കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയ്ക്ക് മന്ത്രിയുടെ ഉറപ്പ് ഇനി തീരുമാനം മഞ്ചേരി നഗരസഭയുടേത്

Posted on: 23 Dec 2012മഞ്ചേരി: മഞ്ചേരിയുടെ യാത്രാദുരിതത്തിന് ഒരളവുവരെ പരിഹാരമാവുന്ന കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ നിലവില്‍വരുന്നതില്‍ തീരുമാനം എടുക്കേണ്ടത് ഇനി നഗരസഭ.

സ്ഥലംനല്‍കിയാല്‍ സബ്ഡിപ്പോ സ്ഥാപിക്കുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാഗ്ദാനമാണ് മഞ്ചേരിയില്‍ ചര്‍ച്ചയാവുന്നത്. എസ്.എം.ഒ ഓഫീസ് കച്ചേരിപ്പടിയില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ നഗരസഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ്കുരിക്കള്‍ സ്വാഗതപ്രസംഗത്തിലാണ് സബ്ഡിപ്പോ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി കേന്ദ്രം തുടങ്ങാന്‍ വളരെ വൈകിയിരിക്കുന്നുവെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ആര്യാടന്‍ നഗരസഭ സ്ഥലം അനുവദിച്ചാല്‍ ഡിപ്പോ തുടങ്ങാമെന്നും മലപ്പുറത്ത് ഡിപ്പോ നവീകരണം നടക്കുമ്പോള്‍ സര്‍വീസ് മഞ്ചേരിയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യാമെന്നും ഉറപ്പുനല്‍കി. പുതിയ സര്‍വീസുകള്‍ പരിഗണിക്കുന്നതോടൊപ്പം കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍വന്നാല്‍ ഉടന്‍ റിസര്‍വേഷന്‍ സൗകര്യവും ആരംഭിക്കാമെന്ന് അറിയിച്ചു. സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് പണം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വാങ്ങാമെന്ന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ വാഗ്ദാനം ചെയ്തു. എസ്.എം ഓഫീസില്‍ എയര്‍കണ്ടീഷന്‍ സംവിധാനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യവ്യക്തിയും രംഗത്ത് വന്നിരുന്നു.

മഞ്ചേരിയില്‍ സബ്ഡിപ്പോ തുടങ്ങാമെന്ന മന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതംചെയ്ത് നിരവധി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

More News from Malappuram