മലപ്പുറം വിദ്യാഭ്യാസരംഗത്ത് അതിവേഗം പുരോഗമിക്കുന്നു- ഡോ. ഷീന ഷുക്കൂര്‍

Posted on: 23 Dec 2012തിരൂര്‍: മലപ്പുറം ജില്ല വിദ്യാഭ്യാസരംഗത്ത് അതിവേഗം പുരോഗമിക്കുകയാണെന്ന് ഭോപ്പാല്‍ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജ് സുവര്‍ണജൂബിലിയോടനുബന്ധിച്ച് വിദ്യാഭ്യാസവും വനിതാ ശാക്തീകരണവും എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിച്ചു.

പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ജെ. ദേവിക, കെ. കുട്ടിഅഹമ്മദ്കുട്ടി, അഡ്വ. കെ.പി. മറിയുമ്മ, ഡോ. അസീസ് തരുവണ, സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ എ. മൊയ്തീന്‍കുട്ടി, ഇന്ദു വാഹിദ് എന്നിവര്‍ പ്രസംഗിച്ചു.

സുവര്‍ണജൂബിലിയോടനുബന്ധിച്ച് ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ മലപ്പുറം ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പരിശീലന ശില്പശാല സംഘടിപ്പിച്ചു. തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കെല്‍ട്രോണ്‍ ഐ.ടി ബിസിനസ് വിഭാഗം തലവന്‍ കെ.വി. അനില്‍കുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ. റഷീദ് ശില്പശാല ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീര്‍ അലി അധ്യക്ഷത വഹിച്ചു. ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് ഓഫീസര്‍ ടി.എ. മുഹമ്മദ് സിയാദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ് എന്നിവര്‍ പ്രസംഗിച്ചു.

ഒരാഴ്ചയായി തുടരുന്ന സുവര്‍ണജൂബിലി ആഘോഷ പരിപാടികള്‍ ഞായറാഴ്ച സമാപിക്കും. വൈകുന്നേരം നാലുമണിക്ക് പോളി കാമ്പസില്‍ നടക്കുന്ന സമാപന സമ്മേളനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.

More News from Malappuram