കാല്‍പന്തുകളിക്ക് ആവേശംപകര്‍ന്ന് ശ്രീശാന്ത്

Posted on: 23 Dec 2012പെരിന്തല്‍മണ്ണ: ബാറ്റിന്റെയും ബോളിന്റെയും ഹരിതാഭയില്‍നിന്ന് പൊടിപാറുന്ന മണ്‍കോര്‍ട്ടിലേക്ക് ശ്രീശാന്ത് എത്തി. കാല്‍പന്തിനെ നെഞ്ചേറ്റുന്നവരുടെ നാട്ടില്‍ പെരിന്തല്‍മണ്ണയിലെ ഫുട്‌ബോള്‍ മത്സരം കാണാനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ കേരള താരമെത്തിയത്. ഒപ്പം രഞ്ജി ട്രോഫി കേരള ടീമിലെ സഹകളിക്കാരായ പി. പ്രശാന്തും നിയാസും. സ്റ്റേഡിയത്തിലേക്ക് കടന്നപ്പോള്‍ കൈ വീശിയും അല്പം കുനിഞ്ഞ് നെഞ്ചില്‍ കൈവെച്ചും ശ്രീയുടെ അഭിവാദനം. സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും നിന്ന് ശ്രീ... ശ്രീ... വിളികള്‍. പ്രസിഡന്റ്‌സ് ഫുട്‌ബോള്‍ സംഘാടകരും നഗരസഭാധ്യക്ഷയും മറ്റും ചേര്‍ന്ന് ശ്രീയെയും കൂട്ടുകാരെയും സ്വീകരിച്ചു. കളിക്കാരെ പരിചയപ്പെട്ടശേഷം കാണികളോട് രണ്ടുവാക്ക്. 'ചെറുപ്പം മുതല്‍ ഇഷ്ടമുള്ളതാണ് ഫുട്‌ബോള്‍. രഞ്ജി മത്സരം കാണാനെത്തിയവര്‍ക്ക് നന്ദി. നാളത്തെ മത്സരത്തിലും കേരളത്തെ പ്രോത്സാഹിപ്പിക്കാന്‍ എത്തണം. ഫുട്‌ബോളും വളരട്ടെ. നന്ദി, നമസ്‌കാരം'. കേരളം- ഝാര്‍ഖണ്ഡ് മത്സരത്തിലെ മിന്നുന്ന പ്രകടനത്തിനുശേഷം 8.30 ഓടെയാണ് ശ്രീശാന്ത് നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത്. കാല്‍മണിക്കൂറോളം മത്സരം വീക്ഷിച്ച ശ്രീശാന്തും സംഘവും കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശം പകര്‍ന്നാണ് മടങ്ങിയത്. പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷ നിഷി അനില്‍രാജ് ഉപഹാരം നല്‍കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്. ഹരിദാസ്, മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷൗക്കത്ത് ഹുസൈന്‍, എസ്.ഐ. ഐ ഗിരീഷ്‌കുമാര്‍, കെ.എം.ടി ജലീല്‍ തുടങ്ങിയവരും ശ്രീശാന്തിനൊപ്പമുണ്ടായിരുന്നു.

More News from Malappuram