വെള്ളമില്ല; 50 ഏക്കറിലെ നെല്‍കൃഷി ഉണങ്ങുന്നു

Posted on: 23 Dec 2012കരുളായി: ജലസേചന പദ്ധതിയില്‍ വെള്ളമെത്തുന്നില്ല. 50 ഏക്കറിലെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മൂത്തേടം ഗ്രാമപഞ്ചായത്തിലെ മരംവെട്ടിച്ചാല്‍, മരുതങ്ങാട് പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണങ്ങിക്കൊണ്ടിരിക്കുന്നത്. മൂച്ചിപ്പരത ജലസേചന പദ്ധതിയെ ആശ്രയിച്ചാണ് കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയത്. മരംവെട്ടിച്ചാല്‍ മുതല്‍ 250 മീറ്റര്‍ സ്ഥലത്തെ വെള്ളം കൊണ്ടുപോകുന്ന കനാല്‍ മണ്ണ നിറഞ്ഞ് അടഞ്ഞതിനെത്തുടര്‍ന്നാണ് ഈ പാടശേഖരങ്ങളിലേക്ക് വെള്ളമെത്താത്തതെന്ന് കര്‍ഷകര്‍ പറഞ്ഞു.

20ല്‍പരം കര്‍ഷകരാണ് ഈ ഭാഗത്ത് നെല്‍കൃഷി നടത്തുന്നത്. ഇതില്‍പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിനടത്തുന്നത്. നിരവധിപേര്‍ കൃഷിക്കായി ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. വെള്ളമില്ലാത്തതിനാല്‍ പാടം വിണ്ടുതുടങ്ങി. നെല്ലിന് ഉണക്കവും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം വെള്ളമെത്തിയില്ലെങ്കില്‍ ഈ ഭാഗത്തെ നെല്‍കൃഷി മുഴുവന്‍ ഉണങ്ങി നശിക്കുമെന്ന് കര്‍ഷകനായ പള്ളിമോളേല്‍ കുഞ്ഞപ്പന്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാലിലെ മണ്ണ് നീക്കംചെയ്ത് എത്രയും വേഗം മരുതങ്ങാട് പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

More News from Malappuram