

നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്ന ചില ആദിവാസി വിഭാഗങ്ങള്‍ ഭൂമിയില്‍ നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത് ആസ്‌ട്രേയിലോ, ആഫ്രിക്കയിലോ, ആന്‍ഡമാനിലോ അല്ല നമ്മുടെ കണ്‍വെട്ടത്ത് കൊച്ചുകേരളത്തില്‍ നിന്നാണെന്നുളളതാണ് യാഥാര്‍ത്ഥ്യം.
ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മ്മിത തേക്കിന്‍തോട്ടമെന്ന് പേരുകേട്ട നിലമ്പൂരിലെ മൂന്ന് ആദിവാസി വിഭാഗങ്ങളാണ് ആരുടേയും ശ്രദ്ധ നേടാതെ വംശനാശത്തിനിരയായിക്കൊണ്ടിരിക്കുന്നത്. ഇന്നും കാട്ടിനുള്ളില്‍ തന്നെ ജീവിക്കുന്ന ചോലനായ്ക്കര്‍, കാടിനും നാടിനുമിടയില്‍ ഒറ്റപ്പെട്ട അറനാടര്‍, ആളര്‍ എന്നീ വിഭാഗങ്ങളാണിവര്‍. അവര്‍ ഉപജീവനം നടത്തിപ്പോന്ന കാട് പേരുകേട്ട തേക്കിന്‍തോട്ടത്തിനും റബ്ബര്‍ത്തോട്ടങ്ങള്‍ക്കും വഴിമാറി. അതോടെ കാടിനെപ്പോലെ തന്നെ ഗോത്രസംസ്‌ക്കാരത്തിനും നാശം നേരിടുകയായിരുന്നു. ആ കാടിനെ ആരാധിക്കുകയും മലകളേയും ആനയേയും വന്മരങ്ങളെയും ഉപാസിക്കുകയും ചെയ്തുപോന്ന ജനതയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗോത്ര സംസ്‌കൃതിയും അവരെ തന്നെയായിരുന്നു അപ്പോള്‍ നഷ്ടപ്പെട്ടത് .
ഇത്ര എളുപ്പത്തില്‍ ഇല്ലാതാവേണ്ടതായിരുന്നോ അവരുടെ സംസ്‌ക്കാരം? നാഗരിക ജനത ആ ആദിമ നിവാസികളുടെ ജൈവമേഖലയിലേക്ക് അധിനവേശം നടത്തിയപ്പോള്‍ അവര്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നോ? നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ വൈദേശികര്‍ക്ക് കണ്ടാസ്വദിക്കുവാനുള്ള കാഴ്ചവസ്തു മാത്രമായി മാറിയോ അവര്‍?
ചോലനായ്ക്കര്‍, അറനാടര്‍, ആളര്‍ എന്നീ ആദിമഗോത്ര ജനതയുടെ ഇന്നത്തെ അവസ്ഥയെ അടയാളപ്പെടുത്തുകയാണ് ഉണ്ണികൃഷ്ണന്‍ ആവളയുടെ 'ഒടുവിലത്തെ താള്‍' (The Last Page) എന്ന ഡോക്യുമെന്ററി.
നമ്മളെ നടുക്കുന്ന ഭീകരസത്യങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ ഈ ഡോക്യുമെന്ററിയിലുണ്ടെന്ന്് The Last Page പ്രകാശനം ചെയ്തുകൊണ്ട് എം. ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. ലോകത്തെവിടെയും ആദിവാസികളെ ഇല്ലാതാക്കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുള്ളവരെ അവിടെ നിന്നും നീക്കം ചെയ്യുകയും പുതിയ ആളുകള്‍ വന്ന് അധികാരം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാദിക്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതു നമ്മുടെ മുന്നിലുമുണ്ട്. ഈ ഡോക്യുമെന്ററി നമ്മള്‍ കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയിരിക്കുന്നു. സമാനമനസ്‌ക്കരോട് പങ്കുവെയ്‌ക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
എങ്ങനെയെല്ലാമാണ് ഈ ആദിവാസി വിഭാഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്ന് ഈ ഡോക്യുമെന്ററിയിലെ ഓരോ ദൃശ്യവും വെളിപ്പെടുത്തും. അതു നമ്മളിലേക്ക് ഭയംപോലെ സംക്രമിക്കും.
മുളയരിയും അടപതിയന്‍ കിഴങ്ങും പുഴവെളളവും മീനും ഭക്ഷണമാക്കി ജീവിച്ച് ചോലനായ്ക്കര്‍ എന്ന പ്രാക്തന ആദിവാസിവിഭാഗം നിലമ്പൂര്‍ കാടുകളിലുണ്ടെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ഇന്നും വനവിഭവങ്ങള്‍ ശേഖരിച്ചാണ് അവരുടെ ജീവിതം. ഏകഭാര്യത്വവും, മക്കത്തായവും, അണുകുടുംബ വ്യവസ്ഥയും വിധവാപുനര്‍വിവാഹവും വിവാഹ മോചനവുമെല്ലാം സഹസ്രാബ്ധങ്ങളായി കൊണ്ടുുനടക്കുന്ന വേണമെങ്കില്‍ ആധുനിക കുടുംബവ്യവസ്ഥയോട് ചേര്‍ന്നു നില്ക്കുന്ന നിയമങ്ങളുള്ള ചോലനായ്ക്കര്‍ ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി കുലത്തില്‍ പെണ്ണുങ്ങള്‍ കുറഞ്ഞു വരുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ ജനിക്കുന്നേയില്ല.
പുകയില കാന്‍സറിനു കാരണമാകുന്നു എന്ന് പുകയില ഉത്പ്പന്നങ്ങളുടെ കവറിനു പുറത്ത് നിര്‍ബന്ധിത മുന്നറിയിപ്പു വേണമെന്നു ശഠിക്കുന്ന സര്‍ക്കാര്‍ പക്ഷേ, ചോല നായ്ക്കര്‍ക്ക് ഇഷ്ടം പോലെ പുകയിലയും ഉപ്പും സമ്മാനിക്കുന്നു. അട്ടയില്‍ നിന്നു രക്ഷപെടാനാണെന്ന് പറച്ചില്‍. എന്നാല്‍, ഒരുകെട്ട് പുകയില രണ്ടു ദിവസത്തേക്ക് തിന്നാനേയുള്ളു എന്ന് ചോലനായ്ക്കര്‍ സാക്ഷ്യപ്പെടുത്തുന്നു. 43 കുടുംബങ്ങളിലായി 160 നും 180 നും ഇടയിലാണ്് ഇവരുടെ ജനസംഖ്യ.
കാടിറങ്ങിയപ്പോള്‍ മലയേയും ആനയേയും വന്മരങ്ങളേയും ആരാധിച്ചുപോന്നവര്‍ക്ക് അങ്ങാടിയില്‍ നിന്ന് മൊബൈല്‍ സിം കാര്‍ഡും നാട്ടുദൈവങ്ങളെയും കിട്ടി. മാഞ്ചേരിക്കാട്ടില്‍ ശാസ്താവിന് സിമന്റമ്പലം പണിതിട്ടും ചക്കുളത്തമ്മയ്ക്ക് വീട് സമര്‍പ്പിച്ചിട്ടും കുലത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമുണ്ടായില്ല.
അറനാടരുടേയും ആളരുടേയും അവസ്ഥ മറ്റൊരു വിധമാണ്. അവരുടെ ആവാസസ്ഥലങ്ങള്‍ തേക്ക്, റബ്ബര്‍ പ്ലാന്റേഷനുകള്‍ക്ക് വഴിമാറിയപ്പോള്‍ തോട്ടത്തിലേക്ക് വന്ന പുറം നാട്ടുകാര്‍ പുരുഷനില്‍ നിന്ന് വിറകും സ്ത്രീയില്‍നിന്നും ശരീരവും ചാരായം കൊടുത്തുവാങ്ങി. ആണും പെണ്ണും കുടിക്കും. വിറകുശേഖരിച്ചും പച്ചമരുന്നു പറിച്ചും ജീവിച്ച ഇവരുടെ മരുന്നറിവുകള്‍ പതുക്കെ പതുക്കെ ഇല്ലാതായി. ലഹരിക്കു മുമ്പില്‍ പ്രകൃതി പഠിപ്പിച്ച മുഴുവന്‍ ജീവപാഠവും അവര്‍ മറന്നു.
ഒരു വിഷമദ്യദുരന്തമുണ്ടായാല്‍ 90 ശതമാനം അറനാടരും ഇല്ലാതാകുമെന്നതാണ് സത്യം. കള്ളും ബ്രാണ്ടിയും പത്തുവയസ്സിലെ അച്ഛന്‍ തന്ന് ചേലാക്കി എന്ന് ഒരു അറനാടന്‍ സ്ത്രീ പറയുന്നുണ്ട് ഡോക്യുമെന്ററിയില്‍. മറ്റൊരാള്‍ക്കു പറയാനുള്ളത് വീട്ടുപണിക്കുപോയാല്‍ കഞ്ഞികുടുച്ചിട്ട് ദിവസങ്ങളായി എന്നു പറഞ്ഞാലും കൊടുക്കുന്നത് അരഗ്ലാസ്സ് ചാരായം. കഞ്ഞികുടിക്കാന്‍ അരിയോ പൈസയോ കൊടുക്കുന്നതിനേക്കാള്‍ മെച്ചമാണ് അരഗ്ലാസ് ചാരായമെന്ന് എല്ലാവര്‍ക്കുമറിയാം.
അടുത്ത പ്രദേശത്തെ കുണ്ടന്മാര്‍ അവരുടെ ശരീരമന്വേഷിച്ചു വരുന്നു. പ്രതിഷേധിക്കാന്‍ നിവൃത്തിയില്ല. ഉപദ്രേവിച്ചു കളയും. അച്ഛനമ്മമാരുടെ മുന്നില്‍ നിന്നും പെണ്‍കുട്ടികളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു.
ഒരിക്കല്‍ അറനാടര്‍ തിങ്ങിപ്പാര്‍ത്ത അറനാടന്‍പാടം എന്നൊരു സ്ഥലമുണ്ട് നിലമ്പൂരിനടുത്ത്. ഇന്നവിടെയുള്ളത് ഒരേയൊരു വീടുമാത്രം. അറനാടരുടെ അംഗസംഖ്യ എങ്ങനെ കുറഞ്ഞുവരുന്നുവെന്നു ചോദിച്ചാല്‍ അസ്വാഭാവിക മരണങ്ങള്‍, കൊലപാതങ്ങള്‍, അപരിചിത രോഗങ്ങള്‍, അന്ധവിശ്വാസങ്ങള്‍, പരസ്പര വിശ്വാസം നഷ്ടപ്പെട്ട മനുഷ്യര്‍...അതിദൃഢമായ പുരാതന ഗോത്രനിയമങ്ങള്‍ മറന്നവര്‍ പരസ്പരം ആക്രമിച്ചു. പലരും ജയിലായി..ചിലര്‍ മരിച്ചു.
പല അറനാടര്‍ക്കും മക്കളില്ല. ഉണ്ടായ മക്കള്‍ തന്നെ മരിച്ചുപോയി. അടിയന്തിരാവസ്ഥക്കാലത്ത് ജനസംഖ്യനിയന്ത്രണത്തിന്റെ എണ്ണം തികയ്ക്കാന്‍ അറനാടരെ വന്ധീകരിച്ചു. വന്ധ്യംകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമെന്ന് അറിയാതെ കുറച്ചു പണത്തിനും തുണിക്കും ബക്കറ്റിനും പാട്ടയ്ക്കുമായി ഗോത്രത്തിന്റെ നിലനില്പിനെ മറന്നുകൊണ്ട് ...ആരും അവരെ ബോധവത്ക്കരിക്കാനുമില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എണ്ണം തികച്ചാല്‍ മതിയായിരുന്നു.
കുട്ടികളുണ്ടാകാത്ത അസ്വസ്ഥത പെരുകിയപ്പോള്‍ അവര്‍ പെണ്ണുങ്ങളെ പരസ്പരം വെച്ചുമാറി. അതുകൊണ്ടും കാര്യമുണ്ടായില്ല. അപ്പോള്‍ അവരുടെ സ്ത്രീകള്‍ പുറം ലോകത്തെ പുരുഷനുമായി ബന്ധം പുലര്‍ത്തി. അത് ശരിക്കും നാട്ടുകാര്‍ മുതലെടുത്തു.
ആദിവാസിക്ഷേമമെന്നാല്‍ വീടുണ്ടാക്കി കൊടുക്കലാണ് എന്നാണ് പലരുടേയും വിചാരം. ചോലനായ്ക്കര്‍ക്കുണ്ടാക്കി കൊടുത്ത വീടുകള്‍ അവര്‍ തിരിഞ്ഞു നോക്കിയില്ല. അവര്‍ കോളനികളായല്ല ജീവിച്ചത്. അവര്‍ അവരുടെ ജന്മക്കാരകളിലേക്ക് തിരിച്ചുപോയി.
മറ്റുളളവരാകട്ടെ ചെങ്കല്‍പ്പൊടി തിന്നാന്‍ വീടിന്റെ ഭിത്തി തുരന്നുകൊണ്ടിരുന്നു. ലഹരിക്കു വേണ്ടി നിസാര വിലയ്ക്ക് ഓടും പട്ടികയും വിറ്റു.
ആളര്‍ വിഭാഗത്തില്‍ പെട്ട കല്ല്യാണി, 16 വയസ്സ്. അവളിപ്പോള്‍ രണ്ടുകുട്ടികളുടെ അമ്മയാണ്. ആദ്യകുട്ടി മരിച്ചു. അച്ഛനുമമ്മയും രാവിലെ കാട്ടിലേക്കുപോയാല്‍ കല്ല്യാണിയുടെ ശരീരം തേടി വരികയായി പലരും. പീഡിപ്പിച്ചവര്‍ ആരെന്ന് കല്ല്യാണിക്കും വീട്ടുകാര്‍ക്കുമറിയാം. പക്ഷേ, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നാണ് ഭീഷണി. അവിവാഹിതയായ മകള്‍ ഇനിയും പ്രസവിക്കാതിക്കാന്‍ പ്രസവം നിര്‍ത്തിക്കാന്‍ കൊണ്ടുപോകണമെന്ന് പറയുന്നു അവളുടെ അച്ഛന്‍. അല്ലാതെന്തു ചെയ്യും എന്ന ചോദ്യം ആരിലേക്കാണ് നീളുന്നത്? മകളുടെ ഗര്‍ഭത്തിനുത്തരവാദിയായവരില്‍ നിന്നു കിട്ടിയ 25000 രൂപ ബാങ്കിലിട്ടിട്ട് അതുകൊണ്ട് കളളുകുടിച്ചു തീര്‍ക്കുന്നവര്‍ക്കു മുന്നില്‍ കല്ല്യാണി ഇനി എന്തു ചെയ്യും?
ഏക്കറു കണക്കിന് സ്ഥലമുണ്ടായിരുന്നവര്‍ക്ക്്് ഇന്ന് മരിച്ചാല്‍ അടക്കാന്‍ സ്ഥലമില്ല. കല്ല്യാണിയുടെ അയല്‍വാസി ചാത്തന്‍ എയ്ഡ്‌സ് രോഗിയാണ്. ആ കോളനിയില്‍ എയ്ഡ്‌സ് പിടിച്ച കുറേപ്പേരുണ്ടെന്ന് ITDP ഓഫീസര്‍ തന്നെ പറയുന്നു. ചാത്തന്റെ മകള്‍ കൃഷ്ണതുളസി കഫ് സിറപ്പാണ് മരുന്നാണെന്നു വിശ്വസിപ്പിച്ച് കൊടുക്കുന്നത്. അവസാനം ചാത്തന്‍ മരിച്ചു. മൃതശരീരം അണുനശീകരിക്കുകയോ, കത്തിക്കുകയോ ചെയ്യണമെന്നാണ്. പക്ഷേ, ഈ രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് അറിവുകളൊന്നുമില്ലാതെയാണ് ശരീരം മറവുചെയ്യാന്‍ കൊണ്ടുപോകുന്നത്. ഒരു ശവം എങ്ങനെയെല്ലാം നിന്ദിക്കപ്പെടാമോ അത്രമാത്രം നിന്ദിക്കപ്പെട്ട് പാറയിടുക്കില്‍ ചുവടുതാഴ്ച മാത്രമുള്ള കുഴിയിലേക്ക് ദുര്‍ഘടം പിടിച്ച യാത്ര.. ഒരു ഗോത്ര സംസ്‌കൃതിയെതന്നെയാണ് മണ്ണിട്ടു മൂടുന്നത്... നാഗരികന്റെ ആഗ്രഹങ്ങള്‍ നശിപ്പിച്ച സൂക്ഷ്മവും സ്വയം പര്യാപ്തവുമായ അപൂര്‍വ്വഗോത്രത്തനിമകളെയാണ് ...മരങ്ങളെ ഉമ്മവെയ്ക്കുന്ന പച്ചമനുഷ്യരെയാണ്.
ഡോക്യുമെന്റിറികൊണ്ട്് ഈ ആദിവാസി വിഭാഗത്തിന് എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന് വിചാരിക്കുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. പക്ഷേ, ഇതൊരു അടയാളപ്പെടുത്താലാണ്. മൂന്നുവര്‍ഷത്തോളം ക്ലല്ലും മുള്ളും ചവിട്ടി കാടും മലയും കയറിയിറങ്ങി ഈ മനുഷ്യരോടൊപ്പം നടന്നുകിട്ടിയ അടയാളങ്ങള്‍..
നമുക്കുചുറ്റും ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്ന നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണിക്കാന്‍ കഴിയുന്ന ശക്തമായ മാധ്യമമാണ് ഡോക്യുമെന്ററി എന്ന് ഒരുവിലത്തെ താള്‍ ഒരിക്കല്‍ കൂടി കാണിച്ചു തരുന്നു.
mynaumaiban@gmail.com

NEWS LETTER
RSS












