മോട്ടോര്‍ നന്നാക്കിയില്ല; പാലാട് 250 ഏക്കര്‍ കൃഷി കരിയുന്നു

Posted on: 23 Dec 2012എടക്കര: ജലസേചന പദ്ധതിയുടെ കേടായ മോട്ടോര്‍ നന്നാക്കാത്തതിനാല്‍ പാലാട് 250 ഏക്കറിലേറെ പ്രദേശത്തെ കൃഷി കരിയുന്നു. തെക്കേ പാലാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പാലാട്, തെക്കേ പാലാട്, മുന്നൂറ്, തഴവയല്‍ എന്നീ പാടശേഖരങ്ങളിലെ കൃഷിയാണ് കരിയുന്നത്. ജലസേചന പദ്ധതിക്കായി രണ്ട് മോട്ടോറുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് കഴിഞ്ഞ മഴക്കാലത്തിന്മുമ്പ് കേടായി. അവശേഷിച്ച ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് മഴക്കാലത്ത് പമ്പിങ് നടത്തിയത്. എന്നാല്‍ ഈ മോട്ടോര്‍ ഒരാഴ്ച മുമ്പ് കേടായി. വെള്ളം ലഭിക്കാത്തതിനാല്‍ തെങ്ങ്, വാഴ, നെല്ല്, കവുങ്ങ്, മുതലായ കൃഷികളാണ് കരിയുന്നത്. അടിയന്തരമായി മോട്ടോര്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ജലസേചന വകുപ്പിന്റെ നിലമ്പൂരിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് പരാതി നല്‍കിയിരുന്നു.

പാടശേഖരങ്ങളിലേക്ക് വെള്ളം എത്താത്തതിനാല്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി. വേനല്‍ക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുമ്പോഴാണ് പ്രദേശത്തെ കിണറുകളില്‍ ആവശ്യമായ വെള്ളം ഉയരുന്നത്.

More News from Malappuram