മതഭീകരവാദം വളര്‍ത്തിയത് രാഷ്ട്രീയപാര്‍ട്ടികള്‍- എം.എന്‍. കാരശ്ശേരി
Posted on: 08 Nov 2010
പെരിന്തല്‍മണ്ണ: കേരളത്തിലും ഇന്ത്യയിലും മതഭീകരശക്തികള്‍ വളരാന്‍ ഇടവരുത്തിയത് മുഖ്യധാര രാഷ്ട്രീയക്കാര്‍തന്നെയാണെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
യുക്തിവാദിസംഘം പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച 'മതഭീകരവാദം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുനാസര്‍ മഅദനിയുടെ പേരില്‍ ഇളകിമറിഞ്ഞ കേരള നിയമസഭയില്‍ ചേകന്നൂര്‍ മൗലവിയുടെ പേരുപോലും പരാമര്‍ശിക്കാന്‍ ആരുമുണ്ടായില്ല. നാല് മന്ത്രിമാര്‍ചേര്‍ന്ന് മഅദനിയെ സ്വീകരിക്കുമ്പോള്‍ അദ്ദേഹം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു എന്നോര്‍ക്കണം. മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശനിയമം തികഞ്ഞ മനുഷ്യാവകാശ ലംഘനമായിട്ടും കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ആ നിയമത്തില്‍ കൈവെക്കുകയില്ല എന്നാണ്- കാരശ്ശേരി പറഞ്ഞു.
ഡോ. പി.ടി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് രാജഗോപാല്‍ വാകത്താനം, ഇ.എ. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. പാറയ്ക്കല്‍ മുഹമ്മദ് സ്വാഗതവും ജയിംസ് പീറ്റര്‍ നന്ദിയും പറഞ്ഞു.