വില്ലേജ് ഓഫീസിലെ പ്രതിസന്ധി പരിഹരിക്കണം-സി.പി.എം

Posted on: 23 Dec 2012എടവണ്ണ: വില്ലേജ് ഓഫീസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിവേണമെന്ന് സി.പി.എം എടവണ്ണ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും വില്ലേജ് ഓഫീസറുമായി കൂടിയാലോചന നടത്തി. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പെരകമണ്ണ വില്ലേജ് ഓഫീസര്‍ ശ്യാം പ്രസാദുമായി ചര്‍ച്ച നടത്തിയത്.

എടവണ്ണയില്‍ നിലവിലെ വില്ലേജ് ഓഫീസര്‍ പരിശീലന ക്ലാസിലായതിനാല്‍ ഒരുമാസത്തിലേറെയായി പെരകമണ്ണ വില്ലേജ് ഓഫീസര്‍ക്കാണ് ചുമതല. വില്ലേജ് ഓഫീസറുടെ പരിശീലനക്ലാസ് പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസം കൂടിയുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ഓഫീസറില്ലാത്തതിനാല്‍ മടങ്ങുന്നതായി പരാതികളുയര്‍ന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗങ്ങളുള്‍പ്പെടെയുള്ളവര്‍ വില്ലേജ് ഓഫീസറുമായി കൂടിയാലോചന നടത്തിയത്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടിവേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഇരു ഓഫീസിലും ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും വില്ലേജ് ഓഫീസര്‍ ശ്യാം പ്രസാദ് പറഞ്ഞു.

More News from Malappuram