രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗം ചെയ്യുന്നു -ശ്രീനിവാസന്‍

Posted on: 27 Dec 2010




കോട്ടയ്ക്കല്‍: രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതത്തെ തിരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

കേരള യുക്തിവാദി സംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മതേതര കുടുംബോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അപകടകാരിയായ ഒന്നായി മതം മാറിയിരിക്കുന്നു. മതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ദോഷമാണ് വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള അറിവ് ഇല്ലെന്ന് വിശ്വസിക്കാന്‍ വേണം. ഓരോ ചോദ്യങ്ങള്‍ക്കും വസ്തുനിഷ്ഠമായി ഉത്തരം പറയാനും മറുപടി പറയാനുമുള്ള ജ്ഞാനം ഉണ്ടെങ്കിലേ യുക്തിവാദത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസങ്ങളും അവിശ്വാസങ്ങളും ഉണ്ടാകുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം നഗരസഭാ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.ടി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, ജോണ്‍സണ്‍ ഐരൂര്‍, മജീഷ്യന്‍ ആര്‍.കെ.മലയത്ത്, ഇ.എ.ജബ്ബാര്‍, കാഞ്ചന കൊറ്റങ്ങല്‍, ഫൗസിയ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് പാറക്കല്‍ സ്വാഗതവും ജെയിംസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

എങ്ങനെ നല്ല മാതാപിതാക്കളാകാം എന്ന വിഷയത്തില്‍ ഡോ. രമേശന്‍, അവയവ ദാനത്തിന്റെ നിയമവശത്തെക്കുറിച്ച് അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. ശബരി ഗിരീഷിന്റെ ബ്രയിന്‍ ജിം, സി.ഡി.ബാബുവിന്റെ നാട്ടരങ്ങ്, കുട്ടികളുടെ കലാപരിപാടികള്‍, കോട്ടക്കുന്നിലേക്ക് യാത്ര എന്നിവയുമുണ്ടായി.

More News from Malappuram