
കുറച്ചുനാളായി എന്റെ ഒറ്റക്കുള്ള യാത്രയില്‍ മുമ്പത്തേക്കാള്‍ വീട്ടുകാര്‍ക്ക് കരുതലില്ലേയെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കില്‍ തന്നെ, അസ്വാതന്ത്ര്യത്തിന്റെയും പരിമിതിയുടെയും ഇടയിലാണ് സ്ത്രീയുടെ നടപ്പുകള്‍. ഇന്ന സമയത്തിനുള്ളില്‍ തിരിച്ചു വരണമെന്നും ഇന്ന സമയത്തിനുള്ളിലെ ഒറ്റയ്ക്കു പോകാവൂ എന്നുമുളള ചട്ടങ്ങള്‍ ആരും പറഞ്ഞിട്ടല്ലെങ്കിലും അലിഖിതമായിട്ടുണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ വീട്ടുകാര്‍ ആദ്യമേ ചിന്തിക്കുന്നത് ഒറ്റയ്ക്കു പോകാനാവുമോ എന്നും ആരെങ്കിലും കൂട്ടു വേണോ എന്നുമാണ്. പലപ്പോഴും ഈ കൂട്ടിനുവേണ്ടി കാത്തിരുന്ന് പല യാത്രകളും മുടങ്ങിപ്പോയിട്ടുമുണ്ട്. ദൂരേയ്ക്കുള്ള യാത്രകളില്‍ ഒറ്റയ്ക്കു പോകേണ്ട എന്നു തന്നെയാണ് അവര്‍ക്ക്.
കുഞ്ഞുന്നാളു മുതല്‍ എന്റെ സഞ്ചാരം പലപ്പോഴും ഒറ്റയ്ക്കായിരുന്നു. ചെറിയ ചെറിയ ദൂരങ്ങളിലേക്ക്. അതുതന്നെ സാധിച്ചിരുന്നതിന്റെ കാരണം സഹോദരന്മാരില്ലായിരുന്നതുകൊണ്ടും അത്ത (അച്ഛന്‍) അടുത്തില്ലാതിരുന്നതു കൊണ്ടുമായിരുന്നു. പെണ്ണാണ് ഒറ്റയ്ക്കു പോകരുത് എന്ന് അന്നൊന്നും ആരും പറഞ്ഞില്ല. ഒരുപക്ഷേ, അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലാഞ്ഞിട്ടാവണം. പകരം പോകാന്‍ ആളില്ലാഞ്ഞിട്ടാവണം. അല്ലെങ്കില്‍ പരിചിതമായ സ്ഥലത്തേക്ക്, പരിമിതമായി ദൂരത്തേക്കായതുകൊണ്ടാവണം. ആ ദൂരത്തേയും സ്ഥലത്തേയും ആളുകളേയും അത്രകണ്ട് വിശ്വാസത്തിലെടുത്തതുകൊണ്ടാവണം. അതുമല്ലെങ്കില്‍ ചെറിയകുട്ടിയാണെന്ന പരിഗണനയായിരിക്കണം.
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ പക്ഷേ, ആണുങ്ങള്‍ മാത്രമിടപെടുന്ന പലചരക്കു കടയില്‍, മലഞ്ചരക്കു കടയില്‍ എത്തുമ്പോള്‍ ചിലരെങ്കിലും 'ഒരു പെണ്ണിനിവിടെന്തു കാര്യം' എന്ന മട്ടില്‍ നെറ്റിചുളിച്ചു.
കശുവണ്ടിയുടെയോ, കാപ്പിപ്പരിപ്പിന്റെയോ, കൊക്കോയുടെയോ വില ചോദിക്കുമ്പോള്‍ ചിലരെങ്കിലും 'വീട്ടില്‍ വേറാരുമില്ലേ കൊച്ചേ?' എന്നു ചോദിച്ചു.
അപ്പോഴൊന്നും മറുപടി പറയാനോ കേട്ടഭാവം നടിക്കാനോ പോയില്ല.
രാവിലെ അമ്മ ജോലിക്കു പോകുന്നതുകൊണ്ടും കുറച്ചുനാള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ മാത്രം വീട്ടിലുണ്ടായിരുന്നതുകൊണ്ടും പുറത്തേക്കു പോകേണ്ട ഉത്തരവാദിത്വം മൂത്തമകള്‍ക്കായിരുന്നു. പശുവിനെ മേടിക്കുകയോ, പണിക്ക് ആളുകളെ അന്വേഷിക്കുകയോ അനിയത്തിമാരുടെ പ്രോഗ്രസ്‌കാര്‍ഡില്‍ ഒപ്പിടുകയോ രക്ഷാകര്‍തൃയോഗത്തില്‍ പങ്കെടുക്കുകയോ വേണമായിരുന്നു. എന്തുകൊണ്ടോ ഞാനതില്‍ സന്തോഷിച്ചിരുന്നു. അതിലേറെ അഭിമാനിച്ചിരുന്നു. ആത്മവിശ്വാസത്തെ ഉണര്‍ത്തി. അതുകൊണ്ടുതന്നെ കഞ്ഞിയും കറിയും വെച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതം എന്ിക്കിഷ്ടമായിരുന്നില്ല.
ഒരിക്കല്‍ , പത്തുപതിനഞ്ചു കിലോമീറ്റര്‍ ദൂരത്ത് നിന്ന് ഒരു പശുവിനെ മേടിച്ച് ജീപ്പില്‍ കയറ്റി...അതിന്റെ തൊഴിയും വാലാട്ടലും കൊണ്ട്്, വിളറിപിടിച്ച പശുവിന്റെ ശബ്ദത്തിനിടയില്‍ ചാണകമിടലും മൂത്രവും സഹിച്ച് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പരിചയക്കാരി ചോദിച്ചു
വേറാരുമില്ലായിരുന്നോ പശുവിനെ മേടിക്കാന്‍ പോകാന്‍? അതു പരിഹാസമല്ലേയെന്ന് എനിക്കു തോന്നിപ്പോയി.
അവരുടെ വീട്ടിലെ ആണുങ്ങളാരെങ്കിലും കൂട്ടുവരുമായിരുന്നോ? വന്നാല്‍ തന്നെ പിന്നീട് കേള്‍ക്കേണ്ടി വരുന്നത് ഇതല്ലെന്നുമറിയാം.
കുറച്ചുകൂടി കഴി്ഞ്ഞ് നെഹൃയുവകേന്ദ്രയില്‍ ചടഢ ആയിരുന്ന കാലത്ത് കൂടുതല്‍ ദൂരത്തേക്ക്,..കൂടുതല്‍ ഇടങ്ങളിലേക്ക്,...
പലയിടങ്ങളിലേക്കും ഒറ്റയ്ക്കു പോകാന്‍ അത്ര ഇഷ്ടമായിട്ടൊന്നുമല്ല. ഇഷ്ടമുള്ളവരോടൊത്ത് വര്‍ത്തമാനം പറഞ്ഞങ്ങനെ പോവുക...പക്ഷേ, നിവര്‍ത്തികേടുകൊണ്ട് സാധിക്കാറില്ല എന്നു മാത്രം.
വിവാഹം കഴിഞ്ഞ് ഒരുപാടു ദൂരത്തേക്ക് പോന്നു. പോകുന്നിടത്തെല്ലാം ഭര്‍ത്താവു വരണമെന്ന് വാശിപിടിച്ചിട്ട് ഒരു കാര്യവുമില്ല. എനിക്കു കൂട്ടുവരലുമാത്രമല്ലല്ലോ അവന്റെ ജോലി? തനിച്ച് പലയിടങ്ങളിലേക്ക് ദൂരത്തേക്കു പോകുമ്പോള്‍ ആര്‍ക്കും ഭയമൊന്നുമില്ലായിരുന്നു. പകല്‍ ദൂരങ്ങളായിരുന്നു എന്റെ ദൂരം. വല്ലപ്പോഴും കുറച്ചു വൈകിയാല്‍ അതു വിളിച്ചു പറഞ്ഞാല്‍ അത്ര പരിഭ്രമമൊന്നുമില്ലായിരുന്നു കൂട്ടുകാരന്. ഇരുട്ടത്ത് ബസ്സിറങ്ങി ഇടവഴിയേ വരുമ്പോഴും ഭയമൊന്നും തോന്നിയില്ല ഈയുള്ളവള്‍ക്കും. വൈകിപ്പോയാല്‍ അവന്‍ കാത്തുനില്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലായിരുന്നു. അതേപോലെ അതിരാവിലെ എനിക്കെങ്ങോട്ടെങ്കിലും പോകേണ്ടി വന്നാലും ബസ്സ്‌റ്റോപ്പുവരെ കൂട്ടുവേണ്ടായിരുന്നു.
കോഴിക്കോട് നഗരത്തിലെ ഒരു ഗ്രൗണ്ടിലേക്ക് , കുറച്ചുനാള്‍ അതിരാവിലെ പോകുമായിരുന്നു. വെളിച്ചം വെച്ചിട്ടുണ്ടാവില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൂരിരുട്ടും. ഗ്രൗണ്ടിലേക്കു നടക്കുന്നതിനിടയില്‍ ഫോണില്‍ വിളിച്ച സുഹൃത്തു ചോദിച്ചു. ഈ നേരത്ത്..പേടിയാവില്ലേ?
വല്ലവരും ആക്രമിച്ചേക്കില്ലേ?
പക്ഷേ, അതിനടുത്ത ദിവസങ്ങളൊന്നിലാണ് സൗമ്യ ആക്രമിക്കപ്പെടുകയും മരിക്കുകയും ചെയതത്.
അതെന്റെ അമിത അത്മവിശ്വാസത്തിനേറ്റ മുറിവായിരുന്നു.
അടുത്ത ദിവസങ്ങളില്‍ വെളിച്ചം വെയ്ക്കും മുമ്പേ ദൂരെ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങുമ്പോള്‍ അവനെനിക്ക്് ബസ്സുകയറും വരെ കൂട്ടുനിന്നു. തിരിച്ച് അല്പമൊന്നിരിട്ടിയാല്‍ കാത്തു നിന്നു. ഇക്കാലത്തിനിടയ്ക്ക് പലസ്ഥലങ്ങളില്‍ ഒറ്റയ്്ക്കുപോയിട്ടും പേടിക്കാതിരുന്ന അമ്മ എന്നെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ പട്ടാപ്പകലായിരുന്നിട്ടും റെയില്‍വേസ്റ്റഷനിലെത്തും വരെ, ട്രെയിനില്‍ കയറി സീറ്റുറപ്പിക്കുന്നതു വരെ അത്ത കൂടെനിന്നു. (ഇതിനുമുമ്പെത്ര വട്ടം ഞാന്‍ തനിച്ചു വീട്ടില്‍ പോയി മടങ്ങിയിരിക്കുന്നു)
കൂട്ടത്തില്‍ പറയാതിരിക്കാന്‍ വയ്യ. സൗമ്യ ആശുപത്രിയിലായിരുന്ന ദിവസത്തില്‍ മുതിര്‍ന്നൊരു സ്ത്രീ വാര്‍ത്ത വായിച്ച് 'ആ പെണ്ണിനി ജീവിച്ചിരുന്നിട്ടെന്തിനാ?' എന്ന് എന്നോടു ചോദിച്ചു. മരിക്കുന്നതാണ് നല്ലത് എന്നും കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സമൂഹത്തിന്റെ പൊതുധാരണിതെന്ന് എനിക്കു തോന്നി. ബലാത്സംഗത്തിനിരയായൊരുവളുടെ ചാരിത്ര്യം നഷ്ടപ്പെട്ടുവെന്നും പിന്നീട് അവളെ ഈ സമൂഹത്തില്‍ ഒന്നിനും കൊള്ളില്ലെന്നും അധികമാളും വിചാരിക്കുന്നു. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നും അവര്‍ കരുതുന്നു. അല്ലെങ്കില്‍ സമൂഹം സ്ത്രീകള്‍ക്കുമേലേക്ക് അങ്ങനൊരു ചിന്ത അടിച്ചേല്പ്പിക്കുന്നു. കാര്യം സ്ത്രീകളുടേതാവുമ്പോള്‍ ഇരുണ്ടയുഗത്തിലെ നിയമങ്ങളേയുണ്ടാവൂ.
ഉദ്യോഗസ്ഥകളായ നാലു സ്ത്രീകള്‍ തങ്ങളുടെ പെണ്‍മക്കളുടെ സുരക്ഷിതത്തേക്കുറിച്ച്ും ആക്രമണത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു. ഒന്നാമത്തവള്‍ പറഞ്ഞു
നെഞ്ചില്‍ തീയാ...
എങ്ങനെ വിശ്വസിക്കും ഈ ലോകത്തെ?
രണ്ടാമത്തവള്‍ പറഞ്ഞു
ഞാനെന്റെ രണ്ടുപെണ്‍മക്കളെ ഒറ്റയ്ക്കാക്കിയിട്ടാ വീട്ടില്‍ നിന്നും പോരുന്നത്..ഇത്രേം കാലം ദൈവത്തിന്റെ കൃപ..അവര്‍ക്കൊന്നും പറ്റാതിരുന്നതിന്...
അവര്‍ ഒറ്റയ്ക്കിരിക്കുമ്പോഴും തൊട്ടയല്‍പക്കത്തേക്കെങ്കിലും പെണ്‍കുട്ടികള്‍ പോകുന്നതിനെ പോലും ഭയന്നു. അപ്പോള്‍ അടുത്തയാള്‍ ചോദിച്ചു.
നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് ? ആര്‍ക്കുവേണ്ടി?
...പുരുഷന്‍ ആക്രമിക്കുമോ എന്ന് പേടിച്ചുകൊണ്ടിരിക്കുകയും പുരുഷനുവേണ്ടിതന്നെ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യപ്പെടേണ്ടവളാണ് സ്ത്രീ...
ഈ അമ്മമാര്‍ അമിതമായ ആധിയോടെ പുരുഷനെ കാണുമ്പോള്‍ അവരുടെ മക്കളും ഭയത്തോടെയല്ലേ അവനെ കാണുന്നത്. ഓടിരക്ഷപെടാനുളള, അല്ലെങ്കില്‍ സഹിക്കാനുള്ള മനസ്സല്ലേ ഇവര്‍ക്കുണ്ടാവൂ എന്ന് കേട്ടിരുന്ന ഞാന്‍ ചിന്തിച്ചു. ആത്മവിശ്വസമില്ലാത്ത ധൈര്യമില്ലാത്ത മുഖം ആക്രമണകാരിക്ക്് ഗുണമാവുകയല്ലേയുളളൂ? . ഏതു സാഹചര്യത്തെയും തന്റേടത്തോടെ നേരിടാനുള്ള കഴിവുണര്‍ത്തുകയല്ലേ വേണ്ടത്..? .നീ പെണ്ണാണ് പെണ്ണാണ് എന്നു നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിട്ടുകൊണ്ടിക്കുമ്പോള്‍ അവള്‍ എങ്ങനെ യഥാര്‍ത്ഥ പെണ്ണാവും? അന്നേരം കുറച്ചുദിവസം മുമ്പ് കോഴിക്കോട്ടെ ഒരു എസ് ഐ പറഞ്ഞതോര്‍ത്തു. സ്ത്രീയുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് അവര്‍ തന്നെ പ്രതികരിക്കുകയാണ് വേണ്ടതെന്ന്. (ബസ്സിലും മററുമുള്ള തോണ്ടല്‍,പിച്ചല്‍, ലൈംഗിക ചേഷ്ടകള്‍) ആള്‍ക്കാരറിഞ്ഞാല്‍ മോശമല്ലേ എന്നു കരുതി പലരും സഹിക്കുകയാണ് എന്നു പറയും. സഹിക്കുക എന്നാല്‍ പുരുഷനോട് സഹകരിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ സഹിക്കുകയല്ല വേണ്ടത് പ്രതികരിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ഒരു തരത്തില്‍ പൊതു ഇടങ്ങളേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ സ്ത്രീയെ ഭയപ്പെടുത്തുന്നില്ലേ? ഇരുട്ടില്‍ വന്നെത്തുന്ന സ്ത്രീയെ സംശയത്തോടെ സമൂഹം കാണുന്നില്ലേ? നീ പെണ്ണാണ് എന്നും നിന്റ സുരക്ഷിതത്വം വീട്ടിനുള്ളിലാണെന്നും പൊതുഇടം പുരുഷനുള്ളതാണെന്നും പകുതി സംവരണം പലകാര്യങ്ങളിലും സ്ത്രീക്കു കിട്ടിയിട്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു. രാത്രി കാണപ്പെടുന്ന സ്ത്രീ പലപ്പോഴും ലൈംഗികത്തൊഴിലാളിയാണ്. പക്ഷേ, അവര്‍ക്കുമാത്രം ഇറങ്ങി നടക്കാനുള്ളതല്ല രാത്രി. രാത്രി പെണ്ണിനെന്താ പുറത്തിറങ്ങിയിട്ട് എന്നാവും ചിലര്‍?
നടക്കുവാനുള്ള സ്വാതന്ത്യം കുറച്ചെങ്കിലും പകലാണ്...അതുതന്നെ പതുക്കെ പതുക്കെ പൊതു ഇടങ്ങളിലേക്ക് അവള്‍ ഇറങ്ങിച്ചെന്നതുകൊണ്ട് കിട്ടിയതാണ്്...രാത്രിയി്ല്‍ സ്ത്രീ യാത്രചെയ്യാത്തത് കുടുംബം ഭയപ്പെടുത്തുന്നതുകൊണ്ടാണ്. സമൂഹത്തിന്റെ സംശയക്കണ്ണുകളാണ്...മുമ്പ് പകലും സ്ത്രീക്കു സ്വന്തമായിരുന്നില്ല. അതേപോലെ വളരെ പതുക്കെയെങ്കിലും രാത്രിയെ കീഴടക്കണം. പുരുഷനുമാത്രമുള്ളതല്ല രാത്രി...രാത്രി പുറത്തിറങ്ങുന്ന പുരുഷന്‍ ഒരേയൊരു ഉദ്ദേശത്തോടെയല്ലല്ലോ പുറത്തിറങ്ങുന്നത്..അതേപോലെ സ്ത്രീയുമല്ല എന്നു തിരിച്ചറിയണം. അതിനു കൂട്ടായ്മകള്‍ ആവശ്യമായി വന്നേക്കാം. ചിലപ്പോള്‍ രക്തസാക്ഷിത്വം വേണ്ടി വന്നേക്കാം. അപ്പോള്‍ രക്തച്ചൊരുച്ചിലില്ലാതെ വിപ്ലവം ജയിച്ചിട്ടില്ല എന്നോര്‍ത്തു സമാധാനിക്കാം. ചില രക്തസാക്ഷികളുണ്ടാവുമ്പോള്‍ അതു ചൂണ്ടിക്കാട്ടി രാത്രിയേയും പകലിനേയും പരിമിതപ്പെടുത്തി വീണ്ടും വീണ്ടും പിന്നോട്ടു വലിക്കുമ്പോള്‍ ഭയക്കാതിരിക്കുക. ധൈര്യമായി പുറത്തേക്കിറങ്ങുക.
mynaumaiban@gmail.com

NEWS LETTER
RSS












