക്ക് വെടിയേററത്. തൂലിക പടവാളാക്കിയതിനാണ്. മാധ്യമങ്ങള്‍ വഴി നമ്മളും അതിനെപ്പറ്റി അറിയുമ്പോള്‍ ഒപ്പം ചേരുന്നു. അവളുടെ ആര്‍ജ്ജവം കണ്ട് അമ്പരക്കുന്നു. ആ ധൈര്യത്തെ നിസ്സാരവത്ക്കരിക്കുന്നവരോട് ഒന്നും പറയാനില്ല. കാരണം ഒരു പെണ്‍കുട്ടിക്ക് ജീവനണ്ട് , ആത്മാവുണ്ട്, സ്വാതന്ത്ര്യബോധമുണ്ട് എന്നതൊന്നും പലര്‍ക്കും ദഹിക്കുന്ന കാര്യമല്ല.

ശൈശവ വിവവാഹത്തിനെതിരെ, അവകാശ നിഷേധത്തിനെതിരെ, വിദ്യാഭ്യാസ നിഷേധത്തിനെതിരെ പ്രതികരിക്കാനുള്ള കരുത്ത് നമ്മുടെ പെണ്‍കുട്ടികളിലും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.